Wednesday 24 April 2019 12:29 PM IST : By സ്വന്തം ലേഖകൻ

‘കൊച്ചമ്മേ, ഉഷയമ്മയെ ഞാന്‍ കൊന്നിട്ടിട്ടുണ്ട് വീടു തുറന്നു നോക്കണം’; കൊലപാതകത്തിനു ശേഷം പ്രഭാകരന്റെ ഫോൺ കോൾ

murder

എംസി റോഡിൽ വിമല ജംക്‌ഷനു സമീപം വീട്ടു ജോലിക്കാരിയെ ആൾ‍താമസമില്ലാത്ത വീടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. ഇവരെ കൊലപ്പെടുത്തിയ വിവരം ഇതേ വീട്ടിലെ ജോലിക്കാരൻ വീട്ടുടമയുടെ സഹോദരിയെ വിളിച്ചറിയിക്കുകയായിരുന്നു. വീട്ടുടമ പാനൂർ ടോമി ജോസഫ് ദക്ഷിണാഫ്രിക്കയിലാണ്. കട്ടച്ചിറ കടവിൽ പി.ആർ രാജന്റെ ഭാര്യ ഉഷാ രാജനാണ് (50) കൊല്ലപ്പെട്ടത്. മറ്റക്കര സ്വദേശി പ്രഭാകരൻ (70) ആണ് കൊലപാതക വിവരം വിളിച്ചറിയിച്ചത്.

‘കൊച്ചമ്മേ, ഉഷയമ്മയെ ഞാൻ കൊന്നിട്ടിട്ടുണ്ട്; വീട് തുറന്നു നോക്കണം ’– വീട്ടു ജോലിക്കാരൻ പ്രഭാകരൻ മൊബൈൽ ഫോണിൽ കൂടി വിളിച്ചു പറഞ്ഞപ്പോൾ വിറച്ചു പോയതായി വീട്ടുടമയുടെ സഹോദരി വൽസമ്മ പൊലീസിനോടു പറഞ്ഞു. രാവിലെ ഏ‌‌‌ഴരയോടെയാണ് പ്രഭാകരൻ വിളിച്ചത്.

‘കോഴിക്കോട് വരെ പോവുകയാണെന്നു പറഞ്ഞാണ് ഫോണിൽ സംസാരം തുടങ്ങിയത്. കൊച്ചമ്മയുടെ വീടിന്റെ ഔട്ട് ഹൗസിൽ ടോമിച്ചന്റെ വീടിന്റെ താക്കോൽ വച്ചിട്ടുണ്ട്. അതെടുത്ത് വീട് തുറന്നു നോക്കണം. അവിടെ ഒരു സാധനം ഉണ്ട്. ഉഷയമ്മ വീട്ടിൽ ഉണ്ട്. പിന്നെ വർത്തമാനം നിർത്താറായപ്പോൾ, ഉഷയമ്മയേ ഞാൻ കൊന്ന് ഇട്ടിട്ടുണ്ട്; വീട് തുറന്നു നോക്കണം ’ ഇതു പറയുമ്പോ‌ൾ പ്രഭാകരൻ പരിഭ്രമിച്ചിരുന്നു.

പൊതുവേ സൗമ്യ സ്വഭാവക്കാരനായ പ്രഭാകരൻ ഇങ്ങനെ ചെയ്യുമെന്നു വിശ്വസിക്കാനേ കഴിഞ്ഞില്ല. എങ്കിലും പ്രഭാകരന്റെ വർത്തമാന രീതിയിൽ സംശയം തോന്നി. ഉടൻ തന്നെ ബന്ധുക്കളെ വിവരം അറിയിച്ചു. എംസി റോഡിൽ വിമല ജംക്‌ഷനു പിന്നിൽ തോപ്പിൽ തെക്കുംഭാഗത്ത് എസ്എഫ്എസ് റോഡിൽ ഏതാനും വർഷം മുൻപാണ് ഈ വീട് വാങ്ങിയത്. വീട്ടുടമയും കുടുംബവും വർഷങ്ങളായി ദക്ഷിണാഫ്രിക്കയിലാണ്. അതിനാൽ പ്രഭാകരനെയാണ് വീട്ടിലെ ജോലികൾ ചെയ്യാൻ ഏൽപിച്ചിച്ചിരുന്നത്.

പ്രഭാകരനാണു കൊല്ലപ്പെട്ട ഉഷയെ ജോലിക്കു കൊണ്ടു വന്നതെന്നും വൽസമ്മ മൊഴി നൽകി. വത്സമ്മ അറിയിച്ചതനുസരിച്ച് മറ്റക്കരയിലുള്ള ബന്ധുക്കൾ എത്തിയപ്പോഴേക്കും ഒരു മണിക്കൂർ കഴിഞ്ഞു. ഇവർ ടോമിച്ചന്റെ വീട്ടിൽ എത്തിയെങ്കിലും അകത്തു കയറിയില്ല. പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയാണ് വീട് തുറന്നത്.

ടോമി ജോസഫിന്റെ സഹോദരി വത്സമ്മയും ബന്ധുക്കളുമാണ് കൊലപാതക വിവരം ഏറ്റുമാനൂർ പൊലീസിന് കൈമാറുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഉഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ഥലത്തില്ലെന്നാണ് പ്രഭാകരൻ അറിയിച്ചതെങ്കിലും പരിസരത്തുണ്ടെന്നാണു പൊലീസ് നിഗമനം. ഉഷയുടെ ഭർത്താവ് രാജന്റെ കൂടെ കൂലിപ്പണിക്കു പോകാറുള്ള ആളാണ് പ്രഭാകരൻ.

ടോമിയുടെ വീടിന്റെ താക്കോൽ സമീപത്തു താമസിക്കുന്ന വത്സമ്മയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. മാസത്തിൽ രണ്ടും മൂന്നും തവണ വീട് വ‍ൃത്തിയാക്കാൻ ഉഷ വരാറുണ്ട്. ഈ സമയം പ്രഭാകരനാണ് വീട് തുറന്നു കൊടുത്തിരുന്നത്. പ്രഭാകരൻ, ടോമിയുടെയും ബന്ധുക്കളുടെയും വീടുകളിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

അതേസമം കൊല്ലപ്പെട്ട ഉഷയും പ്രഭാകരനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉള്ളതായി അയൽവാസികൾ മൊഴി ന‌ൽകിയിട്ടുണ്ട്. അടുക്കളയോടു ചേർന്നാണ് മ‍ൃതദേഹം കിടന്നിരുന്നത്. മുൻ ഭാഗത്തെ കിടപ്പുമുറിയിൽ നിന്നു വലിച്ചിഴച്ചു കൊണ്ടുപോയതിന്റെ പാടുകളും കണ്ടെത്തി. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ എഎസ്പി രീഷ്മാ രമേശൻ, ഡിവൈഎസ്പി ആർ.ശ്രീകുമാർ, ഏറ്റുമാനൂർ സിഐ എസ്. മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

ദുരന്തം മകളുടെ വിവാഹത്തിനായുള്ള നെട്ടോട്ടത്തിനിടെ...

ഏറ്റുമാനൂർ ∙ തിങ്കൾ രാവിലെ പതിവുപോലെ വീട്ടുജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഉഷ വീട്ടിൽ നിന്നിറങ്ങിയത്. ഒരു ദിവസം തന്നെ വിവിധ വീടുകളിൽ ജോലിക്ക് പോകാറുണ്ട് ഇതു കൂടാതെ അയൽക്കൂട്ടത്തിലും പ്രവർത്തിക്കുന്നുണ്ട്. വൈകിട്ട് അഞ്ചരയോടെ തിരിച്ചെത്താറുണ്ട്.

എന്നാൽ തിങ്കളാഴ്ച പതിവിലും വൈകിയപ്പോൾ അയൽക്കൂട്ടവുമായി ബന്ധപ്പെട്ട് എങ്ങോട്ടെങ്കിലും പോയതാകാമെന്നു കരുതി. മകളുടെ കല്യാണം അടുത്ത മാസമാണ്. ഇതിനു ഉഷ ചിലരോട് പണം കടം ചോദിച്ചിരുന്നു. രാത്രി എട്ട് മണിക്ക് ശേഷവും എത്താതിരുന്നതോടെ സ്ഥിരമായി പോകുന്ന വീടുകളിൽ തിരക്കി.

പ്രമേഹവും രക്തസമ്മർദവും ഉള്ളതിനാൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും തിരക്കി. ഏറ്റുമാനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലും വരെ രാത്രി വളരെ വൈകിയും തിരക്കി. അതിനാൽ രാവിലെ തന്നെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തി ഉഷയെ കാണാനില്ലെന്ന വിവരം അറിയിച്ചിരുന്നു. ഇതിനുശേഷമാണ് കൊലപാതക വിവരം അറിയുന്നത്.

More