Thursday 18 November 2021 05:17 PM IST

അന്ന് സ്വപ്നവീടിനെക്കുറിച്ച് ആവേശത്തോടെ പറഞ്ഞു, എന്തിന് മരണത്തിന്റെ പാളങ്ങളിലേക്ക് നടന്നു കയറി എന്ന ചോദ്യം ബാക്കി: കണ്ണീരോർമ

Sona Thampi

Senior Editorial Coordinator

hari-14

നിറമുള്ള ജീവിതങ്ങൾക്കിടയിലും വേദനയുടെയും നിരാശയുടേയും ഇരുട്ടു പടർന്നു കയറാൻ എത്രനേരം വേണം? സങ്കടങ്ങളെ ഇവിടെ ഉപേക്ഷിച്ച് മരണത്തിലേക്ക് നടന്നു കയറിയ എത്രയോ പേര്‍ ഈ നാടകീയത അടയാളപ്പെടുത്തുന്നു. പുറമേക്ക് ചിരിച്ചും കളിച്ചും സന്തോഷിച്ചും നടക്കുന്നവരുടെ മനസിൽ സങ്കടക്കടൽ ഇരമ്പുന്നത് ഒരുപക്ഷേ നിഴലായി കൂടെ നിൽക്കുന്നവർക്കു പോലും മനസിലായി എന്നു വരില്ല. എല്ലാ ദുഖങ്ങൾക്കും അവധി നൽകി അയാൾ മരണത്തിലേക്ക് നടന്നടുക്കുന്നതു വരെ അവർ നമുക്ക് ലോകത്തിലെ ഏറ്റവും സന്തോഷവാൻമാരും സന്തോഷവതികളുമായ മനുഷ്യരായിരിക്കും.

നോക്കി നിൽക്കേ മരണത്തിന്റെ റെയിൽപാളത്തിലേക്ക് നടന്നു കയറിയ ഹരികൃഷ്ണൻ എന്ന യുവാവും അത്തരമൊരു വേദനയുടെ നേർസാക്ഷ്യമാണ്. കോട്ടയം മുട്ടമ്പലത്ത് ട്രെയിനിനു മുന്നിൽ ചാടിയാണ് ഹരികൃഷ്ണ‍ൻ ജീവനൊടുക്കിയത്. റെയിൽവേ ക്രോസിനു സമീപം കാർ നിർത്തിയ ഹരികൃഷ്ണൻ മാറിനിന്നു ഫോൺ ചെയ്യുന്നത് പലരും കണ്ടിരുന്നു. ട്രെയിൻ പോകുന്ന സമയം വരെ ഫോൺ ചെയ്യുകയാണെന്നാണു കണ്ടുനിന്നവർ കരുതിയത്. പുനലൂർ–ഗുരുവായൂർ എക്സ്പ്രസിന്റെ അവസാന 2 കംപാർട്മെന്റുകൾ കൂടി പോകാനുള്ളപ്പോഴാണു ഹരികൃഷ്ണൻ പാളത്തിലേക്കു ചാടിയതെന്നു ദൃക്സാക്ഷികൾ പറ‍ഞ്ഞു. അതേസമയം, കാർ അയർക്കുന്നത്ത് ബാങ്കിൽ എത്തിക്കണമെന്ന് അവിടെനിന്നവരോട് ഹരികൃഷ്ണൻ പറഞ്ഞിരുന്നു. ഈ ബാങ്കിലാണ് ഭാര്യ ജോലി ചെയ്യുന്നത്. ഭാര്യയുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടമെന്ന് പൊലീസ് പറയുന്നു.

ഹരികൃഷ്ണന്റെ അപ്രതീക്ഷിത മരണം നൽകിയ നോവ് പ്രിയപ്പെട്ടവരുടെ ഉള്ളിൽ ഉമിത്തീയായി എരിയുമ്പോൾ ‘വനിത വീട് മാഗസിനും’ ആ വേദനയെ ഹൃദയത്തോടു ചേർക്കുകയാണ്. തന്റെ സ്വപ്ന വീടിന്റെ വിശേഷങ്ങൾ പങ്കിട്ട് പ്രസരിപ്പോടെ ഹരികൃഷ്ണനും കുടുംബവും എത്തിയത് ‘വീട്’ കുടുംബാംഗങ്ങൾ ഓർക്കുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ആരുടെയും മനസിലുടക്കുന്ന ആ വീട് പിറവിയെടുത്തതിനെ കുറിച്ച് ഹരികൃഷ്ണൻ വാചാലനായതും വിയോഗത്തിന്റെ വേളയിലെ നോവേറുന്ന ഓർമയാണ്. പല ഷൂട്ടിങ്ങുകൾക്കുമുള്ള കോട്ടയം പാമ്പാടിയിലെ ആ വീട്. വീടിന്റെ ഓരോ ഇടവും കൃത്യമായി അളന്നു കുറിച്ച് പൂർണതയോടെ ഒരുക്കിയ ഹരി അന്ന് ആവേശത്തോടെയാണ് സംസാരിച്ചതും. ആഹ്ലാദച്ചിരികള്‍ മാത്രം നിറഞ്ഞു നിന്നിരുന്ന ആ വീടിന്റെ ഉടമ, എന്തിനത് ചെയ്തു ചോദ്യം ബാക്കിയാകുമ്പോൾ ആ ജീവിത ചുറ്റുപാടുകൾ‌ അടുത്തുകണ്ട ‘വനിത വീട്’ ടീമിനും അത് വേദനയാണ്.

ഹരികൃഷ്ണന്റെ വീടിന്റെ വിശേഷങ്ങൾ പങ്കിട്ട് വനിത വീട് മാഗസിനിൽ പങ്കുവച്ച ഫീച്ചർ

കോട്ടയം പാമ്പാടിയിലുള്ള ഹരിയും ഭാര്യ ലക്ഷ്മിയും തങ്ങൾ സ്വപ്നം കണ്ട പോലത്തെ തറവാട് വീട് തന്നെ കിട്ടിയ സന്തോഷത്തിലാണ്. മനസ്സിലെ ഐഡിയാസ് പറഞ്ഞപ്പോൾ കോൺട്രാക്ടറായ ചേട്ടനാണ് പ്ലാൻ വരച്ചത്. 

1982 ൽ വരൾച്ച ഉണ്ടായപ്പോൾ അച്ഛന്റെ അനുവാദത്തോടെ കോളനിക്കാർ ഈ മുറ്റത്ത് ഒരു കിണർ കുത്തിയിരുന്നു. നല്ല വെള്ളമുള്ള വറ്റാത്ത കിണർ ഇപ്പോഴും സുഭിക്ഷമായി വെള്ളം തരുന്നു. സ്ഥാനമനുസരിച്ച് വടക്കുകിഴക്കു മൂലയിലാണ് കിണർ. അതുകൊണ്ട് കിണറിനെ അങ്ങനെത്തന്നെ നിർത്തിയാണ് വീടിന് സ്ഥാനം കണ്ടത്. 

പഴയ തറവാടിന്റെ ലുക്കിലുള്ള വീടായിരുന്നു ദമ്പതികളുടെ മനസ്സിൽ ഉണ്ടായിരുന്നത്. നല്ല വെട്ടുകല്ല് ലഭിക്കാനും കൊണ്ടുവരാനുമുള്ള ചെലവ് ഓർത്തപ്പോൾ ചുടുകട്ട കൊണ്ട് ഭിത്തി കെട്ടി പുറമേ ഒരു ഇഞ്ചിന്റെ വെട്ടുകല്ല് കഷണങ്ങൾ ഒട്ടിച്ച് അതേ ലുക്ക്‌ കൊണ്ടുവന്നു.  വെട്ടുകല്ല് അല്ലാന്ന് ആരും പറയില്ല. ഫിനിഷിങ് കഴിഞ്ഞപ്പോൾ വെട്ടുകല്ല് ക്ലാഡിങ്ങിന് സ്ക്വയർ ഫീറ്റിന് 140 രൂപയാണ് ചെലവു വന്നത്. വീടിനകത്ത് ചൂടിന് നല്ല കുറവുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നു ഹരി. 

നാലുകെട്ടിനോടായിരുന്നു താൽപര്യം. തുറന്ന നടുമുറ്റത്തിനു മുകളിൽ ഒറ്റപ്പീസ് 12 അടി സമചതുരത്തിലുള്ള ഗ്ലാസ് ഇട്ടിരിക്കുന്നു. അതുകൊണ്ട് വൈകുന്നേരം ഏഴു വരെ വീടിനകത്ത് നല്ല വെളിച്ചം കിട്ടുന്നു. ചെറിയ ഒരു താഴ്ചയിൽ പടികൾ ഇറങ്ങിയാണ് നടുമുറ്റം ഫാമിലി ഏരിയയും ടിവിയും ഇവിടെയാണ്. ഭിത്തികൾ കുറവായതിനാൽ അകത്ത്  ഒട്ടും ഇടുക്കമില്ല.

രണ്ടു പേരും ജോലിക്കാരായതിനാൽ വിറകടുപ്പോ രണ്ട് അടുക്കളയോ കൊടുത്തില്ല. ഒറ്റ വലിയ അടുക്കള മാത്രം. രണ്ടു കിടപ്പുമുറികളും ഉണ്ട്. ഫ്ളാറ്റ് ആയി വാർത്ത മേൽക്കൂരയ്ക്കു മുകളിൽ ട്രസ്സ് ഇട്ട് തുണി തേക്കാനും ഉണക്കാനുമൊക്കെ സ്ഥലമൊരുക്കി. 

തുളസിത്തറയും പൂജാമുറിയിലേക്കുള്ള കൃഷ്ണ വിഗ്രഹവുമായിരുന്നു ഹരിക്കും ലക്ഷ്മിക്കും വേണ്ടിയിരുന്ന ആഡംബരങ്ങൾ. യഥാർത്ഥ വെട്ടുകല്ല് വാങ്ങി 45 കല്ലുകൊണ്ട് പരമ്പരാഗത രീതിയിൽത്തന്നെ തുളസിത്തറ ഉണ്ടാക്കി. ഉത്തരേന്ത്യയിൽ നിന്നാണ് അവിടത്തെ കലാകാരന്മാർ പണിത പതിനാറര കിലോ തൂക്കമുള്ള ഓടിൻ്റെ കൃഷ്ണവിഗ്രഹം സ്വന്തമാക്കിയത്. പടിഞ്ഞാറോട്ട് ദർശനമുള്ള വീടിനു മുന്നിലായി തോടുമുണ്ട്. അങ്ങനെ ആധുനികത തുളുമ്പുന്ന ഒരു നാടൻ വീടാണ് ത്രയീശം.