Monday 14 June 2021 10:50 AM IST : By സ്വന്തം ലേഖകൻ

താമസിയാതെ മടങ്ങിയെത്താം... യാത്ര പറയുംമുമ്പ് വാക്കു നല്‍കി: കളിച്ചു വളര്‍ന്ന വീട്ടില്‍ ഒന്നുമറിയാതെ മടക്കയാത്ര

shincy

സൗദി നജ്‌റാനില്‍ വാഹനാപകടത്തില്‍ മരിച്ച നഴ്‌സ് കുറുവിലങ്ങാട് വയലാ ഇടശേരിത്തടത്തില്‍ ഷിന്‍സി ഫിലിപ്പിന്റെ (28) മൃതദേഹം നാട്ടില്‍ എത്തിച്ചു. ഇന്നലെ രാവിലെ അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. ഷിന്‍സിയുടെ പിതാവ് ഫിലിപ്, കുടുംബാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം ഇന്നു രാവിലെ 8.30നു ഭര്‍ത്താവ് ബിജോ കുര്യന്റെ കുഴിമറ്റത്തെ വീട്ടില്‍ എത്തിക്കും.ഒരു മണിക്കൂറോളം പൊതുദര്‍ശനം. തുടര്‍ന്നു വയലായില്‍ ഷിന്‍സിയുടെ വീട്ടിലേക്കു കൊണ്ടുപോകും. വീട്ടില്‍ പൊതുദര്‍ശനം ഇല്ല. വീട്ടിലെ ശുശ്രൂഷകള്‍ക്കു മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് ഒന്നു മുതല്‍ 1.45 വരെ വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍ പൊതു ദര്‍ശനം. തുടര്‍ന്ന് സംസ്‌കാരം. അന്തിമോപചാരം അര്‍പ്പിക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളിയില്‍ സൗകര്യമൊരുക്കും.

തുടര്‍ന്ന് ബിഷപ് ജോസഫ് കല്ലറങ്ങാട്ട്, വികാരി ഫാ.ജോസഫ് തറപ്പേല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍. സൗദിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തിലാണ് നഴ്‌സുമാരായ ഷിന്‍സി ഫിലിപ് (28), തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അശ്വതി വിജയന്‍ (31) എന്നിവര്‍ മരിച്ചത്. അപകടത്തില്‍ മരിച്ച ഇവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ചാണ് ഇന്നലെ നാട്ടില്‍ എത്തിച്ചത്. അശ്വതിയുടെ സംസ്‌കാരം നടത്തി.

പോകുന്നതിന് മുന്‍പ് ഉറപ്പു നല്‍കി; വേഗം തിരിച്ചെത്താം...

 വിവാഹത്തിനു വന്നുപോയ ശേഷം ഷിന്‍സി ഇന്നു വീണ്ടും വയലായിലെ ഇടശേരിത്തടത്തില്‍ വീട്ടിലെത്തും. കളിച്ചു വളര്‍ന്ന വീട്ടിലേക്ക് ഒന്നുമറിയാതെയുള്ള മടക്കയാത്ര. ജനുവരിയില്‍ വിവാഹത്തിനു ശേഷം ഏതാനും ദിവസം കൂടി ഷിന്‍സി നാട്ടില്‍ ഉണ്ടായിരുന്നു. യാത്ര പറഞ്ഞു ജോലി സ്ഥലത്തേക്കു തിരികെ പോകുമ്പോള്‍ താമസിയാതെ മടങ്ങിയെത്താമെന്ന ഉറപ്പു നല്‍കിയിരുന്നു.ഷിന്‍സിയുടെ പിതാവ് ഫിലിപ് തോമസ്, അമ്മ ലീലാമ്മ, സഹോദരന്‍ ടോണി എന്നിവരായിരുന്നു അപകട വാര്‍ത്ത അറിഞ്ഞ സമയത്തു വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരി ഷൈമ മുംബൈയിലായിരുന്നു. ചേച്ചിക്കു വാഹനാപകടത്തില്‍ പരുക്കേറ്റു എന്ന വാര്‍ത്തയാണ് ഷൈമ ആദ്യം അറിഞ്ഞത്. നാട്ടിലേക്കുള്ള യാത്രയിലാണു മരണ വാര്‍ത്ത അറിഞ്ഞത്. ഇവരുടെ സഹോദരന്‍ ടോണി പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി.

More