Wednesday 18 May 2022 10:59 AM IST : By സ്വന്തം ലേഖകൻ

‘ചാക്കിലാക്കി വയ്ക്കൂ, കുട്ട കൊണ്ടു മൂടിവച്ചാൽ മതി! നാളെ വന്ന് എടുത്തോളാം’; പെരുമ്പാമ്പ് കയറിയ വിവരം അറിയിച്ച വനിതാ ജനപ്രതിനിധിയോട് വനംവകുപ്പ്

kottayam-snake.jpg.image.845.440

രാത്രിയിൽ തോട്ടിലൂടെ പെരുമ്പാമ്പ് ഒഴുകി വരുന്ന വിവരം അറിയിച്ച വനിതാ ജനപ്രതിനിധിയോട് വനം വകുപ്പ് അധികൃതരുടെ മറുപടി ഇങ്ങനെ : ‘രണ്ടു ചാക്കിലാക്കി കെട്ടി സുരക്ഷിതമായി പിടിച്ചുവയ്ക്കൂ. കുട്ട കൊണ്ടു മൂടി വച്ചാൽ മതി. നാളെ രാവിലെ വന്ന് എടുത്തോളാം !.’- പഞ്ചായത്ത് അംഗം കുഞ്ഞൂഞ്ഞമ്മ കുര്യന്റെ നേതൃത്വത്തിൽ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത് അപ്പടി അനുസരിച്ചു. തോട്ടിലിറങ്ങി പണിപ്പെട്ട് പെരുമ്പാമ്പിനെ ചാക്കിലാക്കി. സ്ഥലത്തിന് അടുത്തു താമസിക്കുന്ന കണിയാംപറമ്പിൽ തമ്പിയുടെ വീടിനുള്ളിൽ രാത്രിയിൽ പാമ്പിനെ സൂക്ഷിച്ചുവച്ചു.

വീട്ടുകാർ പുറത്ത് ഇരുന്നു നേരം വെളുപ്പിച്ചു. നേരം വെളുത്തിട്ടും വനം വകുപ്പ് അധികൃതർ എത്തിയില്ല. തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നാട്ടുകാർ വിവരം ധരിപ്പിച്ചു.  അദ്ദേഹം ഇടപെട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ 10നു വനംവകുപ്പ് അധികൃതരെത്തി പാമ്പിനെ കൊണ്ടുപോയി. കൂരോപ്പട പ‍ഞ്ചായത്തിലെ കോത്തല പുതുവയൽ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

ഓട്ടോറിക്ഷ ഡ്രൈവറായ പ്രവീണാണ് രാത്രി 10നു തോട്ടിൽ കൂടി പാമ്പ് ഒഴുകി വരുന്നത് ആദ്യം കണ്ടത്. പാമ്പിനെ കൊണ്ടുപോകാൻ രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ  ‘വീടിനുള്ളിൽ പാമ്പിനെ കയറ്റി വച്ചത് എന്തിനാണെന്നായിരുന്നു’ ചോദ്യമെന്നു പഞ്ചായത്ത് അംഗം കുഞ്ഞൂഞ്ഞമ്മ കുര്യൻ പറഞ്ഞു. പാമ്പിനെ പരുക്കേൽക്കാതെ സുരക്ഷിതമായി വയ്ക്കുകയാണ് ചെയ്‌‍തതെന്നു മറുപടി നൽകിയെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.

Tags:
  • Spotlight