കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഫോണിലേക്ക് മുൻ ജില്ലാ കലക്ടർ വി. വിഘ്നേശ്വരിയുടെ വാട്സാപ് സന്ദേശം. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. ഹായ്, ഹൗ ആർ യു എന്നു ചോദിച്ചുള്ള കുശലാന്വേഷണം. എന്നാൽ ഈ സന്ദേശം കണ്ടപ്പോഴേ എസ്പി കെ. കാർത്തിക്കിന് കാര്യം പിടികിട്ടി. ഉഗ്രൻ വ്യാജൻ.
വിഘ്നേശ്വരിയുടെ പ്രൊഫൈൽ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. ഏതായാലും ഒന്നു കൂടി പരിശോധിച്ച് സന്ദേശത്തിന്റെ ഉറവിടം അദ്ദേഹം ഉറപ്പിച്ചു. ശ്രീലങ്കയിൽ നിന്നുള്ള വ്യാജനാണ്. അൽപം കടുപ്പിച്ച് സന്ദേശം അയച്ച് ഈ നമ്പർ സൈബർ സെല്ലിന് അദ്ദേഹം കൈമാറി. നമ്പറും ബ്ലോക്ക് ചെയ്തു.
തന്റെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് ഇതുപോലെ പലപ്പോഴും വ്യാജന്മാർ എത്താറുണ്ടെന്നും അതിനാൽ കൂടുതൽ ജാഗ്രത പുലർത്താറുണ്ടെന്നും കാർത്തിക് പറഞ്ഞു. വ്യാജ സന്ദേശം എത്തുമെന്ന് പേടിച്ച് നമ്പർ മാറ്റാൻ ആർക്കും ആകില്ല. എന്നാൽ പരിചിതമല്ലാത്ത നമ്പർ വരുമ്പോൾ ശ്രദ്ധിക്കണം.
പരിചയമുള്ള പ്രൊഫൈൽ ചിത്രങ്ങളാണെങ്കിലും ഒന്നു കരുതണം. സൈബർ തട്ടിപ്പുകൾ പെരുകുന്ന ഇക്കാലത്ത് ഫോൺ ഉപയോഗിക്കുന്നത് നല്ല ശ്രദ്ധയോടെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.