Saturday 14 December 2019 11:23 AM IST : By സ്വന്തം ലേഖകൻ

'അമ്മയില്ലാത്ത വീട്ടിലേക്ക് മക്കൾ പിന്നീട് വന്നിട്ടില്ല! ഈ ദുരന്തം മറ്റാര്‍ക്കും ഉണ്ടാവരുത്'; കണ്ണീർ തോരാതെ ഒരച്ഛൻ

ddgghggt

റോഡിലെ കുഴിയില്‍പ്പെട്ട് കൊച്ചിയില്‍ ഒരു ജീവന്‍ പൊലിഞ്ഞപ്പോള്‍ സമാനമായ രീതിയില്‍ കോഴിക്കോട് പറയഞ്ചേരിയിലും അപകടമരണം സംഭവിച്ചു. നാലു മാസം മുൻപ് കുഴിയില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടത് രണ്ടു പെണ്‍കുട്ടികളുടെ അമ്മയ്ക്കാണ്. അമ്മ നഷ്ടമായതിന്റെ ആഘാതത്തില്‍ നിന്ന് കുട്ടികളും ഭര്‍ത്താവും ഇതുവരെ മുക്തമായിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുകയാണ് അജിതയുടെ ഭര്‍ത്താവ് അനൂപ്.

വീടിന്റെ എല്ലാമായിരുന്നു അജിത. ഇക്കഴിഞ്ഞ ഓഗസ്റ്റ് 6 ന് രാത്രി എട്ടരക്കാണ് പറയഞ്ചേരിയില്‍ വച്ച് സ്കൂട്ടര്‍ റോഡിലെ കുഴിയില്‍പ്പെട്ട് അപകടമുണ്ടായത്. തുടര്‍ന്ന് ജല അതോറിറ്റി അസിസറ്റന്റ് എന്‍ജിനീയറെ അറസ്റ്റു ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അജിതയുടെ ഭര്‍ത്താവ് അനൂപ് മുഖ്യമന്ത്രി, പ്രധാനമന്ത്രി, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി അയച്ചു. പക്ഷെ, ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

"അമ്മ ഇല്ലാത്ത വീട്ടില്‍ താമസിക്കാന്‍ മക്കള്‍ക്ക് കഴിയുന്നില്ല. അപകടത്തിനുശേഷം അവര്‍ ഈ വീട്ടിലേക്ക് വന്നിട്ടില്ല. അടുത്ത ദിവസം മനുഷ്യാവകാശ കമ്മിഷന്‍ ഈ കേസ് പരിഗണിക്കുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുന്നതുള്‍പ്പടെ ആലോചിക്കുന്നുണ്ട്. തനിക്കുണ്ടായ ദുരന്തം മറ്റാര്‍ക്കും ഉണ്ടാവരുതെന്ന പ്രാര്‍ത്ഥനയ്ക്കിടെയാണ് കൊച്ചിയിലെ മരണവാര്‍ത്ത കേട്ടത്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് റോഡിലെ കുഴിയടക്കാന്‍ മടിക്കുന്നു എന്ന ചോദ്യം മാത്രമേ ചോദിക്കാനുള്ളൂ."- അനൂപ് പറയുന്നു.

Tags:
  • Spotlight