കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കൂടുതല്‍ ആരോപണവുമായി കുടുംബം രംഗത്ത്. സ്വാഭാവിക പ്രസവത്തിന്റെ എണ്ണം തികയ്ക്കാന്‍ വേണ്ടി ഡോക്ടര്‍ ശസ്ത്രക്രിയ വൈകിച്ചതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയുടെ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.
കഴിഞ്ഞ ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. വേദന വരാത്തതിനെ തുടര്‍ന്ന് മരുന്ന് കുത്തിവെച്ചു. തുടര്‍ന്ന് അമിതമായ വേദന വന്നെങ്കിലും സ്വാഭാവിക പ്രസവം നടന്നില്ല. ഇതോടെ ശസ്ത്രക്രിയ നടത്താന്‍ കുടുംബം ആവശ്യപ്പെട്ടെങ്കിലും സ്വാഭാവിക പ്രസവത്തിനായി കാത്തിരിക്കണമെന്ന് ഡോക്ടര്‍ നിര്‍ബന്ധം പിടിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു
പ്രസവം വൈകിയതോടെ ആശുപത്രി മാറ്റാന്‍ അശ്വതി തന്നെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ആശുപത്രിക്കാര്‍ ശസ്ത്രക്രിയ നടത്തിയപ്പോഴേക്കും ഗര്‍ഭപാത്രം പൊട്ടി കുഞ്ഞും അടുത്തദിവസം അശ്വതിയും മരിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അത്തോളി പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്നാണ് പൊലീസിന്റ ഉറപ്പ്.