Saturday 28 March 2020 02:59 PM IST

കൃഷിക്ക് ലോക്ഡൗൺ ഇല്ല; മുഖ്യമന്ത്രിയുടെ കൃഷി ചലഞ്ച് ഏറ്റെടുത്ത് കൃഷിത്തോട്ടം ഗ്രൂപ്പ്

Roopa Thayabji

Sub Editor

f-1

‘പുറത്തിറങ്ങിയാൽ കൊറോണ പിടിച്ചു മരിക്കും, അകത്തിരുന്നാൽ ബോറടിച്ചു മരിക്കും’ എന്നൊക്കെ ലോക് ഡൗൺ കാലത്ത് പഴഞ്ചൊല്ലു മാറ്റിയെഴുതാം. നാടെങ്ങും കൊറോണയെ പേടിച്ച് വീട്ടിലിരിപ്പായപ്പോൾ ഫോണും ടിവിയും പുസ്തകങ്ങളും പാചകവുമൊക്കെയായി ദിവസങ്ങൾ തള്ളിനീക്കാൻ മിനക്കെടുകയാണോ നിങ്ങൾ. എന്നാൽ അങ്ങനെ ബോറടിയില്ലാത്ത ഒരു കൂട്ടരുണ്ട് ഫെയ്സ്ബുക്കിൽ, ഫെയ്സ് ബുക്കിലെ ജൈവ കൃഷി കൂട്ടായ്മയായ കൃഷിത്തോട്ടം ഗ്രൂപ്പ് അഗ്രികൾചറൽ ചാരിറ്റബിൾ ട്രസ്റ്റ്. വീട്ടിലിരിക്കുന്ന 21 ദിവസം കൊണ്ട് വീട്ടിലൊരു പച്ചക്കറി തോട്ടം ഉണ്ടാക്കിക്കൂടേ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം പ്രാവർത്തികമാക്കുകയാണ് കൃഷിത്തോട്ടം ഗ്രൂപ്പെന്ന ജൈവ കൃഷി കൂട്ടായ്മ. #21daysjaivakrishi ഹാഷ്ടാഗ് ക്യാംപയിനാണ് ഗ്രൂപ്പ് തുടക്കം കുറിച്ചിരിക്കുന്നത് ഈ ആഹ്വാനത്തിന്റെ പ്രസക്തി ഉൾക്കൊണ്ടാണെന്ന് കെടിജി ഗ്രൂപ്പ് സ്ഥാപകനും അഡ്മിൻ പാനൽ അംഗവുമായ ലിജോ ജോസഫ് വനിത ഓൺലൈനോടു പറഞ്ഞു. ‘‘ലോക് ഡൗണിനെ തുടർന്ന് വീട്ടിലിരിക്കുന്ന 21 ദിവസവും നിങ്ങൾ തുടങ്ങുന്ന / ചെയ്യുന്ന കൃഷി സംബന്ധമായ കാര്യങ്ങളെല്ലാം #21daysjaivakrishi എന്ന ഹാഷ്ടാഗോടെ കെടിജി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാം. മികച്ച പോസ്റ്റുകൾക്ക് ഗ്രൂപ്പിലെ ജൈവ കർഷകർ ഉത്പാദിപ്പിച്ച വെളിച്ചെണ്ണയും തേനും പാഷൻ ഫ്രൂട്ട് സ്ക്വാഷും മഞ്ഞൾപ്പൊടിയും കസ്തൂരി മഞ്ഞളും കിഴങ്ങുകളുടെ വിത്തുകളുമൊക്കെയായി പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.’’ ജൈവകൃഷിയുമായി ബന്ധപ്പെട്ട ഏതു സംശയങ്ങൾക്കും ഉത്തരങ്ങളുമായി മറ്റ് അഡ്മിൻ പാനൽ അംഗങ്ങളായ റിജോഷ് മാരോക്കിയും സൽവ ഹസ്കറും ജോൺസൺ ചെറിയാനും മുതിർന്ന അംഗങ്ങളുമൊക്കെ ഗ്രൂപ്പിൽ സജീവമാണ്. വിഷമില്ലാത്ത പച്ചക്കറി ജൈവരീതിയിൽ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2015ൽ ആരംഭിച്ച കെടിജി കൂട്ടായ്മ ഇന്ന് രണ്ടുലക്ഷത്തോളം ജൈവകർഷകർ അംഗങ്ങളായ ബൃഹദ് ട്രസ്റ്റാണ്. ഓരോ സീസണിലും കൃഷി ഇറക്കാവുന്ന ഇനങ്ങളെ കുറിച്ചും അവയുടെ വളപ്രയോഗം, കീടനിയന്ത്രണം, വിളവെടുപ്പ് തുടങ്ങിയവയെ കുറിച്ചുമൊക്കെ സമയാസമയത്ത് നിർദേശങ്ങൾ ഗ്രൂപ്പിൽ ലഭിക്കും.

f3

വിഷുവിനു വിളവെടുക്കാനുള്ള കണിവെള്ളരിയും ഓണത്തിന് ഏത്തക്കുലയ്ക്കുള്ള വാഴയുമൊക്കെ അംഗങ്ങൾ കൃഷി ചെയ്തു കഴിഞ്ഞു. പുതിയ കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ കൃഷി രീതികൾ പരിചയപ്പെടുത്തുന്നതിനും സജീവശ്രമങ്ങളാണ് ഗ്രൂപ്പ് നടത്തുന്നത്. അംഗങ്ങൾക്ക് കൃഷിക്കാവശ്യമുള്ള വിത്തുകളും തൈകളും എത്തിച്ചു നൽകാനും കൃഷി ക്ലാസുകളും മീറ്റുകളും നടത്താനും മുന്നിട്ടിറങ്ങിയ കെടിജി കഴിഞ്ഞ പ്രളയത്തിനു ശേഷം കൃഷി നശിച്ചവർക്കായി ഒരു ലക്ഷത്തിലധികം പച്ചക്കറി തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. ഈ പ്രവർത്തനങ്ങൾക്ക് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ അഭിനന്ദനവും ലഭിച്ചു. കൃഷിവകുപ്പിന്റെ ജൈവകൃഷി ചലഞ്ച് ഏറ്റെടുത്ത് #100growbagchallenge ഉം കെടിജി നടത്തിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ഫെയ്സ് ബുക്ക് ലൈവ് വഴി കൃഷി സംശയങ്ങൾക്ക് മറുപടിയും നൽകുന്നുണ്ട്. പുതിയതായി കൃഷിക്കിറങ്ങാൻ കെടിജിയുടെ ടിപ്സ് ഇതാ.

f6

∙ ലോക് ഡൗൺ കാലത്ത് ഗ്രോ ബാഗിനു പകരം അരിച്ചാക്കോ അരിപ്പൊടി കവറോ ഒക്കെ മതി.

∙ പ്രോട്രേക്ക് പകരം മുട്ടത്തോടിലും പ്ലാവില കുമ്പിളിലും പോട്ടിങ് മിക്സ് നിറച്ച് വിത്തു മുളപ്പിക്കാം. പറിച്ചു നടേണ്ട പരുവമാകുമ്പോൾ ഇതോടുകൂടി നട്ടാൽ മതി.

f2

∙ തക്കാളിയും വഴുതനയുമൊന്നും വിത്ത് കൈയിലില്ലെന്നു കരുതി അടുത്ത ജനറേഷൻ ഇല്ലാതാക്കല്ലേ. മൂത്തുതുടങ്ങിയ മൂന്നോ നാലോ കമ്പുകൾ വെള്ളത്തിൽ ഇട്ടുവച്ചാൽ ഒരാഴ്ച കൊണ്ട് വേരിറങ്ങി കിട്ടും. ഈ തൈകൾ നട്ടാൽ ‘ന്യൂ ജനറേഷൻ’ റെഡി.

f4

∙ വളങ്ങളും കീടനാശിനിയും കട തുറന്നില്ലെങ്കിലും കിട്ടും. പച്ചക്കറി വേസ്റ്റ് കമ്പോസ്റ്റാക്കാൻ രണ്ടാഴ്ച മതി. കരിയില ചാക്കിൽ നിറച്ച് ചാണകവെള്ളം തളിച്ച് വച്ചാൽ ഒരു മാസം കഴിയുമ്പോൾ കരിയില കമ്പോസ്റ്റായി. മീൻ വേസ്റ്റും ശർക്കരയും മതി മത്തികഷായം (ഫിഷ് അമിനോ ആസിഡ്) ഉണ്ടാക്കാൻ. ബയോ ഗ്ലാസ് സ്ലറി വളം മാത്രമല്ല, നേർപ്പിച്ച് സ്പ്രേ ചെയ്താൽ കീടനാശിനിയുമായി. വെളുത്തുള്ളിയും കാന്താരിയും മഞ്ഞൾപൊടിയും കഞ്ഞിവെള്ളവുമൊക്കെ തരം പോലെ കീടനാശിനിയാക്കാം.

f-5