Monday 10 August 2020 11:49 AM IST : By സ്വന്തം ലേഖകൻ

'ഞാന്‍ കാരണം കോവിഡ് വരുമെന്ന മാനസിക സമ്മര്‍ദ്ദത്തിലാണ്, ആറ്റില്‍ മുങ്ങി!' കൃഷ്ണകുമാറിന്റെ കുറിപ്പിലെ വരികള്‍

covid-krishna

' ഞാന്‍ കാരണം സഹപ്രവര്‍ത്തകര്‍ക്കു കൊറോണ വരുമെന്ന മാനസിക സമ്മര്‍ദത്തിലാണ്, ആറ്റില്‍ മുങ്ങി '.കാണാതായ കൃഷ്ണകുമാര്‍ എഴുതിയതെന്നു കരുതുന്ന കുറിപ്പിലെ വരികളാണിവ. കിടപ്പു മുറിയില്‍ നിന്നു കണ്ടെടുത്ത ഈ കത്തു വായിച്ച് പരിഭ്രമിച്ചു വീട്ടുകാര്‍ സമീപത്തുള്ള ആറ്റിലെ കടവിലേക്ക് അന്വേഷിച്ചിറങ്ങുകയായിരുന്നു. അവിടെ കരയില്‍ നിന്നു കിട്ടിയ ചെരിപ്പ് പിതാവിന്റേതാണെന്നു മൂത്ത മകന്‍ ഗോകുല്‍ ഉറപ്പിച്ചതോടെ ചുറ്റും കൂടിയവരുടെ നെഞ്ചു കത്തി.

സഹപ്രവര്‍ത്തകന്റെ പിതാവിന് കോവിഡ് സ്ഥിരീകരിച്ചത് അറിഞ്ഞ ദിവസം മുതല്‍ കൃഷ്ണകുമാര്‍ അസ്വസ്ഥനായിരുന്നതായി ബന്ധുക്കള്‍ സൂചിപ്പിച്ചു. എന്നാല്‍ സഹപ്രവര്‍ത്തകന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നു അറിഞ്ഞിട്ടും മുന്‍കരുതല്‍ എന്ന നിലയില്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ ഇദ്ദേഹം നിറഞ്ഞു നിന്നു. കൂടാതെ നാട്ടുകാര്‍ക്കും അടുപ്പക്കാര്‍ക്കും രോഗ പ്രതിരോധ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നതും കൃഷ്ണകുമാറിന്റെ പതിവ് രീതിയായിരുന്നു.

കുണ്ടമണ്‍കടവ് കാക്കുളം റോഡില്‍ ശിവ കൃപയില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഓഫിസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണ് കൃഷ്ണകുമാര്‍. ഇന്നലെ രാവിലെ മുതലാണ് കാണാതാകുന്നത്്. കാണാതായതിനെ തുടര്‍ന്ന് ഭാര്യയും മക്കളും നടത്തിയ അന്വേഷണത്തില്‍ കിടപ്പു മുറിയില്‍ നിന്നു കൃഷ്ണകുമാര്‍ എഴുതിയത് എന്ന് കരുതുന്ന കത്ത് കിട്ടി. 

വീട്ടിലെ സിസിടിവി ദൃശ്യത്തില്‍ കൃഷ്ണകുമാര്‍ പുലര്‍ച്ചെ 1.30ന് വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നത് വ്യക്തമാണ്.മഴയും ശക്തമായ അടി ഒഴുക്കും അവഗണിച്ച് കിലോ മീറ്ററോളം സ്‌കൂബ സംഘം നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വൈകിട്ട് അവസാനിപ്പിച്ചു. വിളപ്പില്‍ശാല ഇന്‍സ്‌പെക്ടര്‍ സജിമോന്‍, എസ്‌ഐ ഷിബു എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് രാവിലെ അന്വേഷണം തുടരും. ഭാര്യ : ഗവ.പ്രസ് ജീവനക്കാരിയായ പ്രിയ.എസ്.നായര്‍. മക്കള്‍ : ഗോകുല്‍ ( എന്‍ജിനീയറിങ് മൂന്നാം വര്‍ഷം), ഗോവിന്ദ് ( അ!ഞ്ചാം ക്ലാസ് വിദ്യാര്‍ഥി ).

More