Saturday 06 March 2021 12:20 PM IST : By സ്വന്തം ലേഖകൻ

ജനിതക രോഗം തളര്‍ത്തിയവന്‍, കൂടപ്പിറപ്പും അച്ഛനും പിടഞ്ഞു വീഴുന്നത് കണ്ട് മനസു തകര്‍ന്നവന്‍: അതിജീവനം കരുത്താക്കിയ കൃഷ്ണന്‍

krishnan

അതിജീവനം കരുത്താക്കി... ആത്മവിശ്വാസം ജീവശ്വാസമാക്കി ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍. അവന്റെ സ്വപ്‌നങ്ങളേയും ജീവിതത്തേയും  ഹൃദ്യമായ വരികളിലൂടെ കുറിച്ചിടുകയാണ് സാമൂഹ്യപ്രവര്‍ത്തക റാണി നൗഷാദ്. മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി എന്ന ജനിതക രോഗം ബാധിച്ച കൃഷ്ണന്റെ ജീവിതമാണ് വികാരനിര്‍ഭരമായി പറഞ്ഞുവയ്ക്കുന്നത്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

പറക്കാൻ ചിറകുകൾ എന്തിന്,,, ഏഴാകാശത്തെയും കീഴടക്കാൻ ഹൃദയവേഗങ്ങൾക്കാകുമെങ്കിൽ.... ഇത് കൃഷ്ണകുമാർ.... ഇന്നലെ ഞാനും ഷായിത്തയും കൃഷ്ണനെക്കാണാനായിപ്പോയിരുന്നു... മുസ്‌ക്കുലർ ഡിസ്ട്രോഫി എന്ന ജനിതക രോഗമാണ് കൃഷണന്... ഏകദേശം 42 തരത്തിൽ കാണപ്പെടുന്ന ഈ രോഗം പലർക്കും പല രീതിയിൽ ആണ്.... കൃഷ്ണനെ ഈ രോഗം ജന്മനാതന്നെ ബാധിച്ചിട്ടുണ്ടായിരുന്നു...

ഒപ്പം അനിയത്തി ശ്രീദേവിയെയും... കൃഷ്ണകുമാർ തന്റെ സ്വന്തം വീട്ടിലിരുന്നു കൊണ്ടു തന്നെയായിരുന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്... അച്ഛനും അമ്മയും ബാങ്ക് ഉദ്യോഗസ്ഥർ ആയിരുന്നു.അച്ഛൻ നൽകിയ പുസ്തകങ്ങൾ വായിച്ചു കൊണ്ടായിരുന്നു കൃഷ്ണനും ശ്രീദേവിയും വളർന്നുവന്നത്... Bird watching ആയിരുന്നു ശ്രീദേവിയുടെ പ്രധാന വിനോദം... ശ്രീദേവി എഴുതിയ ചങ്ങാതിപ്പറവകൾ എന്ന പുസ്തകം ഡിസി ബുക്സ് പബ്ലിഷ് ചെയ്തിട്ടുമുണ്ട്... എട്ടു വർഷങ്ങൾക്കു മുൻപ് കൃഷ്ണകുമാറും കുടുബവും സഞ്ചരിച്ച കാർ ചേർത്തലയിൽ വച്ച് ഒരു അപകടത്തിൽപ്പെട്ടതിനെ തുടർന്ന് അച്ഛനും അനുജത്തിയും മരണപ്പെടുകയും,അമ്മയും കൃഷ്ണനും ഗുരുതരമായ പരിക്കുകളെ അതിജീവിച്ചു കൊണ്ട് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു...

കൃഷ്ണകുമാറിനെക്കുറിച്ച്‌ ഞാൻ ആദ്യമായി അറിയുന്നത് പ്രിയപ്പെട്ട നജീബ് ഇക്കയിൽ നിന്നാണ്.... Najeeb Kuttippuram കേട്ടതിൽ നിന്നും ഒട്ടും വ്യത്യസ്തനല്ലാത്ത മനുഷ്യൻ.... MIND ന്റെ എല്ലാമെല്ലാമായവൻ..... MIND എന്നാൽ muscular in dystrophy എന്നാണ്.... തനിക്കു സമാനമായവരുടെ സ്വപ്നങ്ങൾക്കു വേണ്ട നിറങ്ങൾ ചാലിയ്ക്കുവാൻ വേണ്ടിയുള്ള ഒരു സംഘടന.... വരുന്ന വർഷങ്ങളിൽ അഞ്ചേക്കറിൽ പൂർണ്ണമാകാൻ പോകുന്ന സ്വപ്ന ഇടത്തെക്കുറിച്ച് പറയുമ്പോൾ കൃഷ്ണകുമാറിന് ആയിരം നാവായിരുന്നു... ആ കണ്ണുകളിൽ ഒരായിരം മനുഷ്യർക്കായുള്ള പ്രതീക്ഷകളുടെ വെട്ടവും... നമുക്ക് ഒന്നുമില്ല,എന്നെക്കൊണ്ട് കഴിയില്ല, എന്നൊക്കെ തോന്നുന്നിടത്ത് നിന്ന് കൃഷ്ണനോടൊന്നു മിണ്ടി നോക്കണം... ആ നിമിഷം മുതൽ നമ്മുടെ മൈന്റും സ്വപ്നങ്ങളുടെ വിത്തൊരുക്കങ്ങൾ നടത്താനായി പാകപ്പെടുന്നുണ്ടാവും....

~റാണിനൗഷാദ്