Monday 18 March 2019 05:25 PM IST

‘ഈ കുട്ടിയെ ഇതിനു മുൻപ് കണ്ടിട്ടുണ്ടല്ലോ?’; ഒരു സർപ്രൈസ് പെണ്ണു കാണലും കല്യാണവും!

Nithin Joseph

Sub Editor

ksrtc-final-story ഫോട്ടോ: ബേസിൽ പൗലോ, വിഷ്ണു നാരായണൻ

ബസിൽ കയറിയാൽ കല്യാണം നടക്കുമെന്ന് പറഞ്ഞാൽ ആരുമൊന്ന് നെറ്റി ചുളിക്കും. പക്ഷേ, സംഗതി സത്യമാണ്. മൂന്നാറിൽ നിന്ന് കുയിലിമലയിലേക്കുള്ള  കെഎസ്ആർടിസി ബസിന്റെ പേരു തന്നെ ‘കല്യാണവണ്ടി’ എന്നാണ്. കഴിഞ്ഞ 16 വർഷത്തിനിടെ ഈ ബസ്സിൽ ജോലി ചെയ്ത ആറു കണ്ടക്ടർമാർ ജീവിതസഖിയായി കൂടെ കൂട്ടിയത് ഇതേ ബസിലെ യാത്രക്കാരികളെ. അവയോരോന്നും സംഭവബഹുലമായ കഥകൾ. 

പെണ്ണു കാണലിലെ സർപ്രൈസ്

ബസ്സിലെ സ്ഥിരം യാത്രക്കാരിയെ പലതവണ കണ്ട്, ഇഷ്ടപ്പെട്ട്, പ്രണയിച്ച് കല്യാണം കഴിച്ച കണ്ടക്ടർമാർക്കിടയിൽ അൽപം വ്യത്യസ്തമാണ്, ശ്രീജിത്തിന്റെയും ആരിതയുടെയും കഥ. മുരിക്കാശ്ശേരി സ്വദേശിയായ ശ്രീജിത്ത് പെണ്ണു കാണാൻ പോയപ്പോഴാണ് ശ്രദ്ധിച്ചത്, ‘ഈ കുട്ടിയെ ഇതിനു മുൻപ് കണ്ടിട്ടുണ്ടല്ലോ’ എന്ന്. ദിവസവും തോക്കുപാറയിൽ നിന്ന് ബസിൽ കയറി അടിമാലിയിൽ ഇറങ്ങുന്ന ആരിതയെ ശ്രീജിത്ത് കണ്ടിട്ടുണ്ടെങ്കിലും തമ്മിൽ പരിചയമില്ല, സംസാരിച്ചിട്ടില്ല. പേരു പോലും അറിയില്ല.

പാറത്തോട് എസ്എൻ കോളജിൽ ടീച്ചറായിരുന്നു ആരിത. ‘‘രാവിലെ ബസിൽ ഭയങ്കര തിരക്കാണ്. യാത്രക്കാർ അധികവും സ്കൂളിലും കോളജിലും പഠിക്കുന്ന കുട്ടികളും, പിന്നെ ടീച്ചർമാരും. എല്ലാവർക്കും ടിക്കറ്റ് കൊടുക്കുന്നതു തന്നെ ഭയങ്കര സാഹസികമായ ജോലിയാണ്. അതിനിടയിൽ സംസാരിക്കാൻ എവിടെ സമയം.’’

‘‘പെണ്ണുകാണലിനുശേഷം ഒരു വർഷമെടുത്തു, കല്യാണത്തിന്. അതിനിടെ ദിവസവും ബസിൽ വച്ചു തമ്മിൽ കാണും. അത്യാവശ്യമായി ചോദിക്കാനോ പറയാനോ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം മിണ്ടും. അതല്ലാതെ വലിയ സംസാരമൊന്നും ഉണ്ടായിട്ടില്ല.’’ മൂന്നു വയസ്സുള്ള മകൾ അവന്തികയെ മടിയിലിരുത്തി ആരിത പറയുന്നു.

2015 ലായിരുന്നു ഇവരുടെ വിവാഹം. കല്യാണശേഷവും പഴയതുപോലെ ആരിത ബസ്സിലെ യാത്രക്കാരിയായി, ശ്രീജിത്ത് കണ്ടക്ടറും. വീട്ടുകാർ തമ്മിൽ ആലോചിച്ചുള്ള പെണ്ണു കാണലിനും വിവാഹത്തിനും മുൻപേ കാണാൻ വേദിയായ ബസ് ഇവർക്കെന്നും പ്രിയപ്പെട്ടതു തന്നെ.

സമയം കൃത്യം പത്തായതും വണ്ടി ലക്ഷ്യത്തിലെത്തി. ‘കുയിലിമലയെത്തി, കുയിലിമല. എല്ലാരും വേഗം ഇറങ്ങിക്കോ.’കണ്ടക്ടർ പറയേണ്ട താമസം സീറ്റിൽ സ്ഥാനം പിടിച്ച് ഇരുന്നവരെല്ലാം പരക്കം പാഞ്ഞിറങ്ങി. യാത്രക്കാരിയെ സ്വന്തമാക്കിയ കണ്ടക്ടർമാരുടെ കഥകൾ മാത്രമാണ് ഇവിടെ  തീരുന്നത്. ഈ കല്യാണവണ്ടിയിൽ യാത്രക്കാരായി വന്ന് പരസ്പരം കണ്ട്, പ്രണയിച്ചവരുടെയും വിവാഹം കഴിച്ചവരുടെയും  ലിസ്റ്റ് ആറിലോ അറുപതിലോ ഒതുങ്ങില്ല. അതങ്ങനെ നീണ്ടുപോകും. പ്രണയം പോലെ.

‘ഡീ, ആ കണ്ടക്ടർ ചേട്ടന് എന്നെ ഇഷ്ടമാണെന്നു തോന്നുന്നു’; അപ്രതീക്ഷിത ട്വിസ്റ്റുകൾ നിറ‍ഞ്ഞ കിടിലനൊരു പ്രേമം!

മതമായിരുന്നു ഞങ്ങളുടെ പ്രണയത്തിലെ തടസ്സം; പക്ഷേ, ആ പേരിൽ ഇഷ്ടം വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലല്ലോ!

‘ഉമേഷേട്ടൻ ഈ ബസിൽ കണ്ടക്ടറായി വന്നില്ലെങ്കിൽ ഒരുപക്ഷേ...’; ‘കല്യാണവണ്ടി’യിൽ കളിക്കൂട്ടുകാരിയെ തിരികെ കിട്ടിയ കഥ! ‘പ്രേമിക്കാൻ താൽപര്യമുണ്ടോ എന്നല്ല, എന്നെ കല്യാണം കഴിക്കാമോ എന്നാണ് ചോദിച്ചത്’; ട്വിസ്റ്റായി കുയിലിമല സവാരി

‘പ്രേമിക്കാൻ താൽപര്യമുണ്ടോ എന്നല്ല, എന്നെ കല്യാണം കഴിക്കാമോ എന്നാണ് ചോദിച്ചത്’; ട്വിസ്റ്റായി കുയിലിമല സവാരി