Friday 14 October 2022 04:13 PM IST

മഴയെടുത്ത വീടിന്റെ കാവൽക്കാരിയെ നാട് ആട്ടിയോടിക്കുന്നു; ഇത് ‘കുടയത്തൂരിലെ കുവി’

Roopa Thayabji

Sub Editor

kudayathoor-landslide-dog-cover

പെട്ടിമുടി ദുരന്തമുഖത്തെ കുവി എന്ന നായയെ എല്ലാവരും ഓർക്കുന്നുണ്ടാകും. കുവിയെ ദത്തെടുക്കാൻ അനേകം പേർ മത്സരിച്ചെങ്കിൽ ‘കുടയത്തൂരിലെ കുവി’യെ ആട്ടിയോടിക്കുകയാണ് നാട്.

ഇടുക്കി, തൊടുപുഴ, കുടയത്തൂരിൽ ഇക്കഴി‍ഞ്ഞ ഓഗസ്റ്റ് 29നുണ്ടായ ഉരുൾപൊട്ടലിന്റെ ഞെട്ടലിൽ നിന്ന് ആ നാട് മുക്തമായിട്ടില്ല. ചിറ്റടിച്ചാലിൽ സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ചെറുമകൻ ദേവാനന്ദ് എന്നിങ്ങനെ ഒരു കുടുംബത്തിലെ നാലു തലമുറയിൽ പെട്ടവരാണ് രാത്രി ഇരുട്ടിവെളുത്തപ്പോൾ മണ്ണിനടിയിൽ മറഞ്ഞത്. ഇവരുടെ വീടിരുന്നിടത്ത് ഇപ്പോൾ ഒന്നും ബാക്കി ഇല്ല. പക്ഷേ, ഒരാളെ ആരും കണ്ടില്ല. ആ ദുരന്തം ബാക്കി വച്ച, തലേ ദിവസം വരെ ആ കുടുംബം ഇണക്കി വളർത്തിയ നായയെ.

D2

വീട്ടുകാരെല്ലാം മരിച്ചതോടെ അനാഥയായ പെൺനായയെ നാട്ടുകാർ ആട്ടിയോടിച്ചു. ‘വന്നുകയറി ദുരന്തമുണ്ടാക്കിയ ദുശ്ശകുനം’ എന്നാണ് അവർ പറഞ്ഞ കാരണം. എറിഞ്ഞോടിച്ചും ഉപദ്രവിച്ചും മുൻകാലിൽ ചോരയൊലിക്കുന്ന മുറിവുമായി നടന്ന നായയ്ക്ക് ‘നാട്ടിലെ പേപ്പട്ടി ഭീതി’ കൂടിയായതോടെ കഷ്ടകാലമായി.

അവശനിലയിൽ വീടിനു മുന്നിലെ വഴിയിൽ കണ്ട നായയ്ക്ക് അനുകമ്പയോടെ ഭക്ഷണം നൽകിയ കുടയത്തൂർ, കൂവപ്ലാക്കൽ വിലാസിനി പറയുന്നത് കേൾക്കാം. ‘‘20 ദിവസം മുമ്പാണ് അവശയായ നായയെ കണ്ടത്. കൈയാട്ടി വിളിച്ചപ്പോൾ പതിയെ നടന്നുവന്നു. ‘എന്തു പറ്റി’ എന്നു ചോദിച്ചപ്പോൾ മുറിവു പറ്റിയ മുൻകാൽ ഉയർത്തി കാണിച്ചു. ആ മുറിവിൽ പുഴുവരിക്കാൻ തുടങ്ങിയിരുന്നു.

D3

മൃഗാശുപത്രിയിൽ നിന്നു മരുന്നു വാങ്ങി അന്നുമുതൽ മുറിവിൽ പുരട്ടുന്നു. ഭക്ഷണവും വിശ്രമവുമെല്ലാം ഇപ്പോൾ എന്റെ വീട്ടിൽ തന്നെ. നല്ല അനുസരണയും ബുദ്ധിയും ഇണക്കവുമുണ്ട്. ഏതാണ്ട് ഒരു വയസ്സ് പ്രായമുണ്ടാകും. കൂടെ നിർത്തി വളർത്തണമെന്നുണ്ട്, പക്ഷേ, രണ്ടു പട്ടികൾ ഇപ്പോൾ തന്നെ ഉള്ളതിനാൽ പലരോടും ദത്തെടുക്കാമോ എന്ന് അന്വേഷിച്ചു. സ്വമനസ്സാലേ വരുന്നവർക്ക്, മുറിവുണങ്ങി കഴിഞ്ഞ് ഇവളെ വളർത്താൻ നൽകണമെന്നാണ് ആഗ്രഹം.’’