Tuesday 20 July 2021 11:22 AM IST : By സ്വന്തം ലേഖകൻ

ഏലത്തോട്ടത്തിൽ കൂലിപണിയെടുത്തു കിട്ടിയ പണം കൊണ്ട് പഠിച്ചു; ഇന്ന് സെൽവമാരി സർക്കാർ ഹൈസ്കൂളിൽ അധ്യാപിക, നിശ്ചയദാർഢ്യത്തിന്റെ വിജയം

idukki-kumily-selvamaris-story.jpg.image.845.440

ഏലത്തോട്ടത്തിൽ പണിയെടുത്തു കയ്യിൽ തഴമ്പു വീഴുമ്പോഴും പഠിച്ചു മുന്നേറണമെന്ന ആഗ്രഹം മാത്രമായിരുന്നു സെൽവമാരിയുടെ മനസ്സിൽ. കഴിഞ്ഞ ദിവസം ഇവർ ഹൈസ്കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചപ്പോൾ നിശ്ചദാ‍ർഢ്യത്തിന്റെ വലിയ പാഠങ്ങളുണ്ടതിൽ. 

കുമളിക്കടുത്ത്‌ ചോറ്റുപാറയിലെ രണ്ടുമുറിയുള്ള കൊച്ചുവീട്ടിൽനിന്നാണു സെൽവമാരി ജീവിതത്തോടു പൊരുതാൻ ആരംഭിച്ചത്. ചെറുപ്രായത്തിൽ അച്ഛൻ ഉപേക്ഷിച്ചു.തോട്ടം തൊഴിലാളിയായ അമ്മയുടെയും അമ്മൂമ്മയുടെയും പിൻബലത്തിലായിരുന്നു സെൽവമാരിയുടെയും രണ്ട് അനുജത്തിമാരുടെയും ജീവിതം. 

ചോറ്റുപാറ ജിഎൽപി സ്കൂൾ, മുരിക്കടി സ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തമിഴ്നാട്ടിൽ പ്ലസ്ടു പഠനം. തുടർന്ന് തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽനിന്നു മാത്‌സിൽ ബിഎസ്‌സിയും യൂണിവേഴ്സിറ്റി കോളജിൽനിന്ന് എംഎസ്‌സിയും നേടി. കുമളിയിലെ എംജി യൂണിവേഴ്സിറ്റി സെന്ററിൽ നിന്നു ബിഎഡ്, തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ നിന്നു എംഎഡ്, ഒന്നാം റാങ്കോടെ എംഫിൽ എന്നിവ പാസായി. നിലവിൽ ഇവിടെ പിഎച്ച്ഡി വിദ്യാർഥിയാണ്.

കോളജ് അധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റും നേടിയിട്ടുണ്ട്. അവധിക്കാലത്ത് ഏലം എസ്റ്റേറ്റിൽ ജോലിക്കു പോയി. കൂലിവേലയിൽനിന്ന്‌ കിട്ടിയിരുന്ന പണം പഠനത്തിനു താങ്ങായി. 2017ലാണ്‌ പിഎസ്‌സി പരീക്ഷ എഴുതിയത്. നിയമന ഉത്തരവ് കഴിഞ്ഞ വർഷം തന്നെ ലഭിച്ചെങ്കിലും ഇക്കഴിഞ്ഞ ദിവസമാണു ജോലിയിൽ പ്രവേശിക്കാനായത്.

Tags:
  • Spotlight
  • Inspirational Story