Thursday 20 June 2024 11:41 AM IST

‘ഞാൻ കിണറു കുഴിക്കാം, വെള്ളം കണ്ടില്ലെങ്കിൽ പണിക്കാശു തരണ്ട’: വരണ്ട മണ്ണിൽ കുഞ്ഞുപെണ്ണിന്റെ മാജിക്

Delna Sathyaretna

Sub Editor

kunju-pennu

‘‘മനസ്സിൽ വാശിയും ഉശിരുമുണ്ടെങ്കിൽ പ്രായം   തടസ്സമേയല്ല’’ ആയിരത്തിലേറെ കിണറുകൾ കുഴിച്ച എഴുപത്തഞ്ചുകാരിയായ കുഞ്ഞുപെണ്ണ് പറയുന്നു

ഇതിന്നലെ പൂർത്തിയാക്കിയ കിണറാണ്’. കുഞ്ഞുപെണ്ണു ചൂണ്ടിയ കിണറിലേക്കു നോക്കിയപ്പോൾ എന്തിനാണാവോ മഞ്ഞുമ്മൽ ബോയ്സും ഡെവിൾസ് കിച്ചനുമൊക്കെ മനസ്സിലേക്കു വന്നത്. അത്ര ആ ഴം. പക്ഷേ, വളവും തിരിവുമില്ലാതെ കൃത്യതയുള്ള അരഞ്ഞാണ പടവുകൾ.

പേരു കുഞ്ഞുപെണ്ണ് എന്നാണെങ്കിലും ആ കിണറു കുഴിച്ച മിടുക്കിക്കു പ്രായം 75 കഴിഞ്ഞു. ‘അമ്മേ..ഫോട്ടോയെടുക്കാൻ ഒന്നു കിണറിനുള്ളിലേക്കു മൂന്നു പടവുകൾ ഇറങ്ങി നിൽക്കാമോ?’ എന്നു ചോദിച്ചപ്പോൾ ‘പിന്നെന്താ, മൂന്നാക്കുന്നതെന്തിനാ. എത്ര വേണമെങ്കിലും ഇറങ്ങാം.’ എന്നു മറുപടി. പയറുമണിപോലെ ചാടിയോടി കുഞ്ഞുപെണ്ണ് ഇറങ്ങി. എറണാകുളം മുതൽ തിരുവനന്തപുരം വ രെയായി ആയിരത്തോളം കിണറുകൾ ഈ അമ്മ കുഴിച്ചിട്ടുണ്ട്. അതിലധികവും സ്വന്തം സ്ഥലമായ അടൂരിലും പത്തനംതിട്ട പ്രദേശങ്ങളിലുമാണ്.

ജലമർമരം തേടി

ഓരോ കിണർ കുഴിക്കും മുൻപും പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിക്കും. ഭദ്രകാളിയാണ് ഇഷ്ട ദൈവം. ഭൂമിക്കടിയിലും ഒരു ശക്തിയുണ്ടല്ലോ, ഭൂമീദേവി. രണ്ടുപേരെയും മനസ്സിലിരുത്തി കിണറു കുഴിക്കേണ്ട പറമ്പിൽ ഞാനൊന്നു നടക്കും.

വെള്ളമുണ്ടെന്നു തോന്നുന്ന സ്ഥലത്തു കുറ്റിയടിപ്പിക്കും. കറയുള്ള മരത്തിന്റെ കനമുള്ള കമ്പ് വേണം കുറ്റിയടിക്കാൻ. പ്ലാവോ, റബറോ ഒക്കെപ്പോലെ. അടിക്കാനെടുക്കുന്ന കുറ്റി നോക്കിയാലറിയാം, കിണറു കുഴിക്കുമ്പോൾ എന്തൊക്കെ അനുഭവങ്ങൾ ഉണ്ടാകുമെന്ന്. പാ റയുണ്ടോ, നല്ല ഒഴുക്കുണ്ടോ എന്നെല്ലാം അതിൽ നിന്നു മനസ്സിലാക്കാം. എത്ര അടി താഴ്ത്തിയാൽ വെള്ളം കാണാനാകുമെന്നും തുടക്കത്തിൽ തന്നെ ധാരണ കിട്ടും.

ഓരോ കിണറു കുഴിക്കും മുൻപും പീടികത്താഴെ പള്ളീലച്ചനെ ഓർക്കും. ആ ഒരാളു കാരണമാണ് ആ‌ദ്യത്തെ കിണറുകുഴിക്കാനുള്ള അവസരം കിട്ടിയത്. അന്നത്തെ അറിവില്ലായ്മയും തെറ്റുകുറ്റങ്ങളുമെല്ലാം അച്ചൻ കണ്ടില്ലെന്നു വച്ചതുകൊണ്ടാണ് എനിക്കിതു തൊഴിലാക്കാൻ കഴിഞ്ഞത്.

അതിനു മുൻപ് വാനം വെട്ടാനും കക്കൂസിനു കുഴിയെടുക്കാനുമെല്ലാം അച്ചൻ എന്നെ പണിയേൽപ്പിച്ചിരുന്നു. അന്നൊരു ദിവസം വിളിച്ചു പറഞ്ഞു. ‘കുഞ്ഞുപെണ്ണേ... നമുക്കൊരു കിണറു കൂടെ കുഴിക്കണമല്ലോ. പരിചയത്തിൽ നല്ല ആളുണ്ടോ?’

പൈസയ്ക്കൊക്കെ ഞെരുക്കമുള്ള കാലമല്ലേ. ഞാൻ ചോദിച്ചു. ‘ഞാൻ ചെയ്താ മതിയോ അച്ചോ?.’. ‘എന്നാപ്പിന്നെ അങ്ങനെ ആട്ടെ’. അതാണു കുഴിച്ചു പഠിച്ച ആദ്യത്തെ കിണർ. അതിനു മുൻപു വീട്ടുമുറ്റത്തു കിണറിന്റെ വട്ടം വരച്ചു നോക്കിയ പരിചയമേ ഉള്ളൂ. കിണറുപണി പഠിച്ചെടുത്തത്

വാശിപ്പുറത്താണ്. ഒരിക്കൽ വാനം

വെട്ടുന്ന പണിക്കിടെ, പറമ്പിൽ കിണറുപണി കാണാൻ പോയി. വാനം വെട്ടുന്ന പണിക്കാർ രണ്ടു മൂന്നു പേർ എ ന്റെയൊപ്പമുണ്ടായിരുന്നു.

അടുത്തെത്താറായപ്പഴേക്കും കിണറുപണിക്കാരൻ ആ ക്രോശിച്ചു. ‘പെണ്ണുങ്ങളാ... ദൂരെപ്പോ. അടുത്തേക്കു വരരുത്.’ നല്ല വാശി കയറി എനിക്ക്. പണിയെടുത്തില്ല അന്നു പിന്നെ. അൽപം മാറി നിന്നു കിണറുപണി നോക്കിക്കണ്ടു. വീട്ടിൽപ്പോയി വട്ടം വരച്ച് കൂന്താലിക്കു കുഴിച്ചും നോക്കി. അങ്ങനെ മാറ്റിനിർത്തപ്പെട്ടിടത്തു നിന്നാണ്, പള്ളീലച്ചൻ കൈപിടിച്ചുയർത്തിയത്. കിണർ കുത്താൻ അവസരം ത ന്ന ആ അച്ചനാണ് എന്റെ ഗുരു.

വെളുമ്പിയുടെ മകൾ

അമ്മയ്ക്കും ചേച്ചിക്കുമൊപ്പമായിരുന്നു അന്നൊക്കെ താമസം. പഠിപ്പിക്കാൻ വിടാനൊന്നും അമ്മയ്ക്കു പറ്റില്ലായിരുന്നു. വെളുമ്പിയെന്നായിരുന്നു അമ്മയുടെ പേര്. നന്നായി വെറ്റില മുറുക്കുമായിരുന്നു. 30 വർഷം മുൻപായിരുന്നു അമ്മയുടെ വേർപാട്. ജീവിക്കാൻ മാർഗം തേടിയാണു ജോലിക്കിറങ്ങിയത്. 12 വയസ്സു മുതൽ ജോലി ചെയ്താണു ജീവിക്കുന്നത്. ഇഷ്ടികയെടുത്തു കൊടുക്കാനുള്ള ആരോഗ്യം തന്നെ കഷ്ടിയേ ഉണ്ടായിരുന്നുള്ളൂ അന്ന്. വാനം വെട്ടാനും പള്ളിയിലെ കല്ലറയ്ക്കു കുഴിയെടുക്കാനും തുടങ്ങിയതു പിന്നീടാണ്.

പോകെപ്പോകെ ശരീരം വലുതായി. ജോലി ചെയ്ത് ശ രീരം മാത്രമല്ല, മനസ്സുമുറച്ചു. ആ സമയത്താണ് ഉറ്റബന്ധുവായ ചേച്ചിയുടെ ഭർത്താവിന്റെ ശല്യം സഹിക്കാനാകാതെ വന്നത്. എന്തു വന്നാലും അയാളുടെ അതിക്രമത്തിനു വഴങ്ങില്ലെന്ന വാശിയുണ്ടായിരുന്നു എനിക്ക്. പക്ഷേ, ചേച്ചിയുടെ ജീവിതം തകരാനും പാടില്ലല്ലോ.

kunju-pennu-2 കുഞ്ഞുപെണ്ണ് മകൻ കിഷോറിനൊപ്പം

‍ഞാൻ കൂടെ ജോലി ചെയ്തിരുന്ന തമിഴ്നാട്ടുകാരനോ ടു സങ്കടങ്ങളൊക്കെ പറയുമായിരുന്നു. ഇതറിഞ്ഞെത്തിയ ചേച്ചിയുടെ ഭർത്താവ് എന്നെയും അയാളെയും പൊതി രെ തല്ലി. അതോടെ എനിക്കു വാശിയായി. ഞാനാ തമിഴ്നാട്ടുകാരനോടൊപ്പം ജീവിക്കാൻ തുടങ്ങി.

മകനായിക്കഴിഞ്ഞ ശേഷമാണു അയാൾക്കു നാട്ടിൽ ഭാര്യയും കുടുംബവുമുണ്ടെന്നറിഞ്ഞത്. ആ ബന്ധം അ തോടെ മതിയാക്കി. മകൻ കിഷോറിന് ഒരു വയസ്സാകുന്ന തു വരെ ജീവിതം പ്രതിസന്ധികൾ കൊണ്ടു ചുട്ടു പൊള്ളി.പിന്നെ, മകനെ എന്റെ അമ്മയെ ഏൽപിച്ചു പണിക്കിറങ്ങി.

ദൈവം പണിയെടുക്കാൻ ഊരും ബലവും തന്നാൽ അഭിമാനത്തോടെ ജീവിക്കുമെന്ന ആത്മവിശ്വാസം എല്ലാക്കാലത്തും ഉണ്ട്. ആദ്യം തനിച്ചു ജോലി ചെയ്തു. പിന്നെ, മറ്റു പണിക്കാരെ കൂടെ കൂട്ടി ജോലികൾ ഏറ്റെടുത്തു ചെയ്തു തുടങ്ങി. തോൽക്കില്ല, തല ഉയർത്തി തന്നെ ജീവിക്കുമെന്ന വാശിയുണ്ടെന്നു ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, അതെപ്പോഴും ഉള്ളിലിരുന്നങ്ങനെ ആന്തും. ആ കത്തുന്ന വാശിയുടെ വെട്ടത്തിലാണ് ഇത്ര കാലം കടന്നത്.

കിഷോറിനെ സ്കൂളിൽ വിട്ടതൊക്കെ അമ്മയാണ്. പ ത്തു വരെ പഠിച്ചു അവൻ. അത്രയൊക്കെയേ കഴിഞ്ഞുള്ളൂ.പിന്നെ, അവനും എനിക്കൊപ്പം പണിക്കു കൂടി.

കിണറുവെട്ടിന്റെ മേഖലയിലേക്കു വന്നതോടെ സസ്യാഹാരം മാത്രമേ കഴിക്കൂ. മുട്ട പോലും കഴിക്കില്ല. അൽപം ചീനിയും വെള്ളവും കിട്ടിയാൽ ഞാൻ ഹാപ്പി. ഷുഗറും കൊളസ്ട്രോളും ഒന്നുമില്ല. വെറ്റില മുറുക്കുന്ന ശീലം അമ്മയിൽ നിന്നു കിട്ടിയതാണ്. ഇന്നും അതുണ്ട്. കിണറുവെട്ടു മാത്രമല്ല. കിണറിൽ വീണവരെ രക്ഷിക്കാനും പോകാറുണ്ട്.

പത്താമത്തെ കിണർ

ഒരിക്കൽ കൊടുമൺ അങ്ങാടിക്കൽ കിണർ കുഴിക്കാൻ ക്ഷണം കിട്ടി. ഓട്ടോയിൽ കിഷോറും ഞാനും ആ വീട്ടിലെ ത്തി. കിഷോറിന്റെ ഓട്ടോയാണു ഞങ്ങളുടെ വിമാനം. എ വിടെയും യാത്ര അതിലാണ്. അവിടത്തെ കാർന്നോര് എ ന്നെ കണ്ടപ്പോ തന്നെ പുച്ഛിച്ചു.

ഇവിടെ വിവരമുള്ളവർ പല സ്ഥലത്തായി ഒൻപതു കിണറു കുഴിച്ചിട്ടു വെള്ളം കണ്ടിട്ടില്ല. പിന്നെയാണോ ഈ തള്ള! പുച്ഛം വാരിവിതറി നിൽക്കുന്ന അങ്ങേരുടെ മകനായിരുന്നു പേരു കേട്ടറിഞ്ഞ് എന്നെ വിളിച്ചത്.

അന്നേരം അവിടെ വച്ച് ആ വീട്ടുകാരോട് പറഞ്ഞു. ‘‘ഞാൻ കിണറു കുഴിച്ചു നോക്കാം. വെള്ളം കണ്ടില്ലെങ്കിൽ പണിക്കാശു തരണ്ട. പക്ഷേ, ഓട്ടോയ്ക്കു ഇന്ധനമടിക്കണ്ടേ. ആ കാശു മാത്രം ദിവസവും തരണം. എന്നാലേ പണിക്ക് എത്താൻ പറ്റൂ. പക്ഷേ, വെള്ളം കണ്ടാൽ ഞാൻ പറയുന്ന കാശു തരണം. സമ്മതമാണേൽ കുഴിച്ചു തുടങ്ങാം.’’ആ വീട്ടുകാരതു സമ്മതിച്ചു. വെള്ളമില്ലാതെ ആകെ കുഴപ്പത്തിലായിരുന്നു അവർ.

പറമ്പിലേക്കു പോയി നോക്കിയപ്പോ നിറയെ കുഴികളാണ്. അതിനിടയിൽ നോക്കിയൊരു സ്ഥാനം കണ്ടു. ഒൻപതാമത്തെ അരഞ്ഞാണ പടവ് കഴിഞ്ഞ് അൽപം കൂടി താഴ്ത്തിയപ്പോൾ ഉറവക്കണ്ണു തെളിഞ്ഞു. വെള്ളം കിട്ടി.

ആ കിണറിന്റെ പണിക്കൂലി തരാൻ വീട്ടുകാരുടെ കയ്യി ൽ ഉണ്ടായിരുന്നില്ല. ഒടുവിൽ ഭാര്യയുടെ മാല പണയം വച്ച് ആ വീട്ടുകാരൻ പണം തന്നു. വെള്ളമില്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ!

ഡെൽന സത്യരത്‌ന

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ