Tuesday 17 September 2024 11:15 AM IST : By സ്വന്തം ലേഖകൻ

പായസ മധുരമൊരുക്കാനായി കുഞ്ഞുമോളുടെ ആ യാത്ര: കണ്ണില്ലാത്ത ക്രൂരതയിൽ‌ പൊലിഞ്ഞത് അതിജീവനം: തീരാനോവ്

sreekutty-ajmal

മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം കടന്നുകളഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മിഷനംഗം വി.കെ.ബീനാ കുമാരി ആവശ്യപ്പെട്ടു. ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസ്സിലാകുന്ന ഒരു വനിതാ ഡോക്ടറാണു കാറിലുണ്ടായിരുന്നത് എന്നത്  അദ്ഭുതപ്പെടുത്തുന്നതാണെന്നു വി.കെ.ബീനാകുമാരി പറഞ്ഞു.

കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും കാർ ഡ്രൈവർ അജ്മലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യപിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.

ക്രൂരതയിൽ പൊലിഞ്ഞു; ആ അതിജീവനം

അർബുദത്തെ അതിജീവിക്കാനുള്ള കുഞ്ഞുമോളുടെ പോരാട്ടമാണു നിരത്തിലെ ക്രൂരതയിൽ പൊലി‍ഞ്ഞത്. ഏറെനാളായി തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിൽ അതിജീവനത്തിന്റെ പാതയിലായിരുന്നു കുഞ്ഞുമോൾ. എഫ്സിഐ ഗോഡൗണിലെ കരാർ ജീവനക്കാരനായിരുന്ന ഭർത്താവ് നൗഷാദിനൊപ്പം വീടിനു സമീപം ചെറിയൊരു കട തുടങ്ങിയിരുന്നു.

വീട്ടിൽ പായസം തയാറാക്കി പ്രിയപ്പെട്ടവർക്കു നൽകിയെങ്കിലും തികഞ്ഞില്ല. വീണ്ടും തയാറാക്കി ബാക്കിയുള്ളവർക്കു നൽകാൻ വൈകിട്ട് ആനൂർക്കാവിലെ കടയിലേക്കു പോയതായിരുന്നു. സാധനങ്ങൾ വാങ്ങി ഇറങ്ങിയപ്പോഴേക്കും സഹോദരന്റെ ഭാര്യ സ്കൂട്ടറിൽ വിളിക്കാനെത്തി. പക്ഷേ ആ യാത്ര വീട്ടിലെത്തിയില്ല.

എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന കുഞ്ഞുമോളെപ്പറ്റിയുള്ള ഓർമകളുമായി ഒട്ടേറെ പേരാണ് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്. സന്ധ്യയോടെ വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണു സംസ്കരിച്ചത്.

ഞായറാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സ്കൂട്ടർ യാത്രികരായ സ്ത്രീകളെ അജ്മൽ ഓടിച്ച കാർ ഇടിച്ചുവീഴ്ത്തിയതും വീണു കിടന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി കയറ്റിയിറക്കിയതും. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) രാത്രിയോടെയാണു മരിച്ചത്. ഇടിച്ചുവീഴ്ത്തിയ ശേഷം കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മൽ കാർ കയറ്റിയിറക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്.