Friday 16 April 2021 04:29 PM IST : By ഐബിൻ കാണ്ടാവനം (ibinjoseph@mm.co.in)

പൊലീസ് സേനയോട് വിട പറഞ്ഞ് കുവി; ഇനി മുന്‍പിലുള്ളത് ബുദ്ധിമുട്ട് നിറഞ്ഞ ജീവിതം! വീണ്ടും തെരുവുനായയായി അലഞ്ഞുതിരിയാം...

kuvi55677ghujuu

എട്ടു മാസത്തിലധികം പൊലീസ് സേനയുടെ ഭാഗമായിരുന്ന കുവി വിടപറഞ്ഞു. തന്നെ ഇത്രനാളും പരിപാലിച്ച ഇടുക്കി പൊലീസ് സേനയില്‍നിന്ന് കുവി പടിയിറങ്ങുമ്പോള്‍ മുന്‍പിലുള്ളത് ബുദ്ധിമുട്ട് നിറഞ്ഞ ജീവിതം! 

കഴിഞ്ഞ വര്‍ഷം പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ കൊച്ചുകുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ചതോടെയാണ് കുവി എന്ന നായ ശ്രദ്ധയാകര്‍ഷിച്ചത്. പാലത്തിനു കീഴെ ചപ്പുചവറുകള്‍ക്കിടയില്‍ അകപ്പെട്ടിരുന്നു കുട്ടിയുടെ മൃതദേഹം ഒട്ടേറെ ഏജന്‍സികളുടെ രക്ഷാപ്രവര്‍ത്തകര്‍ക്കും പൊലീസ് നായ്ക്കള്‍ക്കും 4 ദിവസം തിരഞ്ഞിട്ട് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കുവിയാണ് തന്‌റെ പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. തന്റെ കളിക്കൂട്ടുകാരിയെ തേടി കുവി അലഞ്ഞത് 4 ദിവസമാണ്. അതും വിശപ്പും ദാഹവും സഹിച്ച്.

കുവിയെ ശ്രദ്ധിച്ച പൊലീസ് ശ്വാനസേനയിലെ ഒരു പരിശീലകന്‍ അന്ന് നായയെ ഏറ്റെടുക്കാന്‍ തയാറായെങ്കിലും പൊലീസിലേക്ക് എടുക്കാമെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഇടുക്കി പൊലീസിന്റെ ശ്വാനസേനയുടെ ഭാഗമായ കുവി കഴിഞ്ഞ 8 മാസംകൊണ്ട് പരിശീലനമുറകളെല്ലാം സ്വായത്തമാക്കിയിരുന്നു. ഒബീഡിയന്‍സ്, ഹീല്‍വാക്ക്, സ്‌മെല്ലിങ് തുടങ്ങിയവയെല്ലാം അവള്‍ പഠിച്ചെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഉടമകളെന്ന പേരില്‍ അവകാശികളെത്തിയത്. 

പൊലീസ് സേനയിലെ നായ്ക്കള്‍ക്കു ലഭിക്കുന്ന വിധത്തിലുള്ള പരിശീലനവും ഭക്ഷണവും ലഭിച്ചുകൊണ്ടിരുന്ന കുവി തന്റെ യഥാര്‍ഥ ഉടമകളില്ലാത്ത സ്ഥലത്തേക്ക് തിരികെ ചെല്ലുമ്പോള്‍ വീണ്ടും ഒരു തെരുവുനായയായി അലഞ്ഞുതിരിയാം... ആളുകള്‍ കല്ലെടുത്തെറിഞ്ഞേക്കാം... വന്യജീവികള്‍ ആക്രമിച്ചേക്കാം... മറ്റു നായ്ക്കള്‍ ആക്രമിച്ചേക്കാം... തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായ മൂന്നാറില്‍ കുവിയുടെ ഭാവി സുരക്ഷിതമായിരിക്കില്ല. ഇത്രയും നാള്‍ നല്ല രീതിയില്‍ സംരക്ഷിച്ചിരുന്ന കുവിയെ ഒഴിവാക്കേണ്ടിയിരുന്നില്ല. ഒഴിവാക്കാന്‍ ആര്‍ക്കായിരുന്നു തിടുക്കം?

പൂർണ്ണമായും വായിക്കാം...

Tags:
  • Spotlight