Monday 01 March 2021 04:26 PM IST : By സ്വന്തം ലേഖകൻ

മരിച്ചു കിടക്കുന്ന മനുഷ്യന്റെ മൊബൈൽ ഫോണിൽ മകളുടെ വിളി; ഹൃദയം നുറുങ്ങുന്ന അനുഭവം പങ്കുവച്ച് ജീന ഷൈജു

jeena-nurse

ലോകം പഴയകാലത്തെന്നപോലെ തിരിച്ചുവരും എന്ന പ്രതീക്ഷയോടെ കോവിഡ്19 മഹാമാരിക്കാലത്ത് കഴിയുന്നവരാണ് ആതുരസേവന രംഗത്തുള്ളവർ. ജീവനും മരണത്തിനും ഇടയിൽ പ്രതീക്ഷയുടെ നൂൽപാലത്തിലൂടെ സഞ്ചരിക്കുമ്പോൾ മറക്കാനാകാത്ത നന്മയുടെ മുഖങ്ങളാണ് അവരെന്നും. അടുത്ത കാലത്ത് ബെന്യാമിൻ എഴുതിയ നോവൽ 'നിശബ്ദസഞ്ചാരങ്ങൾ' പറയുന്നത് നഴ്സുമാരുടെ കഥയാണ്. നോവൽ സമർപ്പിച്ചതും നഴ്സുമാർക്കാണ്. 

നിസ്തുലമായ സേവനപാതയിൽ അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ഏത് മാപിനികൾ കൊണ്ട് അളന്ന് രേഖപ്പെടുത്തും!. സ്വജീവിതം മറ്റുള്ളവർക്കായി സമർപ്പിക്കുന്ന അവരുടെ മനസ്സ് എന്താണ് പറയുന്നത്? പത്തു വർഷമായി കുവൈത്തിൽ നഴ്‌സായി ജോലിചെയ്യുന്ന കൊല്ലം പത്തനാപുരം സ്വദേശിനി ജീന ഷൈജു തന്റെ അനുഭവങ്ങൾ മനോരമ ഒാണ്‍ലൈൻ വായനക്കാരുമായി പങ്കിടുന്നു:

''പോയ ദിവസങ്ങളിൽ ഒന്നിൽ ഏതാണ്ട് വെളുപ്പാന്‍ കാലത്ത് കാഷ്വാലിറ്റിയിൽ ഒരാളെ കൊണ്ടുവന്നു. മുപ്പത്തിയെട്ട് വയസോളം തോന്നിക്കുന്ന തമിഴ്‌നാട് സ്വദേശി. ചുറ്റും പരിഭ്രമമേറിയ അയാളുടെ സഹപ്രവർത്തകരുടെ കണ്ണുകൾ. ജീവനും മരണത്തിനും ഇടയിലുള്ള കയറ്റിറക്കങ്ങളിലൂടെ ഒരാൾ. സ്ട്രച്ചറിൽ നിന്നു കട്ടിലിലേയ്ക്ക് എടുത്തപ്പോൾ ദേഹത്ത് ചൂടുണ്ട്. ഞരമ്പുകൾ പതിഞ്ഞിരുന്നു. ചുണ്ടുകള്‍ക്ക് നീല നിറം. 

കൂടെ വന്നവരോട് കാര്യം ആരാഞ്ഞപ്പോൾ വെളുപ്പിന് ഏകദേശം മൂന്നായായപ്പോൾ താൻ ജോലിചെയ്യുന്ന കമ്പനിയുടെ ക്യാംരിസെ ഡബിൾ കട്ടിലിന്റെ മുകളിൽ നിന്നു ഒച്ചയും ബഹളവും കേൾക്കുന്നുണ്ടായിരുന്നുവെന്നും, ടോയ്‌ലെറ്റിനു അടുത്തേക്ക് നടന്നു പോകുന്ന വഴിയിൽ തൊണ്ടക്കുഴിയിൽ മുറുകെ പിടിച്ചു കൊണ്ട് കുഴഞ്ഞു വീഴുകയായിരുന്നുവെന്നും അറിഞ്ഞു. 

ആതുരസേവകരെ സംബന്ധിച്ചിടത്തോളം നിർണായക നിമിഷങ്ങൾ.ഒരു നിമിഷത്തെ താമസം ഒരു ജീവൻ എടുത്തേക്കാം. ഉടൻതന്നെ ഞങ്ങൾ സിപിആർ തുടങ്ങി. സ്‌ക്രീനിൽ വലിയ മാറ്റങ്ങൾ ഒന്നും തെളിയുന്നില്ല. കുറേ സൈക്കിൾ സിപിആർ കഴിഞ്ഞപ്പോൾ കഴുത്തിലെ ഞരമ്പുകൾ അതാ മിടിക്കുന്നു! ഹൃദയം രേഖകൾ വരച്ചുതുടങ്ങി; ജീവന്റെ ചിത്രങ്ങൾ. ജീവൻ തിരികെ വന്നു എന്ന സന്തോഷത്തിൽ നിൽക്കുമ്പോൾ വീണ്ടും സ്‌ക്രീനിൽ നേർരേഖ തെളിയുകയാണ്. എങ്കിലും പ്രതീക്ഷ ഞങ്ങൾ കൈവെടിഞ്ഞില്ല. 

കണ്ണുകൾ സ്ക്രീനിലേക്ക് ഉറ്റുനോക്കുന്നു. അയാളുടെ ഹൃദയമിടിപ്പ് കുറയുമ്പോൾ ഞങ്ങളുടേത് കൂടി. സമയം മുന്നോട്ട്... കുറെ തിരികെ വരവിനും പോകലിനുമൊടുവിൽ ഞങ്ങളിലെ അവസാന പ്രതീക്ഷയുടെ തിരിനാളത്തെയും നിത്യമായി കെടുത്തികൊണ്ട് ആ ശരീരം ചേതനയറ്റു. ജീവനില്ലാത്ത നേർരേഖമാത്രം ബാക്കി.പ്രാർഥനകൾക്കും ശ്രമങ്ങൾക്കും വിലകൽപ്പിക്കാത്ത കരാളവിധി. ഒരിക്കലും തിരിച്ചു വരാനാകാത്ത മരണത്തിന്റെ അഗാധഗർത്തത്തിലേയ്ക്ക് ഒരു മനുഷ്യജന്മം ഇതാ വഴുതി വീഴുന്നു. 

കൺമുന്നിൽ കാണുന്നത് മരണമല്ലാതെ മറ്റൊന്നുമല്ല. തന്റെ ജീവിത ഓട്ടം ഒരു മനുഷ്യൻ അകാലത്തിൽ പൂർത്തിയാക്കുന്നു. സഫലമാകാത്ത എത്രയോ ആഗ്രഹങ്ങൾ ഈ ചേതനയറ്റ ഹൃദയകോണിൽ ഉണ്ടായിരുന്നിരിക്കണം? ആഗ്രഹങ്ങൾ നിലച്ചു പോയ മനസ്സ്. അവസാന വിധിയുടെ അടയാളമിട്ട് അയാൾ യാത്രയായി! ജീവിതം, അത് ഇത്രമാത്രം. മരിച്ചയാളുടെ ഫോണിലേയ്ക്ക് മകൾ വിളിക്കുമ്പോൾ.. .ഇതുപോലെ കൺമുന്നിൽ തുടിയ്ക്കുന്ന എത്രയെത്ര ജീവിതങ്ങൾ. മരിച്ചു കിടക്കുന്ന മനുഷ്യന്റെ മൊബൈൽ ഫോണിൽ മകളുടെ ഫോൺ കാൾ കാണേണ്ടി വരുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. ആരാണ് ആ ഫോൺ എടുക്കുക? സ്വന്തം പിതാവ് ഈ ലോകം വിട്ടുപോയി എന്ന് എങ്ങനെയാണ് ആ മകളോട് പറയുക? 

പൂർണ്ണമായും വായിക്കാം 

Tags:
  • Spotlight