Wednesday 14 August 2019 05:21 PM IST

സ്ത്രീകളെ ഏറ്റവും അലട്ടുന്ന 10 രോഗങ്ങളും അവയ്ക്കുള്ള ഗൃഹ ഔഷധങ്ങളും!

Tency Jacob

Sub Editor

_C2R2309

പൊതുവായി വരുന്ന പല അസുഖങ്ങൾക്കും നമ്മുടെ വീട്ടിൽത്തന്നെ മരുന്നുണ്ട്.  ഒരു മുഖക്കുരു  ഉണ്ടാകുമ്പോഴോ തലമുടി കൊഴിയുമ്പോഴോ ഉടൻ ഡോക്ടറുടെ അടുത്തേക്ക് ഓടേണ്ടതില്ല. ആരോഗ്യകരമായ ജീവിതക്രമങ്ങളിൽനിന്ന് ന മ്മൾ മാറുമ്പോഴാണ് ഇത്തരം രോഗലക്ഷണങ്ങ ൾ കാണുക. ഇത്തരം ഘട്ടങ്ങളിൽ സ്വയം സ്വീകരിക്കാവുന്ന ചില ആരോഗ്യസംരക്ഷണ മാർഗങ്ങളെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കുന്നതു നല്ലതാണ്. ഗുരുതരമായ പ്രശ്നങ്ങളിലേക്കു നീങ്ങാതിരിക്കാനുള്ള മുൻകരുതലായാണ് ഈ പ്രതിവിധികളെ കാണേണ്ടത്.

ആയുർവേദ മരുന്നുകൾ പൊതുവെ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ല എന്നതാണ് അവയുടെ  ഏറ്റവും വലിയ ഗുണം. വീട്ടിൽ ചെയ്യാവുന്ന ഈ ആയുർവേദ പരിഹാര മാർഗങ്ങൾക്ക് കഠിനമായ പഥ്യമോ ചിട്ടകളോ ഇല്ല താനും. ഇവിടെ നിർദേശിച്ചിരിക്കുന്ന മരുന്നുകൾ വീട്ടിലുണ്ടെങ്കിൽ അവ ഉ പയോഗിക്കുന്നതാണ് നല്ലത്. മഞ്ഞൾപൊടി  പോലുള്ളവ വീട്ടിൽത്തന്നെ തയാറാക്കാം. അതുപോലെ കറ്റാർവാഴ, തുളസി, രാമച്ചം എന്നിവ തൊടിയിൽ നട്ടുവളർത്താം. വീട്ടിൽ ഇല്ലാത്തവ അങ്ങാടി മരുന്നുകടയിൽ നിന്നു വാങ്ങി വൃത്തിയാക്കി ഉണക്കി സൂക്ഷിച്ചു വയ്ക്കുക. ഒരുമിച്ച് ആവശ്യത്തിലധികം പൊടി തയാറാക്കി വയ്ക്കുന്നതും നല്ലതല്ല.

1. മുഖക്കുരു

pimples8866guh8ug

കൗമാരപ്രായത്തിൽ പെൺകുട്ടികളില്‍ സാധാരണമാണ് മുഖക്കുരു. മുഖചർമത്തിൽ മിനുമിനുപ്പ് നിലനിർത്തുന്ന ‘സെബം’ എന്ന സ്രവം ചർമത്തിലെത്തിക്കുന്ന ഗ്രന്ഥിയിലും അതിൽ നിന്നു പുറത്തേക്കുള്ള സൂക്ഷ്മ നളികയിലും ചെറിയ തടസ്സങ്ങൾ രൂപപ്പെടുമ്പോഴാണ് അതിനുള്ളിൽ ബാക്ടീരിയ പെരുകി അണുബാധ ഉണ്ടാകുന്നത്. അതിന്റെ അവശിഷ്ടമാണ് പഴുപ്പായി മാറുന്നത്. വളരെ ചെറിയൊരു ചുവന്ന കുത്തു മുതൽ പഴുപ്പ് നിറഞ്ഞ വലിയ കുരുവായും മൂന്നും നാലും വലിയ ഗ്രന്ഥികൾ ചേർന്ന് വലിയ കുരുക്കളായും കാണാം.

ചിലർക്ക് ഇത് കഴുത്തിനു പിന്നിലേക്കും കവിളിനു താഴേക്കും പടരാറുണ്ട്. മുഖക്കുരുവിനു ചുറ്റും ചൊറിച്ചിലും വേദനയും അനുഭവപ്പെടാം. മുഖസൗന്ദര്യത്തെക്കുറിച്ച് വല്ലാതെ ആകുലരായി കണ്ണാടിയുടെ മുന്നിൽ നിന്ന് വിരലുകൊണ്ട് മുഖക്കുരു തൊട്ടുനോക്കുന്നവരും ഞെക്കിപൊട്ടിക്കുന്നവരും  ശ്രദ്ധിക്കുക. അത് പടർന്നു വലുതാകാനുള്ള സാധ്യത കൂടുതലാണ്.

ഗൃഹ ഔഷധികൾ

ദിവസം മൂന്നോ നാലോ പ്രാവശ്യം മുഖം കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്. ഇതിനായി താഴെ സൂചിപ്പിക്കുന്ന ഗൃഹ ഔഷധങ്ങൾ ഉപയോഗിക്കാം.

∙ ഉണക്കനെല്ലിക്കാത്തോട്, തെച്ചി, പാച്ചോറ്റി, ചിരട്ട എന്നിവ 10 ഗ്രാം വീതം ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം.

∙ 50 ഗ്രാം ഇരട്ടിമധുരം ചതച്ചിട്ടു തിളപ്പിച്ചാറ്റിയ വെള്ളം.

∙ 50 ഗ്രാം വയമ്പ് ചതച്ച് തിളപ്പിച്ചാറ്റിയ വെള്ളം.

ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് ഇടയ്ക്കിടെ മുഖം കഴുകുക.

പല തരത്തിലുള്ള പൗഡറുകളും ലേപനങ്ങളും ഓയിന്റ്മെന്റുകളും തുടർച്ചയായി പുരട്ടുമ്പോൾ അതിസൂക്ഷ്മമായ മു ഖചർമത്തിന്റെ ഗ്രന്ഥികളെയും നളികകളെയുമൊക്കെ സമ്മ ർദത്തിലാഴ്ത്തുകയാണ് ചെയ്യുക. മുഖചർമം വല്ലാതെ അമർത്തുകയോ ഉരസുകയോ ചെയ്യരുത്. നനഞ്ഞ മുഖം തുടയ്ക്കുമ്പോൾ പോലും മൃദുവായി ഒപ്പിയെടുക്കാൻ ശ്രദ്ധിക്കുക.

മുഖത്ത് പുരട്ടാൻ

∙ ഇരട്ടിമധുരം, വെള്ളരി എന്നിവ മിക്സിയിൽ അരച്ചത്.

∙ തക്കാളി തേനിൽ ചാലിച്ചത്.

∙ ചന്ദനവും മഞ്ഞളും അരച്ചത്.

∙ ഓറഞ്ച്നീരും തേനും ചാലിച്ചത്.

ഇവ സമം എടുത്ത് ചാലിച്ച് മുഖത്തു പുരട്ടി അര മണിക്കൂറിനുശേഷം കഴുകികളയാം. കാഠിന്യമനുസരിച്ച്  കൂടുതൽ അളവിലോ കുറഞ്ഞ അളവിലോ ഇവ തയാറാക്കാം.

ഉള്ളിലേക്ക് സേവിക്കാൻ

∙ കടുക്കാത്തോട്, നെല്ലിക്കാത്തോട്, താന്നിക്കാത്തോട് എ ന്നിവ സമം പൊടിച്ചു വച്ച് ഓരോ ചെറിയ സ്പൂൺ വീതം ര ണ്ടു നേരം ഭക്ഷണശേഷം അര ഗ്ലാസ് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കാം. തൊലിയിലെ സൂക്ഷ്മ നളികകളിലെ തടസ്സങ്ങൾ കുറയാൻ ഇതു ഫലപ്രദമാണ്.

2. ഗർഭാശയ മുഴ

ഇന്ന് സർവസാധാരണമാണ് പിസിഒഡി അല്ലെങ്കിൽ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. കൃത്യമായ കാരണങ്ങളൊന്നും കണ്ടുപിടിച്ചിട്ടില്ലെങ്കിലും ഹോർമോൺ വൈകല്യങ്ങൾ കൊണ്ട് ഗർഭാശയത്തിന്റെ വശങ്ങളിലുള്ള അണ്ഡാശയങ്ങളിൽ രൂപപ്പെടുന്ന ചെറുമുഴകളാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ആർത്തവക്രമക്കേടിൽ തുടങ്ങി ശരീരഭാരം വർധിക്കുക, അമിത രോമവളർച്ച, തൊലിപ്പുറത്തെ നിറമാറ്റങ്ങൾ, വന്ധ്യത എന്നിങ്ങനെ വ്യത്യസ്തമായ പ്രശ്നങ്ങളാണ് ഇതുകൊണ്ടുണ്ടാകാറുള്ളത്.

കൃത്യമായ ആഹാരനിയന്ത്രണങ്ങളും വ്യായാമങ്ങളും ശീലിക്കുന്നതിനൊപ്പം രോഗിയുടെ യഥാർഥ സ്ഥിതിവിവരങ്ങ ൾ നിർണയിച്ച് ശാസ്ത്രീയ വിശകലനത്തോടെയുള്ള ഔഷധങ്ങളും ചികിത്സകളും വേണ്ടിവരും. പ്രത്യേക കഷായങ്ങളും ചൂർണങ്ങളും തുടർച്ചയായി കുറച്ചുകാലം കഴിക്കുന്നതുകൊണ്ട് പലരിലും നല്ല മാറ്റം കാണാറുണ്ട്. താഴെപ്പറയുന്ന ഔഷധങ്ങൾ ചിട്ടയായി ഉപയോഗിക്കുക.

ഗൃഹ ഔഷധികൾ

∙ ആവണക്ക്, കൂവളം, പഴമുതിര ( ഒരു വർഷം പഴകിയ മുതിര) സമം ചേർത്ത് നാലിരട്ടി വെള്ളം ചേർത്ത് തിളപ്പിച്ച് നാലിലൊന്നായി വറ്റിച്ചെടുക്കുക. ഈ കഷായം കഴിക്കുക.

∙ 25 മില്ലി ലീറ്റർ കറ്റാർവാഴ നീരിൽ തേൻ സമം ചേർത്തു കുടിക്കാം.

∙ കടുക്കാത്തോട്, താന്നിക്കാത്തോട്, നെല്ലിക്കാത്തോട് എ ന്നിവ സമം പൊടിച്ച് 20 ഗ്രം എടുത്ത് അര ഗ്ലാസ് ചൂടുവെള്ളത്തിൽ കലക്കി കുടിക്കാം.

3. തൈറോയിഡ്

തൈറോയിഡ് ഗ്രന്ഥിക്കോ അതിൽ ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾക്കോ ഉണ്ടാകുന്ന തകരാറുകൾ മൂലമാണ് ഹൈപ്പോ തൈറോയിഡിസം, ഹൈപ്പർ തൈറോയിഡിസം എന്നീ രോഗാവസ്ഥകൾ ഉണ്ടാകുന്നത്. സമീപകാലത്തായി ഈ രോഗം സ്ത്രീകളിൽ വല്ലാതെ വർധിച്ചു കാണുന്നുണ്ട്. ഹൈപ്പോ തൈറോയിഡിസത്തിൽ ശരീരഭാരം കൂടുക, തളർച്ച തോന്നുക, ശരീര വേദനയുണ്ടാകുക, മലബന്ധം, തൊലി വരൾച്ച, മാനസിക പിരിമുറുക്കം എന്നിവയാണ് പൊതു ലക്ഷണങ്ങൾ. ശരീരഭാരം കുറയുന്നതും ഹൃദയമിടിപ്പ് കൂടുന്നതും അമിതമായ വിശപ്പും വിയർപ്പും ഉറക്കവുമൊക്കെയാണ് ഹൈപ്പർ തൈറോയിഡിസത്തിന്റെ ലക്ഷണങ്ങൾ.

കൃത്യമായ രക്തപരിശോധനയിലൂടെ തൈറോയിഡ് വൈകല്യം തിരിച്ചറിയുകയാണ് ചികിത്സയുടെ ആദ്യപടി. ഇ തിനോടനുബന്ധമായി ശാരീരികഘടകങ്ങളിൽ വന്നിട്ടുള്ള ഓരോ വ്യതിയാനവും രോഗനിർണയത്തിൽ പ്രസക്തമാണ്. ആയുർവേദത്തിൽ കൃത്യമായ ചികിത്സയുണ്ടെങ്കിലും എല്ലാത്തരം തൈറോയിഡ് രോഗങ്ങളിലും രോഗികളിലും ഒരേ തരത്തിലുള്ള ഔഷധങ്ങൾ ഫലപ്രദമല്ല. അതുകൊണ്ട് പൊതുവായ മരുന്നുകൾ നിർദേശിക്കുന്നത് എളുപ്പമല്ല. ആഹാരം പാകം ചെയ്യുമ്പോൾ ഇന്തുപ്പോ കല്ലുപ്പോ ഉപയോഗിക്കുക.

ഗൃഹ ഔഷധികൾ

തഴുതാമ, മന്ദാരം, ഗുൽഗുലു എന്നിവ പ്രധാന ഔഷധങ്ങളായുള്ള കഷായങ്ങളും ത്രിഫലത്തോട് ചേർന്ന ചൂർണങ്ങളുമാണ് തൈറോയിഡ് രോഗങ്ങളിൽ ഉപയോഗിക്കാറുള്ളത്.  

∙ ഹൈപ്പർ തൈറോയിഡിസത്തിന് രണ്ടു ചെറിയ സ്പൂൺ അമുക്കുരംപൊടി  പാലിൽ സേവിക്കുന്നതു നല്ലതാണ്.

 (അമുക്കരം പൊടി തയാറാക്കാനായി അമുക്കുരം അൽപം  പാലിൽ വേവിച്ചെടുത്ത് ഉണക്കി പൊടിച്ച് വയ്ക്കുക. )

∙ ഹൈപ്പോ തൈറോയിഡിസത്തിന് നന്നാറി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. നന്നാറി കഴുകിയുണക്കി പൊടിച്ച് വയ്ക്കണം. രണ്ടു ചെറിയ സ്പൂൺ വീതം ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്ത് രണ്ടു നേരം ഭക്ഷണശേഷം കുടിക്കണം. ഓരോ ദിവസത്തേക്കു വേണ്ടത് അന്നന്നു തന്നെ തയാറാക്കുന്നതാണ് നല്ലത്.

ഫലപ്രദമായ യോഗാസനങ്ങൾ

ചിട്ടയായ യോഗാസനങ്ങളും പ്രശ്നങ്ങൾ ലഘൂകരിക്കും. സ ർവാംഗാസനം, മാലാസനം, മത്സ്യാസനം, സേതുബന്ധസർവാംഗാസനം എന്നിവ പതിവായി ചെയ്യുന്നതു നല്ലതാണ്.

4. മുടി കൊഴിച്ചിൽ

_C2R2429

പരിധിയിൽക്കവിഞ്ഞ അളവിൽ മുടി കൊഴിഞ്ഞു പോകുന്നത് ശരീരത്തിന്റെ പോഷകനിലവാരം താഴുന്നതിന്റെ ലക്ഷണം കൂടിയാണ്. തലയോട്ടിയിലെ ചർമത്തിൽ താരൻ, കുരുക്കൾ തുടങ്ങിയവ കൂടിയാലും മുടി കൊഴിഞ്ഞുപോകാം. മാനസിക അസ്വാസ്ഥ്യങ്ങളും മുടി കൊഴിച്ചിലിനു കാരണമാണ്. ചികിത്സ ആരംഭിക്കും മുൻപ് ഇതിലേതാണ് യഥാർഥ കാരണമെന്ന് കണ്ടെത്തണം. ഓരോന്നിനും ചികിത്സ വെവ്വേറെയാണെങ്കിലും പൊതുവിൽ ചെയ്തു വരുന്ന ചില ഗൃഹൗഷധികൾ ഇവയാണ്.

ഗൃഹ ഔഷധികൾ

∙ മുത്താറി, എള്ള് എന്നിവ സമം കഴുകിയുണക്കി വറുത്തു പൊടിച്ച് ഒരു ചെറിയ സ്പൂൺ വീതം അൽപം ശർക്കരയോ തേനോ ചേർത്തു രണ്ടു നേരം ഭക്ഷണശേഷം കഴിക്കുക.

∙ രണ്ടു ചെറിയ സ്പൂണ്‍ ചിറ്റമൃതിന്റെ നീര് അൽപം തേൻ ചേർത്ത് രണ്ടു നേരം ഭക്ഷണശേഷം കഴിക്കുക.

∙ ഉണക്കനെല്ലിക്കത്തോട്, താന്നിക്കത്തോട്, കടുക്കാത്തോട് എന്നിവ സമം എടുത്ത് പൊടിച്ചുവച്ച് 10 ഗ്രാം വീതം ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലക്കി രണ്ടു നേരം ഭക്ഷണശേഷം കുടിക്കുക.

∙ ഉണക്കനെല്ലിക്കത്തോട് ചതച്ചു ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ട് തല കഴുകുക.

∙ ഇതിനൊപ്പം പോഷകനിലവാരമുള്ള ആഹാരങ്ങൾ ശീലിക്കേണ്ടതുണ്ട്. ഇലക്കറികളും ധാന്യങ്ങളും നന്നായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

∙ ആഴ്ചയിലൊരിക്കൽ തലയിൽ ചൂട് എണ്ണകൊണ്ട് മസാജ് ചെയ്യുന്നതു നല്ലതാണ്. പാത്രം ചൂടാക്കിയശേഷം എണ്ണ അതിലേക്കൊഴിച്ച് ചൂടാക്കുന്നതാണ് ശരിയായ രീതി.

∙ വീര്യം കൂടിയ ഷാംപൂ ഉപയോഗം ഒഴിവാക്കുക. ചീവയ്ക്കപൊടിയും ചെമ്പരത്തി ഇലയുമൊക്കെ മുടി വൃത്തിയാക്കാൻ നല്ല താളികളാണ്.

5. മുട്ടുവേദന

പ്രായമേറുമ്പോഴാണ് സ്ത്രീകളിൽ പൊതുവെ മുട്ടുവേദന കൂടുതലായി കാണുന്നത്. അസ്ഥികളുടെ തേയ്മാനവും സന്ധികളുടെ ചുറ്റുമുള്ള പേശികളിലും ലിഗ്‌മെന്റുകളിലും നീർക്കെട്ട് വരുന്നതും മുട്ടുവേദനയ്ക്കു കാരണമാകാം. ശരീരഭാരം കൂടുതലുള്ളവർക്കും വേദനയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിശ്രമിക്കുമ്പോൾ വേദന കുറയുമെങ്കിലും കയറ്റം കയറുമ്പോഴും ടോയ്‌ലറ്റിൽ ഇരിക്കുമ്പോഴും മറ്റും വേദന വല്ലാതെ അധികരിക്കും.

അമിതഭാരമുള്ളവരാണെങ്കിൽ ശരീരഭാരം കുറയ്ക്കണം. പതിവായി മുപ്പതു മിനിറ്റ് എങ്കിലും നടത്തം ശീലമാക്കുക. അ തുപോലെ ഭക്ഷണത്തിലും നിയന്ത്രണം കൊണ്ടുവരിക. കാലിലെ പേശികൾക്കാവശ്യമായ വ്യായാമങ്ങൾ നൽകാനും ശ്രമിക്കേണ്ടതുണ്ട്. കാൽമുട്ടിലെ നീര് കുറയ്ക്കാനുള്ള ചികിത്സകളാണ് ആദ്യഘട്ടത്തിൽ ചെയ്യേണ്ടത്. അതിനുശേഷം സന്ധികൾക്കു ചുറ്റുമുള്ള പേശികളെ ബലപ്പെടുത്താനും കാര്യക്ഷമത ഉയർത്താനുമുള്ള ചികിത്സകൾ ചെയ്യും.

ഗൃഹ ഔഷധികൾ

∙ പുളിയിലനീരും മുരിങ്ങത്തോലിന്റെ നീരും സമം ചേർത്ത ചൂടാക്കി ആറാതെ കാൽമുട്ടിൽ പുരട്ടുക.

∙ ചെന്നിനായകം, കുന്തിരിക്കം എന്നിവ സമം പൊടിച്ച് അരിക്കാടിയിൽ ചേർത്ത് ചൂടാക്കി കുഴമ്പു പരുവത്തിലാകുമ്പോൾ ചൂടോടെ പുരട്ടുക.

∙ കാബേജിന്റെ തോട് കാൽമുട്ട് പൊതിയത്തക്കവണ്ണം വച്ച ശേഷം തുണികൊണ്ട് ചുറ്റിക്കെട്ടുക.

∙ പത്തു ഗ്രാം കോലരക്കു പൊടിച്ച് അര ഗ്ലാസ് പാലിൽ ചേ ർത്ത് കഴിക്കുക.

ഫലപ്രദമായ യോഗാസനങ്ങൾ

ത്രികോണാസനം, വീരാസനം, മകരാസനം, മാലാസനം എ ന്നിവ പതിവായി ചെയ്യുന്നതു  മുട്ടുവേദനയ്ക്കു നല്ലതാണ്.

6. നടുവേദന

_C2R2464

സ്ത്രീകളിൽ കാണുന്ന ഭൂരിഭാഗം നടുവേദനയിലും പേശികളിലെ നീർക്കെട്ടാണ് പ്രധാന വില്ലൻ. നടുവിലെ പേശികളിലും അരക്കെട്ടിലെ പേശികളിലും ഇതുണ്ടാകാം. അതുകൊണ്ടുത്തന്നെ നടുവിലും അനുബന്ധ ഭാഗങ്ങളിലും മാത്രമല്ല, കാലിലേക്കും വിരലിലേക്കും വരെ അരിച്ചിറങ്ങുന്ന വേദന അനുഭവപ്പെടാം.

ഗ്യാസ് ട്രബിൾ, പുളിച്ചു തികട്ടൽ തുടങ്ങിയ പ്രശ്നമുള്ളവരിൽ നടുവേദന അധികമായിരിക്കും. ആർത്തവ പ്രശ്നങ്ങളുള്ളവരിലും പൊതുവേ നടുവേദന കൂടുതലാണ്. നടുവേദനയുള്ളവർക്ക് കൂടുതൽ നേരം ഇരിക്കാനും നിൽക്കാനുമൊക്കെ പ്രയാസമാകും.

പേശികളിലെ നീർക്കെട്ട് ഒഴിവാക്കാനും  ആ ഭാഗത്തെ അവയവങ്ങളുടെ കാര്യക്ഷമത ഉയർത്താനും ഉപകരിക്കുന്ന ഔഷധങ്ങൾ താഴെ പറയുന്നു. പലതരം വ്യത്യസ്തമായ കിഴികൾ, ധാരകൾ, എന്നിവ പ്രചാരത്തിലുണ്ട്. വൈതരണ വസ്തി, കഷായവസ്തി, തൈലവസ്തി തുടങ്ങിയ പഞ്ചകർമ ചികിത്സകളും ചെയ്യാറുണ്ട്.

ഗൃഹ ഔഷധികൾ

∙ 15 മില്ലി കരിനൊച്ചിയില ഇടിച്ചുപിഴിഞ്ഞ നീരിൽ 15 മില്ലി  ആവണക്കെണ്ണ ചേർത്തു രാവിലെ വെറുംവയറ്റിൽ കഴിക്കാം.

∙ 10 ഗ്രാം വീതം അയമോദകവും ജീരകവും വറുത്ത കഷായത്തിൽ കായം പൊടിച്ചത് മൂന്നു നുള്ളു വീതം ചേർത്ത് രണ്ടുനേരം ഭക്ഷണത്തിനു മുൻപ് കഴിക്കാം.

∙ ഒരു പിടി വീതം പുളിയില, ആവണക്കില, എരുക്കില എന്നിവ ചതച്ചു തിളപ്പിച്ച വെള്ളം കൊണ്ട് ദിവസം രണ്ടുനേരം ആവി പിടിക്കുക.

ഫലപ്രദമായ യോഗാസനങ്ങൾ

അരക്കെട്ടിലെയും തുടയിലെയും വയറിലെയും പേശികളിലെ രക്തസഞ്ചാരവും കരുത്തും നിലനിർത്താനും വർധിപ്പിക്കാനും ഉപകരിക്കുന്ന യോഗാസനങ്ങൾ വളരെ ഫലപ്രദമായി കാണാറുണ്ട്. ബാലാസനം, മാർജാരാസനം, ഭുജംഗാസനം, പശ്ചിമോത്താനാസനം, അർധ മത്സ്യേന്ദ്രാസനം എന്നിവ ചെയ്യുക.

7. മൈഗ്രെയ്ൻ

stock-photo-stressful-woman-against-white-background-206865238

ചില നേരങ്ങളിൽ മാത്രം അനുഭവപ്പെടുന്ന അതിശക്തമായ തലവേദനയും അതിനോടനുബന്ധിച്ചുണ്ടാകുന്ന ഛർദിയും ക്ഷീണവുമൊക്കെയാണ് മൈഗ്രെയിനിന്റെ ലക്ഷണങ്ങൾ. ചിലർക്ക് ചെറുപ്രായം മുതൽക്കേ ഇത് ആരംഭിക്കാറുണ്ട്. എന്തെങ്കിലും തരത്തിലുള്ള സംഘർഷങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോഴാണ് പൊതുവെ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

ടീനേജ് പെൺകുട്ടികളിൽ അടുത്ത കാലത്തായി ഈ രോ ഗം വളരെ കൂടുതലായി കാണുന്നുണ്ട്. ഇതിനു പിന്നിലുള്ള കാരണങ്ങൾ പലതാണെങ്കിലും ഇതിന് രോഗിയുടെ ദഹനവ്യവസ്ഥയുമായി അഭേദ്യമായ ബന്ധം തന്നെയുണ്ടെന്നതാണ് ആയുർവേദ നിരീക്ഷണം. ഇതറിഞ്ഞുകൊണ്ടാണ് മൈഗ്രെയ്നുള്ള ആയുർവേദ ചികിത്സയിൽ, ദഹനവ്യൂഹത്തെ ക്രമപ്പെടുത്തുനുള്ള ഔഷധങ്ങൾക്കും ചികിത്സാരീതികൾക്കും പ്രധാന പരിഗണന നൽകുന്നത്. ഇതിനോടനുബന്ധമായി മാത്രമാണ് നസ്യം പോലുള്ള പഞ്ചകർമ ചികിത്സകൾ ചെയ്യാറുള്ളത്.

ഗൃഹ ഔഷധികൾ

∙ ചുവന്നുള്ളി മൂന്നെണ്ണം ചതച്ച് അര ഗ്ലാസ് പാലിൽ വേവി  ച്ച് രാവിലെ ഭക്ഷണശേഷം കഴിക്കുക.

∙ അഞ്ചു തുള്ളി മുലപ്പാൽ രാവിലെ നസ്യം ചെയ്യുക.

∙ പത്തു ഗ്രാം ജീരകം വറുത്തതും ഒരു ചെറിയ സ്പൂൺ അയമോദകം പൊടിച്ചതും അര ഗ്ലാസ് വെള്ളത്തിൽ ചേർത്ത് കുടിക്കുക.

∙ അഞ്ചു ഗ്രാം വീതം കരിനൊച്ചിയില, ചുക്ക് എന്നിവ ചതച്ച് 100 മില്ലി വെളിച്ചെണ്ണയിൽ കാച്ചിയെടുത്തത് കുളിക്കുന്നതി   ന് അര മണിക്കൂർ മുൻപ് നെറുകയിൽ പുരട്ടുക.

_C2R2554

8. മൂത്രത്തിലെ അണുബാധ

സ്ത്രീകളിൽ വളരെ സാധാരണമായി കാണുന്ന മറ്റൊരു പ്രശ്നമാണ് മൂത്രമാർഗത്തിലെ അണുബാധ. പ്രത്യേകിച്ച് കൗമാരക്കാരിൽ ഇതു വളരെ കൂടുതലാണ്. ചൂടുള്ള കാലാവസ്ഥയിൽ വെള്ളം വേണ്ടത്ര അളവിൽ കുടിക്കാതിരിക്കുമ്പോഴാണ് ഇത് കൂടുതലായി കാണുന്നത്. മൂത്രമാർഗത്തിൽ പുകച്ചിലും വേദനയുമായി തുടങ്ങി ഛർദിയും പനിയും വന്ന് ഗുരുതരാവസ്ഥയിലേക്കു നീങ്ങാറുണ്ട്. ഒരിക്കൽ അണുബാധയുണ്ടായവരിൽത്തന്നെ പിന്നീടും അനുകൂല സാഹചര്യങ്ങളുണ്ടാകുമ്പോൾ രോഗം വരാം.

അതുപോലെ മൂത്രമൊഴിക്കാതെ പിടിച്ചു വയ്ക്കുന്നതും അസുഖത്തിനു കാരണമാണ്. അങ്ങനെ ചെയ്യാതെ ശ്രദ്ധിക്കണം. ഏതു കാലാവസ്ഥയിലും ശുദ്ധജലം ധാരാളമായി കുടിക്കണം. ഇതു തന്നെയാണ് പ്രതിരോധത്തിനുള്ള ഏറ്റവും നല്ല പോംവഴിയെങ്കിലും താഴെ പറയുന്ന ഗൃഹൗഷധികളും നല്ല ഫലം തരാറുണ്ട്.

ചിലപ്പോൾ മറ്റു രോഗങ്ങളിലേക്കുള്ള ചൂണ്ടുപലകകളായും ഈയസുഖം മാറാറുണ്ട്. അസഹ്യമായ വേദന, മൂത്രത്തോടൊപ്പം രക്തം പോവുക എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.

ഗൃഹ ഔഷധികൾ

∙ ഒരു പിടി ശതാവരിയില ചതച്ചു തിളപ്പിച്ച വെള്ളം അരഗ്ലാസ് വീതം ദിവസത്തിൽ മൂന്നോ നാലോ പ്രാവശ്യം കുടിക്കുക.

∙ ഞെരിഞ്ഞിൽ, ചെറൂള എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം.

∙ തേറ്റാമ്പരൽ, രാമച്ചം എന്നിവ ചതച്ച് തിളപ്പിച്ച വെള്ളം കുടിക്കാം.

∙ വെള്ളരിക്കുരു അരച്ച് അടിവയറ്റിൽ പുരട്ടുക.

9. അലർജി

hhhfddish

ലക്കുപൊടിയോടും പാത്രം കഴുകുന്ന സോപ്പിനോടുമുള്ള അലർജി മൂലം കൈവിരലുകൾ ചൊറിഞ്ഞ് പൊട്ടുന്നവരുണ്ട്. അവയെ അവഗണിക്കുമ്പോൾ വരണ്ട് കീറി ചോരയൊലിക്കും വിധം കൂടുതലാകുന്ന അവസ്ഥയും ചിലരിൽ കാണാറുണ്ട്. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ അണുബാധയുണ്ടാകാൻ വരെ സാധ്യതയുണ്ട്.

അലർജിയുണ്ടാകാനുള്ള ശരീരത്തിന്റെ സവിശേഷ സ്വഭാവം തിരുത്താനുള്ള ആന്തരിക ഔഷധങ്ങൾ കൃത്യമായ പരിശോധനയ്ക്കു ശേഷം മാത്രമെ നൽകാൻ കഴിയൂവെങ്കിലും പൊതുവെ ചെയ്തു വരുന്ന ചില ഗൃഹ ഔഷധികളുണ്ട്. ഇത് ചെയ്യുന്നതിനിടയിൽ കഴിയുന്നതും അലർജിയുണ്ടാക്കുന്ന വസ്തുക്കൾ തൊടരുത്.

ഗൃഹ‌ ഔഷധികൾ

∙ ഒരു ചെറിയ സ്പൂൺ വീതം മഞ്ഞൾപൊടിയും ഉണക്കനെല്ലിക്കപ്പൊടിയും ഒരു ഗ്ലാസ് മോരിൽ ചേർത്ത് കഴിക്കാം.

∙ ഒരു പിടി താന്നിത്തോല് ചതച്ച് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാം.

∙ രണ്ടു പിടി തെച്ചി വേര് ചതച്ച് തിളപ്പിച്ചാറ്റിയ വെള്ളം കോട്ടൻ തുണിയിൽ നനച്ച് വയ്ക്കുക.

∙ ഓരോ പിടി പച്ചമഞ്ഞളും വേപ്പിലയും ചതച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ  തിളപ്പിച്ചശേഷം ആ വെള്ളം കോട്ടൻ തുണിയിൽ നനച്ച് വിരലുകളിൽ ചുറ്റിവയ്ക്കാം.

10. കൈക്കുഴ വേദന

wrist-pa

കൈക്കുഴയുടെ ഭാഗം തൊട്ട് വിരലുകളിലേക്കു നീളുന്ന തരിപ്പും കടച്ചിലുമാണ് ഈ രോഗത്തിന്റെ ലക്ഷണം. വിരലുകളിലേക്കുള്ള ഞരമ്പുകൾക്കു കൈക്കുഴയുടെ ഭാഗത്തുള്ള കാർപ്പൽ ടണലിൽവച്ച് അനുഭവപ്പെടുന്ന സമ്മർദം മൂലമാണ് ഇതുണ്ടാകുന്നത്.

കൈകൊണ്ട് എന്തെങ്കിലും വസ്തുക്കൾ മുറുകെപ്പിടിക്കുമ്പോഴും തണുത്തവെള്ളം കൊണ്ട് പാത്രം കഴുകുമ്പോഴും മറ്റും തരിപ്പും കടച്ചിലും അധികരിച്ചേക്കാം. ലളിതമായ ചില ഗൃഹ ഔഷധികൾകൊണ്ടു തന്നെ ഇതിൽ നല്ല മാറ്റമുണ്ടാകാറുണ്ട്.

ഗൃഹ ഔഷധികൾ

∙ 100 ഗ്രാം മുതിര വറുത്തുപൊടിച്ച് പുളിയില നീരിൽ കുഴമ്പു പരുവത്തിൽ കുഴച്ച് ചൂടാക്കി ആറാതെ കൈക്കുഴയ്ക്ക് ചുറ്റും പുരട്ടുക.

∙ രണ്ടു പിടി മുതിര മൂന്നിരട്ടി വെള്ളത്തിൽ വേവിച്ച് അതിന്റെ ചാറ് സേവിക്കുക.

∙ 50 ഗ്രാം ചിറ്റമൃത് മൊരി കളഞ്ഞ് ചതച്ച് നീരെടുത്ത് സേവിക്കുക.

∙ 50 ഗ്രാം ചിറ്റരത്ത് ചതച്ച് കഷായം വച്ച് രാവിലെയും വൈകിട്ടും ഭക്ഷണത്തിനു മുൻപ് അര ഗ്ലാസ് വീതം കഴിക്കുക.

കഷായം തയാറാക്കേണ്ട വിധം: ചേരുവയുടെ അളവിന്റെ മൂന്നിരട്ടി വെള്ളം ചേർത്ത് തിളപ്പിച്ച് അതു മൂന്നിലൊന്ന് അളവായി കുറുക്കിയെടുക്കണം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. പി.എം മധു,  അസിസ്റ്റന്റ് പ്രഫസർ, ഗവ. ആയുർവേദ കോളജ്, കണ്ണൂർ

Tags:
  • Spotlight
  • Vanitha Exclusive