Wednesday 24 November 2021 03:45 PM IST : By സ്വന്തം ലേഖകൻ

മുഖംകുത്തി വികൃതമാക്കിയാൽ പെൺകുട്ടിയെ ആരും വിവാഹം കഴിക്കില്ല: കല്യാണം മുടക്കാൻ കൊടുംക്രൂരത

lakkidi

പ്രണയം നിരസിച്ചതിന്റെ പകയിൽ പെൺകുട്ടിയെ മുഖത്തുകുത്തി അക്രമിച്ച  കേസിലെ പ്രതികളായ പാലക്കാട് മണ്ണാർക്കാട് ശിവൻകുന്ന് സ്വദേശികളായ ദീപുവും (23)   ബന്ധു ജിഷ്ണുവും (21) റിമാൻഡിൽ. ജിഷ്ണുവിനും ഗൂഢാലോചനയിൽ പങ്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്– കൊല്ലഗൽ ദേശീയപാതയോരത്ത് പെൺകുട്ടിയെ കുത്തിപ്പരുക്കേൽപിച്ച  സ്ഥലത്ത് ദീപുവുമായി ഇന്നലെ പൊലീസ് തെളിവെടുപ്പ് നടത്തി.  വൈത്തിരി സിഐ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. 

മുഖം കുത്തി വികൃതമാക്കിയാൽ പെൺകുട്ടിയെ ആരും വിവാഹം കഴിക്കില്ലെന്നു കരുതിയിരുന്നതായി ദീപു പൊലീസിനോട് പറഞ്ഞു. കൃത്യം നടത്താനുപയോഗിച്ച കറിക്കത്തിയും സംഭവസ്ഥലത്തു പൊലീസിന് ദീപു കാണിച്ചുകൊടുത്തു. കത്തി ഫൊറൻസിക് പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു. പലതവണ ഫോൺ വിളിച്ചിട്ടും പെൺകുട്ടി കോൾ എടുത്തില്ലെന്നതും വിഡിയോ കോളിനു സമ്മതിക്കാതിരുന്നതും വിരോധത്തിനിടയാക്കി.

തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ചപ്പോൾ ദീപുവിനു ഭാവവ്യത്യാസമില്ലായിരുന്നു. പാലക്കാട്ടുനിന്നു ബൈക്കിലാണു ദീപുവും  ജിഷ്ണുവും രണ്ടു ദിവസം മുൻപേ ലക്കിടിയിലെത്തിയത്. കോളജിൽ നിന്നു ഹോസ്റ്റലിലേക്കുള്ള വഴിയിൽ ദീപു പെൺകുട്ടിയെ കാത്തിരുന്നു. പെൺകുട്ടിക്കൊപ്പം തൊട്ടടുത്ത ഹോട്ടലിൽനിന്നു ചായകുടിച്ചു. ഇറങ്ങി നടന്നുപോകുന്നതിനിടെയാണു വാക്കുതർക്കമുണ്ടായത്. തുടർന്ന് ദീപു പെൺകുട്ടിയുടെ മുഖത്തും ചെവിയിലും കവിളിലുമെല്ലാം കുത്തിവരഞ്ഞു. കഴുത്തിൽ വെട്ടി. കൃത്യത്തിനു ശേഷം സമീപത്തെ ചതുപ്പിലേക്കു ചാടിയ ദീപുവിനെ പൊലീസ് കോളജ് ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ പിടികൂടുകയായിരുന്നു.  ദുബായിലായിരുന്ന ദീപു അടുത്തിടെയാണു നാട്ടിൽ തിരിച്ചെത്തിയത്. 

മുഖത്തു സാരമായി പരുക്കേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തെങ്കിലും ഏറെനാൾ ചികിത്സ തുടരേണ്ടി വരുമെന്നാണു ആശുപത്രി അധികൃതർ നൽകുന്ന വിവരം. സമൂഹമാധ്യമത്തിലൂടെ 2018 ലാണ് പ്രതിയെ പരിചയപ്പെട്ടതെന്നും പ്രണയാഭ്യർഥന നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നുമാണു പെൺകുട്ടിയുടെ മൊഴി.

More