Tuesday 13 March 2018 05:38 PM IST : By സ്വന്തം ലേഖകൻ

ലൈംഗീകാതിക്രമം തുറന്നു പറയുന്നവരെ പരിഹസിക്കരുത്; ഗായിക ചിന്മയി

chinmayi

സോഷ്യല്‍ മീഡിയ വഴി തന്റെ നിലപാടുകള്‍ ധൈര്യത്തോടെ തുറന്നു പറയാന്‍ ചിന്മയിക്ക് ഭയമൊന്നുമില്ല. പലപ്പോഴും ഇതിന്റെ പേരില്‍ വലിയ ഭീഷണികളും, അവഹേളനങ്ങളും താരം നേരിട്ടിട്ടുണ്ട്.  ഇത്തവണ പെണ്‍കുട്ടികളും ആണ്‍കുട്ടികളും നേരിടുന്ന ലൈംഗികാതിക്രമത്തിനെതിരെയാണ് താരം രംഗത്തു വന്നിരിക്കുന്നത്.

ഏതാനും ദിവസം മുന്‍പ് ഒരു പരിപാടിയില്‍ പങ്കെടുക്കവെ അപരിചിതനായ ഒരാളില്‍ നിന്ന് നേരിടേണ്ടി വന്ന മോശമായ അനുഭവം ചിന്മയി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ കുട്ടിക്കാലം മുതലുണ്ടായ ഇത്തരം മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി നിരവധി പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് രംഗത്തെത്തിയത്. ഇത്രയും പേര്‍ക്ക് ഇങ്ങനെ ദുരനുഭവങ്ങളുണ്ടാകുന്നെന്നറിഞ്ഞപ്പോള്‍ ചിന്മയിയും ഞെട്ടിപ്പോയി.

ഇതോടെ തന്നോട് അവര്‍ പങ്കുവെച്ച അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കായി ചിന്മയി പങ്കുവെച്ചു. സ്വന്തം അധ്യാപകര്‍, സഹോദരന്‍, സഹയാത്രികന്‍, ആരാധനാലയങ്ങള്‍, കുടുംബം എന്നിവിടങ്ങളില്‍ നിന്നാണ് എല്ലാവരും ദുരനുഭവങ്ങള്‍ നേരിട്ടത്. പക്ഷേ വീട്ടുകാരോ സുഹൃത്തുക്കളോ വിശ്വസിക്കില്ലെന്ന് ഭയന്ന് തുറന്നു പറയാന്‍ കുട്ടികളാരും തയ്യാറാകുന്നില്ല.

പെണ്‍കുട്ടികളെ കേള്‍ക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാകും പക്ഷേ ആണ്‍കുട്ടികള്‍ പറയുന്നതാരും കേള്‍ക്കാത്ത അവസ്ഥയുണ്ട്. ഇത് തുറന്നു പറയാന്‍ അവര്‍ക്ക് പലപ്പോഴും നാണക്കേടാണ്, എന്നാല്‍ പെണ്‍കുട്ടികള്‍ പറയുമ്പോള്‍ അവളത് ആസ്വദിച്ചെന്ന തരത്തില്‍ കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ചിന്മയി പറഞ്ഞു.

തുറന്നു പറയാന്‍ ധൈര്യം കാണിച്ച് മുന്നോട്ടു വരുന്നവരെ പരിഹസിക്കുന്നത് നിര്‍ത്തണം. ഇരയുടെ വസ്ത്ര ധാരണം, ശരീരം, ലിപ്‌സ്റ്റിക് എന്നിങ്ങനെ ഓരോന്നു ചുണ്ടികാട്ടി കുറ്റപ്പെടുത്തരുത്. അപ്രതീക്ഷിതമായി നമ്മുക്ക് നേരേ കൈകള്‍ നീളുമ്പോള്‍ ആരായാലും ഒന്നു പകച്ചു പോകുമെന്നും താരം പറഞ്ഞു.