Thursday 03 June 2021 04:36 PM IST : By സ്വന്തം ലേഖകൻ

ദിവസവും ഏഴു കിലോമീറ്റർ ദൂരം കൂളായി സൈക്കിളിൽ; കാലിനുണ്ടായ അവശതകളെ ‘ചവിട്ടിപ്പുറത്താക്കി’യ കഥയുമായി ലതിക ശിവരാമൻ

lathikaaasssgg66

‘ഒറ്റച്ചവിട്ട്!’ 66–ാം വയസ്സിൽ കാലിനുണ്ടായ അവശതകളെ ലതിക ശിവരാമൻ ‘ചവിട്ടിപ്പുറത്താക്കി’. എന്നുവച്ചാൽ സൈക്കിൾ ചവിട്ടി പുറത്താക്കി. ഇപ്പോൾ 70–ാം വയസ്സിൽ റോഡിലൂടെ സൈക്കിളിൽ പായുകയാണ് ഈ സൈക്കിളമ്മൂമ്മ. കൊച്ചുമക്കൾ വരെ ഇതു കണ്ട് കൊതിക്കും. ആ കഥ വായിക്കാം, ഇന്ന് ലോക സൈക്കിൾ ദിനത്തിൽ. 66–ാം വയസ്സിൽ ലതിക ശിവരാമനോട് ഡോക്ടർ പറഞ്ഞു. കാൽ മുട്ട് തേയുന്നുണ്ട്. ബലക്കുറവുണ്ട്. ശസ്ത്രക്രിയ വേണം.  

കീറിമുറിക്കലിനോട് ഇഷ്ടക്കുറവുള്ള ലതിക അതിനു വഴങ്ങിയില്ല. പകരം  ഒരു പഴയ സൈക്കിൾ വാങ്ങി ചവിട്ടാൻ പഠിച്ചു. ആദ്യമൊക്കെ പ്രയാസം. 2 ദിവസം തൃശൂർ പാലസ് മൈതാനത്തു പോയി കഠിനാധ്വാനം ചെയ്തു. വീഴാതെ ഓടിക്കാറായി. നാലാം ദിവസം നിരത്തിലിറങ്ങി പായാൻ തുടങ്ങി. നാലുവർഷത്തിനിപ്പുറം 70–ാം വയസ്സിൽ ഒട്ടും ക്ഷീണമില്ലാതെ, കാലിനു വേദനയില്ലാതെ സൈക്കിളിൽ പായുകയാണ് കുറ്റുമുക്ക് ആലത്ത് വീട്ടിൽ ലതിക ശിവരാമൻ. 

വേലൂർ ചിങ്ങപുരത്തെ വൈദ്യൻ രാവുണ്ണിനായരുടെ മകളാണു ലതിക. ശിവരാമ കൈമളുടെ ഭാര്യ. അമ്പലങ്ങളിൽ പാരായണത്തിനു പോകാറുണ്ട്. ഭാഗവതവും രാമായണവും നാരായണീയവും അടക്കം പുസ്തകങ്ങളൊക്കെ സൈക്കിളിന്റെ ബാസ്കറ്റിൽ വച്ച് ഒറ്റപ്പാച്ചിലാണ്. മുൻപ് ഭർത്താവ് ശിവരാമൻ കൈമൾ ബൈക്കിൽ കൊണ്ടുപോയി വിടണം. അല്ലെങ്കിൽ ഓട്ടോ പിടിക്കണം. 

ഇപ്പോൾ ദിവസം 7 കിലോമീറ്റർ വരെ ദൂരം കൂളായി സൈക്കിൾ ചവിട്ടും. ആർട് ഓഫ് ലിവിങ്, യോഗ, ബ്രീത്തിങ് എക്സർസൈസ് ഇവ  നൽകുന്ന ധൈര്യം വേറെ. ഇപ്പോൾ രാവിലെ ഏഴിന് 20 മിനിറ്റ് സൈക്കിൾ ചവിട്ടും. ഉച്ചഭക്ഷണത്തിനു മുൻപ് 15 മിനിറ്റ്. വൈകിട്ട് നാമം ജപിച്ച് 20 മിനിറ്റ് ചവിട്ടും. അതാണ് ആരോഗ്യത്തിന്റെ രഹസ്യമെന്നും ലതിക പറയുന്നു.

തുടക്കക്കാർക്ക് ലതിക ടിപ്സ്

∙ സൈക്കിൾ പഠിക്കാൻ പ്രായമില്ല.  വയസ്സായെന്ന ചിന്ത ഉപേക്ഷിക്കുക.

∙ ആദ്യശ്രമം പരാജയപ്പെട്ടേക്കാം. ആദ്യം എന്റെയും കാൽ തെന്നിപ്പോകുമായിരുന്നു. സാരമില്ല, ശ്രമം തുടരുക.

∙ രണ്ടു ബ്രേക്കും പിടിച്ച ശേഷം കാൽ നിലത്തു കുത്തി ഇറങ്ങാൻ പരിശീലിച്ചാൽ മതി. സൈക്കിളിൽ നിന്നു വീഴുന്ന പ്രശ്നമില്ല.

∙ മറ്റുള്ളവർ എന്തു പറയുമെന്നു ചിന്തിക്കരുത്. ജീവിതം നമ്മുടേതു മാത്രമാണ്. 

∙ ഇടതുവശം ചേർന്ന് നമ്മുടെ സുരക്ഷിതത്വം നോക്കി ചവിട്ടിപ്പോവുക. വാഹനങ്ങളിലേക്കു നോക്കാൻ പോയാൽ അതിലേക്കുപോയി കയറും.

more...

Tags:
  • Spotlight
  • Inspirational Story