Thursday 19 November 2020 04:09 PM IST

വ്യത്യസ്തമായ ചാലഞ്ചുമായി ‘ഡ്രീം ഓഫ് അസ്’ ; ആംഗ്യഭാഷ പ്രചരിപ്പിക്കാനായി ‘ഇന്ത്യൻ സൈൻ ലാഗ്ലേജ് ചാലഞ്ച്’

Shyama

Sub Editor

ia1

ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെയായി പല തരം ചാലഞ്ചുകൾ നമ്മൾ കാണുന്നുണ്ട്. ചിരി ചാലഞ്ച്, കപ്പിൾ ചാലഞ്ച്, കണ്ണ് ചാലഞ്ച് അങ്ങനെ പലതും... എണ്ണിയാലൊടുങ്ങാത്ത നൂറുകണക്കിന് ചാലഞ്ചുകൾക്കിടയിൽ ഒച്ചപ്പാടും ബഹളവുമൊന്നുമില്ലാതെ ഒരു നിശബ്ദ വിപ്ലവം തന്നെ തീർക്കുകയാണ് ‘ഇന്ത്യൻ സൈൻ ലാംഗ്വേജ് ചാലഞ്ച്’. നമ്മുടെ സമൂഹത്തിലുള്ള കേൾവിത്തകരാറുള്ളവരെക്കൂടി മുഖ്യധാരയിലേക്കെത്തിക്കാനുള്ള ശ്രമമാണിത്. നമ്മുടെ ഭാഷ അവർ ബുദ്ധിമുട്ടി പഠിക്കുന്നതിനേക്കാൾ എളുപ്പമാണ് അവരുടെ ഭാഷ നമുക്ക് പഠിച്ചെടുക്കാൻ. ആംഗ്യഭാഷ പഠിച്ചെടുക്കാനുള്ള ഒരു അവയർനെസ്സ് ആണ് ഇതിലൂടെ സൃഷിക്കുന്നത്.

തമാശയ്ക്കും നേരമ്പോക്കിനുമൊക്കെയുള്ള ചാലഞ്ചുകൾ നിറയുന്നിടത്തും ഇതിനോടകം ആയിരക്കണക്കിനാളുകൾ ഈ ചാലഞ്ചിലും പങ്കെടുക്കുന്നു എന്നുള്ളത് പ്രതീക്ഷയ്ക്ക് വകയൊരുക്കുന്നുണ്ട്. ‘ഡ്രീം ഓഫ് അസ്’ എന്ന ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയും അവർ ഒരുക്കിയ സമാസമം എന്ന വാട്സ്ആപ്പ് ഗ്രൂപ്പും വഴിയാണ് ചാലഞ്ചിനു വേണ്ട സൗജന്യ വർക്ക്ഷോപ്പ് നടത്തുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ കോ–ഓഡിനേറ്റർ ശ്രീജിത്ത് വി.എസ്. പറയുന്നു...

‘‘കോഴിക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡ്രീം ഓഫ് അസ്സും സമാസമം എന്ന വാട്സ് അപ് കൂട്ടായ്മയും ചേർന്ന് നടത്തുന്നതാണ് ഇന്ത്യൻ സൈൻ ലാംഗ്വേജ് ചാലഞ്ച്. ഭാഷയുടെ പ്രശ്നം കാരണം സമൂഹത്തോട് മിണ്ടാനും ഇടപഴകാനും മടിച്ചു നിൽക്കുന്ന ഡെഫ് കമ്മ്യൂണിറ്റിയിലെ ആളുകളെ കൂടി ചേർത്ത് പിടിച്ച് ഇന്ന് നിലനിൽക്കുന്ന തടസങ്ങൾ മറികടക്കുക എന്നത് ഒരു സമൂഹത്തിന്റെ ആവശ്യമാണ്. പുരോഗതിയിലേക്ക് മുന്നേറാനുള്ള പ്രയത്നം ചെയ്യേണ്ടത് അവർ മാത്രമല്ല നമ്മളും കൂടിയാണ്.

sdsad

ഐ ലൈക് സൈൻ ലാംഗ്വേജ്, ഐ സപ്പോർട്ട് സൈൻ ലാംഗ്വേജ് എന്ന് സൈൻ ലാംഗ്വേജിലൂടെ തന്നെ ചെയ്ത്, അതിന്റെ വീഡിയോ എടുത്ത് ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്ട്സ് ആപ് എന്നിവിടങ്ങളിൽ പോസ്റ്റ് ചെയ്യുക എന്നതായിരുന്നു ആദ്യത്തെ പ്ലാൻ. പക്ഷേ, ആംഗ്യഭാഷയായതുകൊണ്ട് തന്നെ അത് തെറ്റാതെ ചെയ്യണം. അങ്ങനെയാണ് ഒരു മണിക്കൂറത്തെ സൗജന്യ വർക്‌ഷോപ്പ് കൂടി ഉൾപ്പെടുത്തുന്നത്. ഈ ചാലഞ്ച് ഏറ്റടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആൽഫബെറ്റും അത്യാവശ്യം വേണ്ട കുറച്ച് വാക്കുകളും ഒപ്പം ചലഞ്ചിനു വേണ്ട വാചകവും പറഞ്ഞു കൊടുക്കുക. ഇത് ക്ലാസ് ഒന്നുമല്ല, ക്ലാസ് ആയിട്ട് പഠിക്കാനുദ്ദേശിക്കുന്നവർക്ക് എം.ജി. യൂണിവേഴ്സിറ്റിയിലും ‘നിഷി’ലും ഒക്കെ അതിനുള്ള കോഴ്സുകളുണ്ട്. ഞങ്ങൾ നൽകുന്നത് ഒരു വർക്‌ഷോപ്പ് മാത്രമാണ്.

നവംബർ1– നവംബർ 30 വരെയാണ് ക്യാംമ്പൈൻ. ഇതിനോടകം നാല് വർക്‌ഷോപ്പുകൾ കഴിഞ്ഞു. ഞാൻ ഐ.ഐ.എമ്മിൽ എൻജിനീയറാണ്. ജോലി തിരക്കുകൊണ്ടും മറ്റുള്ളവരുടെ ജോലിയും മറ്റ് സൗകര്യങ്ങളുമൊക്കെ പരിഗണിച്ച് ശനി–ഞായർ ദിവസങ്ങളിലാണ് വർക്‌ഷോപ്പ്. ഇതിനോടകം 250 ഓളം പേരുടെ നാലു ക്ലാസുകൾ വച്ച് ആയിരത്തിലധികം ആളുകൾ വർക്‌ഷോപ്പിൽ പങ്കെടുത്തു. ഞങ്ങൾ ഇറക്കുന്ന വീഡിയോസിന്റെ അവസാനമുള്ള നമ്പറിലൂടെയും ഡ്രീം ഓഫ് അസ്സിന്റെ വെബ്സൈറ്റിലൂടെയും സമാസമത്തിന്റെ വാട്സ്ആപ്പ് ലിങ്കിലൂടെയും ഇതിൽ പങ്കാളികളാകാം. സന്ദേശം പഠിച്ച ശേഷം സോഷ്യൽ മീഡിയയിൽ അത് പോസ്റ്റ് ചെയ്ത് ചാലഞ്ചിൽ പങ്കാളികളാകാം. വർക്‌ഷോപ്പിൽ പങ്കാളികളാകാതെയും വീഡിയോ ഇടാം. പക്ഷേ, ശ്രദ്ധിച്ചു നോക്കി പഠിച്ച് തെറ്റില്ലാതെ വീഡിയോ ഇടാൻ ശ്രമിക്കണം. ആംഗ്യഭാഷ മറ്റേതൊരു ഭാഷ പോലെയും സിംമ്പിളും കോംപ്ലിക്കേറ്റഡുമാണ്. അതിലും പ്രേദേശിക വ്യത്യാസങ്ങളും അതിനനുസരിച്ച് ഓരേ ചിഹ്നത്തിന് അർത്ഥ വ്യത്യാസങ്ങളും വരാം. വർക്‌ഷോപ്പിൽ പങ്കെടുക്കുന്നതിന്റെ ഒരു ഗുണം... ഇനി കേൾവിത്തകറാറുള്ളൊരാളെ കാണുമ്പോൾ അത്യാവശ്യം അവരോട് സംസാരിക്കാനുള്ളൊരു ആത്മവിശ്വാസമെങ്കിലും ഉണ്ടാകും എന്നാണ്. ഒരു അ‍ഡ്രസ്സ് ചോദിച്ചാലോ ഒരു ബസ് സ്‌റ്റോപ് ചോദിച്ചാലോ ഒക്കെ പറഞ്ഞു കൊടുക്കാം.

വിഡിയോ കോൾ സൗകര്യം ഉപയോഗിച്ചാണ് വർക്‌ഷോപ്പ്. നമ്മൾ കാണിക്കുന്ന ചിഹ്നങ്ങൾ കാണുകയും നിങ്ങൾ അത് ചെയ്യുന്നത് ശരിയായിട്ടാണോ എന്നും നോക്കാൻ പാകത്തിലുള്ള വെളിച്ചമുള്ളൊരിടവും അത്യാവശ്യം നല്ലൊരു ഇന്റർനെറ്റ് കണക്‌ഷനും നിർബന്ധമാണ്. വേറെ പ്രത്യേകിച്ച് മാനദണ്ഡങ്ങളൊന്നുമില്ല. കംമ്പ്യൂട്ടറിലൂടെയോ ഫോണിലൂടേയോ ഒക്കെ പങ്കടുക്കാം. കാണിച്ചു തരുന്ന കൈയുടെയും മുഖത്തിന്റെയും ഒക്കെ ചലനങ്ങൾ ചെയ്തു പഠിച്ചാൽ മാത്രമേ ഇത് കൃത്യമായി ഫലം ചെയ്യൂ.

ക്യാംമ്പൈൻ കണ്ട് ഇങ്ങോട് വിളിച്ച് ചോദിച്ചാണ് മോഹിനിയാട്ടം നർത്തകിയും അധ്യാപികയുമൊക്കെയായ മേതിൽ ദേവിക മാം ഇതിൽ പങ്കാളിയായത്. മാം പഠിപ്പിക്കുന്ന ചില കുട്ടികളുണ്ട്, അവർക്ക് വേണ്ടി ആംഗ്യഭാഷ പഠിക്കണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇതിൽ പങ്കുചേർന്നത്. അതൊരു വലിയ സന്തോഷം. കൂടുതൽ കൂടുതൽ ആളുകൾ ഇതിൽ പങ്കാളികളാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. നമുക്കെല്ലാവർക്കും സഹകരിച്ച് ഈ ലോകം കൂടുതൽ ഇൻക്ലൂസീവ് ആക്കാം. നല്ല നാളെകള്‍ ഒരുക്കാം.

Tags:
  • Spotlight