Saturday 17 March 2018 05:28 PM IST

ഇതാണ് എൽഇഡി ബൾബ് കണ്ടുപിടിച്ച മലയാളി! സായിപ്പായിരുന്നെങ്കിൽ സ്റ്റീഫൻ ഹോക്കിങായി നമ്മൾ വാഴ്ത്തിപ്പാടിയേനെ

Sujith P Nair

Sub Editor

johnson-led2

2000 ഏപ്രില്‍ 18. കോഴിക്കോട് ജില്ലയിലെ കരിയാത്തന്‍പാറ പള്ളിയിൽ ഒരു വിവാഹം നടക്കുകയാണ്. ദാമ്പത്യത്തിന്റെ പുതിയ കതിരുകൾ വിരയുന്ന ആ മുഹൂർത്തിന് സാക്ഷ്യം വഹിക്കാനും വധൂവരൻമാരെ ആശീർവദിക്കാനും ഒരുനാട് മുഴുവനും എത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞു വധൂവരന്മാര്‍ പുറത്തേക്ക് വരുന്നത് കാത്തുനിൽക്കുന്നവരുടെ മുന്നിലേക്ക് അവർ എത്തിയത് കൈവിരലുകള്‍ കോര്‍ത്ത് പിടിച്ചായിരുന്നില്ല. വധുവിന്റെ മുഖത്ത് മണവാട്ടിയുടെ നാണം ലവലേശമുണ്ടായില്ല. മറിച്ച് അഭിമാനമായിരുന്നു അവളുടെ മനസ്സ് നിറയെ. കൈകാലുകൾ തളർന്ന വരനെ സ്വന്തം കൈകളില്‍ കോരിയെടുത്തുകൊണ്ട് വധു പുറത്തേക്കു വന്നു. വരന്റെ പേര് ജോൺസൺ. വധു ഉഷ. അന്നു മുതൽ ഉഷയുടെ കൈകളിലാണ് ജോൺസന്റെ സഞ്ചാരം. യാത്ര പതിനെട്ടു വർഷമാകുമ്പോൾ കൂട്ടായി രണ്ടു മക്കളുമുണ്ട്, പ്ലസ് ടൂ വിദ്യാർഥിയായ ജയൂണും എട്ടാം ക്ലാസ് വിദ്യാർഥി ജഷൂണും.

വൈകല്യങ്ങളുടെ പേരില്‍ നീറിക്കഴിയുന്ന വെറുമൊരു വികലാംഗനല്ല ജോൺസൺ. 75 ശതമാനം വൈകല്യം ശരീരത്തെ കീഴടക്കിയപ്പോഴും അവയോടെല്ലാം പോരാടി വിജയിച്ച കരുത്തൻ. പരസഹായം ഇല്ലാതെ ചലിക്കാൻ കഴിയില്ലെങ്കിലും നിരവധി കുടുംബങ്ങൾക്ക് ആശ്രയം നൽകുന്ന സംരംഭകൻ. മനഃക്കരുത്ത് കൊണ്ട് ഒരു നാടിന്റെ പ്രകാശമായി മാറിയ ഈ 46 വയസ്സുകാരന്റെ കഥ സിനിമയെ വെല്ലുന്നതാണ്.

13 വർഷം മുൻപാണ്. 2005ൽ. അലങ്കാരത്തിനായി ഉപയോഗിച്ചിരുന്ന എൽഇഡി ബൾബുകൾ ഉപയോഗിച്ച് എന്തുകൊണ്ട് വൈദ്യുതി വിളക്ക് ഉണ്ടാക്കിക്കൂടാ എന്ന ചിന്ത ജോൺസന്റെ തലയിൽ ഉദിച്ചത്. വെറും അഞ്ചു വാട്ടില്‍ പ്രവർത്തിക്കുന്ന ചോക്ക് ഉപയോഗിച്ച് നാട്ടിലെ വോൾട്ടേജ് ക്ഷാമം പരിഹരിച്ച അയാൾ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. നിശ്ചയദാർഢ്യത്തിന് അധികം വൈകാതെ ഫലം ലഭിച്ചു. അഞ്ചു വാട്ട് കൊണ്ടു തന്നെ പ്രകാശം വഴിഞ്ഞൊഴുകുന്ന എൽഇഡി ബൾബ് ജോൺസൺ വികസിപ്പിച്ചു. തരിചൂടില്ല, അന്തരീക്ഷ മലിനീകരണം ഇല്ലേയില്ല.

johnson-led3

കോഴിക്കോട് മുക്കത്തെ സർക്കാർ അംഗീകൃത ലാബിൽ ഇതിന്റെ പ്രവർത്തനം പരിശോധിച്ച് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു ചെന്നപ്പോൾ അവർ നൽകിയ മറുപടി ഇങ്ങനെ– ലോകത്ത് ഒരിടത്തും എൽഇഡി ബൾബ് പ്രകാശത്തിനായി ഉപയോഗിക്കുന്നില്ല. ജപ്പാനിലും അമേരിക്കയിലും 2020ൽ ഇതു യാഥാർത്ഥ്യമാകുമെന്ന് കേട്ടു. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതൽ പഠിക്കണം. ഇതിന്റെ മുഴുവൻ വിവരങ്ങളും ഇവിടെ ഏൽപ്പിക്കണം. പഠിച്ചതിനു ശേഷം വിവരം പറയാം.’– കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്ന ബൾബിലെ പ്രകാശത്തെ വിശ്വസിക്കാതെ ‘പഠിക്കണം’ എന്നു പറയുന്ന ഉദ്യോഗസ്ഥരുടെ കനിവ് തനിക്കു വേണ്ടെന്നു പറഞ്ഞ് ജോൺസൺ മടങ്ങി. പരീക്ഷണങ്ങളുടെ സ്വന്തം ലോകത്തേക്ക്.

സയൻസ് അരച്ചു കലക്കി കുടിച്ചു ശാസ്ത്ര പരീക്ഷണങ്ങളുടെ ലോകത്ത് ജീവിക്കുന്ന ആളൊന്നുമല്ല ജോൺസൺ. മഠത്തിനകത്ത് ഏബ്രഹാമിന്റെയും ഏലിക്കുട്ടിയുടെയും ആറ് മക്കളില്‍ അഞ്ചാമനായിട്ടായിരുന്നു ജനനം. പിറന്നു വീണ് ആറാം മാസം പോളിയോ ബാധിച്ച് കൈകാലുകൾ തളർന്നു പോയതാണ്. സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത ബാല്യം. അതുകൊണ്ടുതന്നെ സ്കൂളും പഠനവുമൊക്കെ സ്വപ്നമായിത്തന്നെ അവശേഷിച്ചു. എന്നിട്ടും അവൻ സ്വന്തമായി എഴുത്തും വായനയും പഠിച്ചു. ഇലക്ട്രോണിക്സിനോടായിരുന്നു താൽപ്പര്യം. അതേക്കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. ഇരുട്ട് മാത്രമായിരുന്നു അവന്റെ ശത്രു. കേരളത്തിലെ വൈദ്യൂതീകരിക്കപ്പെടാത്ത ഗ്രാമങ്ങളുടെ പട്ടികയിലായിരുന്നു തൊണ്ണൂറുകളിലെ പെരുവണ്ണാമൂഴിയും.

1991 ലാണ് ഗ്രാമത്തിലേക്ക് വൈദ്യുതി എത്തുന്നത്. പക്ഷേ രാത്രിയിൽ ബൾബ് കത്തുന്നുണ്ടോ എന്നറിയാൻ ടോർച്ച് അടിച്ചു നോക്കേണ്ട അവസ്ഥ. വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ എന്തു ചെയ്യാൻ കഴിയും എന്ന ചിന്തയാണ് ജോൺസണെ പരീക്ഷണങ്ങളിലേക്ക് നയിച്ചത്. അങ്ങനെ ഒരു നാൾ അദ്ദേഹത്തിന്റെ മനസ്സിൽ പുതിയൊരു ആശയത്തിന്റെ ബൾബ് നൂറു വാട്ടിൽ മിന്നി. ഫിലിപ്പ്‌സിന്റെ ചോക്കിനുള്ളിലെ ട്രാന്‍സിസ്റ്ററില്‍ ചില മാറ്റങ്ങള്‍ വരുത്തി സ്വന്തമായി ചോക്ക് വികസിപ്പിച്ചെടുത്ത് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനായിരുന്നു ജോണ്‍സണ്‍ന്റെ ശ്രമം.

johson-led1

നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ അഞ്ചു വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ചോക്ക് ജോണ്‍സണ്‍ വികസിപ്പിച്ചെടുത്തു. തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് ഒരു യൂണിറ്റുണ്ടാക്കി ട്യൂബ് ലൈറ്റ് നിർമാണം തുടങ്ങി. കുറഞ്ഞ തുകയ്ക്ക് ഗുണമേന്മയും ഗ്യാരണ്ടിയുമുള്ള ജോണ്‍സന്റെ ലൈറ്റുകള്‍ പെരുവണ്ണാമൂഴിയുടെ പ്രകാശമായി. പരീക്ഷണങ്ങൾ കൂടുതൽ മേഖലയിലേക്ക് മുന്നേറി. 30 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും അഞ്ചു വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും സിഎഫ് ലാമ്പുകളുമെല്ലാം വീടിനു ചേർന്ന് തുടങ്ങിയ എം സ്‌റ്റെക് ഇലക്ട്രോ ഡിജിറ്റല്‍ ഇന്‍ഡസ്ട്രിന്റെ യൂണിറ്റിൽ നിർമിച്ചു. പരസഹായമില്ലാതെ ചലിക്കാന്‍ പോലുമാകാത്ത ജോണ്‍സണ്‍ പലരുടെയും അന്നദാതാവായി മാറി. എന്നിട്ടും സ്വന്തം നാട്ടുകാരനെ അംഗീകരിക്കാൻ ഉദ്യോഗസ്ഥർക്കു പോലും മനസ്സില്ലായിരുന്നു.

പിന്നീട് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് പുതിയൊരു സിഎഫ്എല്‍ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കം ആരംഭിച്ചു. 1998 ൽ പക്ഷേ വിധി വില്ലന്റെ രൂപത്തിൽ എത്തി. ഉദ്ഘാടനത്തിന് മുമ്പ് യൂണിറ്റ് മുഴുവന്‍ കത്തിനശിച്ചു. പിന്നാലെ താങ്ങും തണലുമായ അമ്മയുടെ മരണം. എന്നിട്ടും തളരാൻ ജോൺസൻ തയ്യാറായിരുന്നില്ല. ഫാ. സെബാസ്റ്റന്‍ വടക്കേലിന്റെ സഹായത്തോടെ സിഎഫ്എല്‍, എമര്‍ജന്‍സി ലൈറ്റുകളുടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ ജോണ്‍സണ് സാധിച്ചു. ജോൺസന്റെ ഏകാന്ത ജീവിതത്തിലേക്ക് ഉഷ കടന്നുവരുന്നത് അവിടെവച്ചാണ്. യൂണിറ്റില്‍ ട്രെയിനിയായി വന്നതായിരുന്നു ഉഷ. പരിചയം പ്രണയത്തിലേക്ക് നയിച്ചു. പൂർണ ആരോഗ്യവതിയായ ഉഷയ്ക്ക് ജോൺസന്റെ വൈകല്യം പ്രശ്നമായിരുന്നില്ല.

ജോൺസന്റെ ഭാഷയിൽ പറഞ്ഞാൽ വൈകല്യമൊന്നുമല്ല നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികൾ. തന്റെ സ്വപ്നങ്ങൾ യഥാർത്ഥ്യമാകുമെന്ന് അധികൃതരെ ബോധ്യപ്പെടുത്താനാണ് ഏറെ ബുദ്ധിമുട്ടിയിട്ടുള്ളത്. പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ജോൺസൺ സിഎഫ് ലാമ്പിൽ ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കിയാണ് എൽഇഡി ബൾബ് നിർമിക്കാൻ ഒരുങ്ങിയത്. പത്തു വർഷം മുൻപ് നിർമിച്ച എൽഇഡി ബൾബ് ഇപ്പോഴും വീട്ടിൽ കേടുകൂടാതെ പ്രവർത്തിക്കുന്നുണ്ട്. രണ്ടായിരത്തിലധികം രൂപയായി അന്ന് ബൾബ് നിർമിക്കാൻ. ഇപ്പോഴും താൻ നിർമിക്കുന്ന എൽഇഡി ബൾബിന് 650 രൂപയോളം ചിലവുണ്ട്. ഇതിന് ആയുസ്സ് വളരെ കൂടുതലാണ്. ബഹുരാഷ്ട്ര കമ്പനികൾ വിപണിയിൽ എത്തിക്കുന്ന രീതിയിലുള്ള വിലകുറഞ്ഞ ബൾബുകളും ജോൺസന്റെ കമ്പനി പുറത്തിറക്കുന്നുണ്ട്.

johnson-led4

കമ്പനി തുടങ്ങിയതിന്റെ 25ാം വാർഷികം ആഘോഷിക്കാനിരിക്കെ അറിവുകൾ നാടിനു പകർന്നു നൽകാൻ ഒരുങ്ങുകയാണ് ജോൺസൺ. പഞ്ചായത്തുകൾ തെരഞ്ഞെടുക്കുന്ന  വനിതാ സംഘത്തിന് എൽഇഡി നിർമാണം പഠിപ്പിച്ചു നൽകുന്നതാണ് പദ്ധതി. കില മുൻകൈയെടുത്ത് ആസൂത്രണ ബോർഡിനു മുന്നിൽ ജോൺസൺ കണ്ടുപിടിത്തങ്ങൾ അവതരിപ്പിച്ചു. പദ്ധതി ഏറെ ഇഷ്ടപ്പെട്ടതിനെ തുടർന്ന് തുടർ നടപടികൾ സ്വീകരിക്കാം എന്നാണ് നൽകിയിരിക്കുന്ന വാഗ്ദാനം. കേരളം ഒട്ടാകെ നടപ്പിലാക്കിയാൽ മുക്കാൽ ലക്ഷം പേർക്ക് തൊഴിൽ നൽകാൻ കഴിയും. ഓരോ പഞ്ചായത്തും എൽഇഡി ലൈറ്റുകളുടെ കാര്യത്തിൽ സ്വയം പര്യാപ്തമാവുകയും ചെയ്യുമെന്നും ജോൺസൺ പറയുന്നു.

മാറ്റിനിര്‍ത്താൻ കഴിയുന്ന ജീവിതമൊന്നുമല്ല ജോണ്‍സണ്‍ന്റേത്. വൈകല്യങ്ങളോട് പട പൊരുതിയും വൈതരണികളെ അതിജീവിച്ചും സ്വയം പ്രകാശമായി മാറിയതാണ് ആ ജീവിതം. വൈകല്യങ്ങൾ തന്നെങ്കിലും അമൂല്യമായ ജീവൻ ദാനം നൽകിയ ദൈവമാണ് എല്ലാമെന്ന് പറയുന്ന തികഞ്ഞ വിശ്വാസി. മോട്ടിവേഷണൽ സ്പീക്കർ കൂടിയായ ജോൺസണ് വേറിട്ട വഴികളിലൂടെയുള്ള യാത്രയാണ് ഇഷ്ടം. നിലവിലുള്ള ഒന്നിനു പിന്നാലെ പോയാൽ ലോകം ചലനമറ്റതാകുമെന്ന് അയാൾ വിശ്വസിക്കുന്നു. പുതുമ തേടിയാകണം മനുഷ്യന്റ സഞ്ചാരം. വാക്കുകളിൽ പോലും ആത്മവിശ്വാസത്തിന്റെ വെള്ളിവെളിച്ചം. അതുകൊണ്ടുതന്നെയാകും ജോൺസന്റെ ജീവിതം പുസ്തകമായപ്പോൾ അതിന്റെ പേരും വെളിച്ചവുമായി ബന്ധപ്പെട്ടു തന്നെ ആയത്.–  ജോണ്‍സണ്‍: വെളിച്ചത്തെ പ്രണയിച്ച ഒരാള്‍.. ഇപ്പോൾ രണ്ടാം പതിപ്പിലേക്ക് കടക്കുകയാണ്.