Wednesday 13 April 2022 05:03 PM IST : By സ്വന്തം ലേഖകൻ

വലിച്ചെറിയുന്ന മിൽമ കവറുകൾ കൊണ്ട് ചെറിയ പഴ്സ് മുതൽ വലിയ അലമാര വരെ; കലാവിരുത് കൊണ്ട് വിസ്മയം തീർത്ത് ലീലാമ്മ

pathanamthitta-leelamma.jpg.image.845.440

മുറ്റത്തും പറമ്പിലും വെറുതെ വലിച്ചറിഞ്ഞു പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് മില്‍മപാല്‍ കവറുകൾ. ഇങ്ങനെ വലിച്ചറിയുന്ന മിൽമ കവറുകൾ കൊണ്ട് ചെറിയ പഴ്സ് മുതൽ വലിയ അലമാര വരെയുണ്ടാക്കി വിസ്മയിപ്പിക്കുകയാണ് പത്തനംതിട്ട അടൂര്‍ വെള്ളക്കുളങ്ങര സ്വദേശിയായ ലീലാമ്മ മാത്യു. 

പാൽ പാത്രത്തിലേക്ക് ഒഴിച്ച് നമ്മള്‍ വലിച്ചെറിയുന്ന മില്‍മയുടെ കവറു കൊണ്ട് പണിതതാണ് ഈ അലമാര. പാൽമണമുളള കവറുകൾ കഴുകി വൃത്തിയാക്കി, ചിട്ടയായി കീറി കഴിഞ്ഞയാൽ പിന്നെ ലീലാമ്മ, മനസില്‍ തോന്നുന്നതെല്ലാം ഉണ്ടാക്കും. പേഴ്സും ബാഗും പഴക്കുട്ടയും എന്നുവേണ്ട ഒരു വീട്ടിലേക്ക് അത്യാവശ്യം വേണ്ടതെല്ലാം.

ലീലാമ്മയുടെ മില്‍മ കവറിലെ വിസ്മയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ് ധാരാളം ആളുകള്‍ വിളിക്കാറുണ്ട്. ഒരുപാട് നിര്‍ബന്ധിച്ചാല്‍ ചിലതൊക്കെ നിര്‍മിച്ച് നല്‍കും. മില്‍മപാല്‍കവറിന് ഇങ്ങനെയും ഉപയോഗമുണ്ടെന്ന് തെളിയിച്ച ലീലാമ്മയെ വകുപ്പ് മന്ത്രി നേരിട്ടെത്തി പൊന്നാട അണിയിച്ചിരുന്നു.

leelamma-1663

കുട്ടിക്കാലത്ത് സ്കൂളിൽ നിന്ന് ലഭിച്ച തയ്യൽ പരിശീലനത്തിൽ നിന്നാണ് ഇത്തരം കഴിവുകൾ വളർത്തിയെടുത്തതെന്നും മിൽമ കവറുകൾ ഗുണനിലവാരമുള്ള പ്ലാസ്റ്റിക്കായതിനാലാണ് ഉൽപന്നങ്ങൾ നിർമിക്കാൻ തിരഞ്ഞെടുത്തതെന്നും അവർ പറഞ്ഞു.സഹായത്തിന് ഭർത്താവ് മാത്യുവും മകൾ മീനു സുബിനും മരുമകൻ സുബിനും ഒപ്പമുണ്ട്. മീനു വിവിധ തരം കേക്കുകളും നിർമിക്കുന്നു. മകൻ ബിനോയ് മാത്യു വിദേശത്താണ്. മിൽമ കവറിൽ ഉൽപന്നങ്ങൾ നിർമിച്ച ലീലാമ്മയ്ക്ക് മിൽമയുടെ ആദരവും ലഭിച്ചു.

Tags:
  • Spotlight