Monday 06 April 2020 02:53 PM IST

അറുപത്തിരണ്ടാമത്തെ വയസ്സിൽ ‘ഫൈബ്രോമലഞ്ചിയ’ കീഴടക്കി, പെട്ടെന്നൊരു നാൾ ശരീരം തളരാൻ തുടങ്ങി...പക്ഷേ...! അറിയണം ലീന ജോർജിന്റെ അതിജീവനകഥ

Nithin Joseph

Sub Editor

l1

അറുപത് വയസ്സ് കഴിഞ്ഞാൽ ജീവിതം തീർന്നുവെന്നാണ് ഭൂരിപക്ഷം ആളുകളുടെയും മനസ്സിലെ ചിന്ത. ജോലിയിൽനിന്ന് റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിക്കേണ്ട കാലഘട്ടം. പിന്നീട്, സ്വന്തം ഇഷ്ടങ്ങളെല്ലാം മറന്ന്, വീട്ടിലും ആശുപത്രിയിലുമായി ഇഴഞ്ഞുനീങ്ങുന്ന ജീവിതം. ഇങ്ങനെ ചിന്തിക്കുന്നവർ കണ്ടോളൂ, കൊച്ചിയിൽനിന്ന് ലീന ജോർജ് എന്ന അറുപത്തിയേഴുകാരിയുടെ ജീവിതകഥ. അഞ്ചു വർഷം മുൻപ്, അതായത് അറുപത്തിരണ്ടാമത്തെ വയസ്സിൽ ഭർത്താവിന്റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഈ വനിതയുടെ ലൈഫിലെ ആദ്യത്തെ വഴിത്തിരിവ്, ഫൈബ്രോമലഞ്ചിയ എന്ന രോഗത്തിന്റെ രൂപത്തിൽ സംഭവിച്ചത്. നിനച്ചിരിക്കാതെ, പെട്ടെന്നൊരു നാൾ ലീനയുടെ ശരീരം തളരാൻ തുടങ്ങി. അധികം വൈകാതെ തന്നെ കിടപ്പിലായി. എഴുന്നേൽക്കാനും നിൽക്കാനും ഇരിക്കാനുമെല്ലാം പരസഹായം വേണ്ടിവന്നു. പൂർണമായി ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത രോഗാവസ്ഥയാണ് ഫൈബ്രോമലഞ്ചിയ.

l2

ഈ അവസരത്തിൽ ലീനയെ ചികിത്സിച്ച ഡോക്ടറാണ് മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ ഉപദേശിക്കുന്നത്. അതുവരെ ഭർത്താവ് രവി ജോർജിനൊപ്പം സ്വന്തം എൻജിനീയറിങ് കമ്പനിയുടെ അഡ്മിനിസ്ട്രേഷൻ ചുമതലകൾ വഹിച്ചുകൊണ്ടിരുന്ന ലീന ആലോചിച്ചത് തനിക്ക് ഏറ്റവും സന്തോഷം നൽകുന്നത് എന്താണെന്നാണ്. അങ്ങനെയാണ് വീട്ടിലുള്ള കുപ്പികളും മറ്റും എടുത്ത് കരകൗശലവസ്തുക്കൾ നിർമിക്കാൻ തുടങ്ങിയത്. യൂട്യൂബ് ആയിരുന്നു ആദ്യഗുരു. തടി, പ്ലാസ്റ്റിക്, പേപ്പർ, മൾട്ടി വുഡ്, എന്നു വേണ്ട, കൈയിൽ കിട്ടുന്ന ഏതൊരു പാഴ്വസ്തുവും നിമിഷനേരംകൊണ്ട് ഭംഗിയുള്ള അലങ്കാരവസ്തുക്കളായി മാറ്റാൻ സാധിച്ചു. ആ സന്തോഷത്തിൽ രോഗത്തെയെല്ലാം പൂർണമായി മറന്നുകളഞ്ഞു. ഇങ്ങനെ നിർമിച്ച വസ്തുക്കൾകൊണ്ട് വീട് നിറഞ്ഞപ്പോഴാണ് ഇവയെല്ലാം വിൽക്കാം എന്ന ആശയം മനസിലുദിച്ചത്. എക്സിബിഷനുകളിലെ സ്റ്റാളുകൾ വഴിയായിരുന്നു വിൽപന. വീടിനകം നിറഞ്ഞു കവിഞ്ഞപ്പോൾ വീടിനോട് ചേർന്നു തന്നെ അലങ്കാരവസ്തുക്കൾ നിർമിക്കാനും പ്രദർശിപ്പിക്കാനുമായി ഒരു ഷോപ്പും ആരംഭിച്ചു. കൊച്ചുമകൾ നൈറയുടെ പേരിലെ ആദ്യത്തെ രണ്ട് അക്ഷരങ്ങൾ എടുത്ത് "നൈസ് ഹോം ഡെക്കർ" (NY'S Home Decor) എന്ന് പേരുമിട്ടു. അഞ്ചു വർഷങ്ങൾക്കു മുൻപ് ലീനയോട് ഡോക്ടർ ആവശ്യപ്പെട്ടത് "മനസിന് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യാൻ" ആണ്. ആ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചു. അതിനാൽ തന്റെ ഇഷ്ടങ്ങളെ ബിസിനസ് ആയി കാണാൻ ലീനയ്ക്ക് സാധിക്കില്ല. ഇപ്പോഴും അലങ്കാരവസ്തുക്കൾ നിർമിക്കുന്നത് ലീന തനിച്ചാണ്. സഹായിക്കാൻ ജോലിക്കാരെയൊന്നും നിർത്തിയില്ല.

l3

രോഗം പൂർണമായും ഭേദമാകാത്തതിനാൽ വേദനയും ആരോഗ്യപ്രശ്നങ്ങളും ലീനയെ ഇടയ്ക്കിടെ അലട്ടാറുണ്ട്. ഇടയ്ക്ക് കൈയ്ക്ക് വിറയലും അനുഭവപ്പെടും. എന്നാലും, ഏറെ സന്തോഷം തരുന്ന പ്രവർത്തി ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം, അതിന് മുകളിലല്ല, മറ്റൊന്നും എന്ന് ഈ സ്ട്രോങ് വനിത ഉറപ്പിച്ചു പറയുന്നു. സന്തോഷത്തിന്റെ പ്രായപരിധി എത്രയാണെന്ന് ചോദിക്കുന്നവരോട് ലീന ജോർജ് പറയുന്നു, ‘‘സന്തോഷങ്ങൾക്ക് പ്രായമൊരു വിലങ്ങുതടിയല്ല. ആരോഗ്യമുള്ള ശരീരവും മനസ്സും ഉള്ളിടത്തോളം മനസ് പറയുന്നത് കേൾക്കുക’’. പൂർണപിന്തുണയുമായി ലീനയ്ക്കൊപ്പം ഭർത്താവ് രവി ജോർജ്, മക്കളായ അഭിലാഷ്, ആശിഷ്, മരുമക്കളായ മഞ്ജു, ചഞ്ചു എന്നിവരുണ്ട്. പിന്നെ, ബെസ്റ്റ് കംപാനിയൻസ് ആയി കൊച്ചുമക്കൾ നൈറയും ജോഷ്വയും.