Saturday 21 April 2018 10:09 AM IST : By സ്വന്തം ലേഖകൻ

ലിഗയ്‌ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ വിഫലമോ? വിദേശ വനിതയുടെ ജീർണിച്ച മൃതദേഹം ശിരസ്സറ്റ നിലയിൽ!

liga-enis.jpg.image.784.410

കാണാതായ വിദേശ വനിതയുടെ ജീർണിച്ചു തുടങ്ങിയ മൃതദേഹം ശിരസ്സറ്റ നിലയിൽ തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടൽക്കാടിനുള്ളിൽ കണ്ടെത്തി. ലിത്വേനിയ സ്വദേശി ലിഗ(33)യെ ഒരു മാസം മുൻപു പോത്തൻകോട്ടുനിന്നു കാണാതായ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിനും ഒരു മാസത്തെ പഴക്കമുണ്ട്. ലിഗയെത്തേടി കേരളം മുഴുവൻ സഞ്ചരിക്കുന്ന സഹോദരി ഇലീസ്, ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് എന്നിവർ ഇന്നു തലസ്ഥാനത്തെത്തും. അന്വേഷണാർഥം ഇന്നലെ ഇവർ കാസർകോട്ടായിരുന്നു.

പുറത്തുനിന്നുള്ളവർക്ക് എത്തിപ്പെടാൻ എളുപ്പമല്ലാത്ത സ്ഥലത്തു മൃതദേഹം കണ്ടതു കൊലപാതക സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നു. എന്നാൽ ജ‍ഡം ജീർണിച്ചതിനാൽ വിശദമായ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്നു സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ് അറിയിച്ചു. മൃതദേഹത്തിൽനിന്നു വേർപെട്ട തല അരമീറ്റർ അകലെ കിടന്നിരുന്നു. കാലുകൾ നിലത്തു നീട്ടിവച്ചു കൈകൾ വള്ളിപ്പടർപ്പിൽ തൂങ്ങിയ നിലയിലാണ്. കാലുറകളും ടീ–ഷർട്ടുമാണു വേഷം. ചതുപ്പും ഇടച്ചാലുകളും നിറഞ്ഞ കുറ്റിക്കാടിന്റെ ഒരു വശത്തു കരമന-കിള്ളിയാറാണ്. ആറിന്റെ തീരത്തോടടുത്ത ഭാഗത്തു ചൂണ്ടയിടാൻ എത്തിയ യുവാക്കളാണു വിവരം പൊലീസിനെ അറിയിച്ചത്.

liga-missing.jpg.image.784.410

അതു ലിഗയാവുമോ? നെഞ്ച് പൊള്ളി കേരളവും

‘കണ്ണടയ്ക്കുമ്പോൾ ഞാൻ കാണുന്നു, നിന്നെ വീണ്ടും പുണരുന്ന നിമിഷം.. അടക്കിപ്പി‌ടിച്ച ശബ്ദം എന്നെ വീണ്ടും ഓർമിപ്പിക്കുന്നു.. ഇതു മറ്റൊരു ഘട്ടം മാത്രം, ഇതും കടന്നുപോകും...’ ഫെയ്സ് ബുക്കിൽ ഇലീസയുടെ വരികളാണ്. സഹോദരി ലിഗയ്ക്കൊപ്പം ബുധനാഴ്ച നാട്ടിലേക്കു മടങ്ങേണ്ടിയിരുന്നതായിരുന്നു ഇലീസ. പക്ഷേ പോയില്ല. സഹോദരിയില്ലാതെ മടങ്ങാനാകുന്നില്ല. അതു വിശദീകരിച്ച പോസ്റ്റിൽ പ്രതീക്ഷയുടെ തിരിവെട്ടമുണ്ട്, ഒരു മാസത്തെ ആകുലതകളുണ്ട്, നാളെ കാത്തിരിക്കുന്നതെന്തെന്ന ആകാംക്ഷയുമുണ്ട്. ‘ഞാൻ ഇവിടെ തങ്ങുകയാണ്. അവളില്ലാതെ നാട്ടിലേക്കു വിമാനം കയറുന്നതു ചിന്തിക്കാനാവുന്നില്ല. മറ്റൊരു ശബ്ദവുമില്ല ചുറ്റിനും , ചിന്തകളുടെ നെഞ്ചിടിപ്പല്ലാതെ, സ്വപ്നങ്ങളില്ലാത്ത രാത്രികളിലേക്കു പ്രാർഥനകൾ ഇഴുകിച്ചേർന്നുപോയി..

ഇപ്പോൾ എന്നെ ജീവിപ്പിച്ചുനിർത്തുന്നതു തീവ്രമായ ഒരാശ മാത്രം, നിന്നെ വീണ്ടും പുണരുന്ന ആ നിമിഷം.. ഇങ്ങനെ പോകുന്നു ആത്മാവിൽ തൊടുന്ന കവിത പോലെ ഇലീസയുടെ വരികൾ. ഒരു മാസത്തെ കാത്തിരിപ്പിനും ലിഗയ്ക്കായ് കേരളം നീളെ അലഞ്ഞുള്ള തിരച്ചിലിനും സോഷ്യൽ മീഡിയയുടെ പിന്തുണയും ഇലീസയ്ക്കുണ്ടായിരുന്നു. ആയിരത്തിലധികം പേർ പിന്തുടരുന്ന ‘മിസ്സിങ് ഇൻ കേരള’ എന്ന ഫെയ്സ് ബുക് പേജിൽ പലതവണ അവർ എഴുതിയ ദു:ഖവും പ്രതീക്ഷയും ഇട കലർന്ന വരികളുണ്ട്. ഇലീസയുടെ ‘ഗോ ഫണ്ട് മീ ’ എന്ന ക്രൗഡ് സോഴ്സിങ് പ്ലാറ്റ്ഫോമിൽ ലിഗയ്ക്കായുള്ള തിരച്ചിലിനു ലോകമെങ്ങും നിന്നു സഹായം കിട്ടുന്നുണ്ട്. ആറ് ദിവസം കൊണ്ട് 3.8 ലക്ഷം രൂപ.

thiruvananthapuram-poster.jpg.image.784.410

ഇലീസും ആൻഡ്രൂസും തലസ്ഥാനത്തേക്ക്

കാണാതായ വിദേശവനിത ലിഗയുടെ ചിത്രമുള്ള പോസ്റ്ററുകൾ കാസർകോട് പുതിയ ബസ് സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിൽ പതിക്കുന്ന സഹോദരി ഇലീസും ലിഗയുടെ ഭർത്താവ് ആൻഡ്രൂസും. കാണാതായ വിദേശവനിത ലിഗയുടെ ചിത്രമുള്ള പോസ്റ്ററുകൾ കാസർകോട് പുതിയ ബസ് സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിൽ പതിക്കുന്ന സഹോദരി ഇലീസും ലിഗയുടെ ഭർത്താവ് ആൻഡ്രൂസും.
തിരുവനന്തപുരം/ കാസർകോട് ∙ കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ നിറകണ്ണുകളോടെ സഹോദരി ലിഗയുടെ ചിത്രമുള്ള പോസ്റ്ററുകൾ പതിക്കുന്ന തിരക്കിലായിരുന്നു ഇലീസ് ഇന്നലെയും.

തിരുവല്ലത്തിനടുത്തു വിദേശവനിതയുടെ മൃതദേഹം കണ്ടെത്തിയ വിവരം പുറത്തായിട്ടും, ഇതൊന്നുമറിയാതെ ലിഗയുടെ ഭർത്താവ് ആൻഡ്രൂസിനൊപ്പം പശക്കുപ്പിയും പോസ്റ്ററുകളുമായി നടന്നുനീങ്ങുകയായിരുന്നു അവർ. ലിഗയെ തേടി എല്ലാ ജില്ലകളിലും പോസ്റ്ററുകളുമായി പ്രചാരണം നടത്തുന്നതിന്റെ ഭാഗമായാണ് ഇന്നലെ കാസർകോട് എത്തിയത്. സഹോദരിയെ കണ്ടെത്തുന്നവർക്കു രണ്ടു ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.

തിരുവനന്തപുരത്തേക്ക് ഉടൻ എത്തണമെന്നു വൈകിട്ടോടെ പൊലീസിന്റെ അറിയിപ്പ് വന്നതോടെ ഇരുവരും യാത്ര തിരിച്ചു. പോത്തൻകോട്ടെ ആയുർവേദ ചികിൽസാ സ്ഥാപനത്തിൽ ചികിത്സയ്ക്കും യോഗ പഠനത്തിനുമായി എത്തിയതായിരുന്നു സഹോദരിമാരായ ലിഗയും ഇലീസും. ലിഗയെ കാണാതായതോടെ ഭർത്താവ് ആൻ‍ഡ്രൂസും അന്വേഷണത്തിനെത്തിയിരുന്നു. കുറേനാളായി തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. തുടർന്നു നാട്ടിലേക്കു മടങ്ങിയ ആൻഡ്രൂസ് ഇന്നലെ തിരികെ കാസർകോടെത്തി.

കൂടുതൽ വായനയ്‌ക്ക്