Tuesday 14 August 2018 11:51 AM IST

കല്യാണം കഴിഞ്ഞതല്ലേ, ഇനി നിന്റെ സൗന്ദര്യം ഭർത്താവ് മാത്രം കണ്ടാൽ പോരേ? ചോദിച്ചവർക്ക് ലക്ഷ്മി ഉത്തരം നൽകിയത് ലോക സൗന്ദര്യ കിരീടം നേടി

Binsha Muhammed

lek-final

‘സ്വന്തം സൗന്ദര്യം ഭർത്താവ് മാത്രം കണ്ടാൽ പോരെ... അല്ലാതെ മറ്റുള്ളവരെ കാണിക്കാൻ ഫാഷൻ ഷോയെന്നൊക്കെ പറഞ്ഞ് കറങ്ങി നടക്കണോ വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കണോ’- ഉപദേശവും മുന്നറിയിപ്പുകളും കലർത്തിയ ഇത്തരം ‘പഞ്ച് ഡയലോഗുകൾ’ ലക്ഷ്മിക്കിപ്പോൾ ശീലമാണ്. ഇളിഞ്ഞ ചിരിയുമായി ഇത്തരം ഉപദേശക്കാർ വരുമ്പോൾ തിരിച്ചും അതേ വോൾട്ടേജിലൊരു ചിരി പാസാക്കും. ‘മേൽപ്പറഞ്ഞ ഉപദേശ കമ്മിറ്റിക്കാരുടെ ചോദ്യത്തിന് ചെറിയ അയവൊക്കെ വന്നിട്ടുണ്ട്. കുത്തുവാക്കുകൾ പറഞ്ഞ് പിന്നാലെ കൂടിയവർ ഇപ്പോൾ നല്ലത് പറയാൻ തുടങ്ങിയിരിക്കുന്നു.’– അതിനു പിന്നിലെ ത്യാഗത്തിന്റെ കഥ പറയുകയാണ് വിവാഹിതർക്കായുള്ള സൗന്ദര്യ മത്സരത്തിൽ ജേതാവായി മലയാളത്തിന്റെ അഭിമാനമായി മാറിയ ലക്ഷ്മി.

വിവാഹത്തോടെ സ്വപ്നങ്ങളെ പടിയടച്ചു പിണ്ഡം വയ്ക്കേണ്ടി വരുന്ന പെണ്ണുങ്ങളുടെ പ്രതിനിധിയല്ല ഈ മുപ്പത്തിയഞ്ചുകാരി. ലക്ഷ്മി അതുലെന്ന വീട്ടമ്മയെ ഒറ്റവാക്കിൽ നിർവ്വചിക്കുക പ്രയാസം. വിവാഹം പെണ്ണിന്റെ സ്വപ്നങ്ങളുടെ നാന്ദി കുറിക്കലാകണം എന്ന് പറയുന്ന പെൺകൊടി. പെണ്ണിന്റെ സൗന്ദര്യം അവളുടെ മേനിയഴകിലല്ല, അവളുടെ മനസിലാണ് എന്ന് ജീവിതം കൊണ്ട് പറയുന്ന കരുത്തയായ സ്ത്രീ. വിശേഷണങ്ങൾ അങ്ങനെ നീളും.

സ്വപ്നങ്ങളെ ചേർത്തു പിടിച്ചുള്ള ജീവിതം അവർക്കു നൽകിയത് ഒരു പക്ഷേ ഏതൊരു പെണ്ണിനെയും അസൂയപ്പെടുത്തുന്ന നേട്ടങ്ങൾ. ഐക്യരാഷ്ട്ര സഭയുടേയും ബ്യൂട്ടി ഓഫ് ചാരിറ്റി ഫൗണ്ടേഷന്റേയും സൗന്ദര്യ മത്സരത്തിൽ ജേതാവായ ലക്ഷ്മി അതുൽ വിജയ കഥ ‘വനിത ഓൺലൈനോടു’ പറയുകയാണ്, അവരുടെ വിജയ കിരീടത്തിലെ മുത്തുകൾ പോലെ തിളക്കമേറിയ ഒരുപിടി ജീവിതാദ്ധ്യായങ്ങൾ.

lekshmi-14

ഒരൊറ്റ ചോദ്യം മാറ്റിയ ജീവിതം

ജീവിതം നമുക്കായ് കരുതി വയ്ക്കുന്ന ഒരു മൊമന്റുണ്ട്. ആ മൊമന്റ് വന്നാൽ ഈ ജീവിതം നമ്മളെയും കൊണ്ടങ്ങ് പറക്കും. പിന്നെ സ്വപ്നങ്ങളെല്ലാം ഘോഷയാത്ര പോലെ നമ്മുടെ കൂടെപ്പോരും.–ലക്ഷ്മി പറഞ്ഞു തുടങ്ങുകയാണ് ജന്മംകൊണ്ട് തൊടുപുഴക്കാരി. വളർന്നത് പാലക്കാട്ടാണ്. ഇപ്പോൾ നല്ല ഒന്നാന്തരം കൊച്ചിക്കാരി. ബിടെക് റാങ്കോടെ പാസായി. കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് സ്വര്‍ണമെഡലോടെ എംടെക്കും കരസ്ഥമാക്കി. പത്ത് വര്‍ഷം മുമ്പായിരുന്നു വിവാഹം. അതോടെ ജീവിതം മാറിമറിഞ്ഞു.

മെക്കാനിക്കല്‍ എഞ്ചിനീയറാണ് പുള്ളി. എന്റെ സ്വപ്നങ്ങളെ പൊടി തട്ടിയെടുത്ത് റണ്ണിംഗ് കണ്ടീഷനാക്കിയെടുത്ത് പുള്ളിയിലെ മെക്കാനിക്ക് കട്ടയ്ക്ക് കൂടെ നിന്നു. എംടെക്കിന് ശേഷം ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ ജോലിക്ക് ചേര്‍ന്ന എനിക്ക് വിവാഹശേഷം കലശലായ മോഹം, സിവില്‍ സര്‍വ്വീസുകാരിയാവണം. അതുലിന്റെ പൂര്‍ണപിന്തുണ കൂടിയായതോടെ പിന്നെ സ്വപ്നത്തിലേക്കുള്ള ആദ്യ യാത്രയ്ക്ക് കിക്ക് സ്റ്റാർട്ട്! സിവില്‍ സര്‍വ്വീസ് അഭിമുഖ പരീക്ഷയ്ക്കിടെ നേരിട്ട ഒരു ചോദ്യം എന്റെ കാഴ്ച്ചപ്പാടുകളെ തന്നെ മാറ്റിയെടുത്തു.

സാമൂഹ്യസേവനം ചെയ്യാന്‍ സിവില്‍ സര്‍വ്വീസ് തെരഞ്ഞെടുത്ത ആള്‍ക്ക് എന്തുകൊണ്ട് കോര്‍പ്പറേറ്റ് മേഖലയില്‍ തന്നെ നിന്ന് അതു ചെയ്തുകൂടാ എന്ന്. കോര്‍പ്പറേറ്റ് മേഖല വിടേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തുന്നത് അങ്ങനെയാണ്. ഇപ്പോള്‍ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈസ് പ്രസിഡന്റാണ് ഞാൻ.

lekshmi-15

സ്വപ്നങ്ങളിലേക്കൊരു റാംപ് വോക്ക്

ജോലിയുമായി ബന്ധപ്പെട്ട ചില ചടങ്ങുകൾ ആങ്കറിംഗ് ചെയ്യുമായിരുന്നു. മോഡലിംഗ് രംഗത്തേക്ക് എന്റെ യാത്രയുടെ തുടക്കം അവിടെ നിന്നാണെന്ന് പറയാം. ആഗ്രഹം അതുലിനോട് പറയുമ്പോൾ, ഒന്നു നോക്കാതെ പുള്ളി ‘യെസ്’ പറഞ്ഞു. രണ്ട് പരസ്യചിത്രങ്ങളില്‍ അഭിനയച്ചതോടെ ഈ വഴിയില്‍ നിന്ന് പിന്തിരിയേണ്ടതില്ലെന്ന തീരുമാനമെടുത്തു.

പക്ഷേ ശരിക്കുള്ള പ്രശ്നം തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. പെണ്ണെന്നാൽ അടങ്ങി ഒതുങ്ങി അലമാരയിൽ ഇരിക്കേണ്ടവളാണെന്ന മുൻവിധിയുള്ള ചിലർ എതിർപ്പുകളുമായി രംഗത്തു വന്നു. ‘കെട്ടിയവനേയും മോളേയും നോക്കി വീട്ടിലിരുന്നാൽ പോരേ...ഈ സിനിമാ നടിമാരെ പോലെ ചുണ്ടിൽ ചായം തേച്ച് നടക്കണോ’ എന്ന തരത്തിൽ ഒരു നൂറ് ചോദ്യങ്ങൾ. ചിലരങ്ങനെയാണ്, നമ്മുടെ ജീവിതത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും മൊത്തം പേറ്റന്റും കൈ വെള്ളയിൽ പൊതിഞ്ഞു കൊണ്ടാണ് അവരുടെ നടപ്പ്. വീട്ടുകാർക്കില്ലാത്ത ആധിയാണ് ചില നാട്ടുകാർക്ക്. മുതിർന്നവരുടെ ഉപദേശങ്ങൾ പോട്ടെയെന്നു വയ്ക്കാം. പക്ഷേ നമ്മുടെ സമപ്രായക്കാർ, കൂട്ടുകാർ അങ്ങനെ കുറേ പേർ കടുത്ത എതിർപ്പുമായി വന്നു. സത്യം പറയാല്ലോ, എന്തോ മഹാപാതകം ചെയ്യുന്ന മാതിരിയാണ് പലരും എന്റെ നേർക്ക് പാഞ്ഞടുത്തത്. പക്ഷേ എന്റെ ലക്ഷ്യവും സ്വപ്നവും അത്, പണ്ടേക്ക് പണ്ടേ എഴുതപ്പെട്ടതല്ലേ...?– ലക്ഷ്മിയുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ ചിരി.

lekshmi-13

ഫ്രം കൊച്ചി ടു ജമൈക്ക

ഒരു റാമ്പ് വോക്ക് പോലും ശരിക്കറിയാത്ത, മോഡലിംഗിന്റെ എബിസിഡി അറിയാത്ത ഞാൻ ഈ രംഗത്തേക്ക് ഇറങ്ങിയത് അൽപം അഹങ്കാരമല്ലേ എന്ന് സംശയിക്കാം. പക്ഷേ എനിക്കതിനെ ആത്മവിശ്വാസം എന്ന് വിളിക്കാനാണ് ഇഷ്ടം. 2016ല്‍ മിസിസ് കേരള മത്സരത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തിനു പിന്നിലും ഇതേ ആത്മവിശ്വാസം. അന്ന് ലഭിച്ച പിന്തുണയാണ് അഡിവാ ഇന്നവേഷന്‍സ് സംഘടിപ്പിച്ച മിസിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ ധൈര്യം തന്നത്. 44 പേർ മാറ്റുരച്ച മത്സരത്തില്‍ കേരളത്തിലെ ഏക മത്സരാർത്ഥിയായത് എന്നെപ്പോലൊരു വീട്ടമ്മയെ സംബന്ധിച്ചടത്തോളം സ്വപ്ന സമാനമായിരുന്നു. അവിടെ മിസിസ് ഇന്റലിജന്റായി തെരഞ്ഞെടുക്കപ്പെട്ടിയ നിമിഷം ആലോചിക്കുമ്പോൾ തുള്ളിച്ചാടാൻ തോന്നും. ശരിക്കും ഡബിൾ ധമാക്ക. അവിടേയും തീർന്നില്ല സർപ്രൈസ്. ജമൈക്കയിലെ കിങ്സ്റ്റണിൽ ദൈവം എനിക്കായി കരുതി വച്ച വേദിയൊരുങ്ങുകയായിരുന്നു പിന്നീട്.– ലക്ഷ്മിയുടെ വാക്കുകളിൽ ത്രിൽ

lekshmi-7

സീറോ സൈസല്ല, ബിഗ് ഹാർട്ട്

ലൈം ലൈറ്റില്‍ മേനിയഴകു കാട്ടി മേഘങ്ങളെ പോലെ സ്ലോ മോഷനിൽ നടന്നു നീങ്ങുന്ന പതിവ് രീതിയൊക്കെ പൊളിച്ചെഴുതുന്നതായിരുന്നു ജമൈക്കയിൽ നടന്ന ഗ്രാൻപ്രീ യുണൈറ്റഡ് മത്സരം. പുറമേ സൗന്ദര്യവതിയായിരിക്കുന്ന ഒരാൾ മനസു കൊണ്ട് എത്രത്തോളം ശക്തയാണെന്നും പ്രതിബദ്ധതയുള്ളവളാണെന്നും തെളിയിക്കപ്പെടുകയാണ് ഇവിടെ. അവിടെ എന്നെപ്പോലെ നിരവധി കുടുംബിനികളുടെ സാമൂഹിക പ്രതിബദ്ധത, സമൂഹത്തോടുള്ള മനോഭാവം, അനുകമ്പ, എല്ലാം അളവു കോലായി. എന്തിനേറെ അനാഥാലയത്തിലെ കുട്ടികൾക്ക് ഭക്ഷമുണ്ടാക്കി കൊടുക്കുന്നത് വരെ മത്സരത്തിന്റെ ഭാഗമായുണ്ടായിരുന്നു. 20 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് അവിടെ മാറ്റുരച്ചത്. ആ 20 പേരിൽ വിജയ കിരീടം ചൂടാനും എനിക്കായി.– ലക്ഷ്മിയുടെ വാക്കുകളിൽ ചാരിതാർത്ഥ്യത്തിന്റെ പത്തരമാറ്റ് തിളക്കം.

ലക്ഷ്മി അതുൽ വെറുമൊരു പേരല്ല. സ്വപ്നങ്ങളെ വരുതിയിലാക്കിയ ‘സൂപ്പര്‍ മോം.’ നേട്ടങ്ങളെ കൂട്ടുകാരാക്കിയ ജീവിത യാത്ര തുടരുമ്പോൾ ലക്ഷ്മി പഴയ പല്ലവി വീണ്ടും ആവർത്തിക്കുകയാണ്. "വിവാഹം ഒന്നിന്റെയും അവസാനമല്ല, അത് പെണ്ണിന്റെ സ്വപ്‌നങ്ങളിലേക്കുള്ള യാത്രയുടെ ആദ്യപടിയാണ്."

lekshmi-3

ലക്ഷ്മിയുടെ ചിത്രങ്ങൾ കാണാം;

1.

lekshmi-2

2.

lekshmi-4

3.

lekshmi-1-

4.

lekshmi-6

5.

lekshmi-5

6.

lekshmi-10

7.

lekshmi-8

8.

lekshmi-9

9.

lekshmi-11

10.

lekshmi-12

11.

lekshmi-16

12.

lekshmi-17