Saturday 07 December 2024 02:35 PM IST : By സ്വന്തം ലേഖകൻ

‘ലിംഗം കത്തി കൊണ്ടു മുറിച്ചു കളയുന്ന, പ്രാകൃത രീതി, പിഴവു സംഭവിച്ചാൽ മണ്ണെണ്ണ ഒഴിച്ചു നമ്മളെ കത്തിക്കും’: ലക്ഷ്മി സെലിന്റെ ജീവിതം

sujani

ട്രാൻസ്ജെൻഡറുകളിലെ പ്രബല വിഭാഗമായ സുജാനികളുടെ ‘നായിക് സർദാർ’ അഥവാ അവസാന വാക്കായി മാറിയ മലയാളി ലക്ഷ്മി സെലിൻ തോമസ്...

ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസത്തിനു പോകുകയാണ്. ദേശം മുഴുവൻ കണ്ണീരും വിലാപവുമായി അവരെ അനുഗമിച്ചു. വനത്തിൽ പ്രവേശിക്കുന്നതിനു മു ൻപു ശ്രീരാമൻ തിരിഞ്ഞു പ്രജകളോടു കൽപിച്ചു. പുരുഷാരവും സ്ത്രീജനങ്ങളും തിരിച്ചു ദേശത്തു പോയി ജീവിക്കുക. എല്ലാവരും തിരികെ പോയി. 14 വർഷത്തെ വനവാസത്തിനു ശേഷം തിരികെയെത്തിയപ്പോൾ വന കവാടത്തിൽ കുറച്ചു പേർ താമസിക്കുന്നു. ‘നിങ്ങളെന്താ മടങ്ങാഞ്ഞത്?’ എന്നു ശ്രീരാമൻ തിരക്കിയപ്പോൾ അവർ മറുപടി നൽകി. ‘അങ്ങ് സ്ത്രീകൾക്കും പുരുഷന്മാർക്കുമല്ലേ മടങ്ങിപോകാൻ ആജ്ഞ കൊടുത്തത്. ഞങ്ങൾക്കു നൽകിയില്ലല്ലോ.’

ആ നിമിഷം ശ്രീരാമചന്ദ്രൻ ഞങ്ങൾക്ക് വിശേഷകരമായൊരു  അനുഗ്രഹം തന്നു. ‘കലിയുഗത്തിൽ നിങ്ങളുടേതായ ഒരു രാജ്യം ഉണ്ടായിരിക്കും. ആർക്ക് കുഞ്ഞുങ്ങളുണ്ടായാലും ആരു വിവാഹിതരായാലും നിങ്ങൾ ചെന്ന് അനുഗ്രഹം നൽകണം.’ ട്രാൻസ്ജെൻഡറുകളുടെ ജീവിതനിയോഗത്തെക്കുറിച്ചു പറയുന്നത് ഇന്ത്യയിലെ ട്രാൻസ്ജെൻഡറുകളുടെ ‘നായിക് സർദാർ’ ലക്ഷ്മി സെലിൻ തോമസ് ആണ്. അരികുവൽക്കപ്പെട്ടവരുടെ ജീവതങ്ങളിലെ അവസാന വാക്ക്.

‘‘500 വർഷങ്ങൾക്കു മുൻപ് മുഗൾ ചക്രവർത്തിമാരുടെ കാലഘട്ടത്തിൽ രാജാവിനു ഭരണത്തിനുതകുന്ന തരത്തിൽ ‘റായി’ (അഭിപ്രായങ്ങൾ) കൊടുക്കുന്നവരായിരുന്നു ട്രാൻസ്ജെൻഡറുകളിലെ റായി വിഭാഗക്കാർ. അവരുടെ പ്രതിപക്ഷമായി വർത്തിച്ചിരുന്നവരാണ് ട്രാൻസ്ജെൻഡറുകളിൽ തന്നെയുള്ള സുജാനികൾ. നാലു വർഷമായി ലക്ഷക്കണക്കിനു വരുന്ന സുജാനികളുടെ റാണിയാണ് ഞാൻ.’’ പത്തനംതിട്ട പന്തളത്തു ജനിച്ചു വളർന്ന ലക്ഷ്മി സെലിന് തിരുവനന്തപുരത്തു സ്വന്തമായി വീടുണ്ട്. അവിടേക്കു ചെറിയൊരു സന്ദർശനത്തിനെത്തിയതാണ്.

എല്ലാവരുടെയും സുൽത്താന

‘‘ഇന്ത്യയിൽ മാത്രമല്ല, പാകിസ്ഥാനിലും സുജാനികളുണ്ട്. വിഭജന കാലത്തു മുസ്‌ലിംകൾ അവിടേക്കു പലായനം ചെയ്തിരുന്നല്ലോ. അവരും എന്റെ ഭരണത്തിൻ കീഴിൽ വരുന്നവരാണ്. റായി വിഭാഗക്കാരുടെ റാണിയും ദില്ലിയിൽ തന്നെയാണ്. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണ്.

പഴയ ദില്ലിയിൽ സദർ ബസാറിലെ പഹാഡി ധീരജിലുള്ള ദേരയിലാണ് എന്റെ താമസം. മുഗൾ കാലഘട്ടത്തിൽ ഞങ്ങൾക്കായി ഉയർത്തിയതാണു പ്രൗഢമായ ആ കെട്ടിടം.

സുജാനികളുടെ പന്ത്രണ്ടാമത്തെ നായിക് സർദാറാണ് ഞാൻ. ഇന്ത്യ മുഴുവനുമുള്ള ആയിരക്കണക്കിനു ‘നായിക്കുകൾ’ (പ്രതിനിധികൾ) ഒത്തുകൂടിയാണ് എന്നെ തിരഞ്ഞെടുത്തത്. എന്റെ ചേലകളും (മക്കളായി കരുതുന്നവർ) മറ്റുമായി ഇരുപതോളം പേർ ഒപ്പമുണ്ട്. മുഖ്യ കാര്യാലയം ആയതു കൊണ്ട് ഓരോ സംസ്ഥാനത്തു നിന്നും ആളുകൾ പഞ്ചായത്തു കൂടാനും മറ്റു കാര്യങ്ങൾക്കുമായി വന്നുകൊണ്ടേയിരിക്കും.

ഏതു മതത്തിലാണോ നമ്മൾ ജനിച്ചത് ആ മതത്തിൽ പൂജ ചെയ്തു ജീവിക്കാനുള്ള അവസരം ഞങ്ങൾക്കുണ്ട്. പക്ഷേ, ഇതുവരെ ‘നായിക് സർദാർ’ ആയി ഇരുന്നതു മുഴുവൻ ഹജ്ജ് ചെയ്തു വന്ന മുസ്‌ലിംകളായിരുന്നു. ആദ്യമായാണ് ഇതര മതത്തിൽപ്പെട്ട ഒരു വ്യക്തി ഈ സ്ഥാനത്തേക്കു വരുന്നത്. അതുപോലെ, ദക്ഷിണേന്ത്യയിൽ നിന്നും  മലയാളികളിൽ നിന്നും തിരഞ്ഞെടുത്ത ആദ്യ വ്യക്തിയും ഞാനാണ്. പിന്തുണയോടൊപ്പം എതിർപ്പുകൾക്കും വിമർശനങ്ങൾക്കും ഒട്ടും കുറവില്ല. കരഞ്ഞു തളർന്നു പോകുന്ന ദിവസങ്ങളുണ്ട്. എങ്കിലും, എല്ലാം ഇട്ടെറിഞ്ഞ് ഓടി പോകാൻ തോന്നാറില്ല.  

സുജാനികളിൽ ആരെങ്കിലും മരിച്ചാൽ ഞാൻ അവിടെ ചെന്നിരിക്കണമെന്നാണു നിയമം. അവസാനമായി ദുശാല (കോടി) പുതപ്പിക്കാനുള്ള അവകാശം എനിക്കാണ്. തുടർന്നുള്ള ആചാരങ്ങൾക്കും ഞാൻ അവിടെ ഉണ്ടാകണം. അതുപോലെ പൊതുസമ്മേളനങ്ങളിലെ ഓരോ തീരുമാനങ്ങളിലും എന്റെ അഭിപ്രായം ആരായും.

വിവാഹം നടക്കുമ്പോഴും കുഞ്ഞുങ്ങൾ ജനിക്കുമ്പോഴും ആ വീടുകളിൽ ചെന്ന് ആടിപ്പാടി അവരെ അനുഗ്രഹിക്കുമ്പോൾ കിട്ടുന്ന പ്രതിഫലമാണു ഞങ്ങളുടെ വരുമാനം. ഓരോരുത്തർക്കും കിട്ടുന്ന പണം ഒരുമിച്ചു കൂട്ടി പങ്കുവയ്ക്കുകയാണു പതിവ്. കേരളത്തിൽ ഈ പതിവുകൾക്കു വ്യത്യാസമുണ്ട്. ഇവിടെയുള്ള ട്രാൻസ്ജെൻഡറുകൾ എല്ലാവരും പഠിക്കുകയും ജോലി ചെയ്യുകയും ഉയർന്ന നിലയിൽ എത്തുകയും ചെയ്യുന്നുണ്ട്. വിവാഹവും നടത്തുന്നുണ്ട്. വിവാഹം ഞങ്ങൾക്കു പറഞ്ഞിട്ടുള്ളതല്ലെന്നാണ് എന്റെ ചിന്ത. ഞങ്ങളുടെ വിഭാഗത്തിലുള്ളവർക്കു വേണ്ടി പല തരത്തിലുള്ള ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

എല്ലാം വിട്ടോടി പോകുന്നു

അൻപതു വർഷത്തിനു മുൻപു കേരളം വിട്ടോടി പോകുമ്പോൾ എന്നെപ്പോലെ ഒരാളെയും ഞാൻ കണ്ടിട്ടില്ല. ആണായി ജനിച്ചവൻ സാരി ഉടുത്തു പോയാൽ കല്ലു പെറുക്കി എറിയുന്ന കാലമാണ്. തമിഴ്നാട്ടിലും കേരളത്തിലും വലിയ വിവേചനം അന്നുണ്ടായിരുന്നു.

ഞാൻ ജനിച്ചത് അടൂരിനടുത്തു കുളത്തൂപ്പുഴ എന്ന സ്ഥലത്താണ്. ഞങ്ങൾ അ‍ഞ്ചു മക്കളായിരുന്നു. ഇളയവനായ ഞാൻ ജനിച്ച് അധികം കഴിയുന്നതിനു മുൻപേ അച്ഛൻ മരിച്ചു. പിന്നീടു പന്തളത്തുള്ള അമ്മവീട്ടിലേക്കു പോന്നു. അമ്മ വളരെ കഷ്ടപ്പെട്ടാണു ‍ഞങ്ങളെ വളർത്തിയത്. ജ്യേഷ്ഠൻമാർക്കു ജോലിയായപ്പോഴാണ് ആ ദുഃഖത്തിനു കുറച്ചു പതം വന്നത്. കുട്ടിക്കാലത്തേ എനിക്കു പാവാടയുടുക്കാനും പൊട്ടുതൊട്ടു കണ്ണെഴുതാനും വല്ലാത്ത ആഗ്രഹമായിരുന്നു. വീട്ടുകാർ അതൊന്നും അനുവദിച്ചില്ല. ചുറ്റുവട്ടത്തുള്ളവർ കളിയാക്കാൻ തുടങ്ങിയപ്പോൾ അമ്മ ഞങ്ങൾ മക്കളെയും കൊണ്ടു മദ്രാസിലേക്കു പോയി. അപ്പോഴേക്കും ജ്യേഷ്ഠൻമാർക്ക് അവിടെ ജോലി കിട്ടിയിരുന്നു. അന്നെനിക്ക് എട്ടോ പത്തോ വയസ്സേയുള്ളൂ. പെൺവേഷത്തിന്റെതായ ഒരു അടയാളങ്ങളും പുറത്തെടുക്കാൻ അവർ സമ്മതിച്ചില്ല. ‘ഞങ്ങൾക്ക് മാനക്കേടാണ്’ എന്നായിരുന്നു വിശദീകരണം. അവർ സമ്പാദിച്ചു കൊണ്ടുവരുന്ന ചക്രം കൊണ്ടല്ലേ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. എനിക്കും എതിർക്കാനുള്ള കരുത്തില്ലായിരുന്നു.

ഒരിക്കൽ വീടിനടുത്തുള്ള പാർക്കിൽ കളിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ. ഒരു പൂച്ചെടി കണ്ടപ്പോൾ അടക്കാനാകാത്ത ആഗ്രഹം. പൂക്കളിറുത്തു മാല കോർത്തു ഞാൻ തലയിൽ ചൂടി. അതൊരു ചെക്കൻ കണ്ടു. അവൻ എന്നെ എന്തൊക്കെയോ ചീത്ത വിളിച്ചു. അടികിട്ടുമെന്നു ഭയന്നു ഞാൻ ഓടി. ഞാനെത്തുന്നതിനു മുൻപേ വീട്ടിലെത്തി അവൻ കാര്യങ്ങൾ പറഞ്ഞു കൊടുത്തു.

അന്ന്, ഒരു കുട്ടിക്കു താങ്ങാവുന്നതിലധികം അടിയും വഴക്കും കിട്ടി. തുടർന്നുള്ള ദിവസങ്ങളിലും ഉപദ്രവം. സഹിക്കാൻ പറ്റാതായപ്പോൾ പന്ത്രണ്ടാം വയസ്സിൽ ഞാൻ വീടുവിട്ടിറങ്ങി. ആ യാത്രയിലാണു തിരുവട്ടിയൂരിലെ കാലടിപ്പേട്ട് എന്ന ഗ്രാമത്തിലെ മൂത്തമ്മ എന്ന ട്രാൻസ്ജെൻഡറിനെ കാണുന്നത്. അവർ എന്നെ ചേല (മകൾ) യാക്കി. പരസ്പര സമ്മതപ്രകാരം ആർക്കും ആരെയും ചേലയാക്കാം. പ്രായവ്യത്യാസമൊന്നും അതിനു ബാധകമല്ല. അമ്മ മകളെ പ്രതീകാത്മകമായി പാലു കുടിപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. അമ്മ – മകൾ ബന്ധമാണു ഞങ്ങൾക്കിടയിലെ ഏറ്റവും പവിത്രമായ ബന്ധം.

ആത്മഹത്യയുടെ വിളുമ്പിൽ

അധികം വൈകാതെ വീട്ടുകാർ എന്നെ തേടിപ്പിടിച്ചു കൂട്ടിക്കൊണ്ടു പോയി. വീണ്ടും പഠിക്കാൻ വിട്ടു. പക്ഷേ, സ്കൂളിൽ എല്ലാവരും എന്നെ ‘പെണ്ണ് പെണ്ണ്’ എന്നു പറഞ്ഞു കളിയാക്കി. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വീട്ടുകാരുടെ നിർബന്ധത്താൽ ബഥനി ആശ്രമത്തിൽ വൈദികനാകാൻ ചേർന്നു.

അവിടെയും എന്റെ സ്ത്രൈണത വിഷയമായി. ഞാൻ പുരോഹിതനാകാൻ യോഗ്യനല്ല എന്ന് അവർ തീർപ്പു പറഞ്ഞു. അങ്ങനെ അവിടെ നിന്നും പടിയിറങ്ങി. ബെംഗളൂരുവിൽ സിഎംഎസ് സഭയിൽ പോയി ചേർന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവിടെ നിന്നും തള്ളിപ്പുറത്താക്കി. മുംബൈയിൽ എന്നെപ്പോലുള്ളവര്‍ ധാരാളമുണ്ടെന്നറിഞ്ഞു അവിടേക്കു വണ്ടി കയറി. അവിടെ ചെന്നു പൂർണമായും സ്ത്രീയായി മാറുക എന്നതായിരുന്നു ലക്ഷ്യം. കല്ലിൽ വ ച്ചു ലിംഗം കത്തി കൊണ്ടു മുറിച്ചു കളയുന്ന, പ്രാകൃതമായ പ്രക്രിയയാണ് അത്. മണ്ണെണ്ണ അടുത്തു വച്ചിട്ടാണ് ആ കൃത്യം ചെയ്യുക. എന്തെങ്കിലും കാരണം കൊണ്ടു പിഴവു വരികയാണെങ്കിൽ മണ്ണെണ്ണ ഒഴിച്ചു നമ്മളെ കത്തിച്ചു കളയും.

lakshmi-transgender

ദൈവത്തിന്റെ ഒരു കണ്ണ് എനിക്കു നേരെ നീണ്ടിരിക്കണം. അപകടമില്ലാതെ രക്ഷപ്പെട്ടു. ഞാൻ മാർത്തോമ മതവിശ്വാസിയാണ്. എത്ര ക്ഷീണിതയാണെങ്കിലും എന്നും വൈകുന്നേരം സന്ധ്യാ നമസ്ക്കാരം ചൊല്ലും. ഇന്നും അതിനു മുടക്കമില്ല.

ശസ്ത്രക്രിയ കഴിഞ്ഞു മൂന്നാം ദിവസം കുളിപ്പിക്കും. മുറിവു ഭാഗത്ത് എണ്ണ ചൂടാക്കി ഒഴിക്കുന്നതാണ് ഉണങ്ങാനുള്ള മരുന്ന്. 40 ദിവസം കഴിഞ്ഞപ്പോൾ എന്റെ പുരുഷപടം പൊഴിച്ചു ഞാൻ പെണ്ണായി. പക്ഷേ, പ്രതീക്ഷിച്ച പോലെയായിരുന്നില്ല കാര്യങ്ങൾ. അവിടെ ട്രാൻസ്ജെൻഡേഴ്സായ പെണ്ണുങ്ങളെ ലൈംഗികവൃത്തിക്കാണ് ഉപയോഗിച്ചിരുന്നത്. എനിക്കു അതിനോടു പൊരുത്തപ്പെടാൻ ഒരിക്കലും പറ്റിയില്ല. തിരിച്ചു ഞാൻ മദ്രാസിൽ വന്നു.

ഞാനും രണ്ടുമൂന്നു കൂട്ടുകാരും ചേർന്ന് ജീവിക്കാൻ തുടങ്ങി. ‘ദില്ലിയിലെ ട്രാൻസ്ജെൻഡേഴ്സ് ഡാൻസ് ചെയ്താണ് ഉപജീവനമാർഗം കണ്ടെത്തുന്നത്. നിനക്ക് നല്ല സൗന്ദര്യമുള്ളതു കൊണ്ടു അങ്ങനെ നോക്കിക്കൂടെ’ എന്നു കൂട്ടത്തിലെ പ്രായമായവർ ഉപദേശിച്ചു. ആകെയുണ്ടായിരുന്ന 170 രൂപ കയ്യിൽ പിടിച്ചു ഞാൻ യാത്ര തിരിച്ചു. അതു കൂട്ടത്തിലെ നേതാവു തുടക്കത്തിലേ വാങ്ങിയെടുത്തു.

ദില്ലിയിൽ ചെന്നിറങ്ങുന്നതു മരം കോച്ചുന്ന ഡിസംബർ മാസത്തിലാണ്. അന്നുമിന്നും റയിൽവേ സ്േറ്റഷന്റെ അടുത്തു നിരനിരയായി കുടിലുകൾ കാണാം. കുടിശിക എന്നാണതിനു പറയുന്നത്. അത്തരമൊരു കുടിശികയിലേക്കാണ് എന്നെ കൂട്ടിക്കൊണ്ടു പോയത്. തണുപ്പിനു പുതയ്ക്കാൻ ഒരു തുണിയോ വിശപ്പിന് ആഹാരമോ ലഭിക്കാതെ തളർന്നു പോയ ദിവസങ്ങൾ.

പെൺവേഷം കെട്ടിയ ദൈവം

അതുവരെയുള്ള ജീവിതം സങ്കടം പെയ്തു പെയ്തു തോരാ കണ്ണീരായി മാറിയിരുന്നു. പ്രതീക്ഷയുടെ  കനൽ തരി പോലും ചുറ്റിനുമില്ലെന്ന അറിവ് എന്നെ ആ തീരുമാനത്തിലേക്കു തള്ളിവിട്ടു, ട്രെയിൻ എത്തുന്നതു നോക്കി ഞാൻ കാത്തു നിന്നു. ജീവിതം അവസാനിപ്പിക്കാനായി...

‘അക്കാ, എങ്കെയിരുന്ത് വരേൻ ?’ ഒരു പെൺകുട്ടി അടുത്തു വന്നു ചോദിച്ചു. തൊട്ടടുത്ത കടയിൽ ഇഡ്ഡലി കഴിക്കാൻ വന്നതായിരുന്നു അവൾ, ശോഭ. ഞാൻ മലയാളിയാണെന്നറിഞ്ഞപ്പോൾ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ‘ഇവിടെ നിന്നാൽ നീ നശിച്ചു പോകും’ എന്നു പറഞ്ഞു അവളുടെ സാരിതലപ്പിനുള്ളിൽ എന്നെ പുതപ്പിച്ചു ആരും കാണാതെ ജഗാംഗിർപുരിയിലെ വീട്ടിലേക്കു കൊണ്ടുപോയി.

അന്നു കമലാ ഹാജിയായിരുന്നു നായിക് സർദാർ. അവർ എന്നെ മകളായി ചേല ചെയ്തു. അന്നു ഹിന്ദി പറയാനോ, ഡാൻസു കളിക്കാനോ എനിക്കറിയില്ല. ശോഭയാണ് എന്നെ അതെല്ലാം പഠിപ്പിക്കുന്നത്. ഉശിരോടെ വാ തുറന്നു സംസാരിക്കണം. എന്നാലേ ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിൽക്കാനാകൂ എന്നെല്ലാം പറഞ്ഞുതന്നു. കല്യാണവീടുകളിൽ ഡാൻസ് ചെയ്യാൻ പോകും. അങ്ങനെ ജീവിതം പച്ചത്തുരുത്ത് കണ്ടുതുടങ്ങി.

ആ കാലഘട്ടത്തിലാണു സുജാനികളുടെ കൂട്ടായ്മ കൂടുതൽ ശക്തമാകുന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവരുടെ ഭാവി ഭദ്രമാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്നുണ്ട്. എനിക്കും അനേകം ചേലകൾ ഉണ്ടായി. കേരളത്തിൽ ആദ്യമായി ‘ജൽസ’ (ഹൽദി) നടക്കുന്നത് എന്റെ മകളുടെയാണ്.  

ആ പ്രാർഥനയാണു നേർവഴി

വീട്ടിൽ നിന്ന് എന്നെന്നേക്കുമായി ഇറങ്ങിയെങ്കിലും അമ്മ എനിക്കു കത്തയയ്ക്കുമായിരുന്നു. ‘നീ വീടു വിട്ടു പോയ ദിവസം മുതൽ ദെവത്തിനു മുന്നിൽ എന്നും മെഴുകുതിരി കത്തിച്ചു ഞാൻ പ്രാർഥിക്കും. നീ പട്ടിണി കിടക്കാതിരിക്കാൻ എന്നും ഒരാൾക്ക് ആഹാരം കൊടുക്കും.’ അമ്മയുടെ ആ വാക്കുകളായിരുന്നു എന്റെ ജീവിതയാത്രയിലെ നേർവഴി. അമ്മ മരിച്ചപ്പോൾ സഹോദരങ്ങൾ എന്നെ വിവരമറിയിച്ചു. പക്ഷേ, ആരും തിരിച്ചറിയാത്ത വിധം നിൽക്കണമെന്നായിരുന്നു കൽപന. കരയാനും അവകാശമുണ്ടായിരുന്നില്ല.  

അടിച്ചിറക്കപ്പെട്ടിടത്തു തലയുയർത്തി തിരിച്ചു കയറിവരണം എന്നു ഞാൻ ആഗ്രഹിച്ചു. ഇപ്പോൾ, ആ നാട്ടിൽ എനിക്കു വീടുണ്ട്. തിരുവനന്തപുരത്തും വീടു വച്ചു. ഗൃഹപ്രവേശത്തിന് സഹോദരങ്ങളെല്ലാം വന്നു. കഴിഞ്ഞ ക്രിസ്മസിനു സഹോദരന്റെ വീട്ടില്‍ ഒത്തുകൂടിയിരുന്നു.

ജോൺ തോമസ് എന്നായിരുന്നു പേരെങ്കിലും അനിയൻ കുഞ്ഞ് എന്നായിരുന്നു വീട്ടിൽ വിളിച്ചിരുന്നത്. ഡൽഹിയിൽ വച്ചാണ് ലക്ഷ്മി എന്ന പേരു സ്വീകരിക്കുന്നത്. പിന്നീടത് ലക്ഷ്മി സെലിൻ തോമസ് എന്നാക്കി. തോമസ് അപ്പച്ചന്റെ പേരാണ്.

മാർത്തോമ സഭയുടെ ഡൽഹി ഭദ്രാസനം ഒരുക്കുന്ന ‘ഗ്ലോറിയ ക്രിസ്മസ് രാവ്’ പരിപാടിയിലേക്കു 2013 ൽ എ ന്നെ വിളിച്ചിരുന്നു. ഉത്തരേന്ത്യയിൽ കുട്ടികൾ പിറന്ന വിവരമറിഞ്ഞാൽ ആദ്യമെത്തുന്നതു ഞങ്ങളുടെ സംഘമാണ്. ആട്ടവും പാട്ടുമായി പിറവി ആഘോഷമാക്കും.അനുഗ്രഹം ചൊരിഞ്ഞു മടങ്ങും. ഞാനും കൂട്ടുകാരും എത്തി ആ ദിവസം ആഘോഷമാക്കി. കേരളത്തിൽ മാരാമൺ കൺവെൻഷനിലും എനിക്കു ക്ഷണമുണ്ടായിരുന്നു. ആട്ടിയിറക്കിയിടത്തെല്ലാം തിരിച്ചു തലയുയർത്തി കയറാനാകുക നിസ്സാര കാര്യമല്ല.

വനിത 2023 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ലേഖനം

  </p>