Thursday 18 July 2019 11:54 AM IST : By സ്വന്തം ലേഖകൻ

വായിലെ എല്ലാ മുറിവും ‘വായിൽപ്പുണ്ണ്’ ആകണമെന്നില്ല! പതിയിരിപ്പുണ്ട് കാൻസർ; അറിയണം ലൂക്കോപ്ലെക്കിയയെ!

leuko

വായിൽ പുണ്ണ് ഇടയ്ക്കൊക്കെ നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്. വായിൽ ഉപ്പുവെള്ളം കൊണ്ടോ ഓയിൻമെന്റ് ഉപയോഗിച്ചോ അവയെ നാം പ്രതിരോധിക്കാറുമുണ്ട്. വായിൽ പുണ്ണു പോലെയുള്ള താരതമ്യേന നിസാര പ്രശ്നങ്ങൾക്ക് പലരും സ്വയം ചികിത്സ സ്വീകരിക്കലാണ് പതിവ്.

പക്ഷേ ഇവിടെയിതാ വായിൽപ്പുണ്ണെന്ന് തെറ്റിദ്ധരിച്ച് നാം നിസാരമാക്കുന്ന അവസ്ഥ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് പറയുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. കാൻസറിലേക്ക് വരെ നയിക്കാവുന്ന ലൂക്കോപ്ലെക്കിയ എന്ന രോഗാവസ്ഥയിലേക്ക് ചില വായ്പ്പുണ്ണുകൾ കൊണ്ടെത്തിക്കുമെന്ന് ഡോക്ടർ പറയുന്നുയ. സിഗരറ്റും പുകയിലയും പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗിക്കുന്നവരിലാണ് ഇത്തരം അവസ്ഥ കൂടുതലായും കണ്ടു വരുന്നത്.

വിശദമായ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഇന്ന് ഒ.പി യിൽ വന്ന ഒരു അച്ഛന്റെ നാക്കിന്റെ ചിത്രമാണത്.

പുകയില ചവച്ചു പല്ലിന് കറയും കാണാം.

വായിൽ പുണ്ണ് ആണെന്നും മരുന്ന് വേണമെന്നും പറഞ്ഞാണ് അദ്ദേഹം ഒ.പി യിൽ വന്നത്.

പരിശോധിച്ചപ്പോൾ ലൂക്കോപ്ലെക്കിയ (leukoplakia) ആണെന്ന് മനസ്സിലായി. വെള്ള തടിപ്പ് പോലെയുള്ള ഭാഗം ചിത്രത്തിൽ കാണുന്നതാണ് ലൂക്കോപ്ലെക്കിയ.

അദ്ദേഹം പുകയില മുറുക്കാറുണ്ടെന്നും ഞാൻ ചോദിച്ചറിഞ്ഞു. കൂടാതെ സിഗരറ്റും വലിക്കാറുണ്ടെന്നു അറിഞ്ഞു.

കാൻസർ, എയ്ഡ്‌സ് പോലെയുള്ള രോഗങ്ങളാകുവാൻ സാധ്യതയുള്ളതിനാൽ അദ്ദേഹത്തെ ഈ.ൻ.ടി ഡോക്ടറെ കാണിക്കുവാൻ വേണ്ടി റെഫർ ചെയ്‌തു.

എല്ലാ വായിൽ പുണ്ണ് കാൻസർ അല്ല. എല്ലാ വായിലെ മുറിവും വായിൽ പുണ്ണ് ആകണമെന്നുമില്ല. അതുപോലെ എല്ലാ leukoplakia കാൻസർ ആകണമെന്നില്ല. ചിലത് തന്നെ മാറും. പക്ഷെ മറ്റ്‌ ചിലത് കാൻസർ ആകാൻ സാധ്യതയുമുണ്ട്.

ലൂക്കോപ്ലെക്കിയ നാക്കിൽ മാത്രമല്ല. മോണയിൽ, കവിളിലൊക്കെക്കെ വരാം.

ലൂക്കോപ്ലെക്കിയ ഉണ്ടാകുവാനുള്ള കാരണങ്ങൾ ??

√ പുകയില ഉപയോഗം
√ കവിളുകളിൽ പല്ലു കൊണ്ട് കടിക്കുന്നത് മൂലം.
√ പല്ല് കൊണ്ട് മുറിയുന്നത്
√ മദ്യപാനം
√ കാൻസർ
√ എയ്ഡ്സ്
√പൂപ്പൽ അണുബാധ

Oral thrush എന്ന ഒരിനം പൂപ്പൽ അണുബാധയും leukoplakia പോലെ തോന്നാം. ഡോക്ടറെ കാണിച്ചു രോഗം നിർണ്ണയിക്കുക.

പല്ലിന്റെ ഡോക്ടറെ കാണിച്ചു പല്ല് കാരണമുണ്ടാകുന്ന leukoplakia ആണെങ്കിൽ അത് മാറുവാൻ ഡോക്ടർ പറയുന്ന നിർദ്ദേശങ്ങൾ സ്വീകരിക്കുക.

മറ്റു രോഗകാരണങ്ങളായ പുകയില ഉപയോഗം നിർത്തുക. മദ്യപാനം നിർത്തുക.

ഡോക്ടർ തരുന്ന ക്രീം പുരട്ടുക.., ഗുളികകൾ കഴിക്കുക.

ക്യാൻസർ സംശയമുണ്ടെങ്കിൽ ഡോക്ടർ ബയോപ്സി ചെയ്യുവാൻ നിർദ്ദേശിക്കാം. രക്ത ടെസ്റ്റുകൾ ചെയ്യുവാൻ നിർദേശിച്ചാൽ അവയും ചെയ്യുക.

യഥാ സമയത്തു ഡോക്ടറെ കാണിച്ചു മരുന്ന് വാങ്ങേണ്ടത് ആവശ്യമാണ്. സ്വയം വായിൽ പുണ്ണ് ആണെന്ന് തീരുമാനിച്ചു വായിൽ ഉപ്പ് വെള്ളവും കൊണ്ട് രോഗം മൂർച്ഛിക്കാതെയിരിക്കുവാൻ ശ്രദ്ധിക്കുക.

l1

---////------
ജൂലൈ 7 ഒ.പി യിൽ എന്നെ കാണിക്കാൻ വന്ന അച്ഛന്റെ നാക്കിന്റെ ചിത്രം അന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

പുകയില ഉപയോഗം മൂലം ക്യാൻസറാകുവാൻ സാധ്യതയുള്ള leukoplakia ആണെന്ന് സംശയം ഉള്ളതിനാൽ അദ്ദേഹത്തെ ഈ.ൻ.ടി ഡോക്ടറെയും, പല്ലിന്റെ ഡോക്ടറെയും കാണിക്കുവാൻ നിർദ്ദേശിച്ചിരുന്നു.

അദ്ദേഹത്തിന്റെ മൂർച്ചയുള്ള പല്ല് കൊണ്ട് മുറിഞ്ഞ ഭാഗം പല്ല് ഡോക്ടർ ഗ്രൈൻഡ് ചെയ്തു നീക്കം ചെയ്തു. അത് മാറ്റിയില്ലെങ്കിൽ chronic irritation മൂലം ഭാവിയിൽ ക്യാൻസർ വരുമായിരുന്നു.

ജൂലൈ 7 എന്റെ അടുത്തു വന്ന അച്ഛന്റെ നാക്കിന്റെ ചിത്രമാണ് ഒന്നാമത്തേത്. രണ്ടാമത്തെ ചിത്രം 10 ദിവസത്തിന് ശേഷം ഇന്ന് എടുത്തതാണ്.

2 ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം നിങ്ങൾ തന്നെ നോക്കി മനസ്സിലാക്കുക.

യഥാസമയത്ത് രോഗം വന്നാൽ ഡോക്ടറെ കാണിക്കുക. രോഗം മൂർച്ഛിച്ച് ഗുരുതര അവസ്ഥയിലേക്ക് പോകാതെയിരിക്കുവാനും തക്ക സമയത്തു ചികിൽസിച്ചു ഭേദമാക്കുവാനും സാധിച്ചേക്കാം.

ഒരുപാട് സന്തോഷം തോന്നി ആ അച്ഛനെ രോഗം മാറി ആരോഗ്യവാനായി കണ്ടപ്പോൾ.

ഡോ. ഷിനു ശ്യാമളൻ

Tags:
  • Health Tips