Friday 07 September 2018 11:34 AM IST : By സ്വന്തം ലേഖകൻ

‘ദൈവത്തിന് ഞങ്ങളെ ഇഷ്ടമല്ലെന്നാണ് അവർ പറയുന്നത്’; സ്വവർഗാനുരാഗിയായ ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ്

lgbt

സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലെന്ന ചരിത്ര വിധിയെ രാജ്യം ആവേശപൂർവ്വമാണ് ഏറ്റുവാങ്ങിയത്. ഒറ്റപ്പെടുത്തലുകളും അവഗണനകളും മാത്രം ബാക്കിയാക്കുന്ന ഒരു ജനസമൂഹത്തിന് ജീവിക്കാൻ ഊർജ്ജം പകരുന്നതാണ് സുപ്രീംകോടതിയുടെ പുതിയ വിധി.

സ്വവർഗാനുരാഗിയായതിന്റെ പേരിൽ സമാനതകളില്ലാത്ത അവഗണനകൾ നേരിടേണ്ടി വന്ന ഒരു ഡോക്ടറുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പലരുടേയും കണ്ണു തുറപ്പിക്കുകയാണ്. സഹപ്രവര്‍ത്തകരുടെ പരിഹാസ പാത്രമാകേണ്ടി വന്നിട്ടും തളരാതെ മുന്നോട്ടു പോകുകയായിരുന്നു നമ്മുടെ കഥാനായകൻ. വികലമായ മനസ്ഥിതിയുള്ളവരുടെ അടുക്കൽ സ്വവർഗാനുരാഗികൾ ചികിത്സ തേടിയാലുള്ള അവസ്ഥ മുന്നിൽക്കാണുകയായിരുന്നു അദ്ദേഹം. തുടർന്ന് അത്തരക്കാരെ ബോധവാൻമാരാക്കി മാറ്റുന്നതിനായി തന്റെ ജീവിതം അദ്ദേഹം മാറ്റിവച്ചു. 'ഹ്യൂമൻസ് ഓഫ് ബോംബെ' എന്ന ഫെയ്സ്ബുക്ക് പേജാണ് ഡോക്ടറുടെ പോരാട്ടത്തിന്റെ കഥ ലോകത്തെ അറിയിച്ചത്.

ഫെയ്സ്ബുക്ക്പോസ്റ്റ്;

ഞാനൊരു ഡോക്ടറായി ജോലി നോക്കുകയായിരുന്നു. എന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് എന്‍റെ വേഷവും രൂപവും അംഗീകരിക്കാനായില്ല. നഴ്സ്മാരാണ് എന്നോട് പറഞ്ഞത്. ഒരു ഡോക്ടര്‍ ഇങ്ങനെ മുടി നീട്ടി വളര്‍ത്തുന്നതും നടക്കുന്നതുമൊന്നും നല്ലതല്ലെന്ന്. എന്‍റെ മുടി കളര്‍ ചെയ്തിരിക്കുന്നതും അവര്‍ക്കിഷ്ടമായില്ല. അപ്പോഴൊക്കെ എന്‍റെ മുഖത്ത് നോക്കി പറയാനാകാത്തൊരു കാര്യം അവരെന്നെ അറിയിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞാനൊരു സ്വവര്‍ഗാനുരാഗി ആണെന്നതായിരുന്നു അവരുടെ പ്രശ്നം. ഒരു വലിയ ശതമാനം മെഡിക്കല്‍ വിഭാഗവും ഇപ്പോഴും സ്വവര്‍ഗാനുരാഗത്തോട് എതിര്‍പ്പുള്ളവരാണ്. ഞാനവരെ കുറ്റപ്പെടുത്തണോ? മെഡിക്കല്‍ ടെക്സ്റ്റ്ബുക്കുകള്‍ പോലും പറയുന്നത്, അതൊരു മാനസിക തകരാറാണെന്നോ, ലൈംഗികാവശ്യമാണെന്നോ ആണ്. പിന്നെ, അവര്‍ ദൈവത്തേയും കൂട്ടുപിടിക്കും. ഒരാള്‍ സ്വവര്‍ഗാനുരാഗി ആകുന്നത് അവരുടെ ദൈവത്തിനിഷ്ടമാകില്ലെന്നാണ് അവര്‍ പറയുന്നത്. 

എന്നാല്‍, ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഒരു സ്വവര്‍ഗാനുരാഗിയോട് അവര്‍‌ അങ്ങനെ പെരുമാറിയാലോ. അത് നല്ലതല്ല. ഞാന്‍ കരുതുന്നത് എല്ലാത്തരം ആള്‍ക്കാര്‍ക്കും നല്ല ആരോഗ്യ സംരക്ഷണം കിട്ടണമെന്നാണ്. അതിനായി, എനിക്കൊപ്പം നില്‍ക്കുന്ന സഹപ്രവര്‍ത്തകരെ കൂടെ കൂട്ടി ആശുപത്രിയില്‍ ചില പരിപാടികളെല്ലാം സംഘടിപ്പിച്ചു. എല്‍.ജി.ബി.ടി കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട സിനിമകള്‍ ഞങ്ങള്‍ പ്രദര്‍ശിപ്പിച്ചു, സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ നിലനില്‍ക്കുന്ന അനാചാരങ്ങളെ കുറിച്ച് സംഭാഷണം സംഘടിപ്പിച്ചു. അതോടൊപ്പം തന്നെ ഭിന്നലിംഗക്കാരായവര്‍ ചികിത്സയ്ക്കെത്തുമ്പോള്‍ അവരോട് എങ്ങനെ പെരുമാറണമെന്ന് ഡോക്ടര്‍മാരെ ബോധ്യപ്പെടുത്തി. 

ഞങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യാഥാസ്തിതികരായ ചില ഡോക്ടര്‍മാരെ ദേഷ്യം കൊള്ളിക്കുന്നുണ്ട്. അതുകൊണ്ട് , ഇക്കാര്യത്തില്‍ മെഡിക്കല്‍ സ്റ്റുഡന്‍റ്സിനെയും ബോധവല്‍ക്കരിക്കാനും ശ്രമിക്കുന്നുണ്ട്. അവരാണ്, നാളെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കേണ്ടവര്‍. വേരില്‍ നിന്നു തന്നെ വേണം തുടങ്ങാന്‍. ചികിസത്സിക്കേണ്ടത് ഹോമോഫോബിയയെ ആണ്. സ്വവര്‍ഗാനുരാഗികളെ അല്ല.