Thursday 09 August 2018 05:38 PM IST

‘വെൽകം ടു ഊളൻപാറ...’; സ്വന്തം നാടിനെക്കുറിച്ച് ഊളന്‍പാറക്കാര്‍ക്ക് എന്താണു പറയാനുള്ളത്?

Vijeesh Gopinath

Senior Sub Editor

oolan_para1
ഫോട്ടോ: രാജുസുന്ദരം

തനിക്ക് ഇഷ്ടമില്ലാത്തതു െചയ്യുന്നവരെയൊക്കെ ഊളന്‍പാറയ്ക്ക് അയയ്ക്കണമെന്ന് ഒരിക്കൽ മന്ത്രി പറഞ്ഞു. സ്വന്തം നാടിനെക്കുറിച്ച് ഊളന്‍പാറക്കാര്‍ക്ക് എന്താണു പറയാനുള്ളത്?

തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിലിറങ്ങി പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറിലേക്കു നടന്നു. രണ്ടുരൂപ കൈയിലെടുത്ത് ക്യൂവിന്റെ അറ്റത്തു നിൽക്കുമ്പോൾ ആകെയൊരു വെപ്രാളം. ചോദ്യം ചോദിക്കാൻ ‘ചാ ക്കോമാഷ്’ ക്ലാസിലെത്തുമ്പോഴുള്ള അതേ നെഞ്ചിടിപ്പ്.

‘‘എന്തര് ആലോചിക്കണ്?, എങ്ങാട്ട് പോണം?, സ്ഥലപ്പേര്കള് മറന്ന് പോയാ?’’

കണ്ണാടിക്കൂട്ടില്‍ നിന്ന് ഒറ്റശ്വാസത്തിലുള്ള മൂന്നു ചോദ്യ ത്തിനു മുന്നിൽ ബ ബ്ബ ബ്ബ അടിച്ച് ഒടുവിൽ ഒറ്റ മറുപടി. ‘ഊളൻപാറ’.

അകത്തിരിക്കുന്ന ആളൊന്നു ഞെട്ടി. പിന്നെ ചുണ്ടിൽ ചിരിയുടെ പിരിയിളകി. ‘‘എന്തര് ഊളംപാറയ്ക്കാ...’’ ആ അ ലർച്ച കേട്ട് പിന്നിൽ നിന്നവരൊന്ന് ആളിയോ? അതുവരെ നോക്കിയതു പോലെ അല്ലാത്ത, കെട്ടു പൊട്ടിയ മറ്റൊരു നോട്ടം... അയാള്‍ തന്ന ചീട്ടും വാങ്ങി ഒാട്ടോയ്ക്കടുത്തേക്കു നടന്നു നീങ്ങിയപ്പോൾ ഒരു കാര്യമുറപ്പായി ഊളന്‍പാറയെന്ന വാക്കിന് ‘ഒരിതുണ്ട്’. ചിരിയുടെ, ഭയത്തിന്റെ, കൗതുകത്തിന്റെ എല്ലാം മരുന്നുകള്‍ സമാസമം അരച്ചെടുത്ത ഭാവം.

സീനെല്ലാം കണ്ടു നിന്നതു കൊണ്ടാകാം ചിരിയുടെ മീറ്ററിട്ട് ഒാട്ടോ അണ്ണൻ പറഞ്ഞു, ‘‘കേറിക്കോ, ആള്‍ക്കാരുെട നോ ട്ടോം ചിരിയും കണ്ടു പേടിക്കണ്ട. ആ നാട് നിങ്ങൾ വിചാരിക്കുന്ന പോലൊന്നുമല്ല. മെന്റൽ ഹെൽത്ത് സെന്റർ മാത്രമല്ല അവിടെയുള്ളത്, അങ്ങോട്ടു പോകുന്നത് മാനസിക അസ്വാസ്ഥ്യം ഉള്ളവര്‍ മാത്രമാണെന്നും വിചാരിക്കണ്ട’’

സമാധാനമായി. കൂട്ടത്തിൽ ബോധമുള്ളവര്‍ ആരെങ്കിലു മൊക്കെയുണ്ട്. നാടിന്റെ വിശേഷങ്ങൾ അണ്ണൻ വീണ്ടും പ റഞ്ഞു െകാണ്ടിരുന്നു. ‘‘ആൾക്കാർക്ക് ഈ സ്ഥലപ്പേരു പ റയാൻ വലിയ മടിയാണ്. അവിടെ ഹിന്ദുസ്ഥാന്‍ ലാറ്റക്സും കേന്ദ്രീയ വിദ്യാലയവും പൊലീസ്ക്യാംപും എല്ലാം ഉണ്ട്. ചി ലർ കയറുമ്പോൾ പേരൂർക്കട എന്നാണു പറയാറുള്ളത്. അ വിടെ എത്തിയാൽ കുറച്ചും കൂടി മുന്നോട്ടു പോണമെന്നു പറയും. മാനസികാരോഗ്യ കേന്ദ്രത്തിലേക്കുള്ളവർ പോലും പേരൂർക്കട ആശുപത്രിയിലേക്കു പോണം എന്നാണാദ്യം പറയുക. ഞങ്ങളത് തെറ്റിധരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്ര ത്തിലേക്ക് കൊണ്ടുപോകും. അവിടെ എത്തുമ്പോഴാണ് ഇ വിടല്ല മെന്റൽ ആശുപത്രിയിലേക്കാണെന്നു കൂട്ടിച്ചേർക്കുന്ന ത്. ചുരുക്കം പറഞ്ഞാൽ എല്ലാവർക്കും ഊളന്‍പാറ എന്നു പ റയാനൊരു മടിയുണ്ട്.’’ ശാസ്തമംഗലത്തുള്ള വളവ് വീശിയെടുത്ത് ഒാട്ടോ ഇളകിയോടി.

പാരയാകുന്ന പേര്

തൃശൂരിനപ്പുറമുള്ളവർക്ക് കുതിരവട്ടം പോലെയാണ് തെക്കോട്ടുള്ളവർക്ക് ഊളന്‍പാറ. രണ്ടു സ്ഥലത്തും മാനസികാരോഗ്യ കേന്ദ്രങ്ങളുണ്ട് എന്നതു മാത്രമല്ല സമാനത. ആ പേരിനു ത ന്നെ ഒരു ചെറിയ തകരാറില്ലേ എന്ന സംശയം ആര്‍ക്കും തോ ന്നിയേക്കാം. വീടു കുതിര‘വട്ട’ത്താണോ എന്നും അവനെ ‘ഊളന്‍’പാറയ്ക്ക് വിടണം എന്നുമൊക്കെ ചോദിക്കുകയും പറയുകയും ചെയ്യുന്നത് പേരിലെ ആ ‘നേരിയ’ തകരാറുകൊണ്ടായിരിക്കാം. കേരളത്തിൽ മറ്റ് മാനസികാരോഗ്യ കേന്ദ്രങ്ങളുണ്ടെങ്കിലും പരിഹസിക്കാനായി ഉപയോഗിക്കുന്നത് കുതിരവട്ടവും ഊളന്‍പാറയും മാത്രമാണ്.

oolan_para2

അങ്ങനൊക്കെ അന്തം വിട്ടു ചിന്തിച്ചിരിക്കുമ്പോഴേക്കും ഒാട്ടോ കുലുക്കം നിർത്തി. മുമ്പിലതാ വലിയ കമാനത്തില്‍ വലിയ അക്ഷരങ്ങള്‍. മെന്റൽ ഹെൽത്ത് സെന്റർ, തിരുവനന്തപുരം. എഡി 1870. ഒന്നു ഞെട്ടി, ബോർഡില്‍ ഊളന്‍പാറ എന്നെഴുതിയിട്ടില്ലല്ലോ.

ഗ്രാമത്തിൽ നിന്നു പുറപ്പെട്ട്, നഗരത്തിലെത്താത്ത നാടാ ണ് ഇന്നും ഊളന്‍പാറ. ‘വട്ട’ത്തിലെത്താവുന്ന നാട്. തിരുവനന്തപുരത്തു നിന്നു വരുമ്പോൾ ശാസ്തമംഗലം പൈപ്പുമൂ ടു വഴിയും അപ്പുറം പേരൂർക്കട വഴിയും നടുക്കിരിക്കുന്ന ഇങ്ങോട്ടു വരാം. ജ്വല്ലറി, ഫാക്ടറി, എടിഎംകൾ ഇതൊക്കെ ഉണ്ടെങ്കിലും തൊട്ടടുത്തു തന്നെ ഒാലമേഞ്ഞ മാടക്കടയും അ തിനപ്പുറം വയലും കാണാം.

എച്ച് എൽ എൽ എന്ന ഹിന്ദുസ്ഥാൻ ലാറ്റക്സ് ലൈഫ്കെയർ ലിമിറ്റഡിന്റെയും അതിനടുത്തുള്ള എസ്ബിെഎയുടെയുമെല്ലാം ബോർഡിൽ ഊളന്‍പാറ എന്ന വാക്കു പോലും ഇല്ല. പേരിനൊരു ഗുമ്മില്ലാഞ്ഞിട്ടു മാറ്റിയതായിരിക്കുമോ? അതോ പരിഹാസത്തിൽ പരുക്കു പറ്റി പേരു മാറ്റാൻ തീരുമാനിച്ചതാണോ? എന്നാൽ കൃത്യം സ്ഥലപ്പേരുമായി നെഞ്ചു വിരിച്ചു നിൽക്കുന്നുണ്ട്,‌ ഗവൺമെന്റ് എൽപി സ്കൂൾ ഊളന്‍പാറ.

oolan_para4
ഗവൺമെന്റ് എൽപി സ്കൂൾ ഊളന്‍പാറ

‘‘ഒരുകാലത്ത് ഈ നാട്ടിൽ ഒരുപാടു പാറകളും അവിടെനിറയെ കുറുക്കന്മാരുമുണ്ടായിരുന്നു. കുറുക്കന്മാരെ ‘ഊളന്‍’ എന്നു നാട്ടിൻപുറങ്ങളിൽ വിളിക്കും. അങ്ങനെയാകാം ഊളന്‍പാറ എന്നു പേരു വന്നത്.’’ പ്രധാനാധ്യാപിക ആലീസ് ടീച്ചര്‍ സ്ഥലനാമത്തെക്കുറിച്ചു ക്ലാസെടുത്തു.

1920ലാണ് സ്കൂള്‍ തുടങ്ങുന്നത്. നാട്ടിലെ ആദ്യ സ്കൂൾ. തലമുറകള്‍ ‘തറ’യും ‘പറ’യും പഠിച്ച സ്ഥലം. പണ്ടിതൊരു ഒാലക്കെട്ടിടമായിരുന്നു. ഒരുപാടു കുട്ടികൾ. പിന്നെ, കുട്ടികളുടെ എണ്ണം കുറഞ്ഞു. ഇപ്പോൾ പ്രീ പ്രൈമറിയിൽ ഉൾപ്പെടെ നാൽപതോളം കുട്ടികളുണ്ട്.

‘‘പട്ടം സ്കൂളിൽ നിന്നാണ് ഹെഡ്മിസ്ട്രസ്സായി ഞാനിങ്ങോട്ടു വരുന്നത്.’’ ആലീസ് ടീച്ചര്‍ ഒാര്‍ക്കുന്നു. ‘‘ഏതു സ്കൂ ളിലേക്കാ പോകുന്നതെന്ന് ചോദിക്കുമ്പോൾ ഊളന്‍പാറ സ്കൂളിലേക്കെന്ന് പറയും. അതു കേൾക്കുമ്പോഴേ പലരും ചിരി തുടങ്ങും. അവിടെ ആശുപത്രിയല്ലേയുള്ളൂ സ്കൂളും ഉണ്ടോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഈ പരിഹാസത്തിനു മുന്നിലൊന്നും ഞാൻ വിഷമിച്ചില്ല.’’ ആലീസ് ടീച്ചർ പറയുന്ന തു കേട്ട് ബിൻസിടീച്ചറും അമലടീച്ചറുമൊന്നും കൈയടിച്ചില്ലെ ന്നേയുള്ളൂ.

ഇവിടുള്ള ചില ടീച്ചർമാരും അവരുടെ അമ്മമാരും ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട്. അന്നത്തെ കാലത്തെക്കുറിച്ചു പറയുന്നതു കേട്ടാൽ അദ്ഭുതം തോന്നും. ബെഞ്ചിലിരിക്കാൻ സ്ഥല മില്ലാത്തതു കൊണ്ട് നിലത്ത് മണ്ണിലിരുന്നു പഠിച്ചവരുണ്ട്. സ്ഥ ലപ്പേരു പറയാൻ മടിയുള്ളവരും കളിയാക്കുന്നവരുമൊക്ക നാ ടിനു പുറത്തുള്ളവരാണ്. അക്കൂട്ടത്തിൽ നാട്ടുകാരുണ്ടാകില്ല. ഉറപ്പ്. ഇപ്പോള്‍ മനസ്സിലായില്ലേ പേരിലല്ല, കേൾക്കുന്നവരുടെ മനസ്സിലാണു കുഴപ്പമെന്ന്.’’

അങ്ങനെ പരിഹസിക്കണോ...?

തനിക്കു ഹിതമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന സബ്കലക്ടറെ ഊളന്‍പാറയിലേക്കു വിടണമെന്നു പറഞ്ഞത് നാടു ഭരിക്കുന്ന മന്ത്രിയാണ്. സിനിമയിൽ എത്രയോ കഥാപാത്രങ്ങൾ ‘നിന്നെക്കൊണ്ടു പോയി ഊളൻപാറയിലാക്കു’മെന്നും ‘നിന്റെ നാടേതാ കുതിരവട്ടമാണോ’ എന്നും ചോദിക്കുന്നുണ്ട്. അങ്ങനെ അപഹസിക്കേണ്ട ഇടമാണോ ഊളന്‍പാറ. മാനസികരോഗാശുപത്രിയിലെ രോഗികൾ, ഇവിടുത്തെ നാട്ടുകാർ, മറ്റു സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ ഒക്കെയും പരിഹാസ സെല്ലുകളിൽ കിടക്കേണ്ടവരാണോ?

oolan_para3
കടയ്ക്കരികിൽ ശാന്ത

ഊളന്‍പാറ ഉൾപ്പെടുന്ന വട്ടിയൂർക്കാവ് എംഎൽഎ കെ.മുരളീധരൻ ശക്തമായ ഭാഷയിലാണ് ഇത്തരം അറിവില്ലായ്മകളോട് പ്രതികരിച്ചത്. ‘‘ഇത്തരം പരിഹാസങ്ങളെ അറിവില്ലായ്മ എന്നു തന്നെ വിളിക്കേണ്ടി വരും. മാനസികാരോഗ്യ കേന്ദ്രം മാ ത്രമല്ല അവിടെയുള്ളത്. മറ്റു പല പ്രമുഖ സ്ഥാപനങ്ങളുമുണ്ട്. പിന്നെ, മാനസിക രോഗത്തെ ഇങ്ങനെയാണോ വിലയിരുത്തേണ്ടത്. അവരെ അൽപം കരുണയോടെ കാണൂ. അവരും മനുഷ്യരാണ്. ആശുപത്രിക്കുള്ളിലൂടെ നടന്ന് അവരുടെ കഥകൾ കേൾക്കുമ്പോൾ ഒരിക്കൽ പോലും കളിയാക്കാൻ തോന്നില്ല. ഇങ്ങനെ പോയാല്‍ ഈ നാടിനെ പുച്ഛിക്കുന്നവർക്കെതിരേനാട്ടിലെ ജനങ്ങൾ പ്രതികരിക്കാനിറങ്ങും ഉറപ്പ്,’’

ഒാല മേഞ്ഞ ഒാർമകൾ

ഇനിയൊന്നു പുറത്തേക്കിറങ്ങാം, മാനസികാരോഗ്യ കേന്ദ്രത്തിന്റെ ബോർഡ് കടന്ന് എച്ച്എൽഎല്‍ കഴിഞ്ഞു നടക്കുമ്പോൾ ഒരു കുഞ്ഞുകട. ചിരിയോടെ ഒരമ്മൂമ്മ. മൺകലത്തിലെ തണു ത്ത മോരിളക്കി ഗ്ലാസിലേക്കൊഴിക്കുമ്പോൾ ശാന്തയമ്മൂമ്മയു ടെ ഒാർമകളിലൊരു ഷോക്കടിച്ചു. ഒന്നും രണ്ടുമല്ല വർഷം കുറേയായി ഒാലക്കടയുമായി ജീവിക്കുന്നു. പണ്ട് ചായയും ചെറിയ പലഹാരങ്ങളും പത്രങ്ങളും മാസികകളുമൊക്കെ ഉ ണ്ടായിരുന്നു. ഇപ്പോ മോരും പിന്നെ, കുപ്പികളിൽ കിടക്കുന്ന മിഠായിയും മാത്രം.

‘‘പത്തു നാൽപതു വർഷമായി ഞാൻ വരാൻ തുടങ്ങിയിട്ട്. അന്നു തൊട്ട് കാണാൻ തുടങ്ങിയതല്ലേ. കുറുക്കന്മാരുള്ളതു കൊണ്ടാണു പേരു കിട്ടിയതെന്നു പറയുന്നതു ശരിയാണ്. പണ്ടൊക്കെ വെളുപ്പിനെ കട തുറക്കുമ്പോൾ കുറുക്കന്മാർ ഇ തു വഴി ഒാടി പോകുന്നതു കണ്ടിട്ടുണ്ട്. ചിലപ്പോൾ നമുക്കു നേരെ ചാടിവരും. ഒാരിയിടുന്ന ശബ്ദവും കേട്ടിട്ടുണ്ട്. ചെവി പുറകോട്ടു പോയതാണോ അതോ കുറുക്കന്മാര്‍ പോയതു കൊ ണ്ടാണോ എന്നറിയില്ല. ഇപ്പോൾ ഒന്നും കേൾക്കാറില്ല.

പണ്ട് മാനസിക രോഗാശുപത്രിയിൽ നിന്നു രോഗികൾ ഇറങ്ങിയോടി വരാറുണ്ടായിരുന്നു. ചിലരു വന്നു വെള്ളം ചോദിക്കും. ഞാൻ കൊടുക്കും. കുടിച്ചു കഴിഞ്ഞ് ചിലർ ഗ്ലാസ് വലിച്ചെറിയും. പാത്രമൊക്കെ തട്ടിത്തെറിപ്പിക്കും, മാസികകളൊക്കെ വലിച്ചുകീറും. രോഗം ഭേദമായിക്കഴിഞ്ഞു കാണാൻ വന്നവരുണ്ട്. പണ്ടു നടന്നതൊന്നും ഒാർമയുണ്ടാകില്ല. ചായ കുടിച്ച് സന്തോഷത്തോടെ പോകും. ഇപ്പോളങ്ങനെ രോഗികളാരും വരാറില്ല..’’ ഇളകിയ പല്ലു കാണിച്ചുള്ള അമ്മൂമ്മച്ചിരിയോടെ ശാന്ത പറയുന്നു.

നേരെ വിട്ടു, വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്കി ന്റെ കൊടുങ്ങാനൂർ ബ്രാഞ്ചിലേക്ക്. മാനേജർ എസ്. സതികു മാരിക്കു നാടിനെക്കുറിച്ചു ചിലതു പറയാനുണ്ട്. സതികുമാരിയുടെ അച്ഛന്റെ വീട് ആശുപത്രിയുടെ മതിലിനോടു ചേർന്നായിരുന്നു. അതിനടുത്ത് കുടുംബക്ഷേത്രമായ എടക്കുളം ദേവീക്ഷേത്രം.

‘‘വയലും തെങ്ങിൻതോപ്പുമൊക്കെയുള്ള നാടായിരുന്നു അന്ന്. ഇപ്പോൾ‌ പലതും നികന്നു. ഒരുപാടു വീടുകൾ വന്നു. അന്ന് കോട്ടമതിലൊന്നുമില്ല. പകരം കമ്പിവേലിയായിരുന്നു. ചിലപ്പോൾ രോഗികളൊക്കെ വേലിക്കരികിലുള്ള തെങ്ങില്‍ വലിഞ്ഞു കയറും. എന്നിട്ട് തേങ്ങയൊക്കെ പുറത്തേക്ക് വലിച്ചെറിയും.’’ സതികുമാരി കുട്ടിക്കാലത്തെ ഒാര്‍മകളിലൂെട സഞ്ചരിച്ചു.

‘‘എനിക്ക് ഒരമ്മാവനുണ്ടായിരുന്നു. രോഗികൾക്കൊപ്പം വ രുന്നവരെ അദ്ദേഹം സഹായിച്ചിരുന്നത് ഒാർമയുണ്ട്. ഇന്നത്തെ പോലെ താമസിക്കാൻ മുറികളോ ഹോട്ടലുകളോ അന്ന് ഇവിടെയോ പേരൂർക്കടയിലോ ഉണ്ടായിരുന്നില്ല. സ്വന്തം വീ ട്ടിലെ ഒരു മുറി അവർക്കായി അദ്ദേഹം നൽകും. അവരുടെയൊ ക്കെ കഥകൾ കേട്ടാൽ നമുക്ക് വിഷമമാകും. അന്നൊക്കെ ‘ഭ്രാന്താശുപത്രി’ എന്നൊക്കെ അല്ലേ വിളിച്ചിരുന്നത്. ഇന്നാ അവസ്ഥകൾക്ക് വ്യത്യാസം വന്നു. സമൂഹം കുറച്ചെങ്കിലും കരുണയോടെ പെരുമാറാൻ തുടങ്ങി. ഒരു കാര്യമുറപ്പ്, ഈ നാട്ടിലുള്ളവർക്ക് നാടിന്റെ പേരു പറയാൻ ഒരു മടിയുമില്ല. അതു കേട്ട് ചിരിക്കുന്നവന്റെ മനസ്സിലാണ് രോഗം.’’

oolan_para5
റീത്ത മാനസികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ

ആശുപത്രിയല്ല, ആരോഗ്യ കേന്ദ്രം

ഭയത്തിന്റെ ചങ്ങലക്കണ്ണികൾ ഇളകുന്ന മനസ്സുമായി കയറേണ്ട ഇടമല്ല ഇന്ന് മാനസികാരോഗ്യ കേന്ദ്രം. ആശുപത്രി എന്ന പേരു പോലും ഇപ്പോഴില്ല. ഒ.പി.യില്‍ പുഞ്ചിരിമരുന്നുമായി നി ന്ന സിസ്റ്റർ റീത്ത പറയുന്നു.

‘‘മറ്റാശുപത്രികളെ പോലല്ല. കൊടുക്കുന്നതിന്റെ ഇരട്ടി സ്നേഹം തിരിച്ചു തരുന്ന ആരോഗ്യ കേന്ദ്രമാണിവിടെ. 1988ലാണ് ഞാനിവിടെ ചേരുന്നത്. ഒരു വർഷം ജോലിചെയ്ത ശേഷം പിന്നീട് 2013ല്‍ വീണ്ടും ഇങ്ങോട്ടെത്തി. പഴയ അവസ്ഥയിൽ നിന്ന് എത്രയോ മാറിയിരിക്കുന്നു ഇന്ന്. അടിസ്ഥാന സൗകര്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. എത്തുന്ന രോഗികളുടെ എണ്ണത്തിലും വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു.

മാനസികാരോഗ്യ കേന്ദ്രത്തെക്കുറിച്ച് ആളുകളിലൊരുപാടു തെറ്റിധാരണകളുണ്ട്്. ഷോക്കടിപ്പിക്കൽ മുതൽ പലതരം പീഡനങ്ങളിവിടെയുണ്ടെന്നാണ് ആളുകൾ കരുതുന്നത്, പക്ഷേ, അതിലൊന്നും കാര്യമില്ല, അവരുടെ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ് ആശ്വാസം പകരുന്നവരാണ് ഏറെയും. ഇതിനുള്ളിലെ ഒാരോ വ്യക്തിയും ഒാരോ കഥകള്‍ തന്നെയാണ്.’’

മാനസികാരോഗ്യ കേന്ദ്രം ഇന്ന്

1870ൽ തിരുവിതാംകൂർ മഹാരാജാവാണ് ഊളന്‍പാറയിലെ മാനസികാരോഗ്യ കേന്ദ്രം സ്ഥാപിച്ചത്. ക്ഷയവും കു ഷ്ഠവും മാനസികരോഗവും ഉൾപ്പെടെ അന്നു മാറാരോ ഗങ്ങളെന്നു മുദ്രകുത്തിയ അസുഖങ്ങൾക്കായാണ് സ്ഥാപിച്ചത്. മാറാരോഗം എന്ന തെറ്റിധാരണ തന്നെ കാലക്രമത്തിൽ മാഞ്ഞു പോയി.

മുൻകാലങ്ങളിൽ കൂട്ടിരിപ്പുകാർ കൂടെനിന്നു ചികിത്സി ക്കുന്ന രീതി ഉണ്ടായിരുന്നില്ല. പ്രവേശിക്കപ്പെടുന്നവർ സ മൂഹത്തിൽ നിന്നു തിരസ്കരിക്കപ്പെടുന്നവരായിരുന്നു. ജീ വിതാവസാനം വരെ ആശുപത്രിയിൽ കിടക്കാൻ വിധിക്ക പ്പെട്ടവര്‍. ആ അവസ്ഥയ്ക്കും ഇന്നു മാറ്റം വന്നു.

‘‘അഞ്ഞൂറ്റി മുപ്പതോളം കിടക്കകളാണിവിടെയുള്ളത്. മുപ്പതു വയസ്സിനു മുകളിലേക്കുള്ള രോഗികളാണു കൂ ടുതലും.’’ മാനസികാരോഗ്യ കേന്ദ്രം ഡയറക്ടർ ‍ഡോ.ജെയ്സി പറയുന്നു. ‘‘നെയ്ത്തു കേന്ദ്രം, ബ്രഡ്മേക്കിങ് യൂണിറ്റ്, ലോഷൻ കിറ്റ് നിര്‍മാണം തയ്യൽ പരിശീലനം, കുട നിർമാണം, സോപ്പ് നിർമാണം, ബുക്ക് ബൈൻഡിങ് യൂണിറ്റ്, അഗ്രികൾച്ചറൽ യൂണിറ്റ്. അങ്ങനെ പലതും.

പുറത്തുള്ളവർ ഭയത്തോടുകൂടി പറയുന്ന ഒന്നും ഇവിടെയില്ല. നിയമപരമായ സഹായം കൂടി നൽകുന്നുണ്ട്. ചികിത്സാ രീതിയും മരുന്നുകളും ഒരുപാടു മാറി. വലിയ പു രോഗതിയുണ്ടായി.’’ ഡോ.ജെയ്സി പറയുന്നു.

മുപ്പത്താറേക്കർ സ്ഥലത്തേക്കാള്‍ വലിയ മനസ്സുള്ളവരാണ് അതിനുള്ളിലുള്ളത്. അതിന്റെ ഏതോ കോണിൽ ചെറിയ തിരയിളക്കങ്ങളിൽ പെട്ട് ഉലഞ്ഞു പോയ, പാലങ്ങളില്ലാ തുരുത്തിൽ അകപ്പെട്ടവർ‌. ലഹരിച്ചുഴികളിൽ മുങ്ങിത്താണ് നിലയറ്റു വീണവർ. ആരോഗ്യകേന്ദ്രത്തിന്റെ വരാന്തകളിൽ, ഇരിപ്പിടങ്ങളിൽ, സെല്ലുകളിൽ നിന്ന് അവർ നോക്കുന്നുണ്ട്. പാ ഴായി പോകുമെന്നുറപ്പുള്ള ചില ചിരികൾ എയ്തിടുന്നുണ്ട്. അതുകൊണ്ട്, ചങ്ങാതീ ഈ നാടിനെ പരിഹസിക്കും മു പ് നിങ്ങളൊന്ന് ഈ വഴി വരിക. മനസ്സിന്റെ വഴുക്കലുള്ള വരമ്പിലൂടെയാണ് സഞ്ചാരമെന്നു തിരിച്ചറിയുക.