Monday 23 April 2018 12:23 PM IST : By സ്വന്തം ലേഖകൻ

'എന്റെ പിറന്നാള്‍ ദിനത്തില്‍ ദൈവം പ്രാര്‍ത്ഥന കേട്ടു, അവളുടെ ശരീരം കണ്ടെത്തി!' ഹൃദയഭേദകമായി ഇലീസിന്റെ കുറിപ്പ്

liga-and-sister

സഹോദരിയുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത ഇലീസിന്റെ ചെവിയിലെത്തിയതു സ്വന്തം പിറന്നാൾ ദിവസം. 20ന് ആയിരുന്നു പിറന്നാൾ. പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ സ്വന്തം നിലയ്‌ക്ക് അന്വേഷിക്കുകയായിരുന്നു ഇലീസ്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിലും മറ്റും ലിഗയുടെ ചിത്രമുള്ള പോസ്റ്ററുകൾ പതിച്ച ശേഷം ബേക്കലിലെത്തിയപ്പോഴാണു പൊലീസിന്റെ വിളിയെത്തിയത്.

"പിറന്നാള്‍ ദിനത്തിനു തലേദിവസം ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചത് എന്റെ സഹോദരി എവിടെയാണ് എന്നറിയാൻ പറ്റണെ അവളെ കണ്ടുകിട്ടണേ എന്നു മാത്രമാണ്. പിറന്നാൾ ദിനത്തിൽ ദൈവത്തോടു വരമായി ചോദിച്ചതു സഹോദരിയെ തന്നെയായിരുന്നു. എവിടെയുണ്ടെങ്കിലും കാണിച്ചു തരണം, ഈ അജ്ഞത സഹിക്കാവുന്നതിനും അപ്പുറമാണ്. ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു രണ്ടു ചെറുപ്പക്കാര്‍ അവളുടെ ശരീരം കണ്ടെത്തി. ഞങ്ങള്‍ക്ക് അവളോടുള്ള സ്‌നേഹം അനശ്വരമായിരിക്കും. ആളെ കണ്ടെത്താനുള്ള യാത്രയില്‍ ഒപ്പം നിന്ന എല്ലാവർക്കും ഞങ്ങളുടെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു."– ലിഗയുടെ മൃതശരീരം കണ്ടെത്തിയതിനുശേഷം സഹോദരി ഇലീസ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ.

അതേസമയം ലിഗയുടെ മൃതദേഹത്തിൽ ആയുധംകൊണ്ടു മുറിവേറ്റ പാടുകളില്ലെന്നു പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ലാത്‌വിയ സ്വദേശി ലിഗ(33)യുടെ കഴുത്തിലോ ശരീരഭാഗങ്ങളിലോ കുത്തോ വെട്ടോ ഏറ്റിട്ടില്ല. ‌മരിച്ച് ഏറെനാളായതിനാൽ തലയ്ക്കു മുകളിലുള്ള ഭാഗങ്ങൾ അഴുകി വേർപെട്ടതാകാമെന്നാണു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ സംശയിക്കുന്നത്.

മാർച്ച് 14ന് ആണു ലിഗയെ കാണാതാകുന്നത്. ഇവർ കോവളത്ത് ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങുന്നതിന്റെയും സിഗരറ്റ് വാങ്ങുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇവിടെനിന്നു തീരം വഴി നടന്നാകും വാഴമുട്ടത്തെ കണ്ടൽക്കാടു പ്രദേശമായ ചേന്തിലക്കരിയിൽ എത്തിയതെന്നാണു നിഗമനം.  ഇവിടെ ഒതളമരം വ്യാപകമായുണ്ട്. മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുള്ള ലിഗ ഒതളങ്ങ കഴിച്ചിരിക്കാനുള്ള സാധ്യതയും പൊലീസ് സംശയിക്കുന്നു.

മരിച്ചതു ലിഗയാണെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചുവെങ്കിലും ശാസ്ത്രീയമായി കണ്ടെത്തുന്നതിനു ഡിഎൻഎ പരിശോധനയ്ക്കുള്ള സാംപിൾ ഇന്നു രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിൽ അയയ്ക്കും. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണു വിശദ അന്വേഷണമെന്നു ഡിജിപി: ലോക്നാഥ് ബെഹ്റ അറിയിച്ചു. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സർക്കാർ ഏറ്റെടുക്കുമെന്നു കുടുംബാംഗങ്ങളെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. അടിയന്തര സഹായമായി അഞ്ചുലക്ഷം രൂപയും നൽകും.