Tuesday 22 October 2019 03:42 PM IST : By സ്വന്തം ലേഖകൻ

അഞ്ചുദിവസം മുൻപ് ലിസിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരുന്നതായി അലന്റെ സുഹൃത്തുക്കൾ; മരണത്തിൽ ദുരൂഹത!

AlanStanley_750

ന്യൂഡല്‍ഹിയിൽ മലയാളിയായ അമ്മയും മകനും മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്‌തതാകാമെന്നാണ് പൊലീസിന്റെ നിഗമനം. അമ്മയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് ഡല്‍ഹി പൊലീസ്‌ കേസെടുത്തു. കോട്ടയം പാമ്പാടി സ്വദേശി ലിസി, മകന്‍ അലന്‍ സ്‌റ്റാന്‍ലി (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. 

ഡൽഹി പിതംപുരയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസി. അതേസമയം സരായ്‌ കാലെഖാനില്‍ റെയില്‍വേ പാളത്തില്‍നിന്നാണ്‌ മകന്‍ അലന്റെ മൃതദേഹം കണ്ടെത്തിയത്‌. അലന്റെ മൃതദേഹത്തിനു സമീപത്തുനിന്നും ഡ്രൈവിങ്‌ ലൈസന്‍സ്‌ ഉൾപ്പെട്ട ഏതാനും രേഖകള്‍ എന്നിവ പൊലീസിന് ലഭിച്ചിട്ടുണ്ട്‌.

ഡല്‍ഹിയിലെ ഒരു സ്വകാര്യ കോളജില്‍ അധ്യാപകനായിരുന്നു അലൻ. ഡല്‍ഹി ഐഐടിയില്‍ ഫിലോസഫിയില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന അലന്‍ കഴിഞ്ഞ വര്‍ഷമാണ് ജോലിയിൽ പ്രവേശിച്ചത്‌. രണ്ടുമാസം മുൻപ് ഡല്‍ഹിയിലെത്തിയ ലിസി മകനൊപ്പം താമസം ആരംഭിക്കുകയായിരുന്നു.

അലന്റെ സുഹൃത്തുക്കളാണ് ലിസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പിന്നീട് നടന്ന അന്വേഷണത്തിലാണ് അലന്റെ മൃതശരീരം റെയിൽ പാളത്തിൽ കണ്ടെത്തിയത്‌. അഞ്ചുദിവസം മുൻപ് അലൻ അമ്മയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്‌. എന്നാല്‍, ലിസി ആത്മഹത്യ ചെയ്യാൻ കൂട്ടാക്കിയിരുന്നില്ല.

തൊടുപുഴ മങ്ങാട്ടുകവലയില്‍ താമസിച്ചിരുന്ന നെയ്യശേരി കുളങ്ങരത്തൊട്ടിയില്‍ കെ. ജോണ്‍ വില്‍സന്റെ രണ്ടാം ഭാര്യയും മകനുമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്‌. കഴിഞ്ഞ വര്‍ഷം ജോണ്‍ വില്‍സനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ലിസിയുടെയും അലന്റെയും മരണം.

Tags:
  • Spotlight