Friday 01 February 2019 03:47 PM IST : By സ്വന്തം ലേഖകൻ

സ്നേഹക്കടലാണ് ഈ കുഞ്ഞേച്ചി; അനിയന് സ്നേഹമൂട്ടി നാലുവയസുകാരി; കണ്ണുനിറയ്ക്കുന്ന വിഡിയോ

little-sis

കണ്ണുനിറഞ്ഞു പോകുപോകും, ഇതു പോലൊരു ചേച്ചി തങ്ങൾക്കില്ലാതെ പോയല്ലോ എന്ന് അറിയാതെയെങ്കിലും നിനച്ചു പോകും. ഈ കുഞ്ഞനിയന്റേയും ചേച്ചിക്കുട്ടിയുടേയും സ്നേഹം അത്രയ്ക്കുണ്ട്. നിഷ്ക്കളങ്കമായ സ്നേഹപ്രകടനങ്ങളുമായി സോഷ്യൽമീഡിയയുടെ മനസു നിറയ്ക്കുന്ന രണ്ട് കുരുന്നുകളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. നാലോ അഞ്ചോ വയസ്സുമാത്രമേയുള്ളൂ ഈ ചേച്ചിക്ക്. എന്നാൽ അനിയനോടുള്ള സ്നേഹവും കരുതലും പ്രായപരിധികൾക്കും അപ്പുറമാണെന്ന് സോഷ്യൽമീഡിയ പറയുന്നു.

അടുപ്പിൽ വച്ച വലിയ പാത്രത്തിൽ നിന്നും സൂപ്പ് തയ്യാറാക്കി കുഞ്ഞ് ബൗളിലാക്കി എടുക്കുകയാണ് ഈ ചേച്ചി, പിന്നെ തീയിൽ ചുട്ടെടുത്ത ചോളവും. ഇവ രണ്ടുമായി കുഞ്ഞനിയന്റെ അടുത്തെത്തി അവനെയൂട്ടുകയാണിവൾ.

കുഞ്ഞനിയനെ ചേർത്തുപിടിച്ച് സൂപ്പ് തവിയിൽ കോരി, അതിന്റെ ചൂട് മാറ്റി അനിയന് പകര്‍ന്നു കൊടുക്കുകയാണ് ഈ കുഞ്ഞേച്ചി. ചൂടു ചോളവും പൊടിതട്ടിയെടുത്ത് കഴിക്കാനായി കൊടുക്കുന്നുണ്ട്. അനിയന് കൊടുക്കുന്നതിനിടെ ചേച്ചിക്കുട്ടിയും കഴിക്കുന്നുണ്ട്. ഈ സഹോദരങ്ങളുടെ സ്നേഹത്തിനു നൂറിൽ നൂറ്റൊന്നു മാർക്കുമായി സമൂഹമാധ്യമവുമുണ്ട്.