Monday 11 October 2021 01:01 PM IST : By സ്വന്തം ലേഖകൻ

‘അസുഖം അങ്ങേയറ്റം എത്തുമ്പോഴേ തിരിച്ചറിയൂ’: ലിവർ സിറോസിസ്: ശരീരം നല്‍കും സൂചനകൾ: വിദഗ്ധർ പറയുന്നു

liver-main

കരളിനെ ബാധിക്കുന്ന അസുഖങ്ങളിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന അസുഖമാണ് ലിവർ സിറോസിസ് (Liver Cirrhosis) അഥവാ മഹോദരം. ഒരിക്കൽ വന്നുകഴിഞ്ഞാൽ വിട്ടുപോകാത്തതും, കാലം കഴിയുംതോറും സ്ഥിതി മോശമാകുന്നതുമായ (progressive) ആയ ഒരു അസുഖം കൂടിയാണ് ലിവർ സിറോസിസ്. ഈ അസുഖം മൂലം കരളിന് രൂപത്തിൽ മാറ്റം സംഭവിക്കുകയും കരൾ ചുരുങ്ങുകയും, ചെറിയ മുഴകൾ പ്രത്യക്ഷപ്പെടുകയും, കരളിന്റെ പ്രവർത്തനത്തിൽ വൻതോതിൽ കുറവ് സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ കരളിന് രൂപമാറ്റം സംഭവിച്ച് അതിന്റെ പ്രവർത്തനം ആകെ താറുമാറാകുന്ന അവസ്ഥയെയാണ് സിറോസിസ് എന്ന് വിശേഷിപ്പിക്കുന്നത്.

● ലിവർ സിറോസിസിന്റെ കാരണങ്ങൾ

സിറോസിസിന് പ്രധാനമായ കാരണങ്ങളിലൊന്നാണ് മദ്യപാനം. കണക്കുകൾ പ്രകാരം കേരളത്തിലെ 35 മുതൽ 40 ശതമാനം വരെ രോഗികളിൽ ലിവർ സിറോസിസിൻറെയും കാരണം മദ്യപാനമാണ്. എന്നാൽ ഏകദേശം ഇതിന്റെ അത്ര തന്നെ അളവിൽ ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ കാരണവും സിറോസിസ് ഉണ്ടാകുന്നു എന്നുള്ളത് ഭയപ്പെടുത്തുന്ന വസ്തുതയാണ്.

നോൺ ആൽക്കഹോളിക് സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ് ( NASH ), നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ( NAFLD ) എന്നിവ മൂലമുണ്ടാകുന്ന ലിവർ സിറോസിസ് ആണിത്. വ്യായാമക്കുറവ്, അമിതവണ്ണം, ആഹാരത്തിൽ അമിതമായ അളവിൽ അന്നജം, കൊഴുപ്പ് എന്നിവയുടെ ഉപയോഗം, നിയന്ത്രണാതീതമായ പ്രമേഹം തുടങ്ങിയവ മൂലം ഫാറ്റി ലിവർ ഉണ്ടാവുകയും ക്രമേണ ഇത് മൂർച്ഛിച്ച് സിറോസിസ് ആയിത്തീരുകയും ചെയ്യുന്നു.

10-15% പേർക്ക് വൈറൽ ഹെപ്പറ്റൈറ്റിസ് എന്ന പേരിൽ ലിവർ ഇൻഫെക്ഷനുകൾ കാരണവും സിറോസിസ് ഉണ്ടാകുന്നു. ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ വൈറസുകൾ മൂലം കരളിനുണ്ടാകുന്ന അണുബാധ സിറോസിസ് ആയി മാറി കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇതിനെല്ലാമുപരി, ചിലർക്ക് ജനിതക തകരാറുകൾ മൂലം ചെമ്പ്, ഇരുമ്പ് എന്നീ ലോഹങ്ങൾ കരളിൽ അടിഞ്ഞുകൂടി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും സിറോസിസിനു കാരണമാകുന്നു. ശരീരത്തിന് എതിരെ ശരീരം തന്നെ പ്രവർത്തിക്കുന്ന ഓട്ടോ-ഇമ്മ്യൂൺ എന്ന അവസ്ഥ, ചില മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയും ലിവർ സിറോസിസിനു കാരണമാകാറുണ്ട്.

സിറോസിസ് വന്നുകഴിഞ്ഞാൽ കരളിന്റെ പ്രവർത്തനക്ഷമത കുറയുകയും, രോഗലക്ഷണങ്ങൾ ഓരോന്നായി പ്രത്യക്ഷപ്പെടുകയും ചെയ്യും. കരൾ എന്നത് ഒരുപാട് നീക്കുപോക്കുകൾ ചെയ്യാൻ കഴിവുള്ള ഒരു അവയവമാണ്. അതിനാൽ തന്നെ പ്രവർത്തനം കുറയുമ്പോൾ പോലും ശരീരം അത് പുറത്ത് കാണിക്കണമെന്നില്ല. അസുഖം കൂടുതലായി, കരൾ തകരാറിലാവുന്ന അവസ്ഥയിൽ മാത്രമേ നമ്മൾ പലപ്പോഴും അത് തിരിച്ചറിയൂ. ഇത് ലിവർ സിറോസിസ് എന്ന അസുഖത്തിന്റെ അപകടം വർദ്ധിപ്പിക്കുന്നു.

● രോഗലക്ഷണങ്ങൾ എന്തൊക്കെ?

പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാത്ത ക്ഷീണം, കാലിൽ നീര് എന്നിവയാണ് സിറോസിസിന്റെ പ്രാഥമിക ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്തോറും വയറിൽ നീര്, വയർ വീർക്കുക, രക്തം ഛർദ്ദിക്കുക തുടങ്ങിയ ഗുരുതരമായ രോഗലക്ഷണങ്ങളിലേക്ക് മാറുന്നു. ഈ ലക്ഷണങ്ങൾ കാണുന്ന സമയത്ത് തന്നെ വേണ്ട പരിശോധനകൾ നടത്തിയാൽ രോഗം കണ്ടുപിടിക്കാൻ സാധിക്കും. ചിലപ്പോൾ ലിവർ സിറോസിസ് കരൾ കാൻസറിന് കാരണമാകാം. ഇത്തരം ക്യാന്സറാണ് HCC ( Hepato Cellular Cancer). സ്കാനിംഗിലൂടെയും രക്തപരിശോധനയിലൂടെയും ഇത് തിരിച്ചറിയാൻ സാധിക്കും.

●രോഗനിർണയം എങ്ങനെ?

മദ്യപരുടെ കരൾ അമിതമദ്യപാനം മൂലം നേരത്തെതന്നെ തകരാറിലായിട്ടുണ്ടാവാം. ലിവർ ഫംഗ്ഷൻ പരിശോധനകളിൽ മിക്കപ്പോഴും ഇത് തിരിച്ചറിയണമെന്നില്ല. അസുഖം മൂർച്ഛിച്ച് അങ്ങേയറ്റം എത്തുമ്പോഴാണ് പലപ്പോഴും LFT- കളിൽ വ്യതിയാനങ്ങൾ കാണപ്പെടുന്നത്. ചിലപ്പോൾ മറ്റൊരു അസുഖവുമായി ആശുപത്രിയിൽ പോകുമ്പോൾ, മറ്റെന്തെങ്കിലും പരിശോധനകളുടെ കൂട്ടത്തിൽ ചെയ്യുന്ന CT സ്കാൻ, രക്തപരിശോധനകൾ, എൻഡോസ്കോപ്പി എന്നിവയിലൂടെ ആകസ്മീകമായി സിറോസിസ് കണ്ടെത്താറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ രോഗിക്ക് സിറോസിസിന്റെ യാതൊരു രോഗലക്ഷണങ്ങളും മിക്കപ്പോഴും ഉണ്ടാകാരും ഇല്ല. പല സാഹചര്യങ്ങളിലും, രോഗികൾ മറ്റേതെങ്കിലും ശസ്ത്രക്രിയയ്ക്കായി നടത്തിയ പരിശോധനകളിൽ നിന്ന് ലിവർ സിറോസിസ് നിർണയിക്കാൻ സാധിച്ചിട്ടുണ്ട്. പക്ഷെ അപ്പോഴും, ലിവർ ഫങ്ക്ഷൻ ടെസ്റ്റ്‌ 'നോർമൽ' തന്നെ കാണിക്കാൻ സാധ്യതയുണ്ട് എന്നതാണ് മറ്റൊരു കാര്യം.

ഇപ്പോൾ അൾട്രാസൗണ്ട് ലൂടെയും എൻഡോസ്കോപ്പി യിലൂടെയും വളരെ നേരത്തെ തന്നെ ലിവർ സിറോസിസ് കണ്ടെത്താൻ സാധിക്കുന്നു.

● ചികിത്സ എങ്ങനെ, എപ്പോൾ?

രോഗം കണ്ടു പിടിച്ചു കഴിഞ്ഞാൽ സ്ഥിതി കൂടുതൽ മോശമാകാതിരിക്കാനുള്ള ചികിത്സ ഉടനെ തുടങ്ങുക. വൈദ്യശാസ്ത്രത്തിൽ ലിവർ സിറോസിസിനെ A, B, C എന്നീ മൂന്ന് വിഭാഗങ്ങൾ ആയിട്ടാണ് തിരിച്ചിട്ടുള്ളത്.

മരുന്നുകളിലൂടെ തന്നെ ചികിത്സിച്ച് മറ്റ് കുഴപ്പങ്ങൾ ഇല്ലാതെ കൊണ്ടുപോകാൻ സാധിക്കുന്ന അവസ്ഥയാണ് ആദ്യത്തേത്. കൃത്യമായ ആഹാരക്രമം, വ്യായാമം, പ്രോട്ടീൻ കൂടുതലുള്ളതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണം, അമിതവണ്ണം നിയന്ത്രിക്കൽ, ഹെപ്പറ്റൈറ്റിസ് വാക്സിനേഷൻ എടുക്കൽ എന്നിവയോടൊപ്പം കരളിനെ സംരക്ഷിക്കാനുള്ള മരുന്നുകൾ കൂടി ആകുമ്പോൾ ലിവർ സിറോസിസ് ദീർഘകാലത്തേക്ക് നിയന്ത്രിച്ച് കൊണ്ടുപോകാൻ സാധിക്കും.

എന്നാൽ ഒരു പരിധി കടന്നാൽ മരുന്നുകൊണ്ട് ഈ അസുഖത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. പിന്നീട് കരൾ മാറ്റി വയ്ക്കുക എന്നതാണ് ഏക പോംവഴി. ഇല്ലെങ്കിൽ രോഗം സങ്കീർണമാവുകയും അതുവഴി രോഗി മരണപ്പെടാനും സാധ്യതയുണ്ട്.

● കരൾ മാറ്റ ശസ്ത്രക്രിയയും രോഗികളും

വളരെ സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയയാണ് കരൾമാറ്റ ശസ്ത്രക്രിയ. ലിവർ സിറോസിസ് ബാധിച്ച ചില രോഗികളിൽ മാത്രമേ ഈ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കുകയുള്ളൂ. 70 വയസ്സിൽ താഴെയുള്ള, അത്യാവശ്യം നല്ല ആരോഗ്യസ്ഥിതിയുള്ള രോഗികൾക്കാണ് കരൾമാറ്റ ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നത്. ഹൃദയം, ശ്വാസകോശം തുടങ്ങി ശരീരത്തിലെ മറ്റ് അവയവങ്ങൾക്കും രോഗിയുടെ രക്തത്തിലും പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പിക്കാനുള്ള നീണ്ട പരിശോധനകൾക്ക് ശേഷമാണ് ഒരു രോഗിയെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കുന്നത്.

കരൾ മാറ്റ ശസ്ത്രക്രിയ പൊതുവെ 2 തരത്തിലുണ്ട്.

- Deceased Donor Liver Transplantation (DDLT)

മരണശേഷം ദാനം ചെയ്ത വ്യക്തികളുടെ കരൾ രോഗിയിൽ വച്ചു പിടിപ്പിക്കുന്നു.

-Living Donor Liver Transplantation ( LDLT)

അടുത്ത ബന്ധുക്കളിൽ നിന്നോ മറ്റോ കരൾ പകുത്തെടുത്ത് രോഗിയിൽ വച്ചു പിടിപ്പിക്കുന്നു.

പുനരുജ്ജീവനത്തിന് (regeneration) കഴിവുള്ള ഒരു അവയവമാണ് കരൾ. ദാതാവിന്റെ കരളിന്റെ പകുതിയോളം മുറിച്ച് മാറ്റി, ആ പകുതി രോഗിയിലേക്ക് വയ്ക്കുന്നു.

കരൾ പകുത്തു നൽകുന്ന ആൾക്ക് യാതൊരുവിധത്തിലുള്ള കുഴപ്പവും ഉണ്ടാവില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് അവരെ ദാതാവായി തെരഞ്ഞെടുക്കുന്നത്. ആരോഗ്യമുള്ള കരൾ ആണോ എന്ന് ഉറപ്പു വരുത്താനുള്ള ഗുണനിലവാര പരിശോധനകൾ, കരൾ മുറിച്ചെടുത്തതിനു ശേഷം ദാതാവിന്റെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയാനുള്ള പരിശോധനകൾ, ദാതാവിന്റെ കരൾ രോഗിക്ക് യോജിക്കുമോ എന്നും മറ്റുമുള്ള പരിശോധനകൾക്ക് ശേഷമാണ് ഒരാളെ കരൾ ദാതാവായി തെരഞ്ഞെടുക്കുക.

● കരൾ മാറ്റ ശസ്ത്രക്രിയ പ്രക്രിയകൾ

രോഗിക്കും ദാതാവിനും ഒരേ സമയം നടക്കുന്ന ശസ്ത്രക്രിയയാണ് കരൾമാറ്റ ശസ്ത്രക്രിയ. ഒരു സംഘം ഡോക്ടർമാർ അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഓരോ രക്തക്കുഴലുകൾ, പിത്തനാളി എന്നിവ മുറിച്ച്, ദാതാവിന്റെ കരൾ പകുത്തെടുത്ത ശേഷം പ്രശ്നങ്ങളില്ലാത്ത വിധം യോജിപ്പിക്കുന്നു. ഉടൻ തന്നെ രോഗിയിൽ ഇത് വച്ച് പിടിപ്പിക്കുന്നു.

● ശസ്ത്രക്രിയയ്ക്കു ശേഷം

കരൾമാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള പ്രധാന വെല്ലുവിളി, വച്ചുപിടിപ്പിക്കുന്ന കരൾ രോഗിയുടെ ശരീരം പുറന്തള്ളാൻ സാധ്യതയുണ്ട് എന്നുള്ളതാണ്. 90 ശതമാനം മാത്രമാണ് ഇതിന്റെ വിജയശതമാനം. അതായത് പത്ത് ശതമാനം പേർക്ക് ഈ ശസ്ത്രക്രിയ ഒരു പരാജയം ആവുകയും അതുവഴി മരണംവരെ സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പുതുതായി വച്ചുപിടിപ്പിച്ച കരൾ ശരീരം പുറന്തള്ളാതിരിക്കാനുള്ള മരുന്നുകളും രോഗപ്രതിരോധ ശേഷി വ്യത്യാസപ്പെടുത്താനുള്ള മരുന്നുകളും കൃത്യമായി നൽകുക എന്നുള്ളതാണ് ഇതിനുള്ള ഏക പോംവഴി. എന്നാൽ ഈ മരുന്നുകൾ ഒരളവിൽ കൂടുതൽ നൽകിയാൽ അണുബാധയ്ക്ക് കാരണമാകും എന്നതിനാൽ അതീവ ശ്രദ്ധയോടു കൂടി വേണം ഇവ നൽകാൻ. ഇൻഫെക്ഷൻ - റിജെക്ഷൻ എന്ന അതിസങ്കീർണമായ സന്തുലിതാവസ്ഥയിലൂടെയാണ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി കടന്നു പോകുന്നത്. കൃത്യമായ പരിശോധനകൾ നടത്തി ഈ സങ്കീർണ്ണതകൾ ഒഴിവാക്കേണ്ടതാണ്.

● ഡിസ്ചാർജും വിശ്രമവും

കരൾ പകുത്തു നൽകുന്ന വ്യക്തിക്ക് ഒരാഴ്ച കൊണ്ട് തന്നെ സാധാരണഗതിയിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സാധിക്കുന്നതാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും വിരളമാണ്. ക്രമേണ കരൾ അതിന്റെ സാധാരണ പ്രവർത്തനത്തിലേക്ക് തിരിച്ചു വരുന്നതാണ്.

കരൾ സ്വീകരിക്കുന്ന വ്യക്തിക്ക് ശരിയായ ആരോഗ്യ സ്ഥിതിയിലേക്ക് എത്താൻ കുറച്ചധികം സമയമെടുക്കും. എങ്കിലും ഒരു മാസത്തിനുള്ളിൽ തന്നെ ഡിസ്ചാർജ് ആവാൻ സാധിക്കാറുണ്ട്. പുതിയ കരൾ ക്രമേണ ശരീരം സ്വീകരിച്ച് തുടങ്ങുന്നതു മുതൽ, രോഗി കൃത്യമായി മരുന്നുകൾ കഴിക്കേണ്ടി വരും അതോടൊപ്പം തന്നെ ഡോക്‌ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ആരോഗ്യപരിശോധനകളും ചെയ്യേണ്ടതായിട്ടുണ്ട്. ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷം മരുന്നുകളുടെ എണ്ണവും ഡോസും കുറച്ചു കൊണ്ടുവരാൻ സാധിക്കും.

● ഫലപ്രാപ്തി

കരൾമാറ്റ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകൾക്കും ശേഷം രോഗിക്ക് ഒരു പുനർജന്മം ലഭിക്കുന്നു. ക്ഷീണം, രക്തം ഛർദ്ദിക്കൽ , നീര് കുത്തി എടുക്കൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ മറന്ന്, മികച്ച ജീവിതനിലവാരത്തിലേക്ക് എത്തിപ്പെടാൻ രോഗിക്ക് സാധിക്കുന്നു.

ഇന്ന് കരൾമാറ്റ ശസ്ത്രക്രിയ സർവ്വസാധാരണമായി മാറിയിരിക്കുന്നു. കേരളത്തിലെ പതിനഞ്ചോളം ആശുപത്രികളിൽ ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിവരുന്നു. ശാസ്ത്ര- സാങ്കേതിക വിദ്യയുടെയും വൈദ്യശാസ്ത്രത്തിന്റെയും പുരോഗതി കരൾരോഗ ചികിത്സാരംഗത്ത് ഫലപ്രാപ്തിയിൽ വർദ്ധന ഉണ്ടാക്കുവാൻ സഹായിച്ചിട്ടുണ്ട്.

കരൾ രോഗത്തിനുള്ള ഏറ്റവും നല്ല പ്രതിവിധി അത് വരാതെ നോക്കുക എന്നത് തന്നെയാണ്. മദ്യപാനം ഒഴിവാക്കുക, വ്യായാമം ശീലമാക്കുക, അമിതവണ്ണം, പ്രമേഹം എന്നിവ നിയന്ത്രിക്കുക, ആഹാരനിയന്ത്രണം ശീലമാക്കുക എന്നീ ചിട്ടകൾ പാലിക്കുന്നതിലൂടെ കരളിനു അസുഖം വരാതിരിക്കാൻ ശ്രദ്ധിക്കാം.

അസുഖം വന്നാൽ തുടക്കം തന്നെ കണ്ടുപിടിക്കാനുള്ള പരിശോധനകൾ നടത്തുക. അതിനുശേഷം അത് നിയന്ത്രിച്ച് നിർത്താൻ ശ്രമിക്കുക. മരുന്നുകൊണ്ടുള്ള ചികിത്സകൾക്ക് യാതൊരു ഫലവും ഇല്ല എന്ന അവസ്ഥയിൽ മാത്രമാണ് കരൾമാറ്റ ശസ്ത്രക്രിയയെ പരിഗണിക്കേണ്ടത്.

doctors ഡോ. ശൈലേഷ്, ഡോ. ബിജു

Inputs by:

Dr Sylesh Aikot, MS, DNB, FMAS, MCh

Sr. Consultant Liver Transplant and Gastro Surgeon

Dr. Biju I. K., MD, DM

Sr. Consultant Gastroenterologist