Thursday 17 November 2022 10:27 AM IST : By ആത്മജ വർമ തമ്പുരാൻ

‘എക്സ്ക്യൂസ് മീ, ഏതു കോളജിലാ?’; എൽഎൽബി റഗുലർ കോഴ്സിനു ഒന്നാം റാങ്ക് നേടി അൻപത്തഞ്ചുകാരി റെസി മാത്യു

resi.jpg.image.845.440

‘എക്സ്ക്യൂസ് മീ, ഏതു കോളജിലാ?’ 55 വയസ്സ് പിന്നിട്ട റെസി മാത്യുവിനെ കാണുമ്പോൾ നാട്ടുകാർ നടത്തിയിരുന്ന കുശലാന്വേഷണത്തിന് ഇപ്പോൾ ഉത്തരമായി. റെസി, ‘വക്കീൽ പരീക്ഷയ്ക്ക്’ പഠിക്കാൻ പോവുകയാണ്. കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാംപസിൽ കൗമാരങ്ങൾക്കൊപ്പം റെസി എൽഎൽബി റഗുലർ കോഴ്സിനു ചേർന്നു. കണ്ണൂർ സർവകലാശാല ലോ എൻട്രൻസ് പരീക്ഷയിൽ എസ്​സി / എസ്ടി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയാണ് കോട്ടയം ഏറ്റുമാനൂർ പുന്നത്തുറ വെസ്റ്റ് കണ്ണന്തറ മുല്ലക്കുഴിയിൽ റെസി മാത്യു (55) ക്യാംപസിൽ എത്തുന്നത്.

‘വിദ്യാധനമാണ് മഹാധനം’ എന്നു പറയുന്ന റെസിക്ക് ഇതുവരെ ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ല. രണ്ടു മക്കളുമൊത്ത് വാടകയ്ക്കായിരുന്നു താമസം. എൽഎൽബിക്കു പഠിക്കാൻ പോകുന്നതിനാൽ വാടകവീട് ഒഴിഞ്ഞു. കുട്ടികളെ അനുജത്തിയുടെ വീട്ടിലാക്കി. പരമ്പരാഗത കർഷക തൊഴിലാളി കുടുംബമാണ് റെസിയുടേത്. പാലാ അൽഫോൻസാ കോളജിൽ 1984 – 86 ൽ റെസി പ്രീഡിഗ്രിക്കു പഠിച്ചിരുന്നു. പഠനം പൂർത്തിയാക്കാനായില്ല. ജീവിത പ്രാരാബ്ധങ്ങളുടെ ഇടയിൽ തുടർപഠനവും നടന്നില്ല. കൂലി വേല ചെയ്താണ് കുടുംബം പോറ്റിയത്. 

പിന്നീട് 32 വർഷങ്ങൾക്കു ശേഷം 2018 ൽ സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സിലൂടെ പ്രീഡിഗ്രി വിജയിച്ചു. 52 –ാം വയസ്സിൽ അൽഫോൻസാ കോളജിൽ ബിരുദത്തിനു റഗുലർ ക്ലാസിൽ ചേർന്നു ചരിത്രം സൃഷ്ടിച്ചു. ഇപ്പോൾ നിയമപഠനത്തിനും ക്യാംപസിലെ പ്രായം കൂടിയ ‘വിദ്യാർഥിനി’യായി. കണ്ണൂർ സർവകലാശാലയുടെ ലോ എൻട്രൻസ് പരീക്ഷയാണ് വിജയിച്ചത്. ആദ്യ ബാച്ചാണ് ഇത്തവണ ആരംഭിക്കുന്നതെന്ന് എംജി സർവകലാശാല മുൻ വൈസ് ചാൻസലറും മഞ്ചേശ്വരം ക്യാംപസ് ഡയറക്ടറുമായ ഡോ. ഷീന ഷുക്കൂർ പറഞ്ഞു. 

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന റെസിക്ക് പാലാ അൽഫോൻസാ കോളജ് മുൻ പ്രിൻസിപ്പൽ സിസ്റ്റർ തെരേസ് മടുക്കക്കുഴിയാണ് ട്രെയിൻ ടിക്കറ്റിനും മറ്റുമുള്ള പണം നൽകിയത്. സിവിൽ എൻജിനീയറിങ് ഡിപ്ലോമ പാസായ അഞ്ജലി, ബിബിഎ വിദ്യാർഥി ആശിഷ് എന്നിവരാണ് മക്കൾ.

Tags:
  • Spotlight
  • Inspirational Story