Saturday 09 July 2022 11:41 AM IST : By സ്വന്തം ലേഖകൻ

ആപ് ഇൻസ്റ്റാൾ ചെയ്ത് വായ്പ എടുത്തു, മുഴുവനായും തിരിച്ചടച്ചു; എന്നിട്ടും അശ്ലീല പടങ്ങൾ അയച്ച് ഭീഷണി! തട്ടിപ്പിൽ നിന്നു രക്ഷപ്പെട്ട കഥ പറഞ്ഞ് യുവതി

loan-mobile.jpg.image.845.440

കോട്ടയം പാമ്പാടി സ്വദേശിയായ യുവതി (38) ഓൺലൈൻ തട്ടിപ്പിൽ നിന്നു രക്ഷപ്പെട്ട കഥ പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകും. ഭർത്താവിന്റെ മരണശേഷം പെട്ടെന്നുണ്ടായ ആവശ്യം നിറവേറ്റാനാണ് രണ്ടു മക്കളുടെ അമ്മ കൂടിയായ യുവതി ഓൺലൈനിൽ കണ്ട ആപ് ഇൻസ്റ്റാൾ ചെയ്ത് വായ്പ എടുത്തത്. പറഞ്ഞ തീയതിയ്ക്കുള്ളിൽ മുഴുവനായും തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാൽ, പിന്നീടാണ് ചൂഷണം ആരംഭിച്ചത്. പുതിയ യുപിഎ ഐഡി നൽകി കൂടുതൽ പണം ആവശ്യപ്പെട്ടു.

നൽകില്ലെന്നു പറഞ്ഞതോടെ വ്യക്തിഹത്യയും അപമാന പ്രചാരണവും ആരംഭിച്ചു. കോൺടാക്ടിലുള്ളവർക്ക് യുവതിയുടെ മോർഫ് ചെയ്ത പടങ്ങൾ അയച്ചതിനൊപ്പം വേശ്യാവൃത്തി ചെയ്താണ് ജീവിക്കുന്നത് എന്നു പ്രചരിച്ചു. ഫോട്ടോകൾക്കൊപ്പം ഇത്തരം പ്രചാരണം കൂടി കേട്ടതോടെ ബന്ധുക്കളും സുഹൃത്തുക്കളും അകന്നു. മാനസികമായി തകർന്നു ജീവനൊടുക്കാനൊരുങ്ങിയ യുവതിയെ സാഹസികമായാണു സുഹൃത്തുക്കൾ രക്ഷപ്പെടുത്തിയത്. സിം നശിപ്പിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ് യുവതി.

ജില്ലയിൽ ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും കെണിയിൽ അകപ്പെടുന്നുണ്ട്. ഈടില്ലാതെ കുറഞ്ഞ തുക ലോൺ നൽകുന്നതിലൂടെ വ്യക്തികളുടെ വിവരങ്ങൾ കൈക്കലാക്കി അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണു രീതി.

പല ആപ്പുകൾ ഉണ്ടെങ്കിലും ഇതിന്റെയെല്ലാം പിന്നിൽ ഒരേ സംഘമാണണെന്നു പൊലീസ് സംശയിക്കുന്നു. ഹരിയാന ജാർഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലെ ഫോൺ നമ്പറുകളും യുപിഎ ഐഡികളുമാണ് നൽകുന്നത്. അവിടത്തെ പച്ചക്കറി കടകളിലെയും തട്ടുകടയിലെയും യുപിഐ ഐഡിയിലേക്കാണു പറ്റിക്കപ്പെടുന്നവർ പണം അയച്ചിരിക്കുന്നത്.

‘ഓൺലൈൻ വഴിയുള്ള പണത്തട്ടിപ്പുകൾ കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പണമിടപാടുകൾ നടത്താൻ ഓൺലൈനിൽ കാണുന്ന ഇത്തരം വ്യാജ വെബ്സൈറ്റുകളിൽ പോകാതിരിക്കുക എന്നതാണ് പ്രധാനം. ലോണുകൾക്കായി വിശ്വസിക്കാവുന്ന ബാങ്കുകളെ സമീപിക്കാൻ ശ്രദ്ധിക്കണം. ഓൺലൈനിലെ അറിയാത്ത ആളുകളുമായി ചാറ്റ് ചെയ്യുന്നതും വീ‍ഡിയോ കോൾ ചെയ്യുന്നതും ഒഴിവാക്കണം. ഒട്ടേറെപ്പേർ പറ്റിക്കപ്പെട്ടിട്ടുള്ളതിനാൽ ഈ കേസ് ആവശ്യമെങ്കിൽ സ്പെഷൽ ബ്രാഞ്ചിന് കൈമാറും’. – ഡി. ശിൽപ, ജില്ലാ പൊലീസ് മേധാവി പറയുന്നു. 

Tags:
  • Spotlight