Wednesday 22 April 2020 04:27 PM IST

‘കേരളത്തിൽ നിന്ന് നോക്കിയാൽ ഈഫൽ ടവർ കാണാനാകും...പക്ഷേ, മനസ്സ് വയ്ക്കണം’! ഇതൊക്കെയൊന്നു ചെയ്തു നോക്കിയാലോ...

Ammu Joas

Sub Editor

ammu

പഞ്ചാബിലെ ജലന്ധറിൽ നിന്ന് നോക്കിയാൽ 120 മൈലുകൾക്കിപ്പുറം ഹിമാലയത്തിന്റെ സുന്ദരകാഴ്ച. ലോക്ഡൗൺ സമ്മാനിച്ച പ്രകൃതിയുടെ തെളിച്ചമുള്ള ദൃശ്യങ്ങൾ ലോകമാകെ പുഞ്ചിരിക്കുന്നുണ്ട്.

'ഇങ്ങു കേരളത്തിൽ നിന്ന് നോക്കിയാൽ അങ്ങ് ഈഫൽ ടവർ കാണാനാവുന്നത്ര ശുദ്ധമാണ് വായു' എന്നു വരെ ട്രോളന്മാർ സന്തോഷത്തോടെ പറയുന്നു. മലിനീകരണ തോത് ഉയർന്നു നിന്നിരുന്ന ഡൽഹിയിൽ നീലാകാശം കണ്ട സന്തോഷം പല പ്രമുഖരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

പക്ഷേ, കൊറോണക്കാലം കഴിയുന്നതോടെ പ്രകൃതി വീണ്ടും ശ്വാസം മുട്ടി തുടങ്ങും. ആകാശത്തേക്ക് ഒന്ന്ു നോക്കാൻ പോലും സമയമില്ലാതെ നമ്മൾ പഴയ തിരക്കുകളിൽ ഓടിത്തുടങ്ങുകയും ചെയ്യും.

വാഹനങ്ങളുടെ പുക, വ്യവസായ മേഖലയിൽ നിന്നുള്ള വാതകങ്ങൾ, നിർമാണ മേഖലയിലെ പ്രവർത്തനം എന്നിവ കുറഞ്ഞതാണ് അന്തരീക്ഷം ഇത്രയേറെ സുന്ദരമാകാൻ കാരണം. ഈ ‘ലോക് ഡൗൺ സാഹചര്യം’ തുടർന്ന് പോകുക എന്നത് സാധ്യമല്ല. പക്ഷേ, ഒന്ന് മനസ്സ് വച്ചാൽ മലിനീകരണം ചെറിയ തോതിലെങ്കിലും കുറയ്ക്കാൻ കഴിയും. ഈ ഭൗമദിനം അതിനുള്ള ഓർമപ്പെടുത്തലാണ്.

ലോകത്തെ തന്നെ ഏറ്റവും കൂടിയ വായുമലിനീകരണ തോതുള്ള ഇന്ത്യയിലെ പത്തോളം പട്ടണങ്ങൾ ഇപ്പോൾ ശുദ്ധവായു ശ്വസിച്ചു തുടങ്ങി. ലോക്‌‍ഡൗൺ മൂലം കഴിഞ്ഞ ഭൗമദിനത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ ശുദ്ധമാണ് വായു. ഇക്കഴിഞ്ഞ ഭൗമദിനത്തിന് (ഏപ്രിൽ 22, 2019) വായു ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്) 60, 60.11, 74.15 എന്നിങ്ങനെയായിരുന്നു യഥാക്രമം തിരുവന്തപുരം (പ്ലാമൂട്), കോഴിക്കോട് (പാളയം), കൊച്ചി (വൈറ്റില) എന്നിവടങ്ങളിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്നലെ 34,42,52 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക ഈ സ്ഥലങ്ങളിൽ യഥാക്രമം രേഖപ്പെടുത്തിയത്.

വായു ഗുണനിലവാര സൂചിക ഇങ്ങനെ

0-50: മലിനീകരണം തീർത്തും കുറവ്

51–100: തൃപ്തികരം

101–200: ചിലർക്ക് അനാരോഗ്യം

201–300: മോശം

301 –400: വളരെ മോശം

400ന് മുകളിൽ: രൂക്ഷം

∙ കടൽകാറ്റും ആവോളം മഴയും ലഭിക്കുന്നതിനാൽ കേരളത്തിൽ പൊതുവെ വായു ശുദ്ധമാണ്. എന്നിരുന്നാലും ഏകദേശം 5-10% വരെ ഓരോ വർഷവും മലിനീകരണം കൂടുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

∙ പൊതു ഗതാഗതം സ്വീകരിക്കുക എന്നതാണ് മലിനീകരണ തോത് കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രധാന കാര്യം. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സ്വകാര്യ വാഹനം വീട്ടിൽ വച്ച് ബസിൽ ഓഫിസിൽ പോകാം. അതല്ലെങ്കിൽ ഒരേ റൂട്ടിൽ വരുന്ന നാലോ അഞ്ചോ ആളുകൾ ഒന്നിച്ച് കാർ പൂളിങ് നടത്താം. വാഹനങ്ങളുടെ പുകയില്‍ നിന്നു വരുന്ന കാർബൺ വികിരണങ്ങൾ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണമാണ്.

∙ വേനൽ കാലത്ത് മലിനീകരണ തോത് ഉയരാറുണ്ട്. ഇതിന് ഒരു കാരണം എസി ഉപയോഗമാണ്. എസി യിൽ നിന്നുണ്ടാകുന്ന കാർബൺ എമിഷൻ വായു മലിനമാക്കും. അതിനാൽ എസി ഉപയോഗം പരമാവധി കുറയ്ക്കുക. ജനാലകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കുക വഴി വീടിനുള്ളിലെ ചൂട് കുറയ്ക്കാം. എക്സ്ഹോസ്റ്റ് ഫാൻ മുറിയിൽ പിടിപ്പിക്കുന്നതും ഗുണം ചെയ്യും.

∙ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ നൽകുന്ന മരങ്ങളും ചെടികളും വായു മലിനീകരണം കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഒരു കുടുംബത്തിലെ ഓരോ അംഗവും ഒരു മാസം ഒരു ചെറു മരമോ ചെടിയോ വീട്ടുവളപ്പിൽ നടുമെന്ന് ഉറപ്പിക്കുക. ചെറിയ മുറ്റമാണെങ്കിൽ അധികം ഉയരം വയ്ക്കാത്ത ചെറു മരങ്ങൾ നടാം. തൊടിയും പറമ്പും ഉള്ളവർക്ക് ‘മിയവാക്കി’ തന്നെ ഒരുക്കാം. അര സെന്റ് സ്ഥലത്ത് പോലും ചുരുങ്ങിയ മാസങ്ങൾ കൊണ്ട് സ്വാഭാവിക വനം ഒരുക്കുന്നതാണ് മിയവാക്കി എന്ന ജാപ്പനീസ് രീതി.

∙ മുറ്റവും പറമ്പും തൂത്തുവാരി കരിയിലയും ചപ്പുചവറുകൾ കത്തിക്കുന്നത് മിക്കവരുടെയും പതിവാണ്. ഇങ്ങനെ കത്തിക്കുമ്പോൾ പുറത്തേക്ക് വമിക്കുന്ന പുക വായു മലിനമാക്കും. പ്ലാസ്റ്റിക് പോലുള്ളവ കത്തിക്കുമ്പോഴുണ്ടാകുന്ന പുക ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും വഴി വയ്ക്കും. കരിയലകൾ മരത്തിന്റെ ചുവട്ടിൽ തന്നെ തൂത്തുകൂട്ടി ഇടുന്നതാണ് നല്ലത്. ഇത് ദ്രവിച്ച് മരത്തിന് വളമായി മാറിക്കൊള്ളും.

∙ മുറ്റത്ത് ഇല വീഴുന്നു എന്ന് തുടങ്ങി മരം വീണു വീടിന് അ പായമാകുമോ എന്ന പേടി വരെയുണ്ട് മുറ്റത്തെ മരം മുറിക്കുന്നതിന് കാരണം. മരം മുറിച്ച് മാറ്റാതെ കൊമ്പിറക്കിയാൽ ഒരു വിധം പ്രശ്നങ്ങൾ തീരും. വർഷങ്ങളോളം വളർച്ചയുള്ള വലിയ മരങ്ങൾ തണലൊരുക്കുകയും ചൂട് കുറയ്ക്കുകയും ചെയ്യുന്നു എന്നതും മറക്കേണ്ട. ആളപായം ഉണ്ടാകുന്ന സാഹചര്യത്തിൽ മരം മുറിക്കുക എന്നതെ നിവൃത്തിയുള്ളൂ.

∙ കൺസ്ട്രകഷൻ ജോലികൾ നടക്കുന്ന ഇടങ്ങളിൽ രാവിലെയും വൈകിട്ടും വെള്ളം ഒഴിക്കുന്നത് പൊടിപടലങ്ങൾ ഉയരാതിരിക്കാൻ സഹായിക്കും.

വിവരങ്ങൾക്കു കടപ്പാട്: ഡോ. സി. ടി അരവിന്ദകുമാർ, എംജി സർവകലാശാല പ്രോ വൈസ് ചാൻസലർ (പരിസ്ഥിതി വിഭാഗം പ്രഫസർ)