Monday 18 March 2019 04:09 PM IST : By സ്വന്തം ലേഖകൻ

കണ്ടാൽ ഒരു കൊച്ചു മിടുക്കിയാണെന്നേ തോന്നൂ; പക്ഷെ, ആളൊരു ഒന്നൊന്നര 'മുടിയൻ' ആണേ!

farukh2

കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. ഇതാരാ ഈ കൊച്ചു മിടുക്കിയെന്ന് അറിയാതെ ചോദിച്ചു പോകും. പ്രധാന ആകർഷണം നീണ്ട പനങ്കുല പോലുള്ള മുടി തന്നെ. നല്ല സ്റ്റൈലായി മുടി പിന്നിയിടാനും അറിയാം. പക്ഷെ, ഇതൊക്കെയാണെങ്കിലും അടുത്തു ചെന്ന് വിവരം തിരക്കിയാൽ ആരായാലും ഒന്ന് ഞെട്ടിപ്പോകും. കാരണം നിങ്ങൾ കരുതുന്നത് പോലെ ആളൊരു കൊച്ചു മിടുക്കിയല്ല, മിടുക്കനാ... മിടുമിടുക്കൻ! നല്ല ഒന്നൊന്നര മുടിയൻ. 

farukh1

ഫാറൂക് ജെയിംസ് എന്ന ഏഴു വയസ്സുകാരനാണ് ഇന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന മുടിയൻ. ഇൻസ്റ്റഗ്രാമിലെ താരമാണ്  ലണ്ടനിൽ നിന്നുള്ള ഈ കൊച്ചുമിടുക്കൻ. അരയൊപ്പം നീണ്ടു കിടക്കുന്ന നല്ല ചുരുളൻ മുടിയാണ് പ്രധാന ആകർഷണം. അമ്മ ബോണിയാണ് ഫാറൂക്കിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഈ കുട്ടി മോഡലിന് സൗജന്യ യാത്രകളും താമസ സൗകര്യവുമൊക്കെ ലഭിക്കാറുമുണ്ട്. 

farukh4

ആറു മാസം ഗർഭത്തിലായിരുന്നപ്പോഴും സ്കാനിൽ ഫാറൂഖിന്റെ മുടി ദൃശ്യമായിരുന്നു. ജനിച്ച് ആറാം മാസം ഒരു മോഡലിങ് ഏജൻസിയുമായി കരാറൊപ്പിട്ടു. മുടി വളരും തോറും ഫാറൂഖ് തിരക്കുള്ള ഒരു മോഡലായി മാറി. കഴിഞ്ഞ ലണ്ടൻ ഫാഷൻ വീക്കിലും ഫാറൂക്ക് താരമായിരുന്നു. അമ്മയാണ് ഫാറൂഖിന്റെ മുടി പരിചരിക്കുന്നത്. ഫാറൂഖ് അമ്മയുടെ എന്തിഷ്ടത്തിനും നന്നായി സഹകരിക്കും. മൂന്ന് ആഴ്ച കൂടുമ്പോൾ മുടിയിൽ കണ്ടീഷണറുകൾ ഉപയോഗിക്കും. ഒരു തവണത്തെ ഉപയോഗത്തിന് അരക്കുപ്പി കണ്ടീഷണർ വേണ്ടിവരും. 

farukh3

അതേസമയം പുറത്തുനിന്നും ഫാറൂഖിന്റെ മുടി മുറിപ്പിക്കാനുള്ള സമ്മർദ്ദവും ഏറുകയാണ്. മുതിർന്ന ക്ലാസ്സിലേക്ക് പോകുമ്പോൾ മുടി മുറിച്ചാലേ അഡ്മിഷൻ നൽകൂ എന്ന നിലപാടാണ് ഒട്ടുമിക്ക സ്കൂളുകൾക്കും. എന്നാൽ മുടി മുറിക്കുന്നത് ഫാറൂഖിന് ഒട്ടും ഇഷ്ടമല്ല. മുടി മുറിച്ചാലേ സ്കൂളിൽ പോകാൻ പറ്റൂ എങ്കിൽ ഞാൻ സ്കൂളിൽ പോകുന്നില്ല എന്നാണ് ഫാറൂഖ് പറയുന്നത്.