Friday 26 March 2021 03:35 PM IST : By സ്വന്തം ലേഖകൻ

‘ആറു കോടി രൂപയാണല്ലോ എന്നൊന്നും ചിന്തിച്ചതേയില്ല; പണിയെടുത്തു ജീവിക്കാനുള്ള ആരോഗ്യം ദൈവം തന്നിട്ടുണ്ട്’; നേരിന്റെ വഴി പറഞ്ഞ് സ്മിജ

smijaa334dfgfg

ആറു കോടി രൂപയുടെ പ്രലോഭനത്തിൽ വീഴാതെ നേരിന്റെ വഴി തിരഞ്ഞെടുത്ത വഴിയോര ലോട്ടറി വിൽപ്പനക്കാരി സ്മിജയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും താരം. സത്യസന്ധതയ്ക്കുള്ള അംഗീകാരമായി നിരവധിപേരാണ് സ്മിജയെ അഭിനന്ദിച്ചു മുന്നോട്ടുവരുന്നത്. ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് സ്മിജയ്ക്കുണ്ട്. 

"എന്നെ സഹായിക്കേണ്ട കാര്യമില്ല. കാരണം പണിയെടുത്തു ജീവിക്കാനുള്ള ആരോഗ്യം എനിക്കും ഭർത്താവിനും ദൈവം തന്നിട്ടുണ്ട്. 2011- 12 മുതൽ ലോട്ടറി കച്ചവടം നടത്തുന്നതാണ്. നല്ല നമ്പറുകൾ നോക്കി ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കുന്ന രീതിയില്ല. എന്റെ കയ്യിൽ ടിക്കറ്റ് ഇരുന്നാൽ തന്നെ ഞാനത് ആർക്കെങ്കിലും കൊടുക്കും. ഒരു ടിക്കറ്റ് പോലും വിൽക്കാതെ ബാക്കിയാകരുത്. എങ്കിലേ ബിസിനസ് നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പറ്റൂ... മാറ്റിവച്ച ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. ആറു കോടി രൂപയാണല്ലോ എന്നൊന്നും ചിന്തിച്ചതേയില്ല. 

സോഷ്യൽ മീഡിയയിൽ വൈറലായതോടെ എന്റെ പ്രൈവസി മുഴുവൻ നഷ്ടപ്പെട്ടു. ഞാനും ചേട്ടനും ടൂവീലറിൽ പോകുമ്പോൾ വിചിത്ര വസ്തുവിനെ പോലെയാണ് ഞങ്ങളെ നോക്കുന്നത്. ഞാൻ ചേട്ടനോട് പറഞ്ഞു ഞാൻ മിക്കവാറും ഇവിടന്ന് ഒളിച്ചോടി പോകുമെന്ന്. ഒരു ദിവസം നിരവധി കോളുകളും മെസേജുകളുമാണ് വരുന്നത്. നമ്പർ മാറ്റേണ്ടി വരുമെന്ന് തോന്നുന്നു. "-സ്മിജ പുഞ്ചിരിയോടെ പറയുന്നു. 

ആലുവ– മൂന്നാർ റോഡിൽ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു സമീപമാണ് സ്മിജയും ഭർത്താവ് രാജേശ്വരനും ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്നത്. ബിസിനസിനായി വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതു രണ്ടര വർഷം മുൻപ്. എസ്കെഎം ലോട്ടറീസ് എന്ന ഗ്രൂപ്പിൽ ഇപ്പോൾ 213 അംഗങ്ങളുണ്ട്. ഇവരിൽ 12 പേർ തമിഴ്നാട്ടിലും കർണാടകയിലും താമസിക്കുന്ന മലയാളികളാണ്. ഓരോ ലോട്ടറിയും ഇറങ്ങുമ്പോൾ തന്റെ പക്കലുള്ള നമ്പറുകൾ സ്മിജ വാട്സാപ്പിൽ ഇടും. ആവശ്യക്കാർ അതുനോക്കി ഇഷ്ടമുള്ള നമ്പർ തിരഞ്ഞെടുക്കുകയാണ് പതിവ്.

ലോട്ടറിയുടെ വില ഗൂഗിൾ പേ ചെയ്താൽ മതി. ടിക്കറ്റിന്റെ ഫോട്ടോ അവർക്ക് അയയ്ക്കും. ഒറിജിനൽ സ്മിജ സൂക്ഷിക്കും. ചെറിയ സമ്മാനങ്ങൾ അടിക്കുന്നവർക്ക് തുക ഗൂഗിൾ പേ ചെയ്തു നൽകും. നാട്ടിലുള്ളവരുടെ അടുത്തു നേരിട്ടുപോയി പണം വാങ്ങും. കാക്കനാട് ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന പ്രസ്സിൽ 450 രൂപ ദിവസക്കൂലിക്കാരായിരുന്നു സ്മിജയും രാജേശ്വരനും. രണ്ടാമത്തെ പ്രസവം കഴിഞ്ഞു കുട്ടിക്കു കാൻസർ വന്നതോടെ സ്മിജയ്ക്ക് ജോലിക്കു പോകാൻ കഴിയാതായി.

തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗമുള്ള മൂത്തമകന്റെ ചികിത്സയ്ക്കു മുൻകൂട്ടി പറയാതെ അവധി എടുത്തതിനു രാജേശ്വരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ലോട്ടറി തട്ടിൽ ഇരിക്കുന്നതു രാജേശ്വരനാണ്. സ്മിജ ടിക്കറ്റ് കൊണ്ടുനടന്നു വിൽക്കും. രണ്ടു മക്കളും അമ്മയും രോഗികളായതിനാൽ രാവിലെ 7 മുതൽ 3 വരെ മാത്രമേ റോഡരികിൽ ലോട്ടറി കച്ചവടമുള്ളൂ. ബാക്കി സമയങ്ങളിൽ ഓൺലൈൻ വഴിയാണ് വിൽപന. 

Tags:
  • Spotlight
  • Motivational Story