Tuesday 20 September 2022 11:11 AM IST : By എസ്.വി. രാജേഷ്

‘മതിറന്ന് സന്തോഷിക്കില്ല; കോടികൾ കിട്ടിയാലും, എന്റെ സ്ഥിരം തൊഴിലായ ഓട്ടോ ഓടിച്ചുതന്നെ ജീവിക്കും’: തിരുവോണം ബംപറടിച്ച അനൂപ് പറയുന്നു

anooplott56677

‘ലോട്ടറിയടിച്ച ദിവസം ഉറങ്ങി‍യില്ല. സന്തോഷം കൊണ്ടും, സന്ദർശകരെ കൊണ്ടും.. .ചാനലുകൾക്ക് അഭിമുഖം നൽകുന്നതിന്റെ തിരക്കിലായിരുന്നതിനാൽ ഇന്നലെയും വിശ്രമിക്കാൻ കഴിഞ്ഞില്ല. ടിക്കറ്റെടുത്ത ലോട്ടറി ഏജൻസിയിൽ വച്ചു തന്നെ കുറെ ആൾക്കാർ പണം ചോദിക്കാൻ തുടങ്ങിയിരുന്നു.  കുറെ ആളുകൾ മൊബൈലിൽ വിളിച്ചിട്ട് വീട്ടിലേക്കു വരാം, സംസാരിക്കാമെന്നൊക്കെ  പറഞ്ഞിട്ടുണ്ട്. ആലോചിക്കുമ്പോൾ ടെൻ‍ഷനുണ്ട്.. ഒരു സെക്കൻഡിൽ ജീവിതം മാറി..’– തിരുവോണം ബംപർ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ച ഓട്ടോ ഡ്രൈവർ ശ്രീവരാഹം സ്വദേശി ബി. അനൂപ് പറയുന്നു. 

ശ്രീവരാഹം മാർക്കറ്റ് ജംഗ്ഷനിൽ നിന്നു കഷ്ടിച്ച് ഒരാൾക്കു മാത്രം സഞ്ചരിക്കാവുന്ന വഴിയിലൂടെ  മാത്രമേ അനൂപിന്റെ മുക്കാൽ സെന്റിലുള്ള വീട്ടുമുറ്റത്ത് എത്താനാകൂ. ഇവിടേക്ക്  സന്ദർശകരുടെയും ബന്ധുക്കളുടെയും മാധ്യമങ്ങളുടെയും ഒഴുക്കാണ് രണ്ടാം ദിവസവും . ലൈവ് പരിപാടിക‍ളായിരുന്നു ഏറെയും. ഉച്ചയ്ക്കു ശേഷം ചാനൽ മുറികളിലേക്ക്. വൈകിട്ടോടെ വികാസ് ഭവനിലെ ലോട്ടറി ഡയറക്ടറേറ്റിലെത്തി  ടിക്കറ്റ് കൈമാറി.

കനറാ ബാങ്കിന്റെ മണക്കാട് ശാഖയിൽ ടിക്കറ്റ് ഞായറാഴ്ച തന്നെ കൈമാറിയിരുന്നു.രണ്ടു ദിവസത്തിനകം അനൂപിന്റെ അക്കൗണ്ടിൽ പണം എത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു ജില്ലാ ലോട്ടറി ഓഫിസ് അധികൃതർ അറിയിച്ചു. ലോട്ടറി കിട്ടുന്ന പണം എങ്ങനെ വിനിയോഗിക്കുന്നതി‍നെക്കുറിച്ചുള്ള ലോട്ടറി വകുപ്പിന്റെ പഠന ക്ലാസിൽ പങ്കെടുക്കാനൊ‍രുങ്ങുകയാണ് അനൂപും മായയും. 

കോടികൾ എന്തു ചെയ്യും?

‘എന്റെ മകൻ അദ്വൈ‍തിന്റെയും പിറക്കാൻ പോകുന്ന കുഞ്ഞിന്റെയും ഭാഗ്യമാണിത്. അവന്റെ കുടുക്കയിലെ 50 രൂപയാണ് എന്നെ കോടിപതിയാക്കിയത്. സമ്മാനത്തുക എന്തു ചെയ്യണമെന്നതി‍നെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കും. കിട്ടുന്ന കാശ് ഉപയോഗിച്ച് അടിച്ചുപൊളിക്കാനൊന്നും എന്നെ കിട്ടില്ല.  ഒരു കാര്യവും പ്ലാൻ ചെയ്തില്ല. വലുതായിട്ടൊന്നും അറിയില്ല.  സ്ഥിരനിക്ഷേപമാ‍ക്കാനാണു ആലോചന. അന്വേഷിച്ചും കണ്ടും തീരുമാനമെടുക്കും. ലോട്ടറിയടിച്ചതിന്റെ സന്തോഷത്തിൽ വിദൂര യാത്രയൊന്നും ഇല്ല. മതിറന്ന് സന്തോഷിക്കില്ല.

കോടികൾ കിട്ടിയാലും, എന്റെ സ്ഥിരം തൊഴിലായ ഓട്ടോ ഓടിച്ചു തന്നെ ഇനിയും ജീവിക്കും. ഒരു ഹോട്ടൽ നടത്തണമെന്നാണ് ആഗ്രഹം. റോഡ് സൈഡിൽ ഒരു വീടു വാങ്ങണം. കുറച്ചു പേരെ സഹായിക്കണം. സമ്മാനത്തുക സൂക്ഷിച്ച് വിനിയോഗിക്കുന്നതി‍നെക്കുറിച്ചും കേന്ദ്ര സർക്കാരിനു നികുതി അടയ്ക്കണമെന്നൊക്കെ ചില യുട്യൂബ് വിഡിയോകൾ കണ്ടു. അറിയാവുന്ന‍വരോട് ഇതേക്കുറിച്ച് ചോദിച്ചു മന‍സ്സിലാക്കും. ’ -അനൂപ് പറയുന്നു.  ബംപർ ടിക്കറ്റ് വിറ്റ ശേഷം നല്ല വിൽപനയാണെന്നു ഭഗവതി ലോട്ടറി ഏജൻസീസ് ഉടമ പി.തങ്കരാജൻ പറഞ്ഞു.

സഹായിക്കണേ സാറെ....

ലോട്ടറിയടിച്ച നിമിഷം മുതൽ അനൂപിന്റെയും മായയുടെയും ഫോണിലേക്ക് സഹായം അഭ്യർഥിച്ചുള്ള ഒട്ടേറെ കോളുകളു‍ടെയും വാട്സാപ് സന്ദേശങ്ങളുമെത്തി. കല്യാണം നടത്താൻ സഹായിക്കണമെന്നും, വീടു വയ്ക്കാൻ കനിയണ‍മെന്നുമുള്ള അഭ്യർഥ‍നകളാണ് ഏറെയും. സഹായം തേടി രണ്ടു ദിവസങ്ങളിലായി മുപ്പതോളം  പേർ  വീട്ടിലെത്തി. 

വഴിമാറിയ ഭാഗ്യം

ലോട്ടറി സീരിസിലെ ഒരു അക്ഷരം വഴുതി മാറിയപ്പോൾ രഞ്ജിതയ്ക്ക് നഷ്ടപ്പെട്ടത് 25 കോടി. സമാശ്വാസ സമ്മാനമായി കിട്ടിയത് 5 ലക്ഷം. നികുതിയും മറ്റും കിഴിച്ച് 3.15 ലക്ഷം രൂപ ഇന്നലെ തന്നെ സംസ്ഥാന ലോട്ടറി വകുപ്പ് രഞ്ജിതയുടെ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറി. തിരുവോണം ബംപർ ടിക്കറ്റിൽ ഒന്നാം സമ്മാനം ലഭിച്ചത്  TJ 750605 നമ്പർ ടിക്കറ്റിനായിരുന്നു. ഭവഗതി ലോട്ടറി ഏജൻസീസിലെ പഴവങ്ങാടി ശാഖയിൽ നിന്നാണു കുടപ്പനക്കുന്ന് ഇരപ്പുകുഴി കോള‍ശേരിക്കോണത്ത് പണയിൽ പുത്തൻവീട്ടിൽ വി.ബിനുവിന്റെ ഭാര്യയും എസ്പി ഫോർട്ട് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനുമായ രഞ്ജിത വി.നായർ ടിക്കറ്റെടുത്തത്. TG 750605  എന്ന ടിക്കറ്റാണു രഞ്ജിത എടുത്തത്. 25 കോടി ഒന്നാം സമ്മാനം ലഭിച്ച ശ്രീകാര്യം സ്വദേശി ബി.അനൂപ് ടിക്കറ്റ് എടുക്കുന്നതിനു തൊട്ടു മുൻപാണ് രഞ്ജിത ടിക്കറ്റെടുത്തത്.

കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു ഇതു വ്യക്തമായിരുന്നു. ഫലം വന്നപ്പോൾ ഒരു അക്ഷരത്തിന്റെ വ്യത്യാസത്തിന് 25 കോടി നഷ്ടപ്പെട്ടെങ്കിലും സമാശ്വാസ സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് രഞ്ജിത.  ആദ്യമായാണ് രഞ്ജിത, ഒറ്റയ്ക്ക് ലോട്ടറിയെടുത്തതെന്നും മുൻപ് കൂട്ടുകാർക്കൊപ്പം ചേർന്ന് ടിക്ക‍റ്റ് എടുക്കുമായിരുന്നുവെന്നും രഞ്ജിത പറയുന്നു. ഇന്നലെ വൈകിട്ടോടെ ലോട്ടറി ഡയറക്ടറേറ്റിൽ എത്തിയ രഞ്ജിത സമ്മാനാർഹമായ ടിക്കറ്റ് ഡയറക്ടർക്കു കൈമാറി.  നടപടികൾ വേഗത്തിൽ പൂർത്തിയാക്കി, ലോട്ടറി വകുപ്പ് അധികൃതർ  സമാശ്വാസ തുക ട്രഷറി മുഖേന രഞ്ജിതയുടെ അക്കൗണ്ടിലേക്കു കൈമാറി.  പഴവങ്ങാടി ഏജൻസിയിൽ നിന്നു തിരുവോണം ബംപർ ടിക്കറ്റെടുത്ത 9 പേർക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിച്ചു. 

നേട്ടങ്ങളുടെ, ഐശ്വര്യത്തിന്റെ സെപ്റ്റംബർ

അനൂപിന്റെയും മായയുടെയും ജീവിതത്തിൽ ഐശ്വര്യത്തിന്റെയും നേട്ടങ്ങളുടെയും സുവർണ മാസമാണ് സെപ്റ്റംബർ. ഇരുവരും വിവാഹിതരായത് സെപ്റ്റംബർ 15ന്. മായയുടെ പിറന്നാൾ 18 ന്. 25 കോടി ലോട്ടറയ‍ടിച്ചതും മായയുടെ പിറന്നാൾ ദിനത്തിൽ തന്നെ. ലോട്ടറി‍യടിച്ചതോടെ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞില്ലെന്നു മായയുടെ പരിഭവം.

more news...

Tags:
  • Spotlight