Friday 11 June 2021 11:22 AM IST

അച്ഛൻ ഹിന്ദു, അമ്മ ക്രിസ്ത്യൻ, മരുമകൾ മുസ്ലിം! തൃശൂരെ ബാബ്വേട്ടന്റെ വീട്ടിൽ പ്രണയമാണ് മതം; കയ്യടിക്കാം ഈ കുടുംബത്തിന്

Priyadharsini Priya

Sub Editor

babuettann555

പ്രണയത്തിനു മതമുണ്ടോ? 

ജാതീയമായ വേർതിരിവുകൾ ഉണ്ടോ? 

പ്രത്യേക ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടോ? 

പ്രണയത്തിൽ ഇതൊന്നുമില്ല, പരസ്പരം മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയുന്ന വിശാലമായ മനസ്സ് മാത്രം ഉണ്ടായാൽ മതിയെന്ന് പറയും തൃശൂർ കൊടകര കോടാലി സ്വദേശി ബാബു. അതു പറയാൻ ബാബുവിനോളം അവകാശം മറ്റാർക്കുമില്ല. കാരണം അദ്ദേഹത്തിന്റെ വീട് ഒരു സർവമത സംഗമവേദി കൂടിയാണ്. ബാബുവും മക്കളും പ്രണയിച്ചു വിവാഹം ചെയ്തപ്പോൾ, വീട്ടിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും സാന്നിധ്യമായി. അവരോടൊപ്പം അവരുടെ മതങ്ങളും പ്രാർഥനകളും വീടിനെ മുഖരിതമാക്കുമ്പോൾ അഭിമാനത്തോടെ അദ്ദേഹം പറയും, പ്രണയത്തിന് ജാതിയില്ല, മതവുമില്ല.. സ്നേഹം മാത്രം. 

പാലക്കാട് കൊടുവായൂർ സ്വന്തമായി ഹോൾസെയിൽ ടെക്സ്റ്റൈൽ സ്ഥാപനം നടത്തുകയാണ് ബാബു. കളിചിരികളും പ്രണയവും നിറഞ്ഞ സ്നേഹവും മാത്രമുള്ള സ്വന്തം വീട്ടുവിശേഷങ്ങൾ അഭിമാനത്തോടെ ‘വനിത ഓൺലൈനുമായി’ പങ്കുവയ്ക്കുമ്പോൾ ഒരു നാടിന് തന്നെ മാതൃകയാവുകയാണ് ഈ കുടുംബം. 

babuettan33

ആദ്യമെത്തിയ നസ്രാണി പെണ്ണ് 

ഞാനും ഭാര്യയും മൂന്നു മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഞാനും മക്കളും പ്രണയിച്ച് വിവാഹിതരായവരാണ്. ഞങ്ങൾക്ക് മതമില്ല, ജാതിയില്ല.. എന്റെ കുടുംബത്തിൽ ഹിന്ദു, ക്രിസ്ത്യാനി, മുസ്‌ലിം വിശ്വാസികളുണ്ട്. എന്റെ ഭാര്യ ബീനയാണ് കുടുംബത്തിൽ ആദ്യമെത്തിയ നസ്രാണി പെണ്ണ്. 1982 ലാണ് ഞാനും ബീനയും കണ്ടുമുട്ടുന്നത്. അന്ന് ഞാൻ കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ കേളകത്ത് ഒരു തുണിക്കടയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഞാൻ താമസിക്കുന്നതിന്റെ തൊട്ടടുത്താണ് ബീനയുടെ വീട്. അന്ന് ബീന പത്തിൽ പഠിക്കുകയാണ്. ഞങ്ങൾ പരസ്പരം കണ്ടു, പരിചയപ്പെട്ടു, നല്ല സുഹൃത്തുക്കളായി. രണ്ടു- മൂന്നു വർഷം പ്രണയിച്ചു. വീട്ടുകാർ അറിഞ്ഞതോടെ പ്രശ്നമായി. ചെക്കൻ ഹിന്ദുവാണല്ലോ? ആദ്യം നല്ല എതിർപ്പ് ഉണ്ടായെങ്കിലും അവർ പിന്നീട് വിവാഹത്തിന് സമ്മതിച്ചു. അവൾക്ക് 18 തികഞ്ഞപ്പോൾ ഞങ്ങൾ വിവാഹിതരായി. 

babuettan7

പപ്പേ, എന്നെ വിളിച്ചു കൊണ്ടുപോകാമോ?

ഞങ്ങൾക്ക് മൂന്നു മക്കളാണ്. രണ്ടാണും ഒരു പെണ്ണും. മൂത്തവൻ എബിൻ, രണ്ടാമൻ അരുൺ. രണ്ടുപേരും ഫോട്ടോഗ്രാഫർമാരാണ്. ഇളയമകൾ അഞ്ജന. മക്കൾ എബിനും അരുണും പ്രണയിച്ചാണ് വിവാഹിതരായത്. പക്ഷേ, എന്നെപ്പോലെ പെൺവീട്ടുകാരുടെ അനുവാദത്തിനൊന്നും കാത്തു നിന്നില്ല. രണ്ടുപേരും ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ കൈപിടിച്ചു കൂട്ടിക്കൊണ്ടുവന്നു. ഞങ്ങൾക്ക് പണ്ടേ എതിർപ്പില്ലല്ലോ? 

എബിൻ കമ്പ്യൂട്ടർ സെന്ററിൽ വച്ചാണ് ആർജിയെ കാണുന്നത്. അവൻ എന്നോട് ആ ഇഷ്ടത്തെ കുറിച്ച് ആദ്യം തന്നെ പറഞ്ഞിരുന്നു. ആർജി ഹിന്ദു പെൺകുട്ടിയാണ്. ഞാൻ മോളുടെ അച്ഛനോട് സംസാരിച്ചു. എബിന് വിവാഹം കഴിപ്പിച്ചു കൊടുക്കണമെന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. പിന്നെ മോൾക്ക് വേറെ കല്യാണം നോക്കി തുടങ്ങിയപ്പോൾ അവളെന്നെ വിളിച്ചു പറഞ്ഞു, "പപ്പേ എനിക്ക് വീട്ടിൽ വേറെ കല്യാണം നോക്കുന്നുണ്ട്." അങ്ങനെയാണ് മോൻ പോയി അവളെ വിളിച്ചുകൊണ്ടുവരുന്നത്. വിവാഹം ഞങ്ങൾ നടത്തിക്കൊടുത്തു. രണ്ടുപേരും ഇപ്പോൾ വളരെ ഹാപ്പിയാണ്. ബാംഗ്ലൂരിലാണ് താമസം, രണ്ടു കുട്ടികളുണ്ട്. ആർജിയുടെ വീട്ടുകാരുടെ പിണക്കം ഇതുവരെ മാറിയിട്ടില്ല എന്നതു മാത്രമാണ് ചെറിയ വിഷമം.

babuettan22

സുഹൃത്തിന്റെ മകൾ വധുവായി

ഇളയ മോൻ അരുണിന്റെ വിവാഹവും ഇതുപോലെ തന്നെയായിരുന്നു. അവന്റെ ഭാര്യ അൻസില ജാസ്മിൻ, മുസ്ലിം കുട്ടിയാണ്. അൻസിലയുടെ വീട്ടുകാർ കുടുംബ സുഹൃത്തുക്കൾ ആയിരുന്നു. അവർ പരസ്പരം നമ്പർ കൈമാറിയതും ചാറ്റിങ് തുടങ്ങിയതൊന്നും ആദ്യം ഞങ്ങൾ അറിഞ്ഞില്ല. ഇഷ്ടം വീട്ടിൽ പറഞ്ഞപ്പോൾ ഞങ്ങൾക്കെല്ലാം പൂർണ്ണ സമ്മതമായിരുന്നു. അൻസിലയുടെ വീട്ടുകാർ എതിർത്തു. ഒടുവിൽ മോളെയും വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവരേണ്ടി വന്നു. ഇപ്പോൾ രണ്ടു വർഷം ആകുന്നു അവരുടെ വിവാഹം കഴിഞ്ഞിട്ട്.

babuettan111

പാരമ്പര്യം കാത്ത് മകളും 

മകൾ അഞ്ജന എട്ടു വർഷമായി ആഷിക് എന്ന യുവാവുമായി പ്രണയത്തിലാണ്. പ്ലസ് ടു വിന് പഠിക്കുമ്പോൾ മൊട്ടിട്ട പ്രണയമാണ്. കോവിഡ് ഒന്നൊതുങ്ങിയാൽ അവരുടെ വിവാഹം നടത്തി കൊടുക്കണം. ഞങ്ങൾ വളരെ ഓപ്പൺ ആയി സംസാരിക്കുന്ന ഫാമിലി ആണ്. വീട്ടിൽ എല്ലാവരും സന്തോഷത്തോടെ ഇരിക്കണം. അതാണ് എന്റെ മതം. അതല്ലാതെ വലിയ തുക സ്ത്രീധനം വാങ്ങിയും കൊടുത്തുമൊക്കെ വിവാഹം അശ്ലീലമാക്കുന്നവരോട് എനിക്ക് എതിർപ്പാണ്. മനുഷ്യർ തമ്മിൽ ശുദ്ധമായ സ്നേഹമാണ് ഉണ്ടാകേണ്ടത്. അപ്പോൾ സന്തോഷവും സമാധാനവുമൊക്കെ കൂടെ വരും.

babuuu89900
Tags:
  • Spotlight
  • Relationship