Thursday 20 January 2022 11:39 AM IST : By സ്വന്തം ലേഖകൻ

കാമുകിയുടെ അമ്മയ്ക്ക് വൃക്കദാനം ചെയ്തു, പിന്നാലെ കാമുകി മറ്റൊരാളെ വിവാഹം കഴിച്ചു: വൈറൽ കഥ

kidney-fail

പ്രേമത്തിന് കണ്ണില്ലെന്ന് പൊതുവേ പറയാറുണ്ട്. പക്ഷേ അതിന്റെ പേരിൽ മാരകമായ ‘അംഗഭംഗം’ വരുമോ എന്ന് തമാശയായി പറയുകയാണ് സോഷ്യല്‍ മീഡിയ. പ്രണയത്തിനു വേണ്ടി സ്വന്തം വൃക്ക നൽകി ഒടുവിൽ അതിഭീകരമായി ചതിയേറ്റു വാങ്ങിയ ഒരു യുവാവിന്റെ കദന കഥയാണ് സോഷ്യൽ ലോകത്തെ സംസാര വിഷയം.

പ്രണയിച്ച പെൺകുട്ടിയുടെ അമ്മയ്ക്ക് സ്വന്തം വൃക്ക നൽകിയിട്ടും കാമുകി മറ്റൊരാളെ വിവാഹം കഴിച്ച സംഭവം ഞെട്ടലോടെയാണ് സോഷ്യൽ മീ‍ഡിയ ശ്രവിച്ചത്. മെക്‌സിക്കോയിൽ നിന്നുള്ള ഉസീൽ മാർട്ടിനെസ് എന്ന യുവാവാണ് പറ്റിക്കപ്പെട്ടത്.

പ്രണയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കാമുകിയുടെ അമ്മയ്ക്ക് വേണ്ടിയാണ് ഉസീൽ വൃക്ക ദാനം ചെയ്തത്. എന്നാൽ പിന്നീട് കാമുകി ബന്ധം വേർപിരിയുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. വൃക്ക അമ്മയ്ക്ക് ദാനം ചെയ്തതിന് ശേഷം ഒരു മാസത്തിനുള്ളിൽ കാമുകി ഉസീലിനെ ഉപേക്ഷിച്ചു. മെക്സിക്കോയിലെ ബജ കാലിഫോർണിയയിൽ നിന്നുള്ള അധ്യാപകനാണ് ഉസീൽ മാർട്ടിനെസ്.

ടിക്ടോക്കിൽ പങ്കുവച്ച വിഡിയോയിലാണ് ഉസീൽ തന്റെ അനുഭവം പറഞ്ഞത്.പിന്നാലെ വിഡിയോ വൻ വൈറലായി. ഏകദേശം 14 മില്യൺ കാഴ്ചക്കാരാണ് വിഡിയോയ്ക്ക് ലഭിച്ചതെന്ന് ഡെയ്​ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

താൻ കാമുകിയുടെ അമ്മയ്ക്ക് സ്വന്തം വൃക്ക ദാനം ചെയ്തപ്പോൾ അവർ മറ്റൊരാളെ വിവാഹം കഴിക്കുകയാണ് ചെയ്തതെന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പായി സ്പാനിഷ് ഭാഷയിൽ അദ്ദേഹം കുറിച്ചു. പ്രണയിച്ച പെൺകുട്ടിയുടെ അമ്മയുടെ ജീവൻ രക്ഷിക്കാൻ തന്റെ വൃക്കകളിൽ ഒന്ന് നൽകാമെന്ന് യുവാവ് സമ്മതിച്ചു. പിന്നാലെ ഓപ്പറേഷൻ നടത്തി വൃക്ക മാറ്റിവച്ചു. എന്നാൽ മാസം ഒന്ന് തികയുന്നതിന് മുൻപ് തർക്കിച്ച് പിരിഞ്ഞ കാമുകി തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചെന്നും യുവാവ് വെളിപ്പെടുത്തുന്നു. വിഡിയോ വൈറലായതോടെ, തനിക്ക് ആ പെൺകുട്ടിയോട് വിരോധമില്ലെന്നും അവരെ വെറുക്കുന്നില്ലെന്നും യുവാവ് പറയുന്നു. താൻ ഇപ്പോഴും പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. താങ്കൾ രക്ഷിച്ചത് ഒരു ജീവനാണെന്ന് ആശ്വസിപ്പിക്കുന്നവരെയും സൈബർ ലോകത്ത് കാണാം.