Saturday 15 December 2018 02:44 PM IST

ജഗതി ശ്രീകുമാറിനെ പഴയ ജഗതിയാക്കിത്തരാം, ഉറപ്പ്! കാസർകോട്ടെ പാരമ്പര്യ വൈദ്യന്റെ വാക്കുകൾ ഇങ്ങനെ

Binsha Muhammed

jagathy ചിത്രങ്ങൾ; ശ്രീകാന്ത് കളരിക്കൽ

‘അദ്ദേഹത്തിന്റെ ശരീരത്തിലൊന്നു തൊട്ടാൽ മതി...ആ നാഡീ ഞരമ്പുകളിലോടൊന്ന് വിരലോടിച്ചാൽ മതി, ധാരാളം... ആ മനുഷ്യന്റെ ദീനത്തിന് ഞാൻ പ്രതിവിധി പറയാം. ജഗതി ശ്രീകുമാർ പഴയ പോലെ എഴുന്നേറ്റ് നടക്കും, സംസാരിക്കും. ഇത് എന്റെ ഉറപ്പ്...’– സോഷ്യൽ മീഡിയയില്‍ അലസമായി പാറിപ്പറന്നു നടന്ന ഈയൊരു ഫോർവേഡ് മെസേജിന്റെ ഉള്ളുകള്ളികൾ തിരക്കിയുള്ള യാത്ര ചെന്നു നിന്നത് കാസർകോട് പരപ്പയിലെ ബാനമെന്ന കുഞ്ഞു ഗ്രാമത്തിൽ. അവിടെ കണ്ണെത്തിപ്പിടിക്കാൻ പാടുപെടുന്ന ക്യൂവിന്റെ നടുക്ക്...ഊഴം കാത്ത് നിൽക്കുന്ന അക്ഷമരായ രോഗികളുടെ ഇടയ്ക്ക് ആ മനുഷ്യൻ. കാസർഗോഡുകാരുടെ സ്വന്തം മാധവൻ വൈദ്യർ.

മനസും ശരീരവും തൊട്ടറിഞ്ഞ് മരുന്നിനെ മന്ത്രമാക്കി മാറ്റുന്ന പാരമ്പര്യ വൈദ്യം ക്ഷയിക്കുന്ന കാലത്ത് മാധവൻ വൈദ്യരുടെ പ്രസക്തിയെന്തെന്ന ചോദ്യം സ്വാഭാവികം. അലോപ്പതിയെ അവസാന വാക്കായി കാണുന്ന കാലത്ത് ഇക്കണ്ട പച്ചില വൈദ്യങ്ങൾ ഏൽക്കുമോ എന്ന് സംശയദൃഷ്ടിയെറിയുന്നവരും ഏറെ. എന്നാൽ സ്റ്റെതസ്കോപ്പും എക്സ്റേയും സ്കാനും കൊണ്ടളന്ന് ഡോക്ടർമാർ വിധിയെഴുതിയ ആയുസിന്റെ കണക്കു പുസ്തകം ഉള്ളുതൊട്ടറിഞ്ഞ വൈദ്യം കൊണ്ട് തിരുത്തിയെഴുതിയ ഭൂതകാലമുണ്ട് മാധവൻ വൈദ്യർക്കും അദ്ദേഹമുൾപ്പെട്ട മുൻതലമുറകൾക്കും.

jagaz

മരണവക്രത്തിൽ പിടഞ്ഞപ്പോൾ, ശരീരം പാതി തളർന്ന് പോയ നിമിഷങ്ങളിൽ, വൃക്കരോഗവും കരൾ രോഗവും പാവപ്പെട്ടവന് മരണത്തിന്റെ ചീട്ട് നൽകിയ സന്ദർഭങ്ങളിൽ അങ്ങനെ എത്രയോ മുഹൂർത്തങ്ങളിൽ നൂറുകണക്കിന് പേർക്ക് കാവലാളായി മാറിയിരിക്കുന്നു ഈ വൈദ്യൻ. ജീവന്‍ തൊട്ടറിഞ്ഞ ഭൂതകാലത്തിന്റെ പേരില്‍ മാത്രമല്ല മാധവൻ വൈദ്യർ ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ ഇന്ന് അനുഭവിക്കുന്ന രോഗപീഡകൾക്ക് ശാശ്വത പരിഹാരം നൽകുമെന്ന് വൈദ്യരെ ഉദ്ധരിച്ച് പുറത്തു വന്ന വാർത്തയുടെ സത്യാവസ്ഥയാണ് ഈ കൂടിക്കാഴ്ച്ചയ്ക്ക് ആധാരം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമോ മിഥ്യയോ എന്ന് വനിത ഓൺലൈനോട് പറയുകയാണ് മാധവൻ വൈദ്യർ.

‘ദേ അയാളെക്കണ്ടോ, അരയ്ക്ക് കീഴ്പ്പോട്ട് തളർന്ന്, സംസാരിക്കാനാകാതെ ജീവിതം തള്ളിനീക്കുകയായിരുന്നു അദ്ദേഹവും. ഒന്നു കൂടി തെളിച്ചു പറഞ്ഞാൽ ജഗതി ശ്രീകുമാറിന്റെ അതേ അവസ്ഥ. എന്റെയടുത്ത് ചികിത്സയ്ക്ക് വന്നതാണ് അയാളും. ഞാൻ ചികിത്സിച്ചാൽ ജഗതിക്ക് ഫലമുണ്ടാകുമോ എന്ന് നിങ്ങൾ ചോദിച്ചാൽ, ഞാൻ അയാളെ കാട്ടിത്തരും. വേറെന്ത് പറയാൻ’– സോഷ്യൽ മീഡിയ പങ്കുവച്ച പ്രതീക്ഷകളെ ശരിവച്ച് മാധവൻ വൈദ്യർ പറഞ്ഞു തുടങ്ങുകയാണ്.

jaga-1

‘ദൈവത്തിന്റെ കരുണയും കടാക്ഷവും നിലനിർത്തിക്കൊണ്ട് പറയട്ടേ...ജഗതിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് എന്റെ പക്കൽ പരിഹാരമുണ്ട്. എന്റെയടുത്ത് ഒന്ന് എത്തിച്ചാൽ മാത്രം മതി. എന്നാലാവുന്ന ചികിത്സ ഞാൻ ചെയ്യും. ആ ശരീരത്തിൽ ഒന്ന് തൊട്ടാൽ മതി എനിക്ക് കാര്യം തിരിയും. അവസ്ഥ മനസിലാകും. അത് ആയൂർവേദത്തിനു മാത്രം മനസിലാകുന്ന സിദ്ധിയാണ്.’

ഏഴ് തലമുറയായി ഞങ്ങൾ പാരമ്പര്യ വൈദ്യം സിദ്ധിച്ചു പോരുന്നു. അലോപ്പതി ചികിത്സയെ തള്ളിപ്പറഞ്ഞു കൊണ്ടല്ല ഞാനിതൊക്കെ ചെയ്യുന്നത്. അവർ അവര്‍ വൈദ്യശാസ്ത്രത്തിൽ വിശ്വസിക്കുന്നു. ഞാൻ ആയുർവേദത്തിന്റെ കരുത്തില്‍ വിശ്വസിക്കുന്നു അത്രയേ ഉള്ളൂ വ്യത്യാസം. പിന്നെ മറ്റൊരു കാര്യം ചികിത്സാർത്ഥം ജഗതി ശ്രീകുമാറിന്റെ കുടുംബം ഞാനുമായി ബന്ധപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ല. പലരും എന്നോട് ജഗതിയുടെ രോഗാവസ്ഥ ധരിപ്പിച്ചു, എന്റെയടുക്കൽ പ്രതിവിധിയുണ്ടോ എന്ന് ആരാഞ്ഞു. അപ്പോഴാണ് ഞാന്‍ ഇക്കാര്യം അറിയിച്ചത്. ഞാൻ ആവർത്തിക്കട്ടെ, ആ മനുഷ്യന്റെ അവസ്ഥയ്ക്ക് പരിഹാരമുണ്ട്.

jaga-2

ദൂരങ്ങൾ താണ്ടിയെത്തിയ രോഗികളുടെ നീണ്ട ക്യൂവിലേക്ക് കണ്ണെറിഞ്ഞ് മാധവൻ വൈദ്യർ പറഞ്ഞു നിർത്തുകയാണ്. ‘ഇനിയും അവരെ നിർത്തി മുഷിപ്പിക്കാനാകില്ല.’. അടുത്ത രോഗിയെ അകത്തേക്ക് കടത്തി വിടാൻ ഭാര്യ രാധയോട് മാധവൻ വൈദ്യരുടെ വാക്കുകൾ. ആ കൈപ്പുണ്യം കാത്തുള്ള നീണ്ട ക്യൂ അപ്പോഴേക്കും റോഡിലേക്ക് നീണ്ടിരുന്നു.