Monday 12 November 2018 03:18 PM IST : By സ്വന്തം ലേഖകൻ

മകന് നീതി നിഷേധിക്കരുത്; പ്രതികളെ സഹായിക്കാനാണോ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയത്? മധുവിന്റെ അമ്മ ചോദിക്കുന്നു

madhu-mother-mallika12

മാസങ്ങൾക്ക് മുൻപ് അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയ നടപടിയിൽ പ്രതിഷേധം. മധുവിന്റെ അമ്മയാണ്   ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്.

മകന് നീതി നിഷേധിക്കുന്നതെന്തിനാണെന്നും, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയത് പ്രതികളെ സഹായിക്കാനാണോ എന്നും മധുവിന്റെ അമ്മ ചോദിക്കുന്നു. സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും തന്റെ മകന് നീതി ലഭിക്കണമെന്നും മല്ലിക വ്യക്തമാക്കി.

പത്രവാര്‍ത്തയിലൂടെയാണ് ഈ വിവരം അറിഞ്ഞതെന്നും, തുടർന്നുണ്ടായ ഞെട്ടല്‍ ഇതുവരെ മാറിയില്ലെന്നും മധുവിന്റെ കുടുംബം പറയുന്നു. കേസിന് കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ഗോപിനാഥിന്റെ നിയമന ഉത്തരവ് സര്‍ക്കാര്‍ റദ്ദു ചെയ്തത്. ഈ വർഷം ഫെബ്രുവരി 22 നാണ് മധു കൊല്ലപ്പെട്ടത്. സംഭവത്തിൽ 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കുറ്റപത്രം നല്‍കിയിരുന്നു. പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്.