Wednesday 17 November 2021 04:47 PM IST

‘ഇവിടെ എത്തണമെന്നു വാശിപിടിച്ച് അവന്‍ എന്റെ കൈ പിച്ചിപ്പറിക്കും’: മാജിക് പ്ലാനറ്റ് എന്ന തണൽമരം

Roopa Thayabji

Sub Editor

_BAP0487 ഫോട്ടോ: ബേസിൽ പൗലോ

‘ആകാശം നമ്മുടെ മനസ്സല്ലോ

അതിനതിരുകളില്ലല്ലോ...

ഉണരാം... നമ്മൾക്കുയരാം...

ആശകൾ വിടർന്നു വളരട്ടെ...’

രാഹുലും കൂട്ടുകാരും പാടുന്നതു കേട്ടാൽ ആർക്കും കൂടെ പാടാൻ തോന്നും. അത്ര ഉത്സാഹമാണ് ആ പാട്ടിനും പാടുന്നവര്‍ക്കും. പാട്ടു തീരുമ്പോൾ പക്ഷേ, കൺകോണിൽ നനവു പടരും. അതിരുകളില്ലാതെ സ്വപ്നം കാണുന്ന, ആകാശം മോഹങ്ങളുടെ അതിരാക്കുന്ന രാഹുലിനും കൂട്ടുകാർക്കും പാട്ടു കഴിഞ്ഞ് അവരവരുടെ സീറ്റുകളിലേക്ക് തിരികെയെത്തണമെങ്കിൽ ആ രെങ്കിലും സഹായിക്കണം.

ഓട്ടിസം, സെറിബ്രൽ പാൽസി, ഡൗൺ സിൻഡ്രോം തുടങ്ങിയ ന്യൂറോ രോഗങ്ങളും പഠനവൈകല്യവുമൊക്കെ ബാധിച്ച നൂറു കുട്ടികളുടെ കൂട്ടത്തിലാണ് രാഹുലും മുഹമ്മദ് റബീലും അമലും ജാസ്മിനുമൊക്കെയുള്ളത്. മാജിക്കിനെ മനസ്സിനോടു ചേർത്തു പിടിച്ച ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിലാണ് ഈ കുട്ടികൾക്കു വേണ്ടിയുള്ള ഡിഫറന്റ് ആർട് സെന്റർ പ്രവർത്തിക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികൾക്ക് കലാ പഠനത്തിനും കലാവതരണത്തിനും േവണ്ടി മാത്രമായി ഒരു വേദി.

പാട്ടും ചിത്രരചനയും മാജിക്കുമൊക്കെ പഠിക്കാനെത്തിയ മക്കൾക്കൊപ്പം അമ്മമാർ പകൽ  മുഴുവൻ ഇവിടെ കാത്തിരുന്നപ്പോൾ പിറന്ന മറ്റൊരു വിസ്മയമാണ് ‘കരിസ്മ’. അമ്മമാർക്ക്  െചറു േജാലികളിലേര്‍പ്പെടാനും അതിലൂെട വരുമാനം േനടാനും സഹായിക്കുന്ന സംരംഭം. മാജിക്കിലൂെട ഈ അമ്മമാരുടെ മുഖത്തു ചിരി വിരിഞ്ഞുതുടങ്ങിയ കഥ കേൾക്കാം.

മനസ്സിലെ നഖപ്പാട്

കരിസ്മയിലെ തയ്യൽമെഷീന്റെ അപ്പുറത്തിരുന്ന് സുഹറ മമ്മുവിന്റെ തട്ടമിട്ട തലയാണ് ആദ്യം ഉയർന്നത്. ‘‘വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ ഹെഡ്മാസ്റ്ററായ ഭർത്താവിന്റെ ജോലിയോടനുബന്ധിച്ചാണ് കോഴിക്കോടു നിന്ന് ഞങ്ങൾ തിരുവനന്തപുരത്തേക്കു വന്നത്. 18 വയസ്സുള്ള മകൻ റബീൽ ഓട്ടിസത്തിനു പുറമേ മെന്റലി ചലഞ്ചഡ് കൂടി ആണ്. ഇക്കഴിഞ്ഞ വർഷം വരെ അവൻ സ്കൂളിൽ പോകുന്നുണ്ടായിരുന്നു. പക്ഷേ, ലോക്‌ഡൗൺ വന്നതോടെ അവൻ ഭയങ്കര വയലന്റായി.

ആ സമയത്താണ് ഡിഫറന്റ് ആർട് സെന്ററിനെ കുറിച്ചു കേട്ടറിഞ്ഞ് വന്നത്. സ്വന്തമായി വാക്കുകളൊന്നും പറയാനറിയില്ലായിരുന്നു മോന്. മൂളിപ്പാട്ടു പോലും പാടില്ല. പക്ഷേ, ഇപ്പോ ൾ ആൺശബ്ദത്തിലും പെൺശബ്ദത്തിലും പാടും. കുറേ പാട്ടുകൾ കാണാതറിയാം. സ്വഭാവത്തിലും വലിയ മാറ്റം വന്നു. ഇ വിടേക്കു വരാൻ വലിയ ഇഷ്ടമാണ്. രാവിലെ എഴുന്നേറ്റ് റെഡിയാകും. പിന്നെ, ബസ് വരാനുള്ള കാത്തിരിപ്പാണ്. അവധി ദിവസം പോലും പക്ഷേ, ഇവിടേക്കു വരണമെന്നു പറഞ്ഞു വാശി പിടിച്ചു എന്റെ കൈയൊക്കെ പിച്ചിപ്പറിക്കും...’’ കൈയിലെ മുറിപ്പാടിെന്‍റ േവദനയിലും സുഹറയ്ക്ക് നിറഞ്ഞ ചിരി.

_BAP0720

കലയുടെ ദിനങ്ങൾ

14 മുതൽ 25 വയസ്സു വരെയുള്ള ഭിന്നശേഷി കുട്ടികൾക്കായി ഡിഫറന്റ് ആർട് സെന്റർ പിറന്നതിനു പിന്നിലെ കഥ ഇങ്ങനെ. മലയാള മനോരമയും സംസ്ഥാന ആരോഗ്യവകുപ്പും സംയുക്തമായി സംഘടിപ്പിച്ച ‘ആർദ്രം കേരളം’ പദ്ധതിയിൽ ഗോപിനാഥ് മുതുകാടും പങ്കെടുത്തിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഭിന്നശേഷി കുട്ടികളുമായി സംവദിക്കുന്ന പരിപാടിയായിരുന്നു അത്.

‘‘മാജിക്ക് പോലുള്ള കലകളിലൂടെ ഇത്തരം കുട്ടികളുടെ മനസ്സിൽ തൊടാനാകുമെന്ന് ആ യാത്രയിൽ നിന്നു മനസ്സിലായി. അങ്ങനെ 23 ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തി 2019 നവംബറിൽ ഡിഫറന്റ് ആർട് സെന്റർ പ്രവർത്തനം തുടങ്ങി. ആദ്യദിവസങ്ങളിൽ പക്ഷേ, കാര്യങ്ങൾ കൈവിട്ടു പോകുന്നതു പോലെ തോന്നി. ഓരോ സ്റ്റേജിലേക്കും കുട്ടികളെ പിടിച്ചു കൊണ്ടുവന്ന് ഇരുത്തണം. അധ്യാപകരോ അമ്മമാരോ പ റയുന്നതൊന്നും അവർ കേൾക്കില്ല.

പതിയെപ്പതിെയ കാര്യങ്ങൾ ഞങ്ങളുടെ വഴിക്കു വന്നു. ഒരു മാസത്തിനു ശേഷം ഈ കുട്ടികളിലുണ്ടായ മാറ്റം പഠിക്കാനായി ചൈൽഡ് ഡെവലപ്മെന്റ് സെന്റർ പ്രതിനിധികൾ എത്തി. കുട്ടികളുടെ ഐക്യു ലെവൽ ഉയർന്നിട്ടുണ്ട്, പെരുമാറ്റ വൈകല്യങ്ങളുടെ അളവു കുറഞ്ഞിട്ടുമുണ്ട് എന്നൊക്കെയായിരുന്നു കണ്ടെത്തല്‍. ആ റിപ്പോർട്ടാണ് തുടർ പ്രവർത്തനങ്ങ ൾക്ക് നവോന്മേഷം പകർന്നത്. കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫൊക്കാനയും ഡിഫറന്റ് ആർട് സെന്ററിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ട്.’’

_BAP0584

രാവിലെ കുട്ടികള്‍ എത്തിക്കഴിഞ്ഞാല്‍ 10 മണിക്ക് പ്രാർഥനയും പ്രതിജ്ഞയും. പിന്നീട് ഒരു മണിക്കൂർ വ്യായാമവും യോഗയും. 11.15നു ടീബ്രേക്ക്. അതിനുശേഷം കുട്ടികള്‍ ഓരോ സ്റ്റേജുകളിലെ ക്ലാസ്സിലേക്കു പോകും. പാട്ടിലും ഡാൻസിലും ചിത്രം വരയിലുമൊക്കെ ഉള്ള അഭിരുചി കണ്ടെത്തിയ ശേഷമാണ് കുട്ടികളെ ഓരോ ബാച്ചുകളാക്കി തിരിച്ചിരിക്കുന്നത്.

പാട്ടു പഠിപ്പിക്കുന്ന മീരയും കീബോർഡ് പഠിപ്പിക്കുന്ന പ്രവീണും ചെണ്ട വിദ്വാനായ സന്തോഷും വയലിൻ മാഷായ അ ശോകും ഡാൻസ് ടീച്ചറായ ദിവ്യയുമൊക്കെ കുട്ടികൾക്കൊപ്പം നിഴലു പോലെയുണ്ട്.  ‘‘പാട്ട്, ഡാൻസ്, മാജിക്, കീബോർഡ്, മ്യൂസിക് ഇൻസ്ട്രുമെന്റ്സ്, ഡ്രോയിങ്, അഭിനയം, മൈം തുടങ്ങിയവയൊക്കെ കുട്ടികള്‍ ഇവിടെ പരിശീലിക്കും. കളികൾ മാത്രമല്ല കേട്ടോ, അക്ഷരങ്ങളും രൂപങ്ങളും പഠിക്കാന്‍ 100 ടാബ്‌ലെറ്റുകളും ഉണ്ട്.’’ മീര ടീച്ചര്‍ പറയുന്നു.

ചിത്രരചന പഠിപ്പിക്കുന്ന സ്റ്റേജിൽ ചെന്നാൽ മറ്റൊരു വിസ്മയം കാണാം, പഠിപ്പിക്കുന്ന മാഷും കുട്ടികളും തമ്മിൽ ആംഗ്യഭാഷയിൽ സംസാരിക്കുന്നത്. കേൾവി ഇല്ലാത്ത, സംസാരിക്കാനാകാത്ത സനലാണ് അവിടെ അധ്യാപകൻ. പക്ഷേ, ചായക്കൂട്ടുകൾ കൊണ്ടു സനൽ വരച്ചുകൂട്ടിയ ചിത്രങ്ങൾക്ക് ആയിരം നാവാണ്. ഹൈപ്പർ ആക്ടീവായ രണ്ടു കുസൃതിക്കാരെ മുഴുവൻ സമയവും വരച്ച വരയിൽ നിർത്തുന്നതും സനലിന്റെ ചായപ്പെൻസിലാണ്.

ഡിഫറന്റ് ആർട് സെന്ററിലെ ഓരോ സ്റ്റേജും ഓരോ തീമിലാണ്. സംഗീതം പഠിക്കുന്ന സ്റ്റേജിന്റെ പേര് ബീഥോവൻ ബംഗ്ലാവ്. ജാലിയോ മഹലിൽ നൃത്തക്ലാസ്സും ഏഞ്ചലോസ് ആർട്രീയിൽ പെയിന്റിങ് ക്ലാസ്സും നടക്കുന്നു. സിനിമ പഠിപ്പിക്കുന്ന സ്റ്റേജിന്റെ പേര് കാമിലോ കാസ്കേഡ് എന്നാണ്. ഏറ്റവും അദ്ഭുതം തോന്നിപ്പിക്കുന്ന സ്റ്റേജ് ഡിഫറന്റ് തോട്ട് സെന്ററാണ്. ആകാശത്തേക്കു പറന്നുയരാൻ വെമ്പിനിൽക്കുന്ന വിമാനം. ഉള്ളിൽ പ്രവേശിക്കും മുൻപ് പാസ്പോർട്ടും ബോർഡിങ് പാസും കിട്ടും. ഭിന്നശേഷി കുട്ടി ജനിച്ചാൽ അറിയേണ്ട കാര്യങ്ങൾ മുതൽ അവരോട് ഇടപെടാനും പരിപാലിക്കാനും വരെയുള്ള നിർദേശങ്ങളാണ് അതിലുള്ളത്.

_BAP0528

കരിസ്മയുടെ തിളക്കം

‘‘കുഞ്ഞുങ്ങളുെട കൂടെ വരുന്ന അമ്മമാർ ദിവസം മുഴുവൻ സങ്കടപ്പെട്ട് ഇരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. ചിലർ കരയുന്നുണ്ടാകും ചിലർ ആരോടും മിണ്ടാതെ ദൂരേക്കു നോക്കിയിരിക്കും. ഇവര്‍ക്കൊരു എന്‍േഗജ്െമന്‍റ് എന്ന നിലയിലാണ് കരിസ്മ തുടങ്ങുന്നത്.’’ കരിസ്മയുടെ മേൽനോട്ട ചുമതലയുള്ള അധ്യാപിക ദിവ്യ പറയുന്നു. ‘‘ഇപ്പോൾ അമ്മമാരും തിരക്കിലാണ്. അ വരുടെ ചിരി തിരികെ വന്നു. ആ ചിരിക്കു തിളക്കവും കൂടി.’’

11 തയ്യൽ മെഷീനുകളാണ് കരിസ്മയിലുള്ളത്. ആദ്യ ഓർഡറായി കിട്ടിയ 500 തുണി സഞ്ചികൾ അമ്മമാർ തയ്ച്ചെടുക്കുന്നു. തയ്യൽ അറിയാത്തവരെ പഠിപ്പിക്കുന്നു. കൊച്ചുമകനു കൂട്ടായി ഇവിടേക്കെത്തുന്ന 70 വയസ്സുള്ള തുളസി അമ്മൂമ്മ ഇപ്പോൾ ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ച മെഷീനിൽ സഞ്ചി തയ്ക്കുന്ന എക്സ്പർട്ടാണ്.

മെഴുകുതിരി നിർമാണവും സാരി പെയിന്റിങ്ങും കേക്കു നിർമാണവുമൊക്കെയായി കരിസ്മയുടെ പ്രവർത്തനം വിപുലമാക്കാനാണ് തീരുമാനം.

_BAP0471

ദൈവത്തിന്റെ കൈ

കരിസ്മയുടെയും ഡിഫറന്റ് ആർട് സെന്ററിന്റെയും തൊട്ടടുത്തായി നാലുനില മന്ദിരത്തിന്റെ പണികൾ പുരോഗമിക്കുന്നുണ്ട്. ഭിന്നശേഷി കുട്ടികൾക്കായി വിഭാവനം ചെയ്യുന്ന ലോകത്തു തന്നെ ആദ്യത്തെ ആർട് തിയറ്ററാണ് അത്. മുഴുവൻ സമയ സ്റ്റാഫ് ഡോക്ടർമാർ അടക്കം അഞ്ചു ചെറിയ സ്റ്റേജുകൾ, കെട്ടിടത്തെ ചുറ്റി റെയിൽവേ ട്രാക്ക്, ആറു ട്രെയിൻ സ്റ്റേഷനുകൾ... ഒക്കെ അതിൽ പെടും.

‘‘ആർട് തിയറ്റർ പ്രവർത്തനമാരംഭിച്ചാൽ വർഷം തോറും 30 ഭിന്നശേഷി കുട്ടികൾക്ക് ജോലി നൽകാനാകും എന്നാണു പ്രതീക്ഷ.’’ ഗോപിനാഥ് മുതുകാട് പറയുന്നു. ‘‘ആദ്യബാച്ചിലെ ആറുപേർ മാജിക് പ്ലാനറ്റിലെ പെർഫോമിങ് സ്റ്റാഫാണ് ഇപ്പോൾ. അവരുടെ മാജിക് ഷോയ്ക്ക് കൈയടി നിലയ്ക്കാറില്ല. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്നതിനാൽ ഇപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾക്കു പോലും സ്പോൺസർമാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്...’’

magiccpmmnm

വേദിയിലെ താരങ്ങൾ

വൈകിട്ടു നാലുമണിയാകാൻ കാത്തിരിക്കും ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികൾ. നാലുമുതലാണ് കാണികളെത്തുക.  ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...’ പാടി ആദ്യം സ്റ്റേജിലെത്തുക അമൽ എന്ന മിടുക്കന്‍. നൂറിലേറെ പാട്ടുകൾ കാണാതെ പാടുന്ന അമലിന് പക്ഷേ, ഒരു വാക്കു പോലും സ്വയം സംസാരിക്കാനറിയില്ല. എന്തു ചോദിച്ചാലും ഉത്തരം ചോദ്യത്തിന്റെ ആവർത്തനമാണ്.

നൃത്തവേദിയിലുമുണ്ട് ഒരു അദ്ഭുതബാലൻ, ആഷിക്. ‘ച ന്ദ്രചൂഢ ശിവശങ്കര പാഹിമാം...’ എന്ന പൂജാ ഡാൻസ് മുതൽ ഡപ്പാംകൂത്തും തട്ടുപൊളിപ്പനുമൊക്കെ ഗംഭീരമായി കളിക്കുന്ന ആഷികിന് കേഴ്‍വിശക്തി ഇല്ല. പാട്ടിനനുസരിച്ച് സ്റ്റെപ് വയ്ക്കുന്നതൊക്കെ മനക്കണക്കു കൂട്ടിയാണ്. എങ്കിലും ഒരു ചുവടുപോലും ആഷികിനു പിഴയ്ക്കില്ല. ഒരു വാക്കുപോലും സംസാരിക്കാൻ അറിയാതിരുന്ന വിഷ്ണു ആണ് ചീട്ടുകൾ എണ്ണുന്ന കൗണ്ടിങ് മാജിക് കയ്യടക്കത്തോടെ ചെയ്യുന്നത്.

സ്നേഹമാണ് ഏറ്റവും വലിയ മാജിക്. നിലതെറ്റിയ മനസ്സിനെ താളത്തിനൊപ്പമാക്കാൻ സ്നേഹം കൊണ്ടാകും എന്ന് ഇവിടെ വന്നാൽ മനസ്സിലാകും. ഒരു െചറു കയ്യടി മാത്രം തിരികെ പ്രതീക്ഷിച്ച് കലാപ്രകടനം നടത്തുന്ന ഈ കുട്ടികളുടെ സന്തോഷവും മക്കളുടെ സന്തോഷത്തിനൊപ്പം ചിരിക്കുന്ന അമ്മമാരുടെ മുഖത്തെ തിളക്കവും തന്നെ അതിനു തെളിവ്.

Tags:
  • Mummy and Me