Tuesday 24 September 2019 06:52 PM IST

പാഞ്ഞെത്തിയ മരണത്തെ ചുവപ്പു സിഗ്നൽ കാട്ടി തടഞ്ഞു, ട്രാഫിക് പൊലീസുകാരി മഹിളാ മണി തോളിലെടുത്ത് തോൽപ്പിച്ചത് വിധിയെ! കയ്യടിക്കാം ഈ കരുത്തുറ്റ വനിതയ്ക്ക്

Binsha Muhammed

mahila-mani

ഓരോ മനുഷ്യന്റേയും ജീവിതത്തിന്റെ ട്രാഫിക് നിയന്ത്രിക്കുന്നത് ദൈവമാണ്. നിനച്ചിരിക്കാത്ത നേരത്ത് സിഗ്നലുകൾ മാറിയേക്കാം. പക്ഷേ അവസാനിച്ചു പോയേക്കാവുന്ന പാതകളിൽ നിന്നും ജീവിതത്തിലേക്ക് വഴിതിരിച്ചു വിടുന്ന ചില മാലാഖമാരുണ്ട്. ദൈവത്തിന്റെ രൂപത്തിൽ അവതരിക്കുന്ന അവർക്ക് ഭൂമിയിൽ പലതാണ് രൂപം. ജീവനു വേണ്ടി പിടഞ്ഞ മനുഷ്യനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച കൊച്ചി ദേശാഭിമാനി ജംഗ്ഷനിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥ മഹിളാ മണിയേയും ആയുസിന്റെ പുസ്തകം തിരുത്തിയെഴുതിയ മാലാഖയെന്നു വിളിക്കാം. മരണമെത്തി നോക്കിയ നിമിഷങ്ങളെ കീറിമുറിച്ച് ഒരു മനുഷ്യദേഹത്തേയും കൊണ്ട് നെട്ടോട്ടമോടിയ അവരുടെ കഥ സോഷ്യൽ മീഡിയ പാടിപ്പറയുമ്പോൾ മഹിളാ മണി എന്ന മാണിക്യം പറയുന്നു, ‘ഞാനൊരു നിമിത്തം മാത്രം... ഒരു മനുഷ്യനെന്നെ നിലയിൽ ചെയ്യേണ്ടതിലപ്പുറം ഒരു മഹാകാര്യവും ഞാൻ ചെയ്തിട്ടില്ല. ആ മനുഷ്യന്‍ ജീവനോടെയിരിക്കുന്നു എന്ന് ഓർക്കുമ്പോൾ..അതിന് ഞാൻ കാരണമായെന്ന് കരുതുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ചെയ്ത നന്മയുടെ ബെനഫിറ്റ് ദൈവത്തിന്റെ കരുതലായി എനിക്കോ എന്റെ മക്കൾക്കോ ഉണ്ടാകും,’

ദൈവം കൈതൊട്ട ആ നിമിഷത്തിന്റെ കഥ തേടി ‘വനിത ഓൺലൈൻ’ എത്തുമ്പോൾ മഹിളാ മണി ജോലിയുടെ ഇടവേളയിലാണ്. റെഡ് സിഗ്നലിനും യെല്ലോ സിഗ്നലിനും ഇടയിലെ നിമിഷം പോലെ മാറി മറിഞ്ഞ ഒരു മനുഷ്യായുസിന്റെ കഥ. മഹിളാ മണിയെന്ന ധീരയുടേയും.

ഗ്രീൻ സിഗ്നൽ

65 വയസുള്ള അത്യാവശ്യം തണ്ടും തടിയുമൊക്കെയുള്ള ഒരു മനുഷ്യനെ താങ്ങിയെടുത്ത്, വണ്ടി സംഘടിപ്പിച്ച് അയാളെ ആശുപത്രിയിലെത്തിച്ച് ഒടുവിൽ ജീവൻ രക്ഷിക്കുന്നത് വരെയുള്ള ഓട്ടം. ഒരു സ്ത്രീക്ക് ഇത് എങ്ങനെ കഴിഞ്ഞു? അതിനുള്ള ആരോഗ്യം എവിടുന്നുണ്ടായി എന്നാണ് പലരുടേയും ചോദ്യം. ആ നിമിഷത്തിൽ ആരായാലും അങ്ങനെയൊക്കെയേ ചെയ്യൂ. എങ്ങനെ സാധിച്ചൂ എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരമില്ല. പക്ഷേ ആരോഗ്യവും ബലവും വണ്ണവുമൊക്കെ നോക്കി നിന്നാൽ ഒന്നും ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. ആ നിമിഷത്തിലെ ദൈവത്തിന്റെ നിമിത്തവും നിയോഗവും ഒക്കെ ഞാനായി എന്നു മാത്രം.– മഹിളാ മണി ആ നിമിഷത്തിലേക്ക് സിഗ്നൽ തെറ്റിച്ചു പാഞ്ഞു.

m1

കലൂരിനടുത്ത് ദേശാഭിമാനി ജംഗ്ഷനിലാണ് എനിക്ക് ഡ്യൂട്ടി. മകന് പരീക്ഷ വന്നപ്പോൾ ക്വാർട്ടേഴ്സിലേക്ക് എത്താനുള്ള സൗകര്യാർത്ഥം അവിടെ ഡ്യൂട്ടി ചോദിച്ചു വാങ്ങി എന്നു മാത്രം. കുറേ നാളായി മാറിയിട്ടില്ല. തികച്ചും സൃഹൃദ പൂർണമായ അന്തരീക്ഷത്തിലാണ് ഞാൻ ഡ്യൂട്ടിയെടുക്കുന്നത്. ഓട്ടോ ഡ്രൈവർമാരും, വിദ്യാർത്ഥികളും, അതു വഴി കടന്നു പോകുന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന എല്ലാവരോടും സ്നേഹം. തിരിച്ചും അങ്ങനെ തന്നെ. ആർക്ക് എന്ത് ആവശ്യമുണ്ടായാലും ഞാന്‍ ഓടിയെത്തും. ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് എന്ത് സഹായവും ചെയ്തു കൊടുക്കും. പിന്നെ ദേശാഭിമാനി ജംഗ്ഷനിലെ തിരക്കും അതിനു നടുവിൽ നിൽക്കുന്ന ട്രാഫിക് ഉദ്യോഗസ്ഥരുടെ സ്ട്രെസും ‍ഞാൻ പറയേണ്ടതില്ലല്ലോ? അതിനിടയ്ക്ക് കിട്ടുന്ന ആശ്വാസമാണ് നിരത്തിലൂടെ കടന്നു പോകുന്ന ഒരുപിടി പുഞ്ചിരിക്കുന്ന മുഖങ്ങളും സൗഹൃദങ്ങളും.

റെഡ് അലർട്ട്

ഇക്കഴിഞ്ഞ ചതയദിനത്തിലാണ് അതു സംഭവിച്ചത്. അവധി ദിനമെങ്കിലും അത്യാവശ്യം തിരക്കുള്ളൊരു ദിനം. റോഡ‍് മുറിച്ചു കടക്കുന്നതിനിടെ ഒരു മുതിർന്ന മനുഷ്യൻ പൊടുന്നനെ എന്റെ കയ്യിൽ കയറിപ്പിടിച്ചു. അറുപതിനു മേൽ പ്രായം. അയാളു കയ്യിലെ സഞ്ചിയിൽ വീട്ടിലേക്കുള്ള സാധനങ്ങളുണ്ട്. മാർക്കറ്റിൽ നിന്നും മീന്‍ വാങ്ങി വീട്ടിലേക്ക് പോകും വഴിയാണ്. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ആ മനുഷ്യൻ തളർന്നു വീഴുകയാണ്. കണ്ണുകൾ മുകളിലേക്ക് മറിയുന്നു. വെട്ടി വിയർക്കുന്നു. ‘എന്ത് പറ്റി, സുഖമില്ലേ’ എന്നു ചോദിച്ചെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നതിനാൽ ഒന്നും പറയാനാവാതെ നിലത്തിരുന്നു. വളരെ പണിപ്പെട്ട് മകന്റെ നമ്പർ അദ്ദേഹം പറഞ്ഞൊപ്പിച്ചു. ആ നമ്പറിലേക്ക് വിളിച്ച് സാഹചര്യം വിശദീകരിച്ചു. അദ്ദേഹത്തെ താങ്ങിയിരുത്തി ഓട്ടോ പിടിക്കാൻ പോയി. .

m3

തിരികെയെത്തിയപ്പോഴേക്കും അദ്ദേഹം ഛർദ്ദിച്ച് അവശനായിയിരുന്നു. ഞാൻ തന്നെ തോളിൽ താങ്ങി അദ്ദേഹത്തെ പണിപ്പെട്ട് ഓട്ടോയിലേക്ക് കയറ്റി. ലിസി ആശുപത്രിയിലേക്ക് പായുന്നതിനിടെ വയർലെസിലൂടെ ഞാൻ സന്ദേശം നൽകി. ദേശാഭിമാനി കഴിഞ്ഞുള്ള തിരക്കേറിയ കലൂരിലേയും നെഹ്‍റു സ്റ്റേഡിയത്തിനും അടുത്തുള്ള സിഗ്നലുകൾ ഓപ്പണാക്കി ഇടാൻ അവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് അറിയിപ്പ് നൽകി. അപ്പോഴെല്ലാം ഓട്ടോയിൽ അയാൾ മരണവുമായി പോരാട്ടത്തിലായിരുന്നു. അയാൾ വീണ്ടും ഛർദിച്ചു. മലമൂത്ര വിസർജനം നടത്തി. എന്റെ കൈകളിൽ നിന്ന് മരണം അയാളെ തട്ടിയെടുക്കുമോ എന്നു ചിന്തിച്ചു പോയ നിമിഷങ്ങൾ.

യെല്ലോ ടു ഹാപ്പിനെസ്

ഫോണിൽ വിളിച്ചു വിവരം ധരിപ്പിച്ചിരുന്നതിനാൽ ആശുപത്രിയിൽ ഡോക്ടർമാർ വളരെ വേഗം സജ്ജരായി. കണ്ടപ്പോഴെ അവർ ഉറപ്പിച്ചു, ഹാർട്ട് അറ്റാക്കാണ്. അൽപം കൂടി വൈകിയിരുന്നെങ്കിൽ ഈ മനുഷ്യന്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു. സത്യം പറ‍ഞ്ഞാല്‍ എന്റെ ചോരയുറഞ്ഞു പോയ നിമിഷമായിരുന്നു അത്. അപ്പോഴേക്കും അദ്ദേഹത്തിന്റെ ബന്ധുക്കളെത്തി. പോണേക്കര സ്വദേശിയായ ആ മനുഷ്യന്റെ പേര് ആർവി ബാബു എന്നാണെന്ന് അറിയാന്‍ കഴിഞ്ഞു. മാർക്കറ്റിൽ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നത്രേ അദ്ദേഹം. മകൻ അദ്ദേഹത്ത ദേശാഭിമാനി ജംഗ്ഷനിൽ ഇറക്കിയ ശേഷം ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു. അവിടെ വച്ചാണ് അത് സംഭവിച്ചത്. അദ്ദേഹം ജീവിതത്തിലേക്ക് തിരികെയെത്തിയെന്നറിഞ്ഞ നിമിഷം..നിറ കണ്ണുകളോടെ അദ്ദേഹത്തിന്റെ ബന്ധുക്കൾ നന്ദി പറഞ്ഞ നിമിഷം... എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമായിരുന്നു അത്.

m4

അഭിനന്ദനത്തിന്റെ റഷ് അവർ

ദേ, ഈ നിമിഷം വരെയും എന്റെ ഫോൺ ഇടവേളകളില്ലാതെ ചിലച്ചു കൊണ്ടേയിരിക്കുന്നു. എല്ലാം അഭിനന്ദനങ്ങൾ. ഡിസിപി പൂങ്കുഴലി മാഡം തുടങ്ങി ഉദ്യോഗസ്ഥരെല്ലാം നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ക്യാഷ് അവാർഡ്, ഗുഡ് സർവീസ് എൻട്രി ശുപാർശ, വിവിധ സന്നദ്ധ സംഘടനകളുടെ സ്വീകരണം ഒക്കെ കിട്ടി. പക്ഷേ എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും വിലപ്പെട്ട അവാർഡ് എന്റെ ഭർത്താവ് ഡാർലി ആർ കൃഷ്ണയുടെ അഭിനന്ദന വാക്കുകളായിരുന്നു. ബിസിനസ് ചെയ്യുന്നു. ഇപ്പോൾ ഒരു ട്രീറ്റ്മെന്റിലാണ് അദ്ദേഹം. രണ്ടു മക്കളാണ് ഞങ്ങൾക്ക് കണ്ണൻ പ്ലസ്ടു വിദ്യാർത്ഥി, മകള്‍ നിരഞ്ജന, ഏഴാം ക്ലാസിൽ പഠിക്കുന്നു. സന്തോഷവും ചാരിതാർത്ഥ്യവും അഭിമാനവുമൊക്കെ നിറഞ്ഞ നിമിഷത്തിൽ ഒരാളെ കൂടി എനിക്ക് കാണണമെന്നുണ്ട്. അന്ന് കൃത്യസമയത്ത് ഞങ്ങളെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ. ഈ അംഗീകാരങ്ങൾക്ക് സത്യം പറഞ്ഞാൽ അദ്ദേഹം കൂടി അർഹനാണ്.... ഇടവേള കഴിഞ്ഞു, മഹിള മണി വീണ്ടും ജോലിയിൽ മുഴുകുകയാണ്. ഇനി കുറച്ചു മണിക്കൂറുകൾ അവിടെ മൂന്നു സിഗ്നലുകൾ മാത്രം. റെഡ്, ഗ്രീൻ, ഓറഞ്ച്.... അവരുടെ ലോകം അവിടേക്ക് ചുരുങ്ങുകയാണ്...

Tags:
  • Inspirational Story