ആലപ്പുഴയിലെ പേരുകേട്ട ജ്യോതിഷ പണ്ഡിതനായിരുന്നു കുന്നപ്പള്ളി കൃഷ്ണപിള്ള.സഹോദരി ഗൗരിക്കുട്ടിയമ്മയ്ക്കു പെൺകുഞ്ഞ് ജനിച്ച സന്തോഷവാർത്തയറിഞ്ഞ് എത്തിയ കൃഷ്ണപിള്ള കുഞ്ഞിനെ കണ്ടപാടെ സഹോദരീ ഭർത്താവ് ശ്രീധരൻ നായരോടു പറഞ്ഞു. ‘ഈ കുഞ്ഞ് നാളെ ലോകമറിയുന്ന കലാകാരിയാകും.’ പ്രവചനം പോലെ തന്നെ കുട്ടി വളർന്ന് അറിയപ്പെടുന്ന നർത്തകിയായി; നൃത്താധ്യാപികയായി.
ഏഴു ദശാബ്ദങ്ങൾ നൃത്തത്തിനായി മാറ്റിവച്ച മഹിളാമണി അയ്യായിരത്തിൽപരം കുട്ടികളിലേക്ക് നൃത്തകല പകർന്നു നൽകി. ഇന്നും ആലപ്പുഴ പഴവീടുള്ള വീടിനോടു ചേർന്ന ശ്രീകലാനിലയം ഡാൻസ് സ്കൂളിൽ നിന്ന് മഹിളാമണിയുടെ കൈമണി ഒച്ച കേൾക്കാം. ഭരതനാട്യവും മോഹിനിയാട്ടവും നാടോടിനൃത്തവുമെല്ലാം പഠിക്കാൻ കുട്ടികൾ മഹിളാമണി ടീച്ചറെ തേടിയെത്തുന്നു. 73ാം വയസ്സിലും മഹിളാമണി നൃത്തം ചെയ്യുന്നു, പഠിപ്പിക്കുന്നു.
പത്തനംതിട്ടയിലെ വെണ്ണിക്കുളത്തു ജനിച്ച മഹിളാമ ണി ഓർമ വച്ചപ്പോൾ മുതൽ അമ്മാവനൊപ്പം ആലപ്പുഴയിലെ വീട്ടിലായിരുന്നു. മഹിളാമണിയുടെ ഭാവി കലാരംഗത്താണെന്നു നിശ്ചയമുണ്ടായിരുന്ന കൃഷ്ണപിള്ള ആര്യകലാനിലയം രാമുണ്ണിയെന്ന നൃത്താധ്യാപകനൊപ്പം കുട്ടിയെ ചേർത്തു. ‘‘ആലപ്പുഴയിലെ അനാഥമന്ദിരം സൂപ്രണ്ട് ആയ അമ്മാവൻ ഒരു ദിവസം തിരുവിതാംകൂർ സഹോദരിമാരിലെ (ലളിത– പത്മിനി– രാഗിണി) ലളിത ചേച്ചിയെ ക ണ്ടുമുട്ടി. ലളിത ചേച്ചി രാമായണം ബാലെയിലേക്ക് കൊച്ചു കുട്ടികളെ തേടുന്ന സമയമായിരുന്നു. അവർ കാണാൻ വന്നതും ഡാൻസ് ചെയ്യിപ്പിച്ചതും ഇന്നലെയെന്നപോലെ ഓർമയിലുണ്ട്.
പിന്നെയുള്ള രണ്ടു വർഷം അവർക്കൊപ്പമായിരുന്നു. സ്വന്തം മകളെപ്പോലെയാണ് അവർ എന്നെ നോക്കിയതും സ്നേഹിച്ചതും. സിനിമ ഷൂട്ടിങ്ങിന് പോകുമ്പോൾ എന്നേയും ഒപ്പം കൂട്ടും. അങ്ങനെ ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു. പക്ഷേ, എട്ടുവയസ്സുള്ള ആ സമയത്ത് അമ്മയെയും അനിയനെയും പിരിഞ്ഞിരിക്കുന്നത് വലിയ സങ്കടമായിരുന്നു. പക്ഷേ, പതിയെ അതു മാറി. ബാലെക്കുള്ള പ്രാക്ടീസും യാത്രകളുമൊക്കെയായി തിരക്കായി.
രാമായണം ബാലെയിൽ നടി ശ്രീവിദ്യയായിരുന്നു കൊച്ചു സീത. ഞാൻ ലക്ഷ്മണനും. ചെന്നൈയ്ക്കു പുറത്ത് ശ്രീവിദ്യയെ വിടില്ല. അതുകൊണ്ട് മറ്റു സ്ഥലങ്ങളിൽ ബാലേക്കു പോകുമ്പോൾ ഞാൻ സീതയാകും. ബെംഗളൂരു, മുംബൈ തുടങ്ങി സിലോൺ വരെ പോയിട്ടുണ്ട്. രാമായണം ബാലെ അവസാനിച്ചപ്പോഴാണ് ഞാൻ തിരികെ നാട്ടിലേക്ക് വന്നത്.’’ പഠനത്തിനൊപ്പം അമൃതം ഗോപിനാഥ് മാഷിനു കീഴിൽ മഹിളാമണി നൃത്താഭ്യാസം തുടർന്നു.
എന്റെ സ്വപ്നങ്ങളുടെ കാവൽക്കാരൻ
‘‘പതിനഞ്ചാമത്തെ വയസ്സിൽ വിവാഹിതയായ എന്റെ സ്വപ്നങ്ങളുടെ കാവൽക്കാരനായിരുന്നു ഭർത്താവ് എസ്. വീരകുമാർ. ബിസിനസുകാരനായിരുന്നു. അദ്ദേഹത്തിന്റെ താൽപര്യമാണു നൃത്ത ക്ലാസ്സിനൊപ്പം സ്വന്തമായി ബാലെ ട്രൂപ് തുടങ്ങാൻ പ്രേരണയായത്. ജവഹർ ബാലഭവനിൽ നൃത്ത അധ്യാപികയ്ക്ക് ഒഴിവുണ്ടെന്നറിഞ്ഞ് എനിക്കുവേണ്ടി അപേക്ഷ അയച്ചത് അദ്ദേഹമാണ്. മുപ്പതു വർഷം അവിടെ ജോലി ചെയ്തു. ഒപ്പം വീടുകളിൽ പോയി ഡാൻസ് ട്യൂഷൻ എടുത്തു.
ഇതിനിടയില്‍ ഉദയ സ്റ്റുഡിയോയിൽ നിന്ന് ഡാൻസ് കൊറിയോഗ്രഫി ചെയ്യാൻ ക്ഷണിച്ചു. ആരോമലുണ്ണി, ഒരു സുന്ദരിയുടെ കഥ, ജയിൽ തുടങ്ങി ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പിന്തുണയും പ്രോത്സാഹനവും തന്നത് ഭർത്താവാണെങ്കിലും എന്റെ ഇരുപത്തിയേഴാം വയസ്സിൽ, അദ്ദേഹം ഈ ലോകത്തോടു വിട പറഞ്ഞു. 32 വയസ്സേ ഉണ്ടായിരുന്നുള്ളൂ. താങ്ങും തണലുമായി നിന്നൊരാൾ പെട്ടെന്നങ്ങു പോയപ്പോൾ എനിക്കു ചുറ്റും ശൂന്യത മാത്രമായി. പക്ഷേ, കരഞ്ഞു തളർന്നിരിക്കാൻ എനിക്കു കഴിയുമായിരുന്നില്ല. എന്നെ മാത്രം ആശ്രയിച്ച് മൂന്നു കുഞ്ഞുങ്ങളുണ്ട്.’’
ഭർത്താവിന്റെ മരണശേഷം വിഷമം മറക്കാൻ എന്നു വേണമെങ്കിൽ പറയാം, മഹിളാമണി കൂടുതൽ തിരക്കുകളിലേക്കു പോകുകയായിരുന്നു. ‘‘കുട്ടികൾ വളരുന്നതിനൊപ്പം സാമ്പത്തികമായ ആവശ്യങ്ങളും ഏറി വന്നു. ചില ദിവസങ്ങളിൽ ഭക്ഷണം പോലും കഴിക്കാതെ ക്ലാസുകൾ എടുത്തിട്ടുണ്ട്. എന്റെ അസാന്നിധ്യം അറിയിക്കാതെ കുട്ടികളെ നന്നായി വളർത്തിയത് അമ്മയാണ്. പെട്ടെന്നായിരുന്നു അമ്മയുടെ വേർപാടും. ഒരു വീഴ്ചയെ തുടർന്ന് അമ്മ കോമയിൽ ആയി. പിന്നീടൊരു മടങ്ങിവരവ് ഉണ്ടായില്ല.
എന്റെ മക്കളെ ഞാൻ വളർത്തിയിട്ടില്ല എന്നു തന്നെ പറയാം.. പലപ്പോഴും ഇവർ എഴുന്നേൽക്കുന്നതിനു മുൻപ് ഡാൻസ് ട്യൂഷനെടുക്കാൻ പോകും. തിരികെ വീട്ടിലെത്തുമ്പോൾ ഇവിടെ പഠിക്കാൻ കുട്ടികൾ കാത്തുനിൽക്കുകയായിരിക്കും. മത്സരങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ രാത്രി പത്തു വരെ ഡാൻസ് ക്ലാസിൽ കുട്ടികളും മാതാപിതാക്കളും ഓർക്കസ്ട്രക്കാരുമെല്ലാം ഉണ്ടാകും. ഡാൻസ് ക്ലാസ് കഴിഞ്ഞ് മുറിയിലേക്കെത്തുമ്പോൾ കുട്ടികൾ ഉറങ്ങിയിട്ടുണ്ടാകും. മക്കളെ ഞാൻ കാണുന്നത് അവർ സ്കൂളിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കുമ്പോഴാണ്.
ഇത്രയും കുട്ടികളെ നൃത്തം പഠിപ്പിച്ച ഞാൻ എന്റെ മക്കളെ നൃത്തം അഭ്യസിപ്പിച്ചിട്ടില്ല. മറ്റു കുട്ടികളെ പഠിപ്പിക്കുന്നതു കണ്ട് അവർ പഠിച്ചതാണ്. പെൺമക്കൾ രണ്ടുപേരും നന്നായി നൃത്തം ചെയ്യും. നിരവധി സമ്മാനങ്ങൾ നേടിയിട്ടുമുണ്ട്. മകൻ നൃത്തം ചെയ്യില്ല. പക്ഷേ, നൃത്തം കംപോസ് ചെയ്യുമ്പോൾ അവനും കൂടും.
കൊച്ചുമക്കൾ ഉണ്ടായപ്പോൾ ഡാൻസ് ക്ലാസിന്റെ ഒരു വശത്ത് അവരെ കിടത്തിയിട്ടാണ് ക്ലാസുകൾ എടുത്തിരുന്നത്. വാക്കുറയ്ക്കും മുൻപേ താളവും ചിലങ്കയുടെ നാദവും അവരുടെ മനസ്സിലുറച്ചിട്ടുണ്ടാകണം. അവരെല്ലാവരും നന്നായി നൃത്തം ചെയ്യും. എല്ലാത്തിനുമുപരി ഈശ്വരാധീനവുമുണ്ട്.’’ മഹിളാമണിയുടെ മൂത്ത മകൾ ഗോമതി സരോജം സി–സ്റ്റഡ് റിട്ടയേഡ് ഉദ്യോഗസ്ഥയാണ്. രണ്ടാമത്തെ മകൾ രാജരാജേശ്വരി സീ ഫൂഡ് എക്സ്പോർട്ടിങ് കമ്പനി മാനേജരാണ്. ഓപ്പൺ ഡൈജസ്‍റ്റ് ഡിജിറ്റല്‍ മാഗസിൻ സിഇഒ ആണ് ഇളയ മകൻ അജയ് കാന്ത്.
നൃത്തമാണ് ജീവനും ജീവിതവും
70 വർഷം നീണ്ട നാട്യജീവിതത്തിൽ മഹിളാമണി ടീച്ചർ വിശ്രമിച്ചത് മൂന്നു മാസം മാത്രമാണ്. മൂന്നു വർഷം മുൻപ് റോഡിൽ മുട്ടു കുത്തി വീണു, മുട്ടുചിരട്ട പൊട്ടി. സർജറി ക ഴിഞ്ഞു മൂന്നു മാസത്തോളം വിശ്രമിച്ചു. തിരക്കേറിയ ജീവിതത്തിൽ നിന്ന് ഇടവേള കിട്ടിയെങ്കിലും നൃത്തത്തെ അത്രമാത്രം മിസ് ചെയ്തുവെന്ന് മഹിളാമണി ടീച്ചർ പറയുന്നു.
‘ഞാനൊരുപാട് വിഷമിച്ച സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്. ഇനി നൃത്തം ചെയ്യാനാകുമോ എന്നു പോലും ഭയന്നു. നൃത്തമില്ലാതെ ജീവിതമില്ല. അതുകൊണ്ടാണ് ഇ പ്പോഴും ഡാൻസ് ട്യൂഷൻ എടുക്കുന്നത്. എന്റെ വിദ്യാർഥികൾ തന്നെ അടുത്തൊക്കെ ഡാൻസ് സ്കൂളുകൾ നടത്തുന്നുണ്ട്. എന്നാലും ചിലർ വന്ന് ടീച്ചർ തന്നെ ഞങ്ങളുടെ കുട്ടിയെ പഠിപ്പിക്കണമെന്നു പറയുമ്പോൾ ഒഴിവാക്കാൻ മനസ്സു വരില്ല. ഇപ്പോൾ 20 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.’’
വിശേഷങ്ങള്‍ പറഞ്ഞിരിക്കെ ഡാൻസ് ട്യൂഷനായി കുട്ടികളെത്തി. കുട്ടികളോളം ചുറുചുറുക്കോടെ മഹിളാമണി ടീച്ചർ ഡാൻസ് ക്ലാസിലേക്ക് നടന്നു. കൈമണിയുടെ താളത്തിനൊപ്പം ചിലങ്കകൾ കിലുങ്ങിത്തുടങ്ങി.
അഞ്ജലി അനിൽകുമാർ
ഫോട്ടോ : ടിബിൻ അഗസ്റ്റിൻ