Thursday 17 January 2019 03:43 PM IST : By സ്വന്തം ലേഖകൻ

പ്രിയതമയെ വീൽച്ചെയറിലാക്കി; എന്നിട്ടും മതിയായില്ല, വിധി അവനേയും കൊണ്ട് പോയി; കണ്ണീർബാക്കി

major ചിത്രത്തിന് കടപ്പാട്– ഫെയ്സ്ബുക്ക്. വീൽചെയറിലിരിക്കുന്ന തൃപ്തിയുടെ ചിത്രത്തിന് കടപ്പാട്–പിടിഐ

വേദനയുടെ കടലാഴം കണ്ടു...നൊമ്പരങ്ങളും വേദനകളും ആവോളം ജീവിതത്തിൽ കയറിയിറങ്ങിപ്പോയി. എന്നിട്ടും വിധിക്ക് ആ ‘മാതൃകാ ദമ്പതികളെ’ വെറുതെ വിടാൻ ഒരുക്കമല്ലായിരുന്നു. വീണ്ടും വീണ്ടും വേദന നൽകി അവരെ പരീക്ഷിച്ചു കൊണ്ടേയിരിക്കുന്നു. കൂട്ടത്തിൽ ഏറ്റവും ഒടുവിലെത്തിയ വേദനയാണ് അൽപം കടന്നു പോയത്. പ്രിയപ്പെട്ടവളെ തനിച്ചാക്കി മരണം ആ മനുഷ്യനെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോയി.

ജമ്മു കാശ്മീരിൽ സ്ഫോടനത്തിൽ മലയാളിയായ മേജർ ശശിധരൻ നായർ വീരമൃത്യു വരിച്ചത് ഏറെ ദുഖത്തോടെയാണ് നാം കേട്ടത്. എന്നാല്‍ ആ വിയോഗം സമ്മാനിച്ച വേദനയേറ്റുന്ന കണ്ണീരിൽ ചാലിച്ച ചിലസത്യങ്ങൾ കൂടി ശശിധരന്റേയും അദ്ദേഹത്തിന്റെ പ്രിയതമയുടേയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. രാജ്യത്തിന് വേണ്ടി കാണിച്ച അതേ ത്യാഗ സന്നദ്ധത മേജർ ശശിധരൻ ജീവിതത്തിലും കാട്ടിയിട്ടുണ്ട് എന്നത് അധികമാർക്കും അറിയാത്ത രഹസ്യം. ആരുടെയും കണ്ണുനനയിക്കുന്നതാണ് ശശിധരന്റെയും ഭാര്യ തൃപ്തിയുടെയും ജീവിതത്തിൻറെ പിന്നാമ്പുറം.

ഡിഗ്രി വിജയകരമായി പൂർത്തിയാക്കിയശേഷം ഇനിയെന്ത് എന്നൊരു ചോദ്യമേ മേജറിന്റെ മുന്നിൽ ഇല്ലായിരുന്നു. സൈന്യത്തിൽ കയറുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു. ആഗ്രഹിച്ചതുപോലെ അധികം വൈകാതെ സൈന്യത്തിൽ ചേരാനും സാധിച്ചു.

പൂനൈയിൽവെച്ചാണ് ശശിധരൻ നായർ ആദ്യമായി തൃപ്തിയെ കാണുന്നത്. സുഹൃത്തുക്കൾ വഴി തുടങ്ങിയ പരിചയം പ്രണയമായി. അധികം എതിർപ്പുകളൊന്നുമില്ലാതെ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. എന്നാൽ അതിനുശേഷമാണ് വിധി ജീവിതത്തിൽ ആദ്യമായി വില്ലനായി എത്തുന്നത്. വിവാഹനിശ്ചയം കഴിഞ്ഞുള്ള എട്ടാമത്തെ മാസം തൃപ്തിക്ക് മൾട്ടിപ്പിൾ ആർട്രിയോസ്ക്ലീറോസിസ് എന്ന രോഗം കണ്ടെത്തുന്നത്. അധികം വൈകാതെ തൃപ്തിയുടെ ജീവിതം വീൽചെയറിലായി. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഈ വിവാഹം വേണ്ടെന്ന് വെയ്ക്കാൻ ആവശ്യപ്പെട്ടിട്ടും അതിലൊന്നും വഴങ്ങാതെ 2012ൽ ശശിധരൻ നായർ തൃപ്തിയെ ജീവതസഖിയാക്കി.

എന്നാൽ വിവാഹശേഷവും വിധി ഇവരെ വെറുതെവിട്ടില്ല. സ്ട്രോക്കിന്റെ രൂപത്തിൽ അസുഖം വീണ്ടും തൃപ്തിയെ ആക്രമിച്ചു. ഒരു വശം തളർന്നുപോയി. എന്നിട്ടും ഭാര്യയെ കൈവിടാതെ എല്ലാ സന്തോഷങ്ങളിലും അവളെയും ഒപ്പം കൂട്ടി. ചിലനേരം വീൽചെയറിൽ പാർട്ടികളിൽ പങ്കെടുത്തു, ചിലനേരം ശശിധരൻ തൃപ്തിയെ കൈയിലെടുത്തും ആഘോഷവേളകളിൽ എത്തുമായിരുന്നു.

ജനുവരി 2ന് കശ്മീരിൽ പോകുന്നതിന് മുമ്പ് ഒരു മാസം ഭാര്യയോടൊപ്പം ചെലവഴിക്കാൻ ശശിധരൻ നായർ ലീവും എടുത്തിരുന്നു. കശ്മീരിലെ പോസ്റ്റിങ്ങിനെക്കുറിച്ച് തൃപ്തിക്ക് ആശങ്കയുണ്ടായിരുന്നു. ജോലി തീർത്തിട്ട് വേഗം വീട്ടിലേക്ക് മടങ്ങാം എന്ന് ഉറപ്പ് നൽകിയാണ് ശശിധരൻ നായർ കശ്മീരിലേക്ക് യാത്രതിരിച്ചത്. എന്നാൽ ജീവിതത്തിലെ ഈ വാഗ്ദാനം മാത്രം പാലിക്കാൻ അദ്ദേഹത്തിനായില്ല. ത്രിവർണ്ണപതാകയിൽ പൊതിഞ്ഞ മൃതദേഹമാണ് തൃപ്തി പിന്നീട് കാണുന്നത്. വീൽചെയറിലിരുന്ന് മേജർ ശശിധരൻ നായർക്ക് അന്ത്യയാത്ര നൽകാനെത്തിയ തൃപ്തിയെ കണ്ണീരോടെയാണ് സുഹൃത്തുക്കളും സൈന്യത്തിലുള്ള മറ്റ് ഉദ്യോഗസ്ഥരും സ്വീകരിച്ചത്. ജീവിതത്തിൽ എല്ലാമായിരുന്ന ആളുടെ അവസാനയാത്രയിൽ പങ്കുചേരാനെത്തിയ തൃപ്തി അവിടെയത്തിയ ഓരോരുത്തർക്കും ഹൃദയഭേദകമായ കാഴ്ചയായിരുന്നു.