Friday 10 July 2020 01:02 PM IST : By സ്വന്തം ലേഖകൻ

‘ജീവിതാവസാനം വരെ കരഞ്ഞു കൊണ്ടിരിക്കാനാവില്ല, അത് അദ്ദേഹത്തെ നിന്ദിക്കുന്നതിന് തുല്യം’; രാജ്യത്തിന് അഭിമാനമായി ഗൗരി പ്രസാദ് മഹാദിക്

majprdtbgh

രണ്ടു വര്‍ഷം മുൻപ്  വീരചരമം വരിച്ച മേജര്‍ പ്രസാദ് മഹാദിക്കിന്റെ ഭാര്യയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രസാദിന്റെ പ്രിയപത്നി ഭാര്യ ഗൗരി പ്രസാദ് മഹാദിക് രാജ്യത്തോടുമുള്ള ആദരസൂചകമായി സൈന്യത്തിൽ ചേർന്നിരുന്നു. ഇതിനെ പ്രശംസിച്ചാണ് കേന്ദ്രമന്ത്രി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ കരുത്തുറ്റ പ്രതീകമാണ് ഗൗരിയെന്നും അവരുടെ അസാധാരണമായ കഥ അഭിമാനകരമാണെന്നും സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. 

32 വയസ്സുകാരിയായ മഹാരാഷ്ട്ര വിരാര്‍ സ്വദേശി ഗൗരി ചെന്നൈ ഓഫീസേഴ്സ് ട്രെയ്നിങ് അക്കാദമിയിലെ പരിശീലനത്തിനു ശേഷമാണ് ലഫ്റ്റനന്റായി ജോലിയിൽ പ്രവേശിച്ചത്. അരുണാചല്‍ പ്രദേശില്‍ ഇന്ത്യാ- ചൈന അതിര്‍ത്തിയായ തവാങ്ങില്‍ 2017 ഡിസംബറില്‍ ഉണ്ടായ തീപിടിത്തത്തിലാണ് പ്രസാദ് കൊല്ലപ്പെടുന്നത്. ഭര്‍ത്താവിനോടുള്ള കടപ്പാടായി സൈന്യത്തില്‍ ചേരുക എന്നതായിരുന്നു ഗൗരിയുടെ പിന്നീടുള്ള ലക്ഷ്യം. രണ്ടു വര്‍ഷത്തിനു ശേഷം തന്റെ പ്രിയപ്പെട്ട സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്തിന്റെ സന്തോഷത്തിലാണ് ഗൗരിയിപ്പോൾ.

കൊല്ലപ്പെട്ട സൈനികരുടെ വിധവകള്‍ക്കു വേണ്ടിയുള്ള നോണ്‍ ടെക്നിക്കല്‍ കാറ്റഗറിയില്‍ ലഫ്റ്റനന്റായിട്ടാണ് ഗൗരിയുടെ നിയമനം. ഭോപ്പാലില്‍ സര്‍വീസ് സെലക്‌ഷന്‍ ബോര്‍ഡിനു മുന്നില്‍ അഭിമുഖത്തിനു ഹാജരായ 16 ഉദ്യോഗാര്‍ഥികളില്‍ ഒരാളായിരുന്നു ഗൗരി. അഭിമുഖ പരീക്ഷയില്‍ ഒന്നാമത്തെത്തിയതും ഗൗരി തന്നെ. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഗൗരിയുടെ ഔദ്യോഗിക നിയമനം.

"ജീവിതാവസാനം വരെ ഇങ്ങനെ കരഞ്ഞു കൊണ്ടിരിക്കാനാവില്ല. അത് എന്റെ ഭർത്താവിന്റെ ഓർമകളെപ്പോലും വേദനിപ്പിക്കും. അദ്ദേഹത്തെ നിന്ദിക്കുന്നതിന് തുല്യമാണ്. അതിനാൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ക്കായി ജീവിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഞാൻ."- ഗൗരി പറയുന്നു. 

അഭിഭാഷകയായ ഗൗരി കമ്പനി സെക്രട്ടറിയായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 2015 ല്‍ പ്രസാദിനെ വിവാഹം കഴിച്ചത്.  2012 ലാണ് പ്രസാദ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്. ബിഹാര്‍ റെജിമെന്റിലെ ഏഴാം ബറ്റാലിയന്‍ അംഗമായിരുന്ന അദ്ദേഹം കഴിവുറ്റ ഒരു ഓഫിസര്‍ എന്ന പദവി വളരെച്ചുരുങ്ങിയ കാലം കൊണ്ടുതന്നെ നേടിയെടുത്തിരുന്നു. 

Tags:
  • Spotlight
  • Motivational Story